സൂര്യയെ ആക്രമിക്കണമെന്ന് ആഹ്വാനം, വീടിന് പൊലീസ് സംരക്ഷണമൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍

സൂര്യയെ ആക്രമിക്കണമെന്ന് ആഹ്വാനം, വീടിന് പൊലീസ് സംരക്ഷണമൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍

ജയ് ഭീം സിനിമ വണ്ണിയാര്‍ സമുദായത്തെ ഇകഴ്ത്തി കാട്ടിയെന്ന ആരോപണത്തിന് പിന്നാലെ നടന്‍ സൂര്യക്ക് പൊലീസ് സംരക്ഷണമൊരുക്കി തമിഴ് നാട് സര്‍ക്കാര്‍. പട്ടാളി മക്കള്‍ കക്ഷി നേതാവ് പനീര്‍ ശെല്‍വം സൂര്യയെ ആക്രമിക്കാന്‍ അണികളോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സംരക്ഷണം. സൂര്യക്ക് പിന്തുണയുമായി വെട്രിമാരന്‍ ഉള്‍പ്പെടെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും ഭാരതിരാജയുടെ നേതൃത്വത്തിലുള്ള നിര്‍മ്മാതാക്കളുടെ സംഘടനയും രംഗത്ത് വന്നിരുന്നു.

ജയ് ഭീം സിനിമയില്‍ ഇരുള സമുദായത്തില്‍പ്പെട്ട രാജാക്കണ്ണിനെയും കൂട്ടരെയും കൊടിയ പൊലീസ് പീഡനത്തിന് ഇരയാക്കുന്നതും കൊലപ്പെടുത്തുന്നതും പരാമര്‍ശിച്ചപ്പോള്‍ വണ്ണിയാര്‍ സമുദായംഗമായ പൊലീസുകാരെ പ്രതിസ്ഥാനത്ത് കൊണ്ടുവന്നെന്നാണ് പി.എം.കെയുടെ ആരോപണം. മയിലാടുത്തുറയില്‍ ജയ് ഭീമിന്റെ പ്രദര്‍ശനം കഴിഞ്ഞ ദിവസം പട്ടാളി മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയിരുന്നു.

സൂര്യയുടെ ചെന്നൈ ത്യാഗരാജ നഗറിലുള്ള വീടിനാണ് സംരക്ഷണമൊരുക്കിയിരിക്കുന്നത്. വണ്ണിയാര്‍ സമുദായത്തെ ജയ് ഭീം സിനിമ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി നായകനും നിര്‍മ്മാതാവുമായ സൂര്യക്കും സംവിധായകന്‍ ജ്ഞാനവേലിനും, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമിനും പിഎംകെ വക്കീല്‍ നോട്ടീസയച്ചിരുന്നു. അഞ്ച് കോടി നഷ്ടപരിഹാരം നല്‍കണമെന്നും വണ്ണിയാര്‍ സമുദായത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍ മാറ്റണമെന്നും പരസ്യമായി ക്ഷമാപണം നടത്തണമെന്നുമാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം.

1995ല്‍ കുറവ സമുദായംഗമായ രാജാക്കണ്ണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് ആധാരമാക്കി ഒരുക്കിയ ചിത്രമാണ് ജയ് ഭീം. രാജാക്കണ്ണിന്റെ കസ്റ്റഡി കൊലയില്‍ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് ചന്ദ്രുവിനെയാണ് സൂര്യ സിനിമയില്‍ അവതരിപ്പിച്ചത്.