സീരിയലുകള്‍ക്ക് സെന്‍സറിംഗ് എന്ന് പറഞ്ഞിട്ടില്ല, തെറ്റിദ്ധാരണ പരത്തരുതെന്ന് മന്ത്രി സജി ചെറിയാന്‍

സീരിയലുകള്‍ക്ക് സെന്‍സറിംഗ് എന്ന് പറഞ്ഞിട്ടില്ല, തെറ്റിദ്ധാരണ പരത്തരുതെന്ന് മന്ത്രി സജി ചെറിയാന്‍

ടിവി സീരിയലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമോ എന്ന ചോദ്യത്തിന് മന്ത്രി സജി ചെറിയാന്റെ മറുപടി വലിയ ചര്‍ച്ചയായിരുന്നു. സീരിയലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തുമെന്ന രീതിയില്‍ മന്ത്രിയുടെ മറുപടി ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണം. അശാസ്ത്രീയവും, പുരോഗമന വിരുദ്ധവും , അന്ധവിശ്വാസവുമായിട്ടുള്ള , ഒരുപാട് സീരിയലുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.ഈ വിഷയത്തെ സംബന്ധിച്ചു വിശദമായി ഗവണ്‍മെന്റ് ഗൗരവപൂര്‍വ്വം പരിശോധിക്കും എന്നാണ് പറഞ്ഞതെന്നും ഈ ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും സജി ചെറിയാന്‍. സീരിയലില്‍ സെന്‍സറിങ് ഏര്‍പ്പെടുത്തും എന്നു ഞാന്‍ പറയാത്ത വിവരങ്ങള്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരുത്തുന്ന വിധത്തിലാണ് പ്രചരിക്കുന്നതെന്നും മന്ത്രി.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഏഷ്യാനെറ്റ് ചാനലില്‍ മന്ത്രിയോട് ചോദിക്കാം എന്ന തത്സമയ കോളിംഗ് പരിപാടിയില്‍ പങ്കെടുത്തിരുന്നു.സീരിയലുകളില്‍ സെന്‍സറിങ് ഏര്‍പ്പെടുത്തണം എന്ന അഭിപ്രായം ചര്‍ച്ചയില്‍ വന്നിരുന്നു.

അതിനു മറുപടിയായി അശാസ്ത്രീയവും, പുരോഗമന വിരുദ്ധവും , അന്ധവിശ്വാസവുമായിട്ടുള്ള , ഒരുപാട് സീരിയലുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.ഈ വിഷയത്തെ സംബന്ധിച്ചു വിശദമായി ഗവണ്‍മെന്റ് ഗൗരവപൂര്‍വ്വം പരിശോധിക്കും എന്നാണ് പറഞ്ഞത്. ഈ ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് വന്ന വാര്‍ത്തകള്‍ ശരിയല്ല. സീരിയലില്‍ സെന്‍സറിങ് ഏര്‍പ്പെടുത്തും എന്നു ഞാന്‍ പറയാത്ത വിവരങ്ങള്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരുത്തുന്ന വിധത്തിലാണ് പ്രചരിക്കുന്നത്.

ഏഷ്യാനെറ്റിലെ ചോദ്യവും മന്ത്രി നല്‍കിയ ഉത്തരവും

ചോദ്യം

സിനിമകളുടെ ഉള്ളടക്കം പരിശോധിക്കാനും നിയന്ത്രിക്കാനും ഇവിടെ ഫിലിം സെന്‍സര്‍ ബോര്‍ഡുണ്ട്. കുറേയേറെ സീരിയിലുകള്‍ അന്ധവിശ്വാസവും അശാസ്ത്രീയതയും മൂല്യരാഹിത്യവും പ്രചരിപ്പിക്കുന്നുണ്ട്. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുന്ന കാര്യം ആലോചിക്കുമോ?

സജി ചെറിയാന്റെ ഉത്തരം

വളരെ പ്രധാനപ്പെട്ടൊരു ചോദ്യമാണ്. ആ ചോദ്യം തീര്‍ച്ചയായും ഗൗരവകരമായി പരിശോധിക്കാന്‍ പോകുന്നൊരു ചോദ്യമാണ്. നമ്മുടെ വീടുകളില്‍ നമ്മുടെ കുഞ്ഞുങ്ങളും നമ്മുടെ വീട്ടുകാരും സ്ത്രീകളും കാണുന്ന സീരിയലുകളില്‍ പുരോഗമന വിരുദ്ധവും അശാസ്ത്രീയവും അന്ധവിശ്വാസ ജഡിലമായ ഒരു പാട് കാര്യങ്ങള്‍. ഒരു കാലത്തുണ്ടായ മ പ്രസിദ്ധീകരണങ്ങളും ഇക്കിളിപ്പെടുത്തുന്ന പുസ്തകങ്ങളും പോലെയാണ്. ഇപ്പോ അവസ്ഥ മാറി, സീരിയലുകളിലേക്കാണ് ജനങ്ങള്‍ പോയിരിക്കുന്നത്. ഈ പറഞ്ഞിരിക്കുന്ന വിഷയം ഗൗരവമായി ഗവണ്‍മെന്റ് പരിശോധിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in