സേക്രഡ് ഗെയിംസിന്റെ രണ്ടാംഭാഗം നിരാശാജനകമോ? വൈകുന്നതില്‍ അഭ്യൂഹം ശക്തം 

സേക്രഡ് ഗെയിംസിന്റെ രണ്ടാംഭാഗം നിരാശാജനകമോ? വൈകുന്നതില്‍ അഭ്യൂഹം ശക്തം 

നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യന്‍ വെബ് സീരീസായ സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണിനായി പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ സീസണ്‍ 2ന്റെ റിലീസ് വൈകുന്നത് ആരാധകരില്‍ സംശയത്തിനിടയാക്കുന്നുണ്ട്. പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് സേക്രഡ് ഗെയിംസ് സീസണ്‍ 2 ജൂലൈ അവസാന വാരമോ, ഓഗസ്റ്റ് ആദ്യ വാരമോ വരാനാണ് സാധ്യത. അതേസമയം സീരീസിന്റെ രണ്ടാം ഭാഗം തൃപ്തികരമല്ലാത്തതിനാലാണ് സംപ്രേഷണം വൈകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടാം സീസണ്‍ ആദ്യ സീസണിന്റെ അത്ര നിലവാരം പുലര്‍ത്തിയിട്ടില്ലെന്നും ഇത് പ്രേക്ഷക പങ്കാളിത്തത്തെ ബാധിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിനാല്‍ നെറ്റ്ഫ്‌ളിക്‌സ് രണ്ടാം ഭാഗം വൈകിപ്പിക്കുകയാണെന്നും പ്രചരണമുണ്ട് സീസണ്‍ 2ന്റെ ചിത്രീകരണം ഇന്ത്യയിലും കേപ്ടൗണിലുമായി പൂര്‍ത്തിയായതാണ്. നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഭാഗം സംവിധാനം ചെയ്യുന്നത് അനുരാഗ് കശ്യപ് ആണ് .എന്നാല്‍ സെയ്ഫ് അലി ഖാന്റെ ഭാഗം വിക്രമാദിത്യ മോത്വാനിയ്ക്ക് പകരം മസാന്റെ സംവിധായകന്‍ നീരജ് ഘായ്വാനാണ് ഒരുക്കുന്നത്.

പ്രേക്ഷകരാലും വിമര്‍ശകരാലും ഒരുപോലെ വാഴ്ത്തപ്പെട്ട ഇന്ത്യന്‍ വെബ് ടെലിവിഷന്‍ സീരീസ് ആണ് സേക്രഡ് ഗെയിംസ്. വിക്രം ചന്ദ്രയുടെ ഇതേപേരിലുള്ള നോവലിനെ ആധാരമാക്കിയാണ് പരമ്പര.ആദ്യ സീസണിനു ശേഷം പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷയോടെയാണ് അടുത്ത സീസണിനായി കാത്തിരിക്കുന്നത്. നവാസുദ്ദീന്‍ സിദ്ദീഖി, സെയ്ഫ് അലി ഖാന്‍, രാധിക ആപ്തെ എന്നിവരുടെ ആദ്യ ഭാഗത്തിലെ പ്രകടനം സംവിധായകരുടെ മനസ്സറിഞ്ഞുള്ളതായിരുന്നു. ഇതായിരുന്നു ആദ്യ സീസണിന്റെ വിജയം.

ഗണേഷ് ഗയ്തോണ്ടെയുടെ കഥ പറച്ചിലിനും സര്‍താജ് സിംഗിന്റെ അന്വേഷണങ്ങള്‍ക്കും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. അതിനാല്‍ രണ്ടാം സീസണിനായി ഏറെ ഉദ്വേഗത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷക സമൂഹം. 2018 ജൂലൈ 6നാണ് സേക്രഡ് ഗെയിംസ് സീസണ്‍ 1 പുറത്തിറങ്ങിയത്. നവാസുദ്ദീന്‍ സിദ്ദീഖി, സെയ്ഫ് അലിഖാന്‍, രാധിക ആപ്തെ, നീരജ് കബി,രാജശ്രീ ദേശ്പാണ്ടേ എന്നിവരാണ് മുഖ്യവേഷത്തില്‍ എത്തിയത്. ആദ്യ സീസണിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in