അഴീക്കോട് കെ.എം.ഷാജിയും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനും പരാജയപ്പെടുമെന്ന് ട്വന്റി ഫോര്‍ സര്‍വേ

അഴീക്കോട് കെ.എം.ഷാജിയും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനും പരാജയപ്പെടുമെന്ന് ട്വന്റി ഫോര്‍ സര്‍വേ

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫ് വിജയിക്കുമെന്ന് ട്വന്റി ഫോര്‍ ചാനലിന്റെ പ്രീ പോള്‍ സര്‍വേ. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ കെ സുരേന്ദ്രനാണ്. 42 ശതമാനം പേര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫ് മുന്നിലെത്തുമെന്ന് അഭിപ്രായപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് 34 ശതമാനം പേരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി.രമേശന്‍ വിജയിക്കുമെന്ന് 24 ശതമാനം പേരും അഭിപ്രായപ്പെട്ടു. അഴീക്കോട് സിറ്റിംഗ് എം.എല്‍.എ കെ.എം.ഷാജിയെ എല്‍ഡിഎഫിലെ കെ.വി സുമേഷ് പരാജയപ്പെടുത്തുമെന്നും സര്‍വേ.

എഴുപതിനായിരം വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ട്വന്റിഫോര്‍ സര്‍വേ തയാറാക്കിയിരിക്കുന്നതെന്ന് ചാനല്‍ അധികൃതര്‍. ശാസ്ത്രീയ രീതിയിലൂടെ 140 മണ്ഡലങ്ങളിലൂടെ ട്വന്റിഫോറിന്റെ പ്രതിനിധികള്‍ ശേഖരിച്ച വിവരങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ചാനല്‍.മാര്‍ച്ച് 25ാം തിയതി വരെ നടത്തിയ സര്‍വേയുടെ വിവരങ്ങളാണ് പുറത്തുവിടുന്നതെന്നും സര്‍വേ.

തളിപ്പറമ്പ് എല്‍ഡിഎഫിന്റെ എം വി ഗോവിന്ദന്‍ ജയിക്കുമെന്നാണ് പ്രവചനം. 52 ശതമാനം വോട്ടിന്റെ പിന്തുണയാണ് സര്‍വേയില്‍. 36 ശതമാനം വോട്ടാണ് യുഡിഎഫിന്റെ പി വി അബ്ദുള്‍ റഷീദിന്. ഇരിക്കൂറില്‍ യുഡിഎഫിന്റെ സജീവ് ജോസഫ് വിജയിക്കുമെന്നും സര്‍വേ.

അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷ് 46 ശതമാനം വോട്ടിന് ജയിക്കുമെന്നും സര്‍വേ. യുഡിഎഫിന്റെ കെ എം ഷാജിക്ക് 44 ശതമാനം വോട്ട് ലഭിക്കും. കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സതീശന്‍ പാച്ചേനി നിലവിലെ എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രനെ തോല്‍്പ്പിക്കുമെന്നും സര്‍വേ. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് രാമചന്ദ്രന്‍ കടന്നപള്ളി മണ്ഡലത്തില്‍ വിജയിച്ചത്.

ധര്‍മ്മടത്ത് നിലവില്‍ മുഖ്യമന്ത്രിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ജയിക്കുമെന്നാണ് പ്രവചനം. 54 ശതമാനം വോട്ട് നേടിയായിരിക്കും പിണറായി വിജയന്‍ വിജയിക്കുക. 37 ശതമാനം വോട്ട് യുഡിഎഫിന്റെ സി രഘുനാഥിന് ലഭിക്കും.

തലശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എ എന്‍ ഷംസീര്‍ ജയിക്കുമെന്ന് സര്‍വേ. 58 ശതമാനം പിന്തുണയോട് കൂടിയായിരിക്കും ജയം. യുഡിഎഫിന്റെ എം പി അരവിന്ദാക്ഷനാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല.

കൂത്തുപറമ്പ് മണ്ഡലത്തില്‍ ഇടത് മുന്നണിയുടെ കെ പി മോഹനന്‍ 48 ശതമാനം വോട്ട് നേടി ജയിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന്റെ പി കെ അബ്ദുള്ള രണ്ടാം സ്ഥാനം നേടും. 40 ശതമാനം വോട്ട് ഇദ്ദേഹത്തിന് ലഭിച്ചേക്കുമെന്നും സര്‍വേ ഫലം. കഴിഞ്ഞ തവണ കെ പി മോഹനനെ തോല്‍പിച്ച് കെ കെ ശൈലജ ജയിച്ച മണ്ഡലമാണ് ഇത്.

മട്ടന്നൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സര്‍വേ. 58 ശതമാനം വോട്ട് ശൈലജ നേടുമെന്നും പ്രവചനം. യുഡിഎഫിന്റെ ഇല്ലിക്കല്‍ അഗസ്തി 31 ശതമാനം വോട്ട് നേടും.

പേരാവൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കെ വി സക്കീര്‍ ഹുസൈന്‍ വിജയം നേടും. 46 ശതമാനം വോട്ട് കിട്ടുമെന്നും പ്രവചനം. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫിന്റെ സണ്ണി ജോസഫിന് 45 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.മലബാറിലെ ഉള്‍പ്പെടെ 54 മണ്ഡലങ്ങളിലെ പ്രീപോള്‍ സര്‍വേ ഫലമാണ് ട്വന്റിഫോര്‍ ഇന്ന് പുറത്തുവിട്ടത്.

No stories found.
The Cue
www.thecue.in