'കേരളത്തിലെ കൊവിഡ് പ്രതിരോധം പാളിയെന്നത് സംഘികളുടെ പ്രചരണം, തിരുത്തേണ്ടത് വാക്‌സിന്‍ നയം'

'കേരളത്തിലെ കൊവിഡ് പ്രതിരോധം പാളിയെന്നത് സംഘികളുടെ പ്രചരണം, തിരുത്തേണ്ടത് വാക്‌സിന്‍ നയം'
Summary

കേരളത്തിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചരണത്തിലെ വസ്തുത, മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക് എഴുതിയത്.

കേരളത്തിലെ കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ഇന്ത്യ മുഴുവൻ സംഘികൾ കൊണ്ടുപിടിച്ചു നടത്തുകയാണ്. രാജ്യത്ത് പുതിയതായി ഓരോ ദിവസവും രോഗികളാകുന്നവരിൽ 50 ശതമാനത്തിലേറെ കേരളത്തിലാണ്. കേരളത്തിലെ പ്രതിപക്ഷവും ഇക്കാര്യത്തിൽ ബിജെപിക്കൊപ്പമാണ്. അവർ സാധാരണക്കാരുടെ മനസ്സിൽ ഉയർത്തിയേക്കാവുന്ന ചില സംശയങ്ങൾക്ക് മറുപടി:

1) “കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ കേരളത്തിൽ കുറവ്” മാതൃഭൂമിയുടെ ഈ വാർത്ത ശരിയാണോ?

എങ്ങനെ കേരളീയർക്ക് അഭിമാനമാകേണ്ട ഒരു വസ്തുത ഇപ്രകാരം വളച്ചൊടിക്കാൻ ഒരു മാധ്യമ പ്രവർത്തകനു കഴിഞ്ഞു? സിറോപ്രിവലൻസ് സർവ്വേ പ്രകാരം കേരളത്തിൽ രോഗം വന്നവരുടെ എണ്ണം 44 ശതമാനമേ വരൂ. മദ്ധ്യപ്രദേശിൽ അത് 79 ശതമാനമാണ്. അഖിലേന്ത്യാ ശരാശരി 67 ശതമാനമാണ്. ശരീരത്തിൽ ആന്റിബോഡീസ് ഉണ്ടോയെന്നാണ് ഇത് പരിശോധിക്കുന്നത്. രോഗം വന്നവരിൽ ആന്റിബോഡീസ് ഉണ്ടാകും. അതുപോലെതന്നെ വാക്സിനേഷൻ എടുത്തവരിലും ഉണ്ടാകും. മെയ് മാസത്തിലാണു സർവ്വേ. അന്ന് 5 ശതമാനം പേർക്കേ ഇന്ത്യയിൽ വാക്സിനേഷൻ ആയിട്ടുള്ളൂ. അതുകൊണ്ടു സിറോപ്രിവലൻസ് കണക്ക് രോഗം വന്നവരുടെ എണ്ണത്തിന്റെ ശതമാനമായി കണക്കാക്കാം.

കേരളത്തിൽ പലജാതി പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പു പ്രചാരണ ആൾക്കൂട്ടങ്ങളുമെല്ലാം ഉണ്ടായിട്ടും പൊതുവിൽ ജനങ്ങൾ ജാഗ്രത പുലർത്തിയിട്ടുണ്ട്. സർക്കാർ പറഞ്ഞ സാമൂഹ്യനിയന്ത്രണങ്ങൾ പാലിച്ചിട്ടുണ്ട്. അതാണ് ഇന്ത്യയിൽ വ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത്. കോവിഡ് പ്രോട്ടോക്കോളിനു കേരള സർക്കാർ നൽകിയ പ്രചാരണം മാത്രമല്ല, അതിന്റെ ഫലമായി സാധാരണക്കാർക്ക് ഉണ്ടാകുന്ന വൈഷമ്യങ്ങൾ പരമാവധി കുറയ്ക്കുന്നതിനുള്ള സമാശ്വാസനടപടികളും സ്വീകരിച്ചു. ഭക്ഷ്യക്കിറ്റും വർദ്ധിപ്പിച്ച പെൻഷനും പെഷൻ ഇല്ലാത്തവർക്കുള്ള ധനസഹായവും കുടുംബശ്രീ വഴിയുള്ള ഉപഭോക്തൃ വായ്പകളും ഇതിൽപ്പെടും.

2) ഇതുവരെയുള്ള രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കു പ്രകാരം 25 ലക്ഷമല്ലേയുള്ളൂ. സിറോപ്രിവലൻസ് സർവ്വേ പ്രകാരം 159 ലക്ഷം പേർ കേരളത്തിൽ രോഗികളായിട്ടുണ്ടല്ലോ? കണക്ക് എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടില്ലേ?

