ആദ്യം അയമൂക്കാരന്‍, പിന്നെ ഓമര്‍ ഷെരിഫ്, കോളേജിലെ കുട്ടികള്‍ കളിയാക്കി മമ്മൂട്ടിയെന്നും വിളിച്ചു

ആദ്യം അയമൂക്കാരന്‍, പിന്നെ ഓമര്‍ ഷെരിഫ്, കോളേജിലെ കുട്ടികള്‍ കളിയാക്കി മമ്മൂട്ടിയെന്നും വിളിച്ചു

ദുരദര്‍ശന്‍ നക്ഷത്രക്കുള്ള രാജകുമാരന്‍ എന്ന ഡോക്യുമെന്ററി ഡിജിറ്റല്‍ റിലീസ് ചെയ്തതിന് പിന്നാലെ ചര്‍ച്ചയായി മുഹമ്മദ് കുട്ടി മമ്മൂട്ടിയായ കഥ. മമ്മൂട്ടി തന്നെയാണ് മുഹമ്മദ് കുട്ടിയെന്ന തന്റെ പേര് മമ്മൂട്ടിയായതിന് പിന്നിലെ രസകരമായ കഥ ഡോക്യുമെന്ററിയില്‍ വി.കെ ശ്രീരാമനുമായി പങ്കുവെച്ചത്.

മമ്മൂട്ടിയെന്നത് കോളേജിലെ കുട്ടികള്‍ കളിയാക്കി വിളിച്ചതാണെന്നും പിന്നീട് സിനിമയില്‍ വന്നപ്പോഴും ആ പേര് അങ്ങനെതന്നെയായെന്നും മമ്മൂട്ടി പറയുന്നു.

മമ്മൂട്ടി പറഞ്ഞത്

വികൃതിയുള്ള കുട്ടിയായതുകൊണ്ട് ചെറുപ്പത്തില്‍ എന്നെ പലരും അയമൂക്കാരാ എന്ന് വിളിച്ചിരുന്നു. എടാ അയമു എന്നൊക്കെയായിരുന്നു വിളിക്കുക. മുഹമ്മദ് കുട്ടി എന്ന പേര് വല്ലാത്തൊരു പഴഞ്ചന്‍ പേരാണെന്ന് തോന്നി എനിക്ക്. പ്രായമുള്ള ആള്‍ക്കാരുടെ പേരല്ലേ. എന്റെ ഉപ്പാപ്പയുടെ പേരായിരുന്നു മുഹമ്മദ് കുട്ടി.

അപ്പോള്‍ അത്രയും പ്രായമുള്ള ഒരാളുടെ പേര് എനിക്ക് ഇട്ടു കഴിഞ്ഞാലുള്ള അരോചകം ഞാനറിഞ്ഞു. മഹാരാജാസ് കോളേജില്‍ ഫസ്റ്റ് ഇയറൊക്കെ എത്തിയപ്പോള്‍ മുഹമ്മദ് കുട്ടി എന്ന പേര് ഞാനങ്ങ് ഒളിപ്പിച്ചു. എന്റെ പേര് ചോദിക്കുന്നവരോടൊക്കെ ഞാന്‍ ഓമര്‍ ഷെരീഫ് എന്ന് പറഞ്ഞു. അന്ന് കോളേജില്‍ ഐഡി കാര്‍ഡ് ഉണ്ട്. അത് എന്റെ കയ്യില്‍ നിന്ന് വീണ് ഒരുത്തന്റെ കയ്യില്‍ കിട്ടി. അപ്പോ അവന്‍ ചോദിച്ചു നിന്റെ പേര് മമ്മൂട്ടിയെന്നാണോ എന്ന് കളിയാക്കി ചോദിച്ചതാണ്. അങ്ങനെ ഞാന്‍ മമ്മൂട്ടിയായി. അത് ഈ മുഹമ്മദ് കുട്ടിയേക്കാള്‍ അലമ്പായ പേരാണ്. സത്യത്തില്‍ കളിയാക്കി വിളിച്ചതാണ്.

സിനിമയില്‍ എത്തിയപ്പോള്‍ സംവിധായകന്‍ പി.ജി വിശ്വംബരനും ചോദിച്ചിരുന്നു മുഹമ്മദ് കുട്ടി എന്ന പേര് മാറ്റിയാലോ എന്ന്. പക്ഷേ അതിന് മുമ്പ് വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളിലും മേളയിലുമൊക്കെ ഞാന്‍ മമ്മൂട്ടിയായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇവര്‍ പരസ്യത്തില്‍ സജിന്‍ എന്ന് ഇട്ട് ബ്രാക്കറ്റില്‍ മമ്മൂട്ടിയെന്നെഴുതി. അന്ന് അവര്‍ പേര് ചിലപ്പോള്‍ മാറ്റുമെന്ന് പറഞ്ഞിരുന്നു. ഞാന്‍ പേര് മാറുന്നെങ്കില്‍ മാറട്ടെ വേഷം കിട്ടിയാല്‍ മതിയെന്ന് കരുതി,'' മമ്മൂട്ടി പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in