നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷൻ?

VT Balram
VT Balram

മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷനെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി.ബല്‍റാം. ഏത് ധാർമ്മികതയേക്കുറിച്ചാണ് കെ ടി ജലീലും സിപിഎമ്മും ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്! ഔദ്യോഗിക നീതിന്യായ സംവിധാനങ്ങൾ തെളിവ് സഹിതം കയ്യോടെ പിടികൂടുമ്പോൾ, രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്താൻ നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ, മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷൻ?

ജലീൽ ബന്ധുവിന് വേണ്ടി നിയമം ലംഘിച്ച് ഇടപെട്ടു എന്ന് ലോകായുക്ത ഇപ്പോഴാണ് രേഖകളൊക്കെ പരിശോധിച്ച് കണ്ടെത്തിയത് എങ്കിലും ജലീലിനത് നേരത്തേ തന്നെ അറിയാവുന്നതായിരുന്നല്ലോ. ധാർമ്മികത ഉണരേണ്ടിയിരുന്നത് ആ ഘട്ടത്തിലായിരുന്നില്ലേ? ജലീലിൻ്റെ ഇടപെടലിനെ അംഗീകരിക്കുന്ന നിലയിൽ ഫയലിൽ ഒപ്പുവച്ച പിണറായി വിജയനും ഇതൊക്കെ നേരത്തേ തന്നെ അറിയാവുന്ന കാര്യമാണ്. പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ കഴിഞ്ഞ രണ്ട് വർഷമായി ചൂണ്ടിക്കാട്ടുന്നതും ഇതാെക്കെത്തന്നെയായിരുന്നു.

എന്നിട്ടും വിമർശനമുന്നയിച്ചവരോട് മുഴുവൻ പുച്ഛവും വെല്ലുവിളിയുമായി നടന്നിരുന്നയാളാണ് മന്ത്രി ജലീൽ. അതിന് പൂർണ്ണ പിന്തുണ നൽകുകയായിരുന്നു പിണറായി വിജയനും സിപിഎമ്മും. അനധികൃതമായി ബന്ധുവിനെ നിയമിച്ചതിൽ എന്താണിത്ര തെറ്റ് എന്നായിരുന്നു മറ്റ് സിപിഎം മന്ത്രിമാരുടെ വക്കാലത്ത്. എന്നിട്ടാണിപ്പോ അവരൊക്കെ ധാർമ്മികതയുടെ അവകാശവാദങ്ങളുമായി ഉളുപ്പില്ലാതെ കടന്നു വരുന്നത്.അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള അവസാന ശ്രമം പോലും പരാജയപ്പെട്ട് നാണംകെട്ട് പടിയിറങ്ങേണ്ടി വന്ന എൽഡിഎഫ് മന്ത്രി എന്ന വിശേഷണമായിരിക്കും ചരിത്രത്തിൽ കെ ടി ജലീലിന്. അദ്ദേഹത്തേപ്പോലൊരാൾ അതിൽ കൂടുതലൊന്നും അർഹിക്കുന്നില്ല.