പലപ്പോഴും രോഗലക്ഷണങ്ങൾ കാണില്ല. പിന്നെ ചിലർക്കു വന്നാലും ആരോടും പറയാതെ വീട്ടിലിരുന്നു ഭേദമാക്കും. എന്നാൽ രോഗം വന്നാൽ ആശുപത്രിയിൽ പോവുക മലയാളിയുടെ സ്വഭാവമാണ്. അതുകൊണ്ട് കേരളത്തിലെ രോഗികളുടെ ഔദ്യോഗിക കണക്കിന്റെ 6 മടങ്ങു മാത്രമേ സിറോപ്രിവലൻസ് സർവ്വേ പ്രകാരമുള്ള രോഗികളുടെ എണ്ണം വരൂ. അതേസമയം ഇന്ത്യാ രാജ്യത്ത് ശരാശരി 33 മടങ്ങ് കൂടുതലാണ്. യുപിയിൽ 100 മടങ്ങാണു കൂടുതൽ. ബീഹാറിൽ 134 മടങ്ങ്. ഇന്ത്യയിൽ മൊത്തം ഇതുവരെയുള്ള രോഗികളുടെ എണ്ണം 282 ലക്ഷമാണ്. എന്നാൽ സിറോപ്രിവലൻസ് സർവ്വേ പ്രകാരം മൊത്തം രോഗികളുടെ എണ്ണം 9265 ലക്ഷമാണ്. എന്നുവച്ചാൽ ഔദ്യോഗിക കണക്കുകളേക്കാൾ 33 മടങ്ങ് ആളുകൾക്ക് ഇന്ത്യയിൽ രോഗം വന്നിട്ടുണ്ട്. ഇന്ത്യയുടെ ഗ്രാമങ്ങളിൽ രോഗം വരുന്നതും മരണം സംഭവിക്കുന്നതിന്റെയും കണക്കുകളൊന്നും ആരും അറിയുന്നില്ല. അതല്ല കേരളത്തിലെ സ്ഥിതി. കേരളത്തിലാണ് അണ്ടർ റിപ്പോർട്ടിംഗ് ഏറ്റവും കുറവ്. (ചിത്രം നോക്കുക)

3) പക്ഷെ ഇപ്പോൾ മരണനിരക്കും കൂടുന്നുണ്ടല്ലോ. നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരാജയമല്ലേ ഇത്?

കേരളത്തിലെ കോവിഡ് മരണങ്ങൾ കൂടുന്നുണ്ട് എന്നതു ശരിയാണ്. കഴിഞ്ഞ വർഷമെല്ലാം ദിനംപ്രതിയുള്ള മരണം ഒറ്റസംഖ്യയായിരുന്നുവെങ്കിൽ ഇപ്പോൾ അത് മൂന്നക്ക സംഖ്യയാണ്. പക്ഷെ കോവിഡ് മരണനിരക്ക് അതായത് രോഗികളായവരിൽ എത്രപേർ മരിച്ചൂവെന്നു കണക്കെടുത്താൽ കേരളത്തിലാണ് ഏറ്റവും കുറവ്. ഇന്ത്യയിൽ രോഗികളായി റിപ്പോർട്ട് ചെയ്തവരിൽ 1.34 ശതമാനം പേർ മരണമടഞ്ഞുവെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിലേത് കേവലം 0.49 മാത്രമാണ്. ഇന്ത്യയിലെ മരണമടയുന്നതിന്റെ മൂന്നിലൊന്ന്.

4) പ്രതിപക്ഷത്തിന്റെ ആരോപണം കേരളത്തിൽ മരണസംഖ്യ മറച്ചുവയ്ക്കുന്നൂവെന്നല്ലേ. മരണനിരക്ക് കൂടുതലാണെന്ന് ഇപ്പോൾ സർക്കാരും സമ്മതിച്ചിട്ടുണ്ടല്ലോ.

ലോകാരോഗ്യ സംഘടന അംഗീകരിച്ച മാനദണ്ഡ പ്രകാരമാണ് കേരളവും മറ്റു സംസ്ഥാനങ്ങളും മരണത്തിന്റെ കണക്കുകൾ തയ്യാറാക്കിയിട്ടുള്ളത്. ഈ മാനദണ്ഡങ്ങൾ മാറ്റണമെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ പുതിയ കണക്കുകൾ തയ്യാറാക്കാവുന്നതേയുള്ളൂ. പക്ഷെ അതൊന്നും കേരളത്തിലെ മരണനിരക്ക് മറ്റു സംസ്ഥാനങ്ങളേക്കാൾ കുറവാണെന്ന യാഥാർത്ഥ്യത്തെ ഇല്ലാതാക്കുകയില്ല.

