കാണികളൊഴിഞ്ഞിട്ടും സീറ്റില്‍ നിന്നെഴുന്നേല്‍ക്കാന്‍ തോന്നിയില്ല, ഹെലനെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്

കാണികളൊഴിഞ്ഞിട്ടും സീറ്റില്‍ നിന്നെഴുന്നേല്‍ക്കാന്‍ തോന്നിയില്ല, ഹെലനെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്

നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ മികച്ച പ്രതികരണം നേടുകയാണ്. സിനിമയും നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അന്നാബെന്നും കീഴ്‌പ്പെടുത്തിയെന്ന് സത്യന്‍ അന്തിക്കാട്. ഹെലനില്‍ അഭിനയത്തിന്റെ പൂര്‍ണ്ണതയെന്താണെന്ന് അന്ന ബെന്‍ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നുവെന്ന് സത്യന്‍ അന്തിക്കാട്. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നില്‍ തുറന്ന് കിടക്കുന്നുവെന്നും അന്നയോട് സത്യന്‍ അന്തിക്കാട്.

സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്

ആഹ്ലാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം.

'ഹെലന്‍' എന്ന സിനിമ കണ്ടു. പടം തീര്‍ന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റില്‍ നിന്നെഴുന്നേല്‍ക്കാന്‍ തോന്നിയില്ല. അത്രയേറെ ആ പെണ്‍കുട്ടി എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു.

അന്ന ബെന്‍..

ബെന്നി പി നായരമ്പലത്തിന്റെ വീട്ടില്‍ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോള്‍ക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്. 'കുമ്പളങ്ങി നൈറ്റ്‌സ്' കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്.

ഹെലനില്‍ അഭിനയത്തിന്റെ പൂര്‍ണ്ണതയെന്താണെന്ന് അന്ന ബെന്‍ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. എന്തൊരു ചാരുതയാണവളുടെ ഭാവങ്ങള്‍ക്ക് !

ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നില്‍ തുറന്ന് കിടക്കുന്നു.

ഇനി ആത്മവിശ്വാസത്തോടെ പറക്കാം. ഒരു പാട് പ്രശംസകളും അംഗീകാരങ്ങളും അന്നയെ കാത്തിരിക്കുന്നുണ്ട്. മനസ്സ് നിറഞ്ഞ സ്‌നേഹവും പ്രാര്‍ത്ഥനയും.

വിനീതിനും, ആദ്യ സിനിമ ഹൃദ്യമാക്കിയ മാത്തുക്കുട്ടി സേവ്യറിനും, ഷാനും മറ്റെല്ലാ അണിയറ പ്രവത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

വിനീത് ശ്രീനിവാസന്‍ ആണ് ഹെലന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നോബിള്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശക്തമായ റോളില്‍ അജു വര്‍ഗ്ഗീസും. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ. ഷാന്‍ റഹ്മാനാണ് സംഗീതസംവിധാനം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in