തെറ്റ് മനസിലായല്ലോ, ക്ഷമ ചോദിച്ചതിന് പിന്നാലെ ക്ലബ് ഹൗസില്‍ പേരും, ശബ്ദവും ഉപയോഗിച്ച് പറ്റിച്ചയാളെ ആശ്വസിപ്പിച്ച് പൃഥ്വിരാജ്

തെറ്റ് മനസിലായല്ലോ,
ക്ഷമ ചോദിച്ചതിന് പിന്നാലെ  ക്ലബ് ഹൗസില്‍ പേരും, ശബ്ദവും ഉപയോഗിച്ച് പറ്റിച്ചയാളെ ആശ്വസിപ്പിച്ച് പൃഥ്വിരാജ്

ക്ലബ് ഹൗസില്‍ പൃഥ്വിരാജ് സുകുമാരന്‍ എന്ന് അവകാശപ്പെട്ട് ആളുകളെ കബളിപ്പിച്ച മിമിക്രി താരം സൂരജ് നായര്‍ ക്ഷമ ചോദിച്ചതിന് പിന്നാലെ ആശ്വസിപ്പിച്ച് നടന്‍ പൃഥ്വിരാജ്. ക്ലബ്ബ് ഹൗസില്‍ പൃഥ്വിരാജ് എന്ന പേര് ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കിയതിന് ശേഷമാണ് അതില്‍ പേരും, യൂസര്‍ ഐഡിയും മാറ്റാന്‍ പറ്റില്ല എന്നറിഞ്ഞതെന്ന് സൂരജ് നായര്‍ പൃഥ്വിരാജിനെ അറിയിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഉപദ്രവമില്ലാത്ത ഒരു തമാശയാണ് താങ്കള്‍ ഉദ്ദേശിച്ചതെന്ന് മനസിലായെന്നും എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് താങ്കള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞത്.

പൃഥ്വിരാജ് പറഞ്ഞത്

''പ്രിയപ്പെട്ട് സൂരജ്, ഉപദ്രവമില്ലാത്ത ഒരു തമാശയാണ് താങ്കള്‍ ഉദ്ദേശിച്ചതെങ്കിലും ഇതുപോലെയുള്ള കാര്യങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇപ്പോള്‍ മനസിലായിരിക്കുമെന്ന് കരുതുന്നു.

ഒരു സമയത്ത് താങ്കളെ ഏകദേശം 2500 ആളുകള്‍ കേട്ടിരുന്നു. അവര്‍ ഞാനാണ് സംസാരിക്കുന്നത് എന്നാണ് തെറ്റിധരിച്ചത്. തുടര്‍ന്ന് എനിക്ക് സിനിമാ മേഖലയില്‍ നിന്നും പുറത്തുനിന്നുമെല്ലാം നിരവധി കോളുകളും മെസേജുകളും ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ അത് നിര്‍ത്തിക്കേണ്ടത് അനിവാര്യവുമായിരുന്നു.

താങ്കള്‍ തെറ്റ് സമ്മതിച്ചതില്‍ സന്തോഷമുണ്ട്. മിമിക്രി എന്നത് മനോഹരമായ ഒരു കലയാണ്. മലയാള സിനിമയിലെ പല മികച്ച നടന്‍മാരും മിമിക്രിയിലൂടെയാണ് സിനിമയിലേക്ക് വന്നത്. വലിയ സ്വപ്‌നങ്ങള്‍ കാണുക, പഠിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുക. താങ്കള്‍ക്ക് അതിഗംഭീരമായ ഒരു കരിയര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും എല്ലാ ആശംസയും നേരുകയും ചെയ്യുന്നു,'' പൃഥ്വിരാജ് പറഞ്ഞു.

സംഭവത്തിന് ശേഷം സൈബര്‍ ആക്രമം നേരിടുന്നുവെന്ന് സൂരജ് പറഞ്ഞതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ അബ്യൂസ് ഒരു വിധത്തിലും താന്‍ പിന്തുണയ്ക്കില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് ഹൗസില്‍ ഇല്ലെന്ന് പൃഥ്വിരാജ് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

ക്ഷമ ചോദിച്ച് മിമിക്രി താരം അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

താങ്കളുടെ കടുത്ത ആരാധകനായ ഞാന്‍ ക്ലബ്ബ് ഹൗസില്‍ താങ്കളുടെ പേര് ഉപയോഗിച്ച് യാതൊരു കുറ്റകൃത്യത്തിലും പങ്കുചേര്‍ന്നിട്ടില്ല, താങ്കളുടെ സിനിമയിലെ ഡയലോഗ് പഠിച്ച് അത് മറ്റുള്ളവരെ കേള്‍പ്പിക്കുകയും റൂമിലുള്ളവരെ എന്റര്‍ടെയ്ന്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സൂരജ് പറഞ്ഞിരുന്നു. ക്ലബ്ബ് ഹൗസില്‍ പേര് മാറ്റാന്‍ സാധിക്കില്ല എന്നറിഞ്ഞപ്പോള്‍ തന്നെ ക്ലബ്ബ് ഹൗസിലെ ബയോവില്‍ ശരിയായ ഐഡന്റിന്റി കൊടുത്തിരുന്നുവെന്നും മിമിക്രി താരം പറഞ്ഞു.

സൂരജിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട രാജുഎട്ടാ...

ഞാന്‍ അങ്ങയുടെ ഒരു കടുത്ത ആരാധകന്‍ ആണ്..#club_house എന്ന പുതിയ പ്ലാറ്റ്‌ഫോമില്‍ അങ്ങയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി എന്നു ഉള്ളത് സത്യം തന്നെ ആണ്,പക്ഷെ അതില്‍ പേരും ,യൂസര്‍ ഐഡി യും മാറ്റാന്‍ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് സ്റ്റാര്‍ട്ട് ആയപ്പോള്‍ ആണ്.. അങ്ങു ചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ചു അത് മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിച്ചു club house റൂമിലെ പലരെയും എന്റര്‍ടൈന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.

അതിനു പുറമെ, അങ്ങയുടെ പേരു ഉപയോഗിച്ച യാതൊരു തരത്തിലുള്ള കാര്യങ്ങളിലും ഞാന്‍ പങ്കു ചേര്‍ന്നിട്ടില്ല. ജൂണ് 7 വൈകുന്നേരം 4 മണിക്ക് ഒരു റൂം ഉണ്ടാക്കാം, ലൈവായി രാജുവേട്ടന്‍ വന്നാല്‍ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു, ആ റൂം കൊണ്ട് മോഡറേറ്റര്‍സ് ഉദ്ദേശിച്ചിരുന്നത്..അതില്‍ ഇത്രയും ആളുകള്‍ വരുമെന്നോ,അത് ഇത്രയും കൂടുതല്‍ പ്രശ്‌നം ആകുമെന്നോ ഞാന്‍ വിചാരിച്ചില്ല..

ആരെയും, പറ്റിക്കാനോ, രാജു ഏട്ടന്റെ പേരില്‍ എന്തെങ്കിലും നേടി എടുക്കാനോ അല്ല ഈ ചെയ്തതൊന്നും..ചെയ്തതിന്റെ ഗൗരവം മനസ്സിലാവുന്നു, അതുകൊണ്ട് തന്നെ ആ club_house അക്കൗണ്ട് ഡിലീറ്റ് ചെയ്തു,ആ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത, എന്നാല്‍ വേദനിക്കപ്പെട്ട എല്ലാ രാജുവേട്ടനെ സ്‌നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു...

പേര് മാറ്റാന്‍ സാധിക്കില്ല എന്ന അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ #club_house_bio യില്‍ കൊടിത്തിട്ടുണ്ട് എന്റെ ഐഡന്റിറ്റി, അതിന്റെ കൂടെ ഇന്‍സ്റ്റാഗ്രാംമും #linked ആണ്.. ഞാന്‍ ഇതിനു മുന്നേ കയറിയ എല്ലാ റൂമുകളിലും, രാജുവേട്ടന്‍ എന്ന നടന്‍ അഭിനയിച്ചു വെച്ചേക്കുന്ന കുറച്ചു ഡയലോഗ് ഇമിറ്റേറ്റ് ചെയ്യാന്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.. കുറച്ചു നേരം മുന്‍പ് വരെ ഞാനും ഫാന്‍സ് ഗ്രൂപ്പിലെ ഒരു ആക്റ്റീവ് അംഗം ഒക്കെ ആയിരുന്നു.. എന്നാല്‍, ഇന്ന് ഫാന്‍സ് എല്ലാവരും എന്നെ തെറി വിളിക്കുന്നു.. പക്ഷെ, അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല.. രാജുവേട്ടന്റെ ഐഡന്റിറ്റി യൂസ് ചെയ്തത് തെറ്റു തന്നെ ആണ്.. ആ റൂമില്‍ അങ്ങനെ അങ്ങയെ അനുകരിച്ചു സംസാരിച്ചതും തെറ്റ് തന്നെ.. നല്ല ബോധ്യമുണ്ട് !

ഒരിക്കല്‍ കൂടെ ആ റൂമില്‍ ഉണ്ടായിരുന്നവരോടും, രാജുവേട്ടനോടും, ഞാന്‍ ക്ഷമ അറിയിക്കുന്നു..

The Cue
www.thecue.in