പൈപ്പിൽ വെള്ളമില്ല വായുമാത്രമെന്ന് എം ബി രാജേഷ്; പൈപ്പ് തുറന്ന് വെള്ളം കുടിച്ച് വി ടി ബൽറാം

പൈപ്പിൽ വെള്ളമില്ല വായുമാത്രമെന്ന് എം ബി രാജേഷ്; പൈപ്പ് തുറന്ന് വെള്ളം കുടിച്ച് വി ടി ബൽറാം

പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിൽ ഇരു മുന്നണികളിൽ നിന്നുമുള്ള യുവ സാരഥികളാണ് മത്സരിക്കുന്നത്. സിറ്റിംഗ് എം എൽ എ ആയ യുഡിഎഫ് സ്ഥാനാർഥി വി ടി ബൽറാമും എൽ ഡി എഫ് സ്ഥാനാർഥി എം ബി രാജേഷുമാണ് തൃത്താലയിൽ ഇത്തവണ മത്സരിക്കുന്നത്. പ്രചാരണത്തിന്റെ തുടക്കം മുതലേ ഇരുവരുടെയും പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. തൃത്താലയിലെ പഞ്ചായത്തിൽ കുടിവെള്ളം കിട്ടുന്നില്ല എന്ന അവകാശവുമായി എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ് ഒരു വീഡിയോയുമായി വന്നിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ , എം ബി രാജേഷിന് മറുപടി നല്കിക്കൊണ്ട് മറുവീഡിയോയുമായി വി ടി ബൽറാമും എത്തി.

തൃത്താലയിലെ പട്ടിത്തറ പഞ്ചായത്തിൽ കുടിവെള്ളം കിട്ടുന്നില്ലെന്നാണ് എംബി രാജേഷ് വീഡിയോയില്‍ പറയുന്നത്. ഇതിനായി പ്രദേശത്തെ ഒരു പൊതുപൈപ്പ് തുറന്ന് വെള്ളം വരുന്നില്ല എന്ന് രാജേഷ് കാണിക്കുന്നുമുണ്ട്. പൈപ്പില്‍നിന്നും വായുമാത്രമാണ് വരുന്നതെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.

ഒരു ദിവസത്തിന് ശേഷം ഇതേ സ്ഥലത്തെത്തിയ വിടി ബല്‍റാം ഇതേ പൈപ്പില്‍നിന്നും വെള്ളം വരുന്നതായുള്ള വീഡിയോ പോസ്റ്റ് ചെയ്ത് എം ബി രാജേഷിന് മറുപടി നൽകി. പൈപ്പിന് സമീപത്തുള്ള വീട്ടിലെ സ്ത്രീയോട് പൈപ്പ് തുറക്കാന്‍ ബല്‍റാം ആവശ്യപ്പെടുകയും പൈപ്പില്‍ നിന്ന് വെള്ളം വരികയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഈ പ്രദേശത്ത് വെള്ളം കിട്ടുന്നില്ലെന്നാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അവകാശപ്പെടുന്നതെന്ന് പറഞ്ഞാണ് വിടി ബല്‍റാമിന്റെ വീഡിയോ. ‘ ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ മാത്രിക ദണ്ഡുവീശി തൃത്താലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പൈപ്പിന്റെ എങ്ങോട്ടാണ് അദ്ദേഹം തിരിച്ചതെന്ന് എനിക്കറിയില്ല. ഞാനായിട്ട് തുറക്കുന്നില്ല. പ്രദേശവാസിയായ പാത്തുമ്മതാത്ത ഇവിടെയുണ്ട്. അവര്‍ തുറക്കട്ടെ’, എന്നുപറഞ്ഞായിരുന്നു ബല്‍റാം സമീപവാസിയെക്കൊണ്ട് പൈപ്പ് തുറപ്പിച്ചത്.

ഇതിന്‍റെ വീഡിയോ യു.ഡി.എഫ് അനുയായികൾ സൈബർ ഇടങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പിന്നാലെ ബൽറാം ഫേസ്ബുക്കിൽ ക്രോണിക്ക് ബാച്ചിലർ സിനിമയിലെ ഇന്നസെന്‍റ് ടാപ്പ് തുറക്കുന്ന ചിത്രം പങ്കുവച്ച് രാജേഷിനെ പരിഹസിച്ചിട്ടുമുണ്ട്. സംഭവത്തിൽ എം.ബി. രാജേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in