മോദി സത്യപ്രതിജ്ഞ മറക്കരുത്, പ്രഗ്യയെ പിന്‍വലിക്കണമെന്ന് 71 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ 

മോദി സത്യപ്രതിജ്ഞ മറക്കരുത്, പ്രഗ്യയെ പിന്‍വലിക്കണമെന്ന് 71 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ 

പ്രഗ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ തെറ്റായ സന്ദേശമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി നല്‍കുന്നത 

മലേഗാവ് ഭീകരാക്രമണ കേസിലെ മുഖ്യപ്രതി പ്രഗ്യ സിങ്ങ് താക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ഐ എ എസ്, ഐ പി എസ് , ഐഎഫ് എസ് പദവികളില്‍ ഇരുന്ന 71 ഉദ്യോഗസ്ഥരാണ് സത്യപ്രതിജ്ഞ വാചകം ഓര്‍മ്മിപ്പിച്ച് മോദിയോട് പ്രഗ്യയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭോപാല്‍ ലോകസഭ മണ്ഡലത്തിലാണ് പ്രഗ്യ സിങ്ങ് താക്കൂര്‍ ജനവിധി തേടുന്നത്.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന സത്യപ്രതിജ്ഞയിലെ ഉറപ്പ് മറക്കരുത്. പ്രഗ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ തെറ്റായ സന്ദേശമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി നല്‍കുന്നത്. തൊഴിലില്ലായ്മയോ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയോ ദാരിദ്രമോ അല്ല മുസ്ലിങ്ങള്‍ പാകിസ്ഥാനികളാണെന്നതാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. സമൂഹത്തില്‍ ഭീതി നിറയ്ക്കുന്ന സാഹചര്യമായതിനാലാണ് ഞങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നതെന്നും മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ബിജെപി ഗവണ്‍മെന്റിന്റെ നയങ്ങളും തീരുമാനങ്ങളും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മുസ്ലിങ്ങള്‍ ഇന്ത്യക്കാരല്ലെന്നും പാകിസ്ഥാനികളാണെന്നും അവര്‍ക്കെതിരെ ആര്‍ക്കും ആക്രമണം നടത്താമെന്നും അത്തരക്കാര്‍ നാഷണല്‍ ഹീറോകളായി മാറുകയും ചെയ്യുന്ന സന്ദേശമാണ് ലഭിക്കുന്നത്.

കോടതി പ്രഗ്യ സിങ്ങിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. പ്രധാനമന്ത്രിയും മറ്റ് മുതിര്‍ന്ന നേതാക്കളും രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണെന്ന് പറയുമ്പോള്‍ തന്നെയാണ് പ്രഗ്യയെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

റംസാന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കില്‍ ദീപാവലിക്കും ലഭിക്കണമെന്ന തരത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനകള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതാണ്. ഹിന്ദുക്കളുടെ മനസ്സില്‍ വിദ്വേഷവും വിഷവും കുത്തിവെക്കുന്നതാണ് ഇത്തരം പരാമര്‍ശങ്ങളെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ സാഹചര്യത്തില്‍ പ്രഗ്യാ സിങ്ങിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിജെപി തയ്യാറാകണം. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം. എന്നാല്‍ ഭയം കാരണം തടയാന്‍ കഴിയുന്നില്ല. ബിജെപിയും പിന്‍വലിക്കുവാന്‍ തയ്യാറാകുമെന്നത് സംശയമാണ്. കാരണം ഹിന്ദുവിനെ പുനരുദ്ധരിക്കുന്നതിന്റെ സിമ്പലായാണ് ബിജെപി പ്രഗ്യയെ മുന്നോട്ട് വെയ്ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in