വന്‍വിജയമവകാശപ്പെട്ട് മുന്നണികള്‍, ജനവിധിക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് നേതാക്കള്‍ പറഞ്ഞത്

വന്‍വിജയമവകാശപ്പെട്ട് മുന്നണികള്‍, ജനവിധിക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് നേതാക്കള്‍ പറഞ്ഞത്

തങ്ങള്‍ക്കനുകൂലമായ തരംഗമെന്ന് എല്‍ഡിഎഫ്. വന്‍വിജയം നേടുമെന്ന് യുഡിഎഫ്. അക്കൗണ്ട് തുറക്കുമെന്ന് ബിജെപി. 

പിണറായി വിജയന്‍

സംസ്ഥാനത്ത് എല്‍ഡിഎഫ് വന്‍വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ജനവിഭാഗങ്ങള്‍ ഇടതുമുന്നണിക്ക് പിന്നില്‍ അണിനിരന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനവിധിയില്‍ നിഴലിക്കും. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മിക്കയിടത്തും കോലീബി സഖ്യമാണ്. ഇത് യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും. ശബരിമലയുടെ പേരില്‍ മുതലെടുപ്പ് നടത്താനുള്ള ബിജെപി നീക്കം പൊളിഞ്ഞു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനും ഭക്തരെ ആക്രമിക്കാനുമാണ് സംഘപരിവാര്‍ ശ്രമിച്ചത്. ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്നടക്കം പ്രചരിപ്പിച്ചു. എന്നാല്‍ ശബരിമലയ്ക്ക് ഏറ്റവും കൂടുതല്‍ പണം നീക്കിവെച്ചതും വികസന പദ്ധതികള്‍ നടപ്പാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

രമേശ് ചെന്നിത്തല

സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനസാമാന്യം മുന്നണിക്കൊപ്പമാണ്. ചരിത്രവിജയമാണ് യുഡിഎഫിനുണ്ടാവുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപി അക്കൗണ്ട് തുറക്കില്ല. കേരളത്തില്‍ അഞ്ച് സീറ്റുകള്‍ നേടുമെന്ന അമിത്ഷായുടെ വാദം തള്ളുന്നു. അഞ്ച് സീറ്റെന്നത് ബിജെപിയുടെ സ്വപ്നം മാത്രമാണ്. കാല്‍ക്കാശിന് വിലയില്ലാത്ത ഇടതുഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും തെരഞ്ഞെടുപ്പെന്നും ചെന്നിത്തല പ്രസ്താവിച്ചു. രാഹുല്‍ഗാന്ധിക്ക് വിമര്‍ശിക്കാന്‍ മാത്രം സിപിഎം ഇല്ല. സിപിഎമ്മിനെ വിമര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി വേണ്ടെന്നും സിപിഎം അത്രയ്ക്കേ ഉള്ളൂവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണന്‍

കേരളത്തില്‍ യുഡിഎഫിനേക്കാള്‍ കൂടുതല്‍ സീറ്റ് ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. സര്‍വ്വേ ഫലങ്ങളൈല്ലാം പാളാന്‍ പോവുകയാണെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്താകെ ഉയര്‍ന്നു വന്ന എല്‍ഡിഎഫ് തരംഗത്തില്‍ വിറളി പൂണ്ട് യുഡിഎഫും ബിജെപിയും അക്രമം അഴിച്ചുവിടുകയാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

ഉമ്മന്‍ചാണ്ടി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ്പോലും ബിജെപിക്ക് കിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയന്‍ സര്‍ക്കാരിനുള്ള താക്കീതാകും. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വിധിയെഴുത്തുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. പരാജയ ഭീതിമൂലം സിപിഎം അക്രമം അഴിച്ചുവിടുകയാണ്. അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസിന് അനുകൂലമായി വിധിയെഴുത്തുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

എ വിജയരാഘവന്‍

സംസ്ഥാനത്ത് ഇടതുമുന്നണി വന്‍കുതിപ്പ് നടത്തുമെന്ന് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. കേരളത്തിനെതിരെ നുണപ്രചാരണം നടത്തുന്ന നരേന്ദ്രമോദിക്ക് ചുട്ടമറുപടി നല്‍കാന്‍ ജനം തയ്യാറാകണം. മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും സാമ്പത്തിക സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ കേന്ദ്രത്തില്‍ ഇടതുപക്ഷത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള സര്‍ക്കാര്‍ വരണം. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിഎസ് ശ്രീധരന്‍പിള്ള

കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലോക്സഭയില്‍ പ്രതിനിധികളുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും. ആ സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് പ്രാതിനിധ്യമുണ്ടാകും. കോണ്‍ഗ്രസിന് മൂന്നക്കം തികയ്ക്കാനാകില്ല. വിശ്വാസികളെ സിപിഎം മുന്നില്‍ നിന്നും കോണ്‍ഗ്രസ് പിന്നില്‍ നിന്നും കുത്തുകയാണ്. ഇതിന് ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

കാനം രാജേന്ദ്രന്‍

ഇടതുമുന്നണി മികച്ച വിജയം കൈവരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനക്ഷേമ ഭരണം കാഴ്ചവെയ്ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് കൂടുതല്‍ ശക്തിപകരാന്‍ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാന്‍ ജനങ്ങള്‍ നരേന്ദ്രമോദിക്കെതിരെ വിധിയെഴുതണം. ഭരണഘടന ചവിട്ടിമെതിയ്ക്കുകയായിരുന്നു മോദി സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പികെ കുഞ്ഞാലിക്കുട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി. ഒന്നുരണ്ട് സീറ്റുകളില്‍ മാത്രമാണ് കടുത്ത മത്സരമുള്ളത്. എന്നാല്‍ യുഡിഎഫ് തന്നെ വിജയിച്ചുകയറുമെന്നാണ് ഈ മണ്ഡലങ്ങളില്‍ നിന്ന് ഒടുവില്‍ കിട്ടുന്ന വിവരം. മലപ്പുറത്ത് അട്ടിമറിയുണ്ടാകില്ല. വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. അഭിപ്രായ സര്‍വ്വേകള്‍ അച്ചട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in