മോണരോഗത്തെ ചിരിച്ചു തള്ളരുത്, ചിരിക്കു വില കൊടുക്കേണ്ടി വരും

മോണരോഗത്തെ ചിരിച്ചു തള്ളരുത്, ചിരിക്കു വില കൊടുക്കേണ്ടി വരും

ഇന്ന് ആഗസ്റ്റ് 1, ദേശീയ ദന്തശുചിത്വ ദിനമായി മാണരോഗ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് പെരിയോഡോണ്ടോളജി ആചരിക്കുന്നു. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുന്ന ഈ മോണരോഗം ഒരു ചെറിയ കക്ഷിയല്ലെന്ന് മനസിലാക്കുക. നാം സാധാരണയായി മോണ എന്ന് പറയുന്ന പിങ്ക് നിറത്തിലുള്ള gingiva, പല്ലിന്റെയും അസ്ഥിയുടെയും ഇടയിലെ അസ്ഥി ബന്ധം അഥവാ Periodontal ligament എന്നീ മൃദു കലകളും പല്ലിനെ ഉള്‍ക്കൊള്ളുന്ന അസ്ഥിയുടെ ഭാഗമായ Alveolar bone, വേരിനെ ആവരണം ചെയ്യുന്ന കലയായ Cementum എന്നീ കഠിനകലകളും കൂടി ചേര്‍ന്നൊരു കല സഞ്ചയമാണ് മോണ. വയില്‍ വരുന്ന വ്യതിയാനങ്ങള്‍ മോണരോഗത്തിലേയ്ക്ക് നയിക്കുന്നു. മോണരോഗം പ്രധാനമായും രണ്ടു തരമുണ്ട്. ആദ്യത്തെ അവസ്ഥയെ മോണ വീക്കം അഥവാ gingivitis എന്നും പിന്നീടുള്ള തീവ്രമായ അവസ്ഥയെ മോണപഴുപ്പ് അഥവാ periodontitis എന്നും പറയുന്നു. മോണയില്‍ നിന്നും രക്തസ്രാവം, കടും ചുവപ്പ് നിറം, മോണയില്‍ നീര് വന്ന് വീര്‍ക്കുക, വായ്‌നാറ്റം തുടങ്ങിയവയൊക്കെ ഈ മോണവീക്കത്തിന്റെ ലക്ഷണങ്ങളാണ്.

മോണപഴുപ്പ് എത്തുമ്പോള്‍ അസ്ഥിക്കു കൂടി ഭ്രംശം സംഭവിച്ച് പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുന്നു. മോണരോഗത്തിന്റെ പ്രധാന കാരണം പല്ലില്‍ അടിയുന്ന അഴുക്ക് അഥവാ ദന്തല്‍ പ്ലാക്ക് ആണ് . ഇത് കാലാന്തരത്തില്‍ ഘനീഭവിച്ച് ദന്തല്‍ കാല്‍ക്കുലസ് അഥവാ കക്കയായി രൂപം പ്രാപിക്കുന്നു. പുകവലിക്കുന്നവരില്‍ മോണരോഗത്തിന്റെ തോത് മൂന്നു മുതല്‍ നാലു മടങ്ങു വരെ കൂടുതലാണ്. പക്ഷെ പുക കലകള്‍ക്കുള്ളിലെ ജീവവായുവിന്റെ അളവ് കുറയ്ക്കുന്നതിനാല്‍ രക്തസ്രാവവും ചുവപ്പ് നിറവും ഇവരില്‍ കാണാറില്ല. അതിനാല്‍ പല്ലുകള്‍ക്ക് ഇളക്കം വരുമ്പോഴാണ് പുകവലിക്കാര്‍ പലപ്പോഴും മോണരോഗം തിരിച്ചറിയാറ്.

