വേദിയില്‍ വെള്ളം കൊടുത്തതിന് വിളിച്ചുവരുത്തി ചീത്തവിളിച്ച് ഇളയരാജ, പരസ്യമായി കാലുപിടിച്ച് മാപ്പിരന്ന് സെക്യൂരിറ്റി

വേദിയില്‍ വെള്ളം കൊടുത്തതിന് വിളിച്ചുവരുത്തി ചീത്തവിളിച്ച് ഇളയരാജ, പരസ്യമായി കാലുപിടിച്ച് മാപ്പിരന്ന് സെക്യൂരിറ്റി

തന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ സുരക്ഷ ജീവനക്കാരനെ അപമാനിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. സംഗീത പരിപാടിക്കിടയില്‍ വേദിയിലുള്ളവര്‍ക്ക വെള്ളം നല്‍കിയതിന് വേദിയിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ ശകാരിക്കുകയാണ് ഇളയരാജ ചെയ്തത്. പരിഭ്രമിച്ചുപോയ സുരക്ഷ ജീവനക്കാരനോട് മൈക്കിലൂടെ മറുപടി പറയാനും ഇളയരാജ ആവശ്യപ്പെട്ടു. കാലുപിടിച്ച് മാപ്പ് പറഞ്ഞാണ് ജീവനക്കാരന്‍ വേദിയില്‍ നിന്ന് എങ്ങനേയും രക്ഷപ്പെട്ടോടിയത്.

വേദിയിലുണ്ടായിരുന്നവര്‍ക്ക് വെള്ളം കൊടുത്ത് തിരിച്ചുപോയ സെക്യൂരിറ്റി ജീവനക്കാരനെ തിരിച്ചുവിളിച്ച് വേദിയുടെ നടുവില്‍ കൊണ്ടുവന്നായിരുന്നു ഇളയരാജയുടെ പേടിപ്പിക്കല്‍. എന്തിനാണ് പരിപാടി തടസപ്പെടുത്തിയതെന്നായിരുന്നു ചോദ്യം. ദാഹിക്കുന്നവര്‍ വെള്ളം ചോദിച്ചപ്പോള്‍ വേദിയുടെ ഓരത്ത് നിന്നുകൊടുത്ത് തന്റെ ജോലി നിര്‍വ്വഹിക്കുകയായിരുന്നുവെന്ന് ജീവനക്കാരന്‍ പറഞ്ഞിട്ടും ഇളയരാജ കൂട്ടാക്കിയില്ല. വീണ്ടും ശകാരം തുടര്‍ന്നതോടെ കൈകൂപ്പി മാപ്പ് പറഞ്ഞു. പിന്നീട് കാലില്‍ പിടിച്ച് മാപ്പ് പറഞ്ഞാണ് വേദി വിട്ടത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇളയരാജയുടെ ദേഷ്യവും ധാര്‍ഷ്ട്യവും പലപ്പോഴും വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

1000വും 500 രൂപ നല്‍കി ടിക്കറ്റ് എടുത്ത് വരുന്നവര്‍ക്ക് അസൗകര്യമുണ്ടാക്കുന്നത് ക്ഷമിക്കാനാവില്ലെന്നാണ് ഇളയരാജയുടെ വാദം. ദാഹമാണെന്ന് പറഞ്ഞാല്‍ സ്റ്റേജിലേക്കാണോ വരുന്നതെന്നാണ് ഇളയരാജയുടെ ചോദ്യം.

ദാഹവും അസ്വസ്ഥതകളുമെല്ലാം സഹിച്ച് ആസ്വാദകര്‍ക്കായി മണിക്കൂറുകള്‍ സ്‌റ്റേജില്‍ നില്‍ക്കാറുണ്ട്. അഞ്ച് മണിക്കൂര്‍ നേരം സ്‌റ്റേജില്‍ ഒറ്റ നില്‍പ്പ് നില്‍ക്കാറുണ്ട്. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അത് പറ്റുമോ. അതിലൂം കൂടുതല്‍ നേരം നില്‍ക്കാന്‍ തയ്യാറുള്ളവനാണ് ഞാന്‍. നിങ്ങള്‍ക്കായി ഈണമിട്ട് ഞാനിത് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ വേദിയില്‍ കാണിക്കുന്നത് ശരിയാണോ?. ഇങ്ങനെ ചെയ്യാന്‍ എങ്ങനെ മനസ് വരുന്നു.

ഇങ്ങനെയെല്ലാം പറഞ്ഞ് ഇളയരാജ ശകാരം തുടര്‍ന്നതോടെ ഗായകന്‍ ഇടപെട്ട് വീണ്ടും പരിപാടി തുടങ്ങാമെന്ന് ആശ്വസിപ്പിക്കുകയായിരുന്നു.

Related Stories

No stories found.
The Cue
www.thecue.in