അദാനി സി.പി.എമ്മിനെയും ബി.ജെ.പിയെയും ബന്ധിപ്പിക്കുന്ന കണ്ണി, കെ.എസ്.ഇ.ബി. നല്‍കിയ ലറ്റര്‍ ഓഫ് അവാര്‍ഡ് പുറത്തുവിടുകയാണെന്ന് ചെന്നിത്തല

അദാനി സി.പി.എമ്മിനെയും ബി.ജെ.പിയെയും ബന്ധിപ്പിക്കുന്ന കണ്ണി, കെ.എസ്.ഇ.ബി. നല്‍കിയ ലറ്റര്‍ ഓഫ് അവാര്‍ഡ് പുറത്തുവിടുകയാണെന്ന് ചെന്നിത്തല

നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനാണ് അദാനിയുമായി കെ.എസ് ഇ.ബി കരാറുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ നിന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ യൂണിറ്റിന് 3.04 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി. അദാനിക്ക് നല്‍കിയ ലറ്റര്‍ ഓഫ് അവാര്‍ഡ് താന്‍ പുറത്തു വിടുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.

സിപിഎമ്മിനെയും ബിജെപിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് അദാനിയെന്നും പ്രതിപക്ഷ നേതാവ്. അദാനിക്ക് ലറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഈ ഇടപാടിന് അനുമതി തേടിക്കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീന്‍ കെ.എസ്.ഇ.ബി. കത്തെഴുതുകയുണ്ടായി. അതിന്മേല്‍ അദാനി ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ കാര്യത്തില്‍ റെഗുലേറ്ററി കമ്മീഷന്‍ 17.3.2021 ന് പബ്ലിക്ക് ഹിയറിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ സംഭവിച്ച ശേഷമാണ് അദാനിയുമായി കെ.എസ്.ഇ.ബിക്ക് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പറയുന്നതെന്നും ചെന്നിത്തല.

രമേശ് ചെന്നിത്തല മാധ്യമങ്ങളോട്

1. സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിച്ച് അദാനിക്ക് 1000 കോടി രൂപ ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള ഇലക്ട്രിസിറ്റി കരാറിന്റെ വിശദ വിവരങ്ങള്‍ രണ്ടു ദിവസം മുന്‍പ് ഞാന്‍ പുറത്തുവിടുകയുണ്ടായി.

2. എന്നാല്‍ എനിക്ക് സമനില തെറ്റിയിരിക്കുകയാണെന്നും ഇത്തരമൊന്നല്ല, അദാനിയുമായി യാതൊരു കരാറും സംസ്ഥാന സര്‍ക്കാരോ ഇലക്ട്രിസിറ്റി ബോര്‍ഡോ ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞത്.

3. എന്നാല്‍ എം.എം മണി പറഞ്ഞത് ശുദ്ധമായ കള്ളമാണെന്ന് തെളിയിക്കാനായി കഴിഞ്ഞ മാസം അദാനിയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഉണ്ടാക്കിയ മറ്റൊരു കരാറിന്റെ മിനിറ്റ്‌സ് ഞാന്‍ ഇന്നലെ പത്രസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു.

4. എന്നാല്‍ എനിക്കെന്തോ കാര്യമായ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നും കള്ളം പറയാന്‍ പ്രതിപക്ഷ നേതാവിന് ഒരു മടിയുമില്ലെന്നുമൊക്കെയാണ് മുഖ്യമന്ത്രി ഇന്നലെ അതിന് മറുപടി നല്‍കിയത്. അദാനിയുമായി എന്തെങ്കിലും കരാര്‍ കെ.എസ്.ഇ.ബി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ രേഖ പുറത്തുവിടാന്‍ മുഖ്യമന്ത്രി എന്നെ വെല്ലുവിളിക്കുകയും ചെയ്തു.

5. ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കുകയാണ്.

6. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍നിന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ യൂണിറ്റിന് 3.04 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി. അദാനിക്ക് നല്‍കിയ ലറ്റര്‍ ഓഫ് അവാര്‍ഡ് ഞാന്‍ പുറത്തു വിടുകയാണ്.

7. 15.2.2021ലാണ് കെ.എസ്.ഇ.ബി ഈ ലറ്റര്‍ ഓഫ് അവാര്‍ഡ് അദാനി എന്റര്‍പ്രൈസ്സ് ലിമിറ്റഡിന് നല്‍കിയത്.