നിയന്ത്രണ വിധേയമല്ലാത്ത മോണരോഗം പ്രമേഹം,ഭാരം കുറഞ്ഞതും പ്രായം തെറ്റിയുള്ളതുമായ കുഞ്ഞുങ്ങളുടെ ജനനം,ശ്വാസകോശസംബന്ധിയായ പ്രശ്‌നങ്ങള്‍,ഹൃദയധമനികളുടെ വ്യാസം കുറക്കുന്ന അതെറോസ്‌ക്ളിറോസിസ്,പക്ഷാഘാതം തുടങ്ങി ഒട്ടേറെ അവസ്ഥകളിലേക്കു വഴി തെളിക്കുന്നു എന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു .മോണരോഗവും പ്രമേഹവും തമ്മില്‍ ബന്ധമുണ്ട്. മോണരോഗം നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ പ്രമേഹം നിയന്ത്രിക്കാനും തിരിച്ച് പ്രമേഹം നിയന്ത്രണ വിധേയമാക്കിയാല്‍ ഒരു പരിധി വരെ മോണരോഗം തടയാനും കഴിയും. ദിവസവും രണ്ടു നേരം മൂന്ന് മിനിറ്റ് വീതം ബ്രഷ് ചെയ്യുക. മീഡിയം ബ്രഷ് ,ക്രീം രൂപത്തിലുള്ള ടൂത്ത് പേസ്റ്റ് എന്നിവയാണ് അഭികാമ്യം.ജെല്‍ രൂപത്തിലെ പേസ്റ്റും ഹാര്‍ഡ് ടൂത്ത് ബ്രഷും തേയ്മാനം വര്‍ദ്ധിപ്പിച്ച് പല്ലില്‍ പുളിപ്പ് അനുഭവപ്പെടാന്‍ കാരണമാവും പല്ലിനിടയില്‍ കയറുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ദന്തല്‍ ഫ്‌ലോസ്സോ അല്ലെങ്കില്‍ ഇന്റെര്‍ ദന്തല്‍ ബ്രഷ് ഉപയോഗിച്ചോ നീക്കം ചെയ്യണം. ആറു മാസത്തില്‍ ഒരിക്കല്‍ മോണരോഗ വിദഗ്ധനെ കണ്ട് പരിശോധിക്കേണ്ടതും അഴുക്ക് അടിഞ്ഞിട്ടുണ്ടെങ്കില്‍ സ്‌കെയിലിംഗ് അഥവാ പല്ല് അള്‍ട്രാ സോണിക് ഉപകരണം കൊണ്ട് ക്ലീന്‍ ചെയ്ത് വൃത്തിയാക്കേണ്ടതുമാണ്. മോണയ്ക്കും അസ്ഥിയ്ക്കും ഇടയില്‍ വിടവ് അഥവാ കീശ പോലെ രൂപപ്പെടുമ്പോള്‍ ഇതിനെ Periodontal Pocket എന്ന് പറയുന്നു. ഇതിന്റെ അളവ് നിര്‍ണയിക്കാന്‍ പെരിയോ ഡോണ്ടല്‍ പ്രോബ് എന്ന ഉപകരണം ഉപയോഗിക്കുന്നു. ആഴമേറിയ പോക്കറ്റുകള്‍ മോണ തുറന്നുള്ള ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടി വരും. ഈ പ്രക്രിയയെ ഫ്‌ലാപ്പ് സര്‍ജറി എന്ന് പറയുന്നു. അസ്ഥി ഭ്രംശം വന്ന ഭാഗത്ത് പുനരുജ്ജീവനം നടത്താനായി ബോണ്‍ ഗ്രാഫ്റ്റ് എന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ട്. നമ്മുടെ രക്തത്തില്‍ നിന്നു തന്നെ വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന Platelet Rich Fibrin അഥവാ PRF എന്ന വസ്തുവും ഇതിനായി ഉപയോഗിക്കാറുണ്ട്.എല്ലിലെ അപാകതകള്‍ രാകി മിനുസപ്പെടുത്താനായി അസ്ഥി ഛേദന ശസ്ത്രക്രിയകളും ചിലപ്പോള്‍ ചെയ്യേണ്ടി വരും.

മോണയുടെ സര്‍ജറിക്കു ശേഷം ഡോക്ടര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ യഥാവിധി പാലിക്കേണ്ടതും തുടര്‍ പരിശോധനകള്‍ക്കായി നിശ്ചിതമായ ഇടവേളകളില്‍ വരേണ്ടതും മോണരോഗ ചികിത്സയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ചികിത്സയ്ക്കിടയില്‍ പുകവലിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതുമൊക്കെ പ്രതികൂലമായി ബാധിക്കും മോണയില്‍ നിന്നും രക്തസ്രാവം കണ്ടു തുടങ്ങിയാല്‍ അത് അവഗണിക്കാതെ ദന്തരോഗ വിദഗ്ദ്ധനെ സമീപിച്ചാല്‍ മോണരോഗം മൂര്‍ച്ഛിക്കാതെ തടയാന്‍ കഴിയും. പല്ലും മോണയും ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ വായ്‌നാറ്റം ഇടവിട്ടുള്ള മോണയിലെ നീര്, പഴുപ്പ് തുടങ്ങിയവും തടയാന്‍ സാധിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in