നാല് പേരെ ചോദ്യം ചെയ്തു, ഫോണുകള്‍ പിടിച്ചെടുത്തു; ടീച്ചര്‍മാരെ അധിക്ഷേപിച്ചവരില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍

നാല് പേരെ ചോദ്യം ചെയ്തു, ഫോണുകള്‍ പിടിച്ചെടുത്തു; ടീച്ചര്‍മാരെ അധിക്ഷേപിച്ചവരില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍

വിക്ടേഴ്‌സ് ചാനലിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതിന് പിന്നാലെ പഠിപ്പിക്കാനെത്തിയ അധ്യാപികമാര്‍ക്കെതിരെ സൈബര്‍ ബുള്ളിയിംഗും സ്ത്രീവിരുദ്ധ അതിക്രമവും നടന്നിരുന്നു. ബ്ലൂ ടീച്ചര്‍ ആര്‍മി എന്ന പേരില്‍ ഉള്‍പ്പെടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും ചിലര്‍ ക്രിയേറ്റ് ചെയ്തു. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികളെ പൊലീസ് ചോദ്യം ചെയ്തു.

സൈബര്‍ ബുള്ളിയിംഗിന് പിന്നില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്. നാല് പേരില്‍ നിന്ന് ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ ശാസ്ത്രീയ പരിശോധനയില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും. ഇന്‍സ്റ്റഗ്രാമിലും വാട്‌സ് ആപ്പിലും ക്രിയേറ്റ് ചെയ്ത പേജുകളുടെയും ഗ്രൂപ്പുകളുടെയും പിന്നില്‍ വിദ്യാര്‍ത്ഥികളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സൈബര്‍ ബുള്ളിയിംഗിനെതിരെ കൈറ്റ് വിക്ടേഴ്‌സ് സിഇഒ അന്‍വര്‍ സാദത്ത് എഡിജിപി മനോജ് എബ്രഹാമിന് പരാതി നല്‍കിയിരുന്നു. അധ്യാപികമാര്‍ക്കെതിരായ സൈബര്‍ ആക്രമണം സംസ്‌കാര ശൂന്യമാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജയും അറിയിച്ചിരുന്നു. വനിതാ കമ്മീഷനും യുവജനകമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുമുണ്ട്.

കൊച്ചുകുട്ടികള്‍ക്ക് കാണുന്നതിനായി 'ഫസ്റ്റ് ബെല്ലില്‍ ' അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിര്‍ദ്ദോഷമായ ട്രോളുകള്‍ക്കപ്പുറം) സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് ജൂണ്‍ ഒന്നിന് തന്നെ വിക്ടേഴ്‌സ് സിഇഒ പറഞ്ഞിരുന്നു. അധ്യാപികമാരുടെ ഫോട്ടോകളും അവരുടെ പ്രൊഫൈലിന്‍ നിന്നുള്ള ചിത്രങ്ങള്‍ അടക്കം ദുരുപയോഗം ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ പത്തിലേറെ വ്യാജ അക്കൗണ്ടുകളും ക്രിയേറ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലും ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി.

Related Stories

No stories found.
logo
The Cue
www.thecue.in