മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും 'പ്രായം'

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും 'പ്രായം'
Summary

നാല്പതുകാരനായ മമ്മൂട്ടി വൃദ്ധനായ മാടയായി വരുമ്പോൾ നാം ആ പാത്രാവിഷ്ക്കാരത്തെ വിശ്വസിച്ചത് മാടയുടെ ജനനസർട്ടിഫിക്കറ്റ് കണ്ടതുകൊണ്ടല്ല.

'Make believe' എന്നത് സിനിമ എന്ന കലയുടെ സുപ്രധാനമായ ദൗത്യങ്ങളിലൊന്നാണ്. പറയുന്ന വിഷയം, അവതരിപ്പിക്കുന്ന രംഗങ്ങൾ, കഥാപാത്രങ്ങളും അവരുടെ വൈകാരിക പ്രതികരണങ്ങളും ഇവയെല്ലാം വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കപ്പെടുക എന്നതെല്ലാമാണ് 'make believe ' എന്നതിലൂടെ അർത്ഥമാക്കുന്നത്.

മേല്പറഞ്ഞവയിൽ കഥാപാത്രങ്ങളുടെ വിശ്വസനീയതയിൽ അവരുടെ രൂപഭാവങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. Make over എന്ന ചമയ- ശരീരരൂപാന്തരപ്രക്രിയകളിലൂടെ കഥാപാത്രമായി ഒരു നടനോ നടിയോ മാറി വരുമ്പോൾ അത് ആ അഭിനേതാവിനെ മറന്ന് കഥാപാത്രത്തെ കാണാൻ പ്രേക്ഷകനെ സഹായിക്കുന്നു. ആ കഥാപാത്രം വിശ്വസനീയമാകുന്നതുകൊണ്ടാണ് ആ അനുഭവം സംഭവിക്കുന്നത്. വലിയ രീതിയിൽ ചമയത്തിന് പ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ മാത്രമല്ല, മീശയിലോ മുടിയിലോ താടിയിലോ കണ്ണിന്റെ നിറവ്യത്യാസത്തിലോ ഒക്കെയുള്ള ചില മാറ്റങ്ങൾ കൊണ്ടോ അല്ലെങ്കിൽ വസ്ത്രധാരണത്തിലെ ചില പ്രത്യേകതകൾ കൊണ്ടോ ഒക്കെ 'മേക്ക് ഓവർ' സാദ്ധ്യമാണ്.

'പൊന്തൻമാട'യിലെ മാടയായി മമ്മൂട്ടി എന്ന നടൻ മാറുന്നതിലും ആ കഥാപാത്രം വലിയ തോതിൽ വിശ്വസനീയമായി അനുഭവപ്പെടുന്നതിലും ചമയത്തിന് പ്രധാന പങ്കുണ്ട്. മാടയെ അപേക്ഷിച്ച് ചെറിയ അളവിലേ ചമയം പ്രകടമാകുന്നുