പിണറായി ഭീരു, സിപിഎം അനുകൂല സര്‍വീസ് സംഘടനയെ ഉപയോഗിച്ച് വ്യാജവോട്ട് ചേര്‍ത്തെന്നും ചെന്നിത്തല

പിണറായി ഭീരു, സിപിഎം അനുകൂല സര്‍വീസ് സംഘടനയെ ഉപയോഗിച്ച് വ്യാജവോട്ട് ചേര്‍ത്തെന്നും ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവാണെന്നും പേടിച്ചു വിരണ്ടതുകൊണ്ടാണ് തെരെഞ്ഞെടുപ്പ് ബോംബിനെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത തെരഞ്ഞെടുപ്പ് അട്ടിമറിക്കാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. എല്ലാ ഏകാധിപതികളും അധികാരം പിടിച്ചെടുക്കുന്നത് ഇത്തരം വ്യാജപ്രതിഛായ നിര്‍മ്മിതിയിലൂടെയും ജനാധിപത്യത്തെ അട്ടിമറിച്ചുമാണെന്നും ചെന്നിത്തല.

ഓരോ നിയോജകമണ്ഡലത്തിലും പതിനായിരത്തിലേറെ വരെ വ്യാജവോട്ടര്‍മാരെയാണ് കുത്തിനിറച്ചിരിക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന വ്യക്തമായ ഗൂഡാലോചന ഈ അട്ടിമറിക്ക് പിന്നിലുണ്ട്. ഇടതുപക്ഷക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി.പി.എം. നടത്തിയ അട്ടിമറിയാണിത്.

ഒരേ ശൈലിയിലാണ് സംസ്ഥാനത്തുടനീളം ഈ കൃത്രിമം നടന്നിരിക്കുന്നതെന്നും ഹരിപ്പാട് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. യഥാര്‍ത്ഥ വോട്ടര്‍ അറിഞ്ഞോ അറിയാതെയോ അയാളുടെ ഫോട്ടോ ഉപയോഗിച്ച് പല പേരുകളില്‍ ഒരേ ബൂത്തിലും വിവിധ ബൂത്തുകളിലും വിവിധ മണ്ഡലങ്ങളിലും വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കള്ളവോട്ട് തടയാന്‍ കോടതി മാര്‍ഗനിര്‍ദേശവും തെരെഞ്ഞടുപ്പ് കമ്മീഷന്‍ ഇടപെടലും മാത്രം മതിയാകില്ലെന്നും രമേശ് ചെന്നിത്തല. പുറത്ത് വിട്ട പട്ടികയിലുള്ള എല്ലാവരും കുറ്റക്കാരല്ല. ഇരട്ട വോട്ടുണ്ടെങ്കില്‍ പരാതി നല്‍കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനോ കോടതിയോ ഇടപെട്ടത് കൊണ്ട് മാത്രം കള്ളവോട്ട് തടയാനാകില്ല. അതുകൊണ്ടാണ് ഇരട്ടവോട്ടുള്ളവരുടെ പട്ടിക പുറത്ത് വിട്ടതെന്നും ചെന്നിത്തല

Related Stories

No stories found.
logo
The Cue
www.thecue.in