കെ.ടി.ജലീല്‍ രാജിയെക്കുറിച്ച്

എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ. കട്ടതിൻ്റെ പേരിലോ അഴിമതി നടത്തിയതിൻ്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിൻ്റെ പേരിലോ അന്യൻ്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിൻ്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിൻ്റെ പേരിലോ ആർഭാട ജീവിതം നയിച്ചതിൻ്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിൻ്റെ പേരിലോ 'ഇഞ്ചികൃഷി' നടത്തി ധനസമ്പാദനം നടത്തിയതിൻ്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിൻ്റെ പേരിലോ ദേശദ്രോഹ പ്രവർത്തനം നടത്തിയതിൻ്റെ പേരിലോ തൊഴിൽ നൽകാമെന്ന് പ്രലോഭിപ്പിച്ച് ഡൽഹിയിൽ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിൻ്റെ പേരിലോ സുനാമി- ഗുജറാത്ത്-കത്വ- പ്രളയ ഫണ്ടുകൾ പിരിച്ച് മുക്കിയതിൻ്റെ പേരിലോ പാലാരിവട്ടം പാലം പണിയാൻ നീക്കിവെച്ച കോടികൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിൻ്റെ പേരിലോ സ്വന്തം മകന് സിവിൽ സർവീസ് പരീക്ഷക്ക് മുഖാമുഖത്തിൽ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാൾ മാർക്ക് ഒപ്പിച്ചു കൊടുത്തതിൻ്റെ പേരിലോ ആയിരുന്നില്ല നിരന്തരമായ, മാപ്പർഹിക്കാത്ത ഈ വേട്ടയാടലുകൾ. ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണ് വലതുപക്ഷത്തിൻ്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും അണുമണിത്തൂക്കം കൂസാതെ പിടിച്ചു നിൽക്കാൻ ഈയുള്ളവന് കരുത്തായത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിൻ്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. മാധ്യമ അന്വേഷണ സംഘങ്ങൾ ഉൾപ്പടെ ഏത് അന്വേഷണ ഏജൻസികൾക്കും ഇനിയും ആയിരം വട്ടം എൻ്റെ വീട്ടിലേക്ക് സ്വാഗതം. ഇത് വെറുംവാക്കല്ല, ഉള്ളിൽ തട്ടിയുള്ള പറച്ചിലാണ്.

ലീഗും കോൺഗ്രസ്സും മാധ്യമ സിൻഡിക്കേറ്റും തൊടുത്തുവിട്ട ശരവ്യൂഹം ഫലിക്കാതെ വന്നപ്പോൾ ഉണ്ടായ ജാള്യം മറച്ചുവെക്കാൻ കച്ചിത്തുരുമ്പ് തേടി നടന്നവർക്ക് 'സകറാത്തിൻ്റെ ഹാലിൽ' (മരണത്തിന് തൊട്ടുമുൻപ്) കിട്ടിയ ഒരേയൊരു പിടിവള്ളിയായിരുന്നു ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സംഭവിച്ചതായി അവർ കണ്ടെത്തിയ ബഹുമാനപ്പെട്ട ലോകായുക്തയുടെ ചില പരാമർശങ്ങൾ. അതുവെച്ചാണ് രണ്ടുമൂന്നു ദിവസങ്ങളായി മുസ്ലിംലീഗും കോൺഗ്രസ്സും വലതുപക്ഷ മാധ്യമ സേനയും ''കിട്ടിപ്പോയ്" എന്ന മട്ടിൽ തൃശൂർ പൂരത്തെ വെല്ലുന്ന വെടിക്കെട്ടുകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രസ്തുത വിധി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്ന സാഹചര്യത്തിലാണ് തത്സംബന്ധമായ വിഷയത്തിലെ വിധിക്ക് കാത്ത് നിൽക്കാതെ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ച് രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്തിക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈമാറിയത്.

"ജലീൽവേട്ടക്ക്" തൽക്കാലത്തേക്കെങ്കിലും ഇതോടെ ശമനമാകുമെന്ന് പ്രതീക്ഷിക്കാം. ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന സമുദായ രാഷ്ട്രീയത്തിൻ്റെയും ചീഞ്ഞമുട്ട കണക്കെ കെട്ടുനാറുന്ന മത രാഷ്ട്ര വർഗീയ തത്വശാസ്ത്ര പ്രചാരകരുടെയും കുൽസിത തന്ത്രങ്ങൾക്കെതിരെയുള്ള പോരാട്ടം മേലിലും തുടർന്നുകൊണ്ടേയിരിക്കും. വലതുപക്ഷവും മാധ്യമപ്പടയുമുൾപ്പെടെ അങ്കത്തട്ടിൽ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാൻ കഴിഞ്ഞേക്കാം; തോൽപ്പിക്കാൻ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ.

Related Stories

No stories found.
logo
The Cue
www.thecue.in