8. അദാനി എന്റര്‍പ്രൈസസിന്റെ അങ്കിത് റബാഡിയ എന്ന ഉദ്യോഗസ്ഥന് കെ.എസ്.ഇ.ബി.യുടെ കൊമേഴ്‌സ്യല്‍ ആന്റ് പ്ലാനിംഗ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറാണ് ഈ ലറ്റര്‍ ഓഫ് അവാര്‍ഡ് ഒപ്പുവച്ചു നല്‍കിയിട്ടുള്ളത്. ചീഫ് എന്‍ജിനീയറുടെ പൂര്‍ണ്ണ അധികാരത്തോടെയാണ് ഈ രേഖയില്‍ ഒപ്പുവയ്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

8. 2021 ഏപ്രില്‍ ഒന്നു മുതല്‍ 15 വരെയും ഏപ്രില്‍16 മുതല്‍ 30 വരെയും മെയ് 1 മുതല്‍ 15 വരെയും മെയ് 16 മുതല്‍ 31 വരെയും നാല് ഘട്ടങ്ങളിലായാണ് അദാനിയില്‍ നിന്നും കറന്റ് വാങ്ങാന്‍ ഉടമ്പടി ഉണ്ടാക്കിയി്ട്ടുള്ളത്.

9. ഇതതനുസരിച്ച് അദാനിയുടെ കറന്റ് കൂടിയ വിലയ്ക്ക് അതായത് യൂണിറ്റിന് 3.04 രൂപ വെച്ച് കെ.എസ്.ഇ.ബി.ക്ക് കിട്ടിത്തുടങ്ങുകയും ചെയ്തിരിക്കുകയാണ്.

10. ഇനി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറയണം ആരാണ് കള്ളം പറയാന്‍ മടിയില്ലാത്തയാള്‍ എന്ന്. ആര്‍ക്കാണ് കാര്യമായി എന്തോ പറ്റിയതെന്ന?

11. അദാനിക്ക് ലറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഈ ഇടപാടിന് അനുമതി തേടിക്കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീന്‍ കെ.എസ്.ഇ.ബി. കത്തെഴുതുകയുണ്ടായി. അതിന്മേല്‍ അദാനി ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ കാര്യത്തില്‍ റെഗുലേറ്ററി കമ്മീഷന്‍ 17.3.2021 ന് പബ്ലിക്ക് ഹിയറിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ സംഭവിച്ച ശേഷമാണ് അദാനിയുമായി കെ.എസ്.ഇ.ബിക്ക് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പറയുന്നത്.

12. ഇതെല്ലാം രേഖകളിലുള്ള കാര്യമാണ്. എന്നിട്ടും എന്തിനാണ് ഇങ്ങനെ പച്ചക്കള്ളം പറയുന്നത്.

13. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അദാനിയുമായി ഈ ഹൃസ്വകാല ഇടപാടില്‍ കരാര്‍ ഒപ്പു വയ്ക്കാത്തത്. പകരം അതിന് തുല്യമായ ലറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കി ഉടമ്പടി നടപ്പില്‍ വരുത്തുകയാണ് ചെയ്തിട്ടുള്ളത്.

14. ഇപ്പോള്‍ മാത്രമല്ല നേരത്തെ ഈ സര്‍ക്കാരിന്റെ നിരവധി അഴിമതികള്‍ പുറത്തുകൊണ്ടു വന്നപ്പോഴൊക്കെ എന്റെ മനോനിലയില്‍ എന്തോ തകരാറുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. രേഖകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

15. ഓരോ തവണയും ഞാന്‍ വെല്ലുവിളി ഏറ്റെടുത്ത് ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള വ്യക്തമായ രേഖകള്‍ ഞാന്‍ ഹാജരാക്കുകയും ചെയ്തു. അപ്പോഴൊക്കെ പറഞ്ഞത് വിഴുങ്ങി, ഇളിഭ്യനായി മാളത്തിലേക്ക് തലവലിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇ.എം.സി.സി.യുമായി സംസ്ഥാന സര്‍്ക്കാരുണ്ടാക്കിയ കരാര്‍ കാര്യത്തിലും സ്പ്രിംഗ്‌ളര്‍ ഇടപാടിലുമെല്ലാം ഇത് കണ്ടതാണ്.

