ബിജെപി അന്തര്‍ധാരയിലാണ് ലാവലിന്‍ കേസ് മാറ്റിവച്ചതെന്ന് രമേശ് ചെന്നിത്തല

ബിജെപി അന്തര്‍ധാരയിലാണ് ലാവലിന്‍ കേസ് മാറ്റിവച്ചതെന്ന് രമേശ് ചെന്നിത്തല

ബിജെപിയുമായി അന്തര്‍ധാരയിലാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധര്‍മ്മടത്തെ എം എല്‍ എ പ്രതിയായിരുന്ന ലാവലിന്‍ അഴിമതിക്കേസ് 20 തവണയാണ് സുപ്രീം കോടതി മാറ്റിവച്ചത്. മോദിയും പിണറായിയും തമ്മിലുള്ള രസതന്ത്രം ഇതില്‍ നിന്ന് തന്നെ വ്യക്തമാണെന്നും ചെന്നിത്തല. തില്ലങ്കേരി മോഡല്‍ സഖ്യം കേരളത്തില്‍ മുഴുവന്‍ നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല.

രമേശ് ചെന്നിത്തലയുടെ പ്രതികരണം

അഴിമതി നടത്തി, മാഫിയാ ഭരണം നടത്തുന്ന സിപിഎമ്മിന്റെ സര്‍ക്കാരിന് ഇനി അധികം ആയുസ്സില്ല. വാളയാറില്‍ രണ്ടു പിഞ്ചുകുട്ടികളെ കൊന്നപ്പോള്‍ അതിനെതിരെ സിബിഐ അന്വേഷണം അനുവദിക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയവരാണ് പിണറായി സര്‍ക്കാര്‍.കൃപേഷിന്റെയും, ശരത് ലാലിന്റെയും വധക്കേസിലും സിബിഐ അന്വേഷണം തടയാന്‍ പൊതു ഖജനാവില്‍ നിന്നും 2 കോടി മുടക്കി.

മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമല്ല ഒരു എം.എല്‍.എ എന്ന നിലയില്‍ക്കൂടി സമ്പൂര്‍ണ പരാജയമാണ് പിണറായി വിജയന്‍. സ്വന്തം നിയോജക മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കെല്ലാം കെട്ടിടമുണ്ടെന്നുറപ്പുവരുത്താന്‍ പോലും മുഖ്യമന്ത്രിയായിട്ടും ഇവിടുത്തെ എം.എല്‍.എക്ക് സാധിച്ചില്ല. ഒരാള്‍ക്കെങ്കിലും ജോലി നല്‍കുന്ന ഒരു സ്ഥാപനവും ഈ ഭരണകാലയളവില്‍ സര്‍ക്കാരിന്റെ പരിശ്രമ ഫലമായി ഇവിടെ വന്നിട്ടില്ല.

മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല ഒരു എം.എൽ.എ എന്ന നിലയിൽക്കൂടി സമ്പൂർണ പരാജയമാണ് പിണറായി വിജയൻ

ചെമ്പിലോട് പഞ്ചായത്തിന് കീഴില്‍ വരുന്ന ചക്കരക്കല്‍ ഉള്ള ഇരിവേരി പി.എച്ച്.സി പൊളിച്ച് ഇട്ടിരിക്കുകയാണ്, നിര്‍മ്മാണം പോലും തുടങ്ങിയിട്ടില്ല. വേങ്ങാട് പഞ്ചായത്തിന് കീഴില്‍ വരുന്ന പി.എച്ച് സിയിലെ ഫീഡിങ് റൂമിന്റെയും ടോയ്‌ലറ്റ് സമുച്ചയത്തിന്റെയും പണി പൂര്‍ത്തിയായിട്ടില്ല.പിണറായി പഞ്ചായത്തിലെയും പി. എച്ച്.സിയുടെ പുതിയ ബ്ലോക്ക് നിര്‍മാണം തുടങ്ങിയിട്ടില്ല. സ്വന്തം മണ്ഡലത്തോടെങ്കിലുമുള്ള ഉത്തരവാദിത്വം പൂര്‍ത്തിയാക്കിയ ശേഷമാവാം വാചകക്കസര്‍ത്ത്. യു ഡി എഫ് അധികാരത്തിലെത്തുമ്പോള്‍ സ്വര്‍ണകടത്ത് കേസ് ഉള്‍പ്പെടെയുള്ള അഴിമതികളിലെ പ്രതികള്‍ അഴി എണ്ണേണ്ടി വരും എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.ഐശ്വര കേരള യാത്രയുടെ ലക്ഷ്യം ഐശ്വരമുള്ള, രക്തം വീഴാത്ത, കണ്ണീര്‍ വീഴാത്ത, ശാന്തിയും സമാധാനവുമുള്ള ഒരു കേരളമാണ്. ഈ ദൗത്യത്തില്‍ പങ്കാളികളായ നല്ലവരായ ജനങ്ങളോട് നന്ദി പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in