ഇതിനും വ്യക്തമായ തെളിവുണ്ട്. ക്ഷാമം, പകർച്ചവ്യാധി തുടങ്ങിയവമൂലം വ്യാപകമായ മരണം ഉണ്ടാകുമ്പോൾ എത്ര മരണം സംഭവിച്ചൂവെന്നു കണക്കാക്കുന്നതിന് പണ്ഡിതൻമാർ ഉപയോഗിക്കുന്ന ഒരു രീതി സമ്പ്രദായമുണ്ട്. സാധാരണഗതിയിൽ മൊത്തം എത്ര മരണമാണ് ഉണ്ടാവുകയെന്നു കണക്കാക്കുക. ക്ഷാമവും പകർച്ചവ്യാധിയും വന്ന വർഷം എത്ര മരണം മൊത്തത്തിൽ ഉണ്ടായിയെന്നു കണക്കാക്കുക. ഈ അധികം മരണം പകർച്ചവ്യാധിയോ ക്ഷാമമോമൂലമാണെന്ന നിഗമനത്തിലാണ് അവർ എത്തുക. സാധാരണ കാനേഷുമാരി കണക്കാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ഇങ്ങനെയാണ് അമർത്യ സെൻ 50-കളിൽ ചൈനീസ് ക്ഷാമത്തിൽ മരിച്ചവരുടെ കണക്ക് ഉണ്ടാക്കിയത്. ഇങ്ങനെയാണ് ബംഗാൾ ക്ഷാമത്തിൽ മരിച്ചവരുടെ കണക്ക് തയ്യാറാക്കിയിട്ടുള്ളത്.

എന്നാൽ അക്കാലത്തെ അപേക്ഷിച്ച് ഇന്നിപ്പോൾ കൂടുതൽ സ്ഥിതിവിവര കണക്കുകൾ ലഭ്യമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾ ജനന-മരണ രജിസ്റ്ററുകൾ സൂക്ഷിക്കുന്നുണ്ട്. അതിന്റെ സാമ്പിൾ അടിസ്ഥാനത്തിൽ അധികമരണത്തിന്റെ കണക്കുകൾ തയ്യാറാക്കാനാവും. ഹിന്ദു പത്രമാണ് ഇന്നിപ്പോൾ ഈ വിശകലനം തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്. 2020 ഏപ്രിലിനു മുമ്പുള്ള ഒരു വർഷക്കാലം സംസ്ഥാനത്ത് എത്ര മരണമുണ്ടായിയെന്നു സാമ്പിൾ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്നു. ഇതേ രീതിയിൽ 2021 ഏപ്രിലിനു മുന്നേ എത്ര മരണമുണ്ടായിയെന്നും കണക്കു കൂട്ടുന്നു.

ബംഗാൾ, ഹിമാചൽപ്രദേശ്, ഹരിയാന, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, മദ്ധ്യപ്രദേശ്, കേരളം എന്നീ എട്ട് സംസ്ഥാനങ്ങളുടെ കണക്കു പരിശോധിച്ചപ്പോൾ 8.59 ലക്ഷം അധികമരണമുണ്ടായി. എന്നാൽ ഈ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കോവിഡു മരണം 1.04 ലക്ഷം മാത്രമാണ്. എന്നുവച്ചാൽ ഔദ്യോഗിക കണക്കിനേക്കാൾ 8 മടങ്ങ് മരണം ഈ സംസ്ഥാനങ്ങളിലുണ്ട്. കേരളത്തിലാവട്ടെ റിപ്പോർട്ട് ചെയ്യപ്പെട്ടുള്ള മരണം 9,954 ആണ്. എന്നാൽ അധികമരണം 4,178 മാത്രം. എന്നുവച്ചാൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളേക്കാൾ കുറവാണ് കേരളത്തിലെ അധികമരണം. എങ്ങനെ ഇത് സംഭവിച്ചു? റോഡ് മരണങ്ങൾ ഗണ്യമായി കുറഞ്ഞു. ഇതുപോലെ മറ്റുപല രോഗങ്ങൾമൂലമുള്ള മരണങ്ങളും. അങ്ങനെ കോവിഡ് കാലത്ത് ആദ്യ വർഷമെടുത്താൽ മരണനിരക്കുതന്നെ കുറഞ്ഞ അത്യപൂർവ്വ അനുഭവമാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. പ്രതിപക്ഷം പറയുന്നതുപോലെ അല്ല കാര്യങ്ങളുടെ കിടപ്പ്. (ചിത്രം നോക്കുക)

ഈ 8 സംസ്ഥാനങ്ങളുടെ പേര് പറഞ്ഞതിൽ യുപിയും ബീഹാറും ഉൾപ്പെടില്ല. അവിടുത്തെ അധികമരണത്തിന്റെ കണക്ക് വരുമ്പോഴാണ് ഇന്ത്യയിലെ കോവിഡിന്റെ ഭീകരാവസ്ഥ പൂർണ്ണമായി വെളിപ്പെടുക. ഇതിന്റെ ഒരു സൂചന ഇപ്പോൾ തന്നെ വന്നിട്ടുണ്ട്. മോഡി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സുബ്രഹ്മണ്യം ഇപ്പോൾ ഹാർവാർഡിലാണ്. അവിടുത്തെ പണ്ഡിതൻമാരുമായി ചേർന്ന് ഇന്ത്യയിൽ കോവിഡുമൂലം എത്രപേർ മരിച്ചുവെന്ന് അവർ ഗണിച്ചു കണക്കാക്കിയിട്ടുണ്ട്. 40-50 ലക്ഷമാണ് ഇന്ത്യയിലെ കോവിഡ് മരണം.