16. എന്നിട്ടും അനുഭവത്തില്‍നിന്ന് മുഖ്യമന്ത്രി പാഠം പഠിക്കുന്നില്ല. എന്നതാണ് അദ്ഭുതകരം. ഞാന്‍ ഒരു ആരോപണമുന്നയിക്കുമ്പോള്‍ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലേ അത് ഉന്നയിക്കാറുള്ളു.

അത് മനസ്സിലാക്കിട്ടും വെറുതേ വെല്ലുവിളിച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവാന്‍ തുനിഞ്ഞാല്‍ എന്തുചെയ്യും?

17. അതവിടെ നില്ക്കട്ടെ. സംസ്ഥാനത്ത് വൈദ്യുതി അധികമെന്നാണല്ലോ റെഗുലേറ്ററി കമ്മീഷന്‍ പറയുന്നത്. 5 വര്‍ഷമായി കേരളം വൈദ്യുതിയില്‍ മികച്ച സംസ്ഥാനമാണെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ 3.04 രൂപയ്ക്ക് എന്തിന് ഇപ്പോള്‍ അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നു? ഇതിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുമെന്നിരിക്കെ എന്തിന് കൂടിയ വിലയ്ക്ക് വാങ്ങുന്നു?

18. ഈ ഇടപാടിന് പിന്നിലെ സാമ്പത്തിക ലാഭവും രാഷ്ട്രീയലാഭവും ഏതു കൊച്ചുകുട്ടിക്കും മനസ്സിലാവുന്നതാണ്.

19. 25 വര്‍ഷക്കാലം അദാനിയില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള ആദ്യ കരാറും, ഉയര്‍ന്ന വിലയ്ക്ക് ചെറിയ കാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഇപ്പോഴത്തെ ഉടമ്പടിയും അദാനിയുമായുള്ള പിണറായി സര്‍ക്കാരിന്റെ പ്രിയത്തെയാണ് കാണിക്കുന്നത്.

20. പ്രധാനമന്ത്രിയ്ക്കും പിണറായിക്കും ഇടയിലെ പാലമായിട്ടാണ് അദാനിപ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാവുകയാണ്.

21. സ്വര്‍ണ്ണക്കടത്തു കേസും ഡോളര്‍ കടത്തുകേസുമെല്ലാം അട്ടിമറിക്കപ്പെട്ടപ്പോഴേ സി.പി.എം - ബി.ജെ.പി. ഡീലിനെക്കുറിച്ചുള്ള സംശയം ഉടലെടുത്തിരുന്നതാണ്. ഇപ്പോഴത് ബലപ്പെട്ടു. ലാവ്‌ലിന്‍ കേസ് 28 തവണ സി.ബി.ഐ. മാറ്റി വയ്പ്പിച്ചതും ഇതു മായി ചേര്‍ത്ത് വായിക്കണം.

22. തിരുവന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ അദാനിയുമായി യുദ്ധം ചെയ്യുകയാണെന്ന പ്രതീതി ഉണ്ടാക്കിയിട്ട് വിമാനത്താവളം അവര്‍ക്ക് തന്നെ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കളി കളിക്കുകയല്ലേ ചെയ്തത്.

സി.പി.എമ്മിനെയും ബി.ജെ.പിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ് അദാനി.

24. കാപട്യം മാത്രമാണ് ഈ സര്‍ക്കാരിന്റെ കൈമുതല്‍.

25. ഇതിനിടയില്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് അറിഞ്ഞോ അറിയാതെയോ എന്തൊക്കെയോ പുലമ്പുന്നുണ്ട്.

26. അദാനിയുമായി ഒരു കരാറും സംസ്ഥാന സര്‍ക്കാരോ വൈദ്യുതി ബോര്‍ഡോ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഉറപ്പിച്ചു പറയുകയും രേഖകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ എന്നെ വെല്ലുവിളിക്കുകയും ചെയ്യുന്നതിനിടയില്‍ അദാനിയുമായി കെ.എസ്.ഇ.ബി. നടത്തിയ ഇടപാടിന്റെ മുഴുവന്‍ വിശാംശങ്ങളും വെളിപ്പെടുത്തുകയാണ് തോമസ് ഐസക്ക് ചെയ്തരിക്കുന്നത്. എന്നിട്ട് ഒന്നും അറിയാത്തതുപോലെ ഇതിലെന്താ കുഴപ്പമെന്നും ചോദിക്കുന്നു.

