തമിഴകത്ത് തല തന്നെ നമ്പര്‍ വണ്‍, ടെലിവിഷന്‍ റേറ്റിംഗില്‍ അജിത്തിന് പുതിയ റെക്കോര്‍ഡ്

തമിഴകത്ത് തല തന്നെ നമ്പര്‍ വണ്‍, ടെലിവിഷന്‍ റേറ്റിംഗില്‍ അജിത്തിന് പുതിയ റെക്കോര്‍ഡ്

സമ്മിശ്രപ്രതികരണത്തിനിടെയും രജിനികാന്ത് ചിത്രമായ പേട്ടയുടെ ബോക്‌സ് ഓഫീസ് നേട്ടത്തെ ബഹുദൂരം പിന്നിലാക്കിയായിരുന്നു അജിത് കുമാര്‍ നായകനായ വിശ്വാസം ഇതേ സീസണില്‍ തിയറ്ററുകളില്‍ വിജയമായത്. തിയറ്റര്‍ കളക്ഷനില്‍ അവസാനമായി എത്തിയ വിജയ് ചിത്രമായ സര്‍ക്കാരിനെയും തമിഴകത്തിന്റെ തലയുടെ ചിത്രം പിന്നിലാക്കിയിരുന്നു. ഇപ്പോഴിതാ ടെലിവിഷന്‍ പ്രിമിയര്‍ റേറ്റിംഗില്‍ ദക്ഷിണേന്ത്യയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് തല.

മേയ് ഒന്നിന് അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സണ്‍ ടിവിയിലൂടെ വിശ്വാസം പ്രിമിയര്‍ സ്‌ക്രീനിംഗ് നടത്തിയപ്പോള്‍ ബാര്‍ക്ക് റേറ്റിംഗ് പ്രകാരം 1,81,43,000 ഇംപ്രഷന്‍സ് നേടി വിശ്വാസം ചാനല്‍ പ്രിമിയറില്‍ റെക്കോര്‍ഡിട്ടു. വിജയ് ആന്റണിയുടെ പിച്ചൈക്കാരന്‍ എന്ന സിനിമ സ്ഥാപിച്ച 1,76,96,000 എന്ന റെക്കോര്‍ഡാണ് അജിത്ത് കുമാര്‍ പിറന്നാള്‍ ദിനത്തില്‍ തകര്‍ത്തത്.

പിച്ചൈക്കാരന്‍ എന്ന സിനിമയെക്കാള്‍ കുറഞ്ഞ പ്രേക്ഷകപ്രതികരണമാണ് വിജയ് ചിത്രം സര്‍ക്കാര്‍, തെലുങ്ക് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തമിഴ് പതിപ്പ് എന്നിവ നേടിയത്. മേയ്ദിനത്തില്‍ തലയുടെ പിറന്നാള്‍ ചിത്രമായി വൈകിട്ട് ആറ് മുപ്പതിനാണ് സണ്‍ ടിവി വിശ്വാസം സംപ്രേഷണം ചെയ്തത്. അവധി ദിനമെന്നത് വ്യൂവര്‍ഷിപ്പ് കുതിച്ചുയരാന്‍ ഒരു കാരണമായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.

ജനുവരി ഒമ്പതിന് പൊങ്കല്‍ റിലീസായി രജിനികാന്ത് കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടക്കൊപ്പമാണ് അജിത്തിന്റെ വിശ്വാസം തിയറ്ററുകളിലെത്തിയത്. 130 കോടിയാണ് തമിഴ് നാട്ടില്‍ നിന്ന് മാത്രമായി സിനിമ നേടിയത്. പേട്ടയെ പിന്നിലാക്കിയ ഇനീഷ്യലും വിശ്വാസം നേടിയിരുന്നു.

സിരുതൈ ശിവ എന്നറിയപ്പെടുന്ന ശിവയ്‌ക്കൊപ്പം അജിത്ത് തുടര്‍ച്ചയായി ചെയ്ത മൂന്നാമത്തെ സിനിമയായിരുന്നു വിശ്വാസം. വേതാളം, വിവേകം എന്നീ സിനിമകളില്‍ വിവേകം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. മോശം സിനിമയ്ക്ക് പിന്നാലെ അജിത്ത് വീണ്ടും ശിവയ്ക്ക് ഡേറ്റ് നല്‍കിയത് ആരാധകരെയും അമ്പരപ്പിച്ചിരുന്നു. എച്ച് വിനോദിന്റെ സംവിധാനത്തില്‍ പിങ്ക് റീമേക്ക് ആയ നീര്‍പ്പറവൈ ആണ് അജിത്തിന്റെ പുതിയ സിനിമ.

Related Stories

No stories found.
logo
The Cue
www.thecue.in