ഇനി എതിരാളികളില്ലാത്ത കമൽ, വിക്രം തമിഴകത്ത് ഷെയർ മാത്രം 100 കോടി; 420കോടി കടന്ന് മുന്നോട്ട്

ഇനി എതിരാളികളില്ലാത്ത കമൽ, വിക്രം തമിഴകത്ത് ഷെയർ മാത്രം 100 കോടി; 420കോടി കടന്ന് മുന്നോട്ട്

തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ എതിരാളികളില്ലാത്ത സൂപ്പര്‍താരമായി കമല്‍ഹാസന്‍. തമിഴകത്തിലെ നിലവിലെ റെക്കോര്‍ഡുകളെല്ലാം കമല്‍ ചിത്രം വിക്രം പഴങ്കഥയാക്കി. ഇന്ത്യയില്‍ നിന്ന് പാന്‍ഡമികിന് ശേഷം 300 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രവുമായി വിക്രം. ബാഹുബലി സെക്കന്‍ഡ് തമിഴ്‌നാട്ടില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കുന്നത് വരെയുള്ള കളക്ഷനെ പിന്നിലാക്കിയാണ് വിക്രം നൂറ് കോടി ക്ലബിലെത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടിക്ക് മുകളിലാണ് ചിത്രം ഷെയര്‍ മാത്രമായി സ്വന്തമാക്കിയത്. തമിഴ് സിനിമയിലെയും കമല്‍ഹാസന്റെ സിനിമാ ജീവിതത്തിലെയും ഏറ്റവും ഉയര്‍ന്ന ബോക്‌സ് ഓഫീസ് കളക്ഷനുള്ള ചിത്രവുമായി വിക്രം. പത്ത് വര്‍ഷത്തോളമായി തമിഴിലെ ഒന്നാം നിരയിലോ രണ്ടാം നിരയിലോ തിയറ്റര്‍ റിലീസ് പരിഗണന ലഭിച്ചിരുന്ന താരമായിരുന്നില്ല കമല്‍ഹാസന്‍. ഒരു പതിറ്റാണ്ടിന് ശേഷം അഭിനേതാവ് എന്ന നിലക്കും സൂപ്പര്‍താരമെന്ന നിലക്കും കമലിന് ലഭിച്ച വമ്പന്‍ തിരിച്ചുവരവുമാണ് വിക്രം.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ജൂണ്‍ 3ന് റിലീസ് ചെയ്ത വിക്രം തമിഴ്‌നാട്ടിന് പുറമേ കേരളത്തില്‍ നിന്നും ആന്ധ്രയില്‍ നിന്നും മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. 420 കോടിയാണ് വിക്രം നേടിയ ആഗോള കളക്ഷന്‍ എന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഹുബലി സെക്കന്‍ഡ് 120 കോടി നേടിയാണ് തമിഴ്‌നാട്ടില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയത്. പ്രദര്‍ശനം തുടരുന്ന വിക്രം ഇതുവരെ 175 കോടിയാണ് ഗ്രോസ് നേടിയത്. കേരളത്തില്‍ നിന്ന് മെയ്,ജൂണ്‍ മാസങ്ങളില്‍ റിലീസ് ചെയ്ത മലയാളം റിലീസുകളെ കളക്ഷനില്‍ പിന്നിലാക്കി 39 കോടിയോളം വിക്രം കളക്ട് ചെയ്തതായി ബോളിവുഡ് ഹംഗാമ.

കമല്‍ഹാസന്റെ ബാനറായ രാജ്കമല്‍ ഇന്റര്‍നാഷനലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റും ചേര്‍ന്നാണ് വിക്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ എട്ടിന് ഹോട്‌സ്റ്റാറില്‍ വിക്രം ഒടിടി പ്രിമിയറായി എത്തും. ആന്ധ്രയില്‍ നിന്ന് 40 കോടിയും കര്‍ണാടകയില്‍ നിന്ന് 25 കോടിയും നോര്‍ത്ത് ഇന്ത്യന്‍ റിലീസിലൂടെ 18 കോടിയും വിക്രം സ്വന്തമാക്കി.

കമല്‍ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന റോളിലെത്തിയ മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായിരുന്നു വിക്രം. മാനഗരം, കൈദി, മാസ്റ്റര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിന്റെ രണ്ട്, മൂന്ന് ഭാഗങ്ങളും അണിയറില്‍ ആലോചനയിലുണ്ട്. റോളക്‌സ് എന്ന വില്ലനായി സൂര്യയുടെ ഗസ്റ്റ് റോളും വിക്രമിന്റെ കൂറ്റന്‍ വിജയത്തിന് കുതിപ്പേകി. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. അനിരുദ്ധ് രവിചന്ദര്‍ വിക്രത്തിനായി ഒരുക്കിയ ബിജിഎമ്മും പാട്ടുകളും വലിയ തരംഗം തീര്‍ത്തിരുന്നു

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഹുബലി സെക്കന്‍ഡ് സ്വന്തം പേരില്‍ നിലനിര്‍ത്തിയ ബോക്‌സ് ഓഫീസ് റെക്കോര്‍ഡാണ് കമല്‍ഹാസന്‍ തിരുത്തിയത്. രണ്ട് പതിറ്റാണ്ടായി സൂപ്പര്‍താര മൂല്യത്തിനൊത്ത ബോക്‌സ് ഓഫീസ് വിജയമില്ലാത്ത കമല്‍ഹാസന്‍ വിക്രം എന്ന ഒറ്റ ചിത്രത്തിലൂടെ രജനികാന്ത്, വിജയ്, അജിത്ത് എന്നീ ഒന്നാം നിര സൂപ്പതാരങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്തു.

കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞത്

ഒറ്റയടിക്ക് 300 കോടി നേടാമെന്ന് പറഞ്ഞപ്പോള്‍ ആരും ഉള്‍ക്കൊണ്ടില്ല. ഞാന്‍ വെറുതെ പറയുകയാണെന്ന് കരുതി. എന്റെ എല്ലാ കടങ്ങളും തിരിച്ചടക്കും. ഞാന്‍ എന്റെ തൃപ്തിക്കായി ഭക്ഷണം കഴിക്കും. എനിക്ക് വലിയ പദവികളൊന്നും വേണ്ട, നല്ല മനുഷ്യനാകാന്‍ ആഗ്രഹിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in