27. തോമസ് ഐസക്ക് പിണറായിയെ ഇങ്ങനെ വെട്ടിലാക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീര്‍ക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്.

28. അല്ലെങ്കില്‍ പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറയുമ്പോള്‍ കരാറിന്റെ വിശദാംസങ്ങള്‍ മുഴുവന്‍ നല്‍കിയിട്ട് ഇതിലെന്താ കുഴപ്പമെന്ന് ധനമന്ത്രി ചോദിക്കുമോ?

29. എന്തായാലും എനിക്ക് ഒന്നേ പറയാനുള്ളു. പിണറായിയോടുള്ള വിരോധം എന്റെ ചുമലില്‍ ചാരി തീര്‍ക്കേണ്ട.

30. സംസ്ഥാനത്ത് 5000 കോടിരൂപ മിച്ചം വച്ചിട്ടാണ് ധനകാര്യമന്ത്രി സ്ഥാനത്ത് നിന്ന് താന്‍ പടിയിറങ്ങുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞതിന്റെ പൊള്ളത്തരവും ഞാന്‍ ഇന്നലെ തുറന്നു കാട്ടിയിരുന്നു. അതും തോമസ് ഐസക്കിന് അത്ര രസിച്ചിട്ടില്ല എന്ന് തോന്നുന്നു.

31. ഇത്രയും കാലം പ്രതിപക്ഷ നേതാവായിരുന്നിട്ടും രമേശ് ചെന്നിത്തല ധനകാര്യ മാനേജ്‌മെന്റിനെക്കുറിച്ച് ഒന്നും പഠിച്ചില്ല എന്നാണ് ധനമന്ത്രി പറയുന്നത്.

32. മാര്‍ച്ച് 30ആം തീയതി സംസ്ഥാനം 4,000 കോടി രൂപ കടം വാങ്ങി. ആ പണവും ഭാവിയില്‍ സംസ്ഥാനത്തിന് വാങ്ങാന്‍ കഴിയുന്ന 2000 കോടിയും കൂടി ചേര്‍ത്താണ് 5000 കോടി രൂപ മിച്ചമുണ്ടെന്ന് തോമസ് ഐസക്ക് പറയുന്നത്.

33. ഏതായാലും മൂക്കറ്റം കടത്തില്‍ നില്‍ക്കുന്ന ഒരാള്‍ അയല്‍ക്കാരനില്‍നിന്ന് കുറേ പണം കൂടി കടം വാങ്ങി വയ്ക്കുയും കുറെ കടം കൂടി ചോദിക്കുകയും ചെയ്തിട്ട് ഇതാ പണം മിച്ചമിരിക്കുന്നുത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനതത്വശാസ്ത്രം എനിക്ക് പിടിയില്ല. അത് തോമസ് ഐസക്കിനേ അറിയാവൂ.

34. നിത്യച്ചെലവിന് പോലും പണമില്ലാതെ നട്ടം തിരിയുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശമ്പളം നല്‍കാനും കടമെടുക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ 22,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തത്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത മൂന്നരലക്ഷം കോടിയായി കുതിച്ചുയര്‍ന്നിരക്കുന്നു. ഈ സര്‍ക്കാര്‍ മാത്രം വരുത്തിവച്ച കടം ഒരുലക്ഷത്തി അറുപത്തിമൂവായിരം കോടി രൂപയാണ്.

35. എന്നിട്ടാണ് ഞാന്‍ 5000 കോടി മിച്ചം വച്ചിട്ട് പോകുന്നു എന്ന് തോമസ് ഐസക്ക് പറയുന്നത്.

36. തോമസ് ഐസക്കിന്റെ ഈ വൈദഗ്ധ്യം ഏതായാലും പിണറായി വിജയന് നന്നായി ബോധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് ഇത്തവണ സീറ്റ് നിഷേധിച്ചത്.

37. ഇനിയും ഇത് വഴി വരില്ലേ, ആനകളെ തെളിച്ചു കൊണ്ട് എന്നാണ് തോമസ് ഐസക്ക് ഫേസ് ബുക്ക് പോസ്റ്റില്‍ എന്നെ പരിഹസിക്കുന്നത്.

38. എന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം. ഏതായാലും തോമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചിരിക്കുകയാണല്ലോ?

Related Stories

No stories found.
logo
The Cue
www.thecue.in