തൊട്ടപ്പനില്‍ ഇനിയും ഞെട്ടാനുണ്ട്, രഘുവല്ല അദ്രമാന്‍ തന്നെയെന്ന് സത്യന്‍ അന്തിക്കാട്

തൊട്ടപ്പനില്‍ ഇനിയും ഞെട്ടാനുണ്ട്, രഘുവല്ല അദ്രമാന്‍ തന്നെയെന്ന് സത്യന്‍ അന്തിക്കാട്

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്‍ എന്ന സിനിമ വരാനിരിക്കുന്ന റിലീസുകളില്‍ വലിയ പ്രതീക്ഷകളിലൊന്നാണ്. വിനായകന്‍ നാളുകള്‍ക്ക് ശേഷം മുഴുനീള നായകവേഷത്തിലെത്തുന്ന സിനിമയില്‍ മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയും പ്രധാന കഥാപാത്രമാണ്. അദ്രമാന്‍ എന്ന രഘുനാഥ് പലേരിയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടത് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആണ്.

ഫ്രാന്‍സിസ് നൊറോണയുടെ കഥ മറ്റൊരു കഥാകൃത്തായ പി എസ് റഫീക്ക് സിനിമയ്ക്ക് വേണ്ടി തിരക്കഥയാക്കിയിരിക്കുന്നു. കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടിയുടെ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് തൊട്ടപ്പന്‍. ഈ സവിശേഷതകള്‍ക്കപ്പുറം വിനായകന്‍ എന്ന ഗംഭീര നടന്റെ അമ്പരപ്പിക്കുന്ന മേക്ക് ഓവര്‍. ഈദ് റിലീസായി എത്തുന്ന തൊട്ടപ്പന്‍ ഹൃദയത്തില്‍ തൊടുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് സിനിമയുടെ പുറത്തുവരുന്ന ചിത്രങ്ങളും ആദ്യ ഗാനവും.

കൊച്ചിയുടെ ഗ്രാമീണത ഒപ്പിയെടുത്ത് കടമക്കുടി, പൂച്ചാക്കല്‍, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയില്‍ ടൈറ്റില്‍ റോളിലാണ് വിനായകന്‍. ആമേന്‍ ഒരുക്കിയ പി എസ് റഫീക്ക് ഗ്രാമാന്തരീക്ഷത്തില്‍ ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും തൊട്ടപ്പനുണ്ട്. അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് എന്ന ചെറുചിത്രത്തിലെ ഫ്രെയിമുകളിലൂടെ വിസ്മയിപ്പിച്ച സുരേഷ് രാജനാണ് ക്യാമറ.

വിനായകന്‍ പല കാലങ്ങളിലെ ഭാവങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജാവയില്‍ എത്തുന്ന കഥാപാത്രമായും, നരച്ച താടിയും വെള്ളാരങ്കണ്ണുകളുമായി കഴുത്തില്‍ കൊന്തയിട്ട് നില്‍ക്കുന്ന ലുക്കും ഉള്‍പ്പെടെ സിനിമയിലേക്ക് കാത്തിരിപ്പ് തീര്‍ക്കുന്നതാണ് വിവിധ ചിത്രങ്ങള്‍.

ഒരു ‘നാടോടിക്കാറ്റ്’ പോലെയാണ് രഘുനാഥ് പലേരി. എപ്പോള്‍ വരുമെന്നോ, വന്നാല്‍ എത്രനേരം നില്‍ക്കുമെന്നോ ഒന്നും പറയാന്‍ പറ്റില്ല. പലപ്പോഴും പലതരത്തില്‍ രഘു എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഒരുപാടുകാലം മനസ്സിലിട്ട് ഉരുക്കിയിട്ടാണെങ്കിലും വെറും രണ്ടാഴ്ചകൊണ്ടാണ് ‘പൊന്മുട്ടയിടുന്ന തട്ടാന്‍’ എന്ന പൊന്നുപോലൊരു തിരക്കഥയെഴുതി എന്നെ ഏല്‍പിച്ചത്! ഒരു പണത്തൂക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ഞാനത് സിനിമയാക്കി. മഴവില്‍ക്കാവടിയും പിന്‍ഗാമിയുമൊക്കെ രഘു എനിക്കു തന്ന സമ്മാനങ്ങളാണ്. ഇപ്പോഴും രഘുവിന്റെ സരസമായ ഒരു തിരക്കഥക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. പക്ഷെ പിടിതരുന്നില്ല. ഇപ്പൊ ഇതാ വീണ്ടും രഘു ഞെട്ടിക്കുന്നു... ‘തൊട്ടപ്പന്‍’ എന്ന സിനിമയിലെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്.പോസ്റ്റര്‍ കണ്ടപ്പോള്‍ അതിശയവും സന്തോഷവും തോന്നി. ഇത് രഘുവല്ല,അദ്രുമാന്‍ തന്നെ. എനിക്കുറപ്പുണ്ട് ഇതും പത്തരമാററുള്ള പൊന്നാക്കാന്‍ രഘുവിന് കഴിയുമെന്ന്. കൂടെയുള്ളത് സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരുകൂട്ടം നല്ല ചെറുപ്പക്കാരാണല്ലോ. തൊട്ടപ്പന്‍ കാണാന്‍ കാത്തിരിക്കുന്നു. രഘുവിന്റെ ചിത്രമുള്ള പോസ്റ്റര്‍ ഇതോടൊപ്പം, കൂടെ എന്റെ മനസ്സുനിറഞ്ഞ ആശംസകളും!

സത്യന്‍ അന്തിക്കാട്

കവി അന്‍വര്‍ അലിയുടെ രചനയില്‍ ഗിരീഷ് എം ലീലക്കുട്ടന്‍ സംഗീതം പകര്‍ന്ന പ്രാന്തന്‍ കണ്ടലിന്‍ കീഴേ വച്ചല്ലോ എന്ന പാട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൊന്നാനിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ കിസ്മത്ത് എന്ന സിനിമയിലൂടെ വരവറിയിച്ച സംവിധായകനാണ് ഷാനവാസ് ബാവക്കുട്ടി. മികച്ച നവാഗത സംവിധായകനുള്ള ആ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരവും ഷാനവാസിനായിരുന്നു. ഷെയ്ന്‍ നിഗം നായകനായി അരങ്ങേറിയ സിനിമയുമാണ് കിസ്മത്ത്.

തൊട്ടപ്പനില്‍ ഇനിയും ഞെട്ടാനുണ്ട്, രഘുവല്ല അദ്രമാന്‍ തന്നെയെന്ന് സത്യന്‍ അന്തിക്കാട്
ഹൃദയംതൊട്ടപ്പനാകാന്‍ വിനായകന്‍, അതിഗംഭീര മേക്കോവര്‍ കാണാം 

സിതാര കൃഷ്ണകുമാറും തമിഴില്‍ കബാലി, കാലാ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രദീപ് കുമാറും പാടിയ പാട്ടാണ് പുറത്തുവന്നിരിക്കുന്നത്. കൊച്ചിയുടെ ഗ്രാമീണതയില്‍ വന്ന സിനിമകളില്‍ വേറിട്ടതാവും തൊട്ടപ്പനെന്നാണ് സംവിധായകന്റെ ഉറപ്പ്. വിനായകന്റെ കിടിലന്‍ മേക്ക് ഓവറിനൊപ്പമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. പുതുമുഖം പ്രിയംവദയാണ് നായിക. ഛായാഗ്രഹണം സുരേഷ് രാജന്‍. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും അഭിനയിക്കുന്നുണ്ട്

Related Stories

No stories found.
logo
The Cue
www.thecue.in