വലിയ യുദ്ധം നമുക്കുമുന്നിലുണ്ടെന്ന ഓര്‍മ്മവേണം

 വലിയ യുദ്ധം നമുക്കുമുന്നിലുണ്ടെന്ന ഓര്‍മ്മവേണം
കൊവിഡാനന്തരം നമ്മുടെ ആരോഗ്യരംഗത്ത് ഏതളവില്‍ മാറ്റങ്ങളുണ്ടാകണമെന്നതില്‍ ആശയങ്ങള്‍ പങ്കുവെയ്ക്കുകയാണ് മലയാളിയായ പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍. ഡോ. എം.വി പിള്ള.
Q

ലോകത്താകമാനം കൊവിഡ് രണ്ട് ലക്ഷത്തിലേറെ പേരുടെ ജീവനെടുത്തിരിക്കുകയാണ്. വസൂരി, പോളിയോ പോലെ മനുഷ്യാരോഗ്യത്തെ പ്രതിസന്ധിയിലാക്കിയ ഗുരുതര രോഗങ്ങള്‍ക്ക് പോലും തടയിടാന്‍ നമുക്കായിട്ടുണ്ട്. കൊവിഡിനെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റല്‍ എത്തരത്തിലാകും സാധ്യമാവുക ?

പ്രായോഗികമായി ചിന്തിച്ചാല്‍ അതത്ര എളുപ്പമല്ല. വസൂരി, പോളിയോ മയലൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ ഈ വൈറസിനെ തുരത്താന്‍ കുറേ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കാം. അതുവരെ, ഇന്‍ഫ്ളുവന്‍സയുടെ കാര്യത്തിലേതുപോലെ കൊറോണയെ നിയന്ത്രിച്ച്, അതിന്റെ മാരകശേഷി കഴിയുന്നത്ര കുറച്ച് സമാധാനപരമായ സഹവര്‍ത്തിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ അതൊരു നേട്ടമാണ്. Herd Immunity അതായത്, ജനവിഭാഗത്തിന്റെ ആര്‍ജിത പ്രതിരോധശേഷി, ഫലപ്രദമായ വാക്സിനേഷന്‍, രോഗചികിത്സയില്‍ വിജയം കുറിക്കുന്ന ഔഷധങ്ങള്‍, ഒപ്പം ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റേ സേവനങ്ങളും അന്താരാഷ്ട്ര തലത്തിലുള്ള ആരോഗ്യരക്ഷാപ്രവര്‍ത്തനങ്ങളും ഈ ലക്ഷ്യത്തിലെത്താന്‍ സഹായിക്കും. കേരളത്തിലെ കണക്ക് പരിശോധിച്ചാല്‍ അഞ്ഞൂറോളം പേര്‍ക്കാണ്‌ ഇതുവരെ രോഗം പിടിപെട്ടത്. ഈ രോഗികളെ മുന്‍നിര്‍ത്തി സമഗ്രമായ ഗവേഷണം സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തുടങ്ങേണ്ടതുണ്ട്. ലഘുവായ തോതില്‍ രോഗമുള്ളവര്‍, ഇടത്തരം രോഗബാധയേറ്റവര്‍, രോഗതീവ്രത കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നവര്‍, വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നവര്‍ എന്നിവരുടെയൊക്കെ രോഗവിവരങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിച്ച് ലോകശാസ്ത്രവേദിയില്‍ അവതരിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിനും നമ്മുടെ മറ്റ് മെഡിക്കല്‍ അക്കാദമിക് സ്ഥാപനങ്ങള്‍ക്കും കൈവന്നിരിക്കുന്നത്. അത് അവര്‍ വിജയകരമായി നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

Q

കൊവിഡാനന്തരം കേരളത്തിന്റെ ആരോഗ്യരംഗം ഏതെല്ലാം തരത്തില്‍ മാറണം ? മെഡിക്കല്‍ ടെക്നോളജി, നമ്മുടെ ആശുപത്രികള്‍, ഗവേഷണരംഗമൊക്കെ എത്രമാത്രം ആധുനിക വല്‍ക്കരണം ആവശ്യപ്പെടുന്നുണ്ട് ?