ഇതുപോലെ മറ്റു പണ്ഡിതന്മാർ ലോകത്തെ മൊത്തം കോവിഡ് മരണങ്ങളുടെ കണക്ക് തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കയും യൂറോപ്പിലെയും രാജ്യങ്ങളടക്കം ഔദ്യോഗികമായി പറയുന്നതിനേക്കാൾ പല മടങ്ങാണ് യഥാർത്ഥ മരണനിരക്ക് എന്നാണ് അവരുടെ നിഗമനം. ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തിന്റെ അനുഭവം അത്യപൂർവ്വമാകുന്നത്. കോവിഡുകാലത്തു മരിച്ചവരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞു.

5) കോവിഡ് മരണം ഇങ്ങനെ കുറയ്ക്കാൻ എങ്ങനെ കഴിഞ്ഞു?

നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെയും മുൻകരുതലുകളുടെയും ശാസ്ത്രീയതയും കരുത്തുമാണ് ഇതു തെളിയിക്കുന്നത്. ഉദാഹരണത്തിന് ഇന്ത്യയിൽ ഓക്സിജൻ കിട്ടാതെ 619 രോഗികൾ മരണമടഞ്ഞുവെന്നാണ് കണക്ക്. ഹിന്ദുസ്ഥാൻ ടൈംസിന്റെ ചാർട്ട് ചിത്രമായി കൊടുത്തിട്ടുണ്ട്. കേരളത്തിൽ ഒരു മരണംപോലും ഉണ്ടായിട്ടില്ല. രോഗവ്യാപനം വർദ്ധിക്കുമ്പോൾ അതനുസരിച്ച് ആരോഗ്യ സൗകര്യങ്ങളും വർദ്ധിപ്പിച്ചു. ഡൊമിസിലിയറി കേന്ദ്രങ്ങൾ, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, കോവിഡ് ആശുപത്രികൾ എന്നിവിടങ്ങളിലെ ബെഡ്ഡുകളുടെ എണ്ണം എപ്പോഴും നമ്മൾ രോഗികളുടെ എണ്ണത്തേക്കാൾ ഉയർത്തി നിർത്തി. ചികിത്സ മുഴുവൻ സൗജന്യം. ഇതാണു കേരളത്തിന്റെ കോവിഡ് പ്രതിരോധതന്ത്രം.

6) എന്തുകൊണ്ടാണ് കേരളത്തിലെ വാക്സിനേഷൻ കുറഞ്ഞിരിക്കുന്നത്? ഇതു സർക്കാരിന്റെ പരാജയമല്ലേ?

വാക്സിൻ നൽകേണ്ട ചുമതല കേന്ദ്രത്തിന്റേതാണ്. നൽകുന്നത് ഒരു തുള്ളിപോലും പാഴാക്കാതെ മാനദണ്ഡപ്രകാരം വാക്സിനേഷൻ നടത്തേണ്ടവരേക്കാൾ കൂടുതൽ വാക്സിനേഷൻ നടത്തിയ റെക്കോർഡാണ് കേരളത്തിന്റേത്. വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാത്തതുകൊണ്ട് രാജ്യത്ത് ഇന്ന് വാക്സിൻ ക്ഷാമമാണ്. ഇതിനു മോഡി സർക്കാർ ജനങ്ങളോടു മറുപടി പറഞ്ഞേതീരൂ.

7) ഇനി എന്തുവേണം?

സിറോപ്രിവലൻസ് സർവ്വേ പ്രകാരം രോഗികളുടെ എണ്ണം കുറഞ്ഞിരിക്കുന്ന സംസ്ഥാനങ്ങൾക്കു കൂടുതൽ വാക്സിൻ നൽകാൻ കേന്ദ്രം തയ്യാറാകണം. കാരണം രോഗം വരാൻ സാധ്യതയുള്ള ജനസംഖ്യ ഈ സംസ്ഥാനങ്ങളിലാണു കൂടുതൽ. കേന്ദ്ര വാക്സിൻ നയത്തിൽ തിരുത്തൽ വേണം.

Related Stories

No stories found.
logo
The Cue
www.thecue.in