പി.ജയരാജന് സീറ്റ് നല്‍കാത്തത് കണ്ണൂരില്‍ തിരിച്ചടിക്കും, രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സിപിഎം പുറത്താക്കിയ ധീരജ്

പി.ജയരാജന് സീറ്റ് നല്‍കാത്തത് കണ്ണൂരില്‍ തിരിച്ചടിക്കും, രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സിപിഎം പുറത്താക്കിയ ധീരജ്

പി.ജയരാജന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിന് തിരിച്ചടിയാകുമെന്ന് പാര്‍ട്ടി പുറത്താക്കിയ എന്‍ ധീരജ് കുമാര്‍. സിപിഐഎം സംസ്ഥാന സമിതി അംഗവും കണ്ണൂരിലെ മുതിര്‍ന്ന നേതാവുമായി പി.ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ധീരജ് കുമാര്‍ ജില്ലാ സ്‌പോര്‍ട്‌സ്് കൗണ്‍സിലില്‍ നിന്ന് രാജിവച്ചിരുന്നു. പരസ്യപ്രതികരണത്തിന് പിന്നാലെ ധീരജ് കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും ധീരജ് കുമാര്‍.

പി.ജയരാജന് സീറ്റ് നല്‍കാത്തത് കണ്ണൂരില്‍ തിരിച്ചടിക്കും, രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സിപിഎം പുറത്താക്കിയ ധീരജ്
പി.ജയരാജന് സീറ്റ് നല്‍കാത്തതില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രാജി; സോഷ്യല്‍ മീഡിയയിലും എതിര്‍പ്പ്

ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്പോര്‍ട്്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു ധീരജ് കുമാര്‍. കണ്ണൂര്‍ ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ധീരജ്. പി.ജയരാജന് സീറ്റ് നല്‍കാത്തത് അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടാകുമെന്ന പ്രവര്‍ത്തകരുടെ വികാരം പ്രകടിപ്പിക്കാനാണ് താന്‍ പരസ്യ പ്രതികരണം നടത്തിയത്. മറ്റൊരു പാര്‍ട്ടിയിലേക്കും പോവില്ല. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. ഇനി ബിസിനസുമായി മുന്നോട്ടുപോവുമെന്നും ധീരജ് കുമാര്‍. ഏഷ്യാനെറ്റ് ന്യൂസിലാണ് ധീരജിന്റെ പ്രതികരണം.

സിപിഐഎം പുറത്താക്കിയതിന് പിന്നാലെ നിരവധിപ്പേര്‍ തന്നെ ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ അതൊന്നും പരിഗണിക്കേണ്ടെന്നാണ് തന്റെ തീരുമാനമെന്നും ധീരജ് കുമാര്‍. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് കാട്ടിയാണ് ധീരജിനെ പുറത്താക്കിയത്. പള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമായിരുന്നു ധീരജ്കുമാര്‍.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടിപ്പിച്ചപ്പോള്‍ പി.ജയരാജനെ ഒഴിവാക്കിയതും നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ജയരാജന്‍ ജില്ലയില്‍ പാര്‍ട്ടിക്ക് അതീതമായ പ്രതിച്ഛായ സൃഷ്ടിക്കുന്നുവെന്നും അണികളെ ആരാധക സംഘമാക്കുന്നുവെന്നും സംസ്ഥാന സമിതിയില്‍ നേരത്തെ വിമര്‍ശമുയര്‍ന്നിരുന്നു. കണ്ണൂര്‍ ജില്ലയില്‍ സിപിഎം അണികള്‍ക്കിടയില്‍ ഏറ്റവുമധികം സ്വാധീനമുള്ള നേതാവ് കൂടിയാണ് പി.ജയരാജന്‍. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കാത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ഉയരുന്നുണ്ട്.

എന്തിനാണ് നിയമസഭാ സീറ്റ് ഞങ്ങളുടെ നെഞ്ചിലാണ് അങ്ങയുടെ സീറ്റ്, എത്ര കാലം നിങ്ങള്‍ക്കീ സൂര്യനെ തടഞ്ഞുനിര്‍ത്താന്‍ പറ്റും, മാപ്പു നല്‍കണമെങ്കില്‍ ഉടനെ തിരുത്തുക തുടങ്ങിയ പോസ്റ്റുകളും കമന്റുകളും പി ജയരാജനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് അണികളിൽ നിന്നുണ്ടായ പ്രതിഷേധങ്ങളെ തള്ളി സിപിഎം നേതാവ് പി.ജയരാജൻ രംഗത്തുവന്നിരുന്നു. പി ജെ ആർമി എന്ന പേജുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നും, അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിലക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പി.ജയരാജൻ. പി ജയരാജന് പാർട്ടി സീറ്റ് നിഷേധിച്ചതിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

പി.ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങൾ നടന്ന് വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

ചിലരുടെ പ്രചരണം ഏറ്റുപിടിച്ച് പാർട്ടി ശത്രുക്കൾ പാർട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ ഇകഴ്ത്തി കാണാനും ശ്രമം നടക്കുന്നതായാണ് തിരിച്ചറിയേണ്ടത്. എൽ.ഡി.എഫിന്റെ തുടർ ഭരണം ഉറപ്പുവരുത്തേണ്ട സന്ദർഭത്തിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാർട്ടി ശത്രുക്കൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. ഞാൻ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക രൂപപ്പെടുത്തുന്നത്.അങ്ങനെ തീരുമാനിക്കപ്പെടുന്ന എൽഡിഎഫിൻ്റെ മുഴുവൻ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ എന്നെയും പാർട്ടിയെയും സ്നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

പിജെ ആർമി എന്ന പേരിൽ എൻ്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in