എല്ലാ കാര്യത്തിലും അമേരിക്ക മുന്നിട്ട് നില്‍ക്കുന്നത് കണ്ടുപിടുത്തങ്ങളിലൂടെയാണ്. ഒരു പ്രശ്നമുണ്ടായാല്‍ നവീന സംരംഭങ്ങളിലൂടെ (Innovation) എങ്ങനെ പരിഹാരം കാണാമെന്ന് അവര്‍ ഉടന്‍ ചിന്തിക്കും. എന്നാല്‍ ഇന്ത്യ പലപ്പോഴും എന്തെങ്കിലും ആവശ്യം വരുമ്പോള്‍ അമേരിക്ക,ജപ്പാന്‍,ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനോ അവരുടെ ടെക്‌നോളജിയെ അനുകരിക്കാനോ ശ്രമിക്കും. ഇപ്പോഴത്തെ കൊവിഡ് മഹാമാരി ഈ പതിവിനെ മാറ്റിമറിക്കുന്നതാണ്. അനന്തരഫലം ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഇന്ത്യ ആര്‍ജിക്കാന്‍ പോകുന്ന അസൂയാവഹമായ സ്വയംപര്യാപ്തതയായിരിക്കും, ഇനി നാം വടക്കോട്ടോ പടിഞ്ഞാറോട്ടോ നോക്കിയിരിക്കേണ്ടതില്ല.

രോഗലക്ഷണങ്ങളില്ലാതെ കൊറോണ വൈറസിനെ പേറുന്നവരെ കണ്ടുപിടിക്കാനുള്ള ടെക്നോളജി സംരംഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആള്‍ക്കൂട്ടത്തില്‍ ചെറിയ പനിയുമായി ചുറ്റിക്കറങ്ങുന്നവരെ ഡ്രോണ്‍ ഉപയോഗിച്ച് ആകാശത്തുനിന്നും തിരിച്ചറിയാന്‍ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഉപകരണങ്ങള്‍ പരീക്ഷിക്കുന്നു. ആരോഗ്യ രക്ഷാ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി രോഗികളുടെ സ്രവശേഖരണത്തിന് കേരളം കിയോസ്‌കുകള്‍ നടപ്പാക്കിയിരിക്കുന്നു.ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രോഗ ചികിത്സയില്‍ കണ്‍വാലസന്റ് പ്ലാസ്മയുടെ ഫലപ്രാപ്തിയില്‍ ഗവേഷണം നടത്തുന്നു. അന്തിമ വിജയം എന്താണെങ്കിലും നമ്മുടെ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നത് ശുഭോതര്‍ക്കമാണ്.

ആദ്യ ഘട്ടത്തില്‍ വുഹാനില്‍ നിന്നെത്തിയ മൂന്ന് പേരെ നാം അഡ്മിറ്റാക്കി. അവരുടെ സമ്പര്‍ക്കം ട്രേസ് ചെയ്തു. അവരില്‍ നിന്നുള്ള സാമൂഹ്യവ്യാപനം തടഞ്ഞു. അത് മികച്ച പൊതുജനാരോഗ്യ സംവിധാനത്തിന്റെ തൊപ്പിയിലെ തൂവലാണ്. ഈ രംഗത്താണ് അമേരിക്കയ്ക്ക് അടിപതറിയത്. വുഹാനില്‍ നിന്ന് വന്ന ആയിരക്കണക്കിന് രോഗാണുവാഹകരെ പ്രത്യേക പരിശോധനകളോ നിയന്ത്രണോ ഇല്ലാതെ വ്യോമഗതാഗതം ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന രാജ്യത്ത് തലങ്ങും വിലങ്ങും സഞ്ചരിക്കാന്‍ അനുവദിച്ചതിലൂടെയാണ് ഈ മഹാമാരി അമേരിക്കയെ വിഷമവൃത്തത്തിലാക്കിയത്. ചെറിയ സംസ്ഥാനമാണെങ്കിലും 3 രോഗികളേ അവിടെനിന്ന് എത്തിയുള്ളൂ എന്നുള്ളതില്‍ The Price Of Liberty is Eternal Vigilance (സ്വാതന്ത്ര്യത്തിന്റെ വില നിതാന്ത ജാഗ്രതയാണ്) എന്ന തത്വം മനസ്സിലാക്കിയതാണ് നമ്മുടെ നേട്ടത്തിന് അടിത്തറ പാകിയത്.

ടീം വര്‍ക്ക് സാധ്യമായാല്‍ ഇന്നൊവേഷന് ഒരുപാട് സാധ്യതകളുണ്ടാകും. റാപ്പിഡ് ടെസ്റ്റിന് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ലക്ഷോപലക്ഷം ഉപകരണങ്ങള്‍ ഉപയോഗശൂന്യമാണെന്ന് പറഞ്ഞ് രാജ്യം തിരിച്ചയച്ചു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത എന്‍ 95 മാസ്‌കിന്റെ ഉപയോഗം തൃപ്തികരമല്ലാത്തതിനാല്‍ കാനഡ തിരിച്ചയച്ചു. ഇനിയുള്ള കാലം ഗുണനിലവാരത്തെ പറ്റി പരാതി പറഞ്ഞ് ഉല്‍പ്പന്നം മടക്കി അയച്ച് കയ്യും കെട്ടി മാറിയിരിക്കാന്‍ ഇന്ത്യ തുനിയുകയില്ല. ആഭ്യന്തര ഉത്പാദനത്തിലൂടെ ലോകോത്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലായിരിക്കും നമ്മുടെ ശ്രദ്ധ. ഇത് വാക്സിന്‍ കണ്ടുപിടിക്കുന്നതിലടക്കം നിര്‍ണായകമാകും. ലോകത്തെ 80 ശതമാനം വാക്‌സിനുകളും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നു. ഇന്ത്യന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ വാക്സിന്‍ കയറ്റുമതിയില്‍ മുന്‍നിരയിലാണ്.

കൊവിഡിന്റെ കാര്യമെടുത്താല്‍ ഇന്ത്യയിലെത്തിയപ്പോള്‍ ജനിതക മാറ്റത്തിലൂടെ ഈ വൈറസിന്റെ രൂപവും ഭാവവും മാറിയിട്ടുണ്ടോയെന്ന് അറിയേണ്ടതുണ്ട്. മാറിയിട്ടുണ്ടെങ്കില്‍ ചൈനയിലോ ഇറ്റലിയിലോ ഇറാനിലോ അമേരിക്കയിലോ ജപ്പാനിലോ നിര്‍മ്മിക്കുന്ന വാക്സിന്‍ ഇവിടെ ഫലിക്കണമെന്നില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പോലുളള സ്ഥാപനങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ ഇത്തരം വെല്ലുവിളികളാണ് ഏറ്റെടുക്കുന്നത്.

Q

കൊവിഡിനെ ചെറുത്തുനില്‍ക്കാന്‍ കേരളത്തെ സഹായിച്ച ഘടകങ്ങള്‍ എന്തെല്ലാമാണെന്നാണ് താങ്കള്‍ വിലയിരുത്തുന്നത് ?

A

നേരത്തേ തന്നെ നമുക്ക് താഴേക്കിട മുതല്‍ മുകളറ്റം വരെ നീളുന്ന മികച്ചതും വിപുലവുമായ പൊതുജനാരോഗ്യ സംവിധാനമുണ്ട്. അതില്‍ ട്രെയിന്‍ഡ്‌ മാന്‍ പവര്‍ ഉണ്ട്. അവര്‍ വളരെ വിജിലന്റായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ വുഹാനില്‍ നിന്നെത്തിയ മൂന്നുപേരില്‍ തന്നെ വൈറസിനെ പിടിച്ചുകെട്ടാനായത്. അത് വലിയ നേട്ടമാണ്. രണ്ടാമതായി വളരെ ശാസ്ത്രാവബോധമുള്ള സമൂഹമാണ് കേരളം. അത് സ്ത്രീസാക്ഷരത കൊണ്ടുകൂടിയാണ്. സൗജന്യ വിദ്യാഭ്യാസത്തിന്റെയും കരുത്താണത്. ചൈല്‍ഡ്ഹുഡ് ഇമ്മ്യൂണൈസേഷനില്‍ 80 ശതമാനം ആണ് നമ്മുടെ റെക്കോര്‍ഡ്. മറ്റൊരു സംസ്ഥാനത്തിനും അത്രയും അവകാശപ്പെടാനില്ല. കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധവാക്‌സിന്‍ നല്‍കുകയെന്നതിന് മുന്നില്‍ നില്‍ക്കുന്നത് അമ്മമാരാണ്. ഒപ്പം നല്ല ടീം വര്‍ക്കും കൂടിയായതോടെ രോഗപ്രതിരോധത്തില്‍ കേരളത്തിന് മികവുണ്ടാക്കാന്‍ സഹായിച്ചു. ആപത്ത് വരുമ്പോള്‍ കേരളീയര്‍ എല്ലാം ഒരുമിച്ച് നില്‍ക്കും. പ്രളയമൊക്കെ അതിന് നല്ല ഉദാഹരണമാണ്. അത്തരത്തില്‍ ഇത് എല്ലാവരുടെയും വിജയമാണ്. അതിന് നേതൃത്വം നല്‍കിയ സര്‍ക്കാരിന് പ്രത്യേക ക്രെഡിറ്റുണ്ട്. അതേസമയം ചെറിയ പോരാട്ടമേ നമ്മള്‍ ജയിച്ചിട്ടുള്ളൂ. വലിയ യുദ്ധം നമുക്കുമുന്നിലുണ്ടെന്ന ഓര്‍മ്മവേണം.

Related Stories

No stories found.
logo
The Cue
www.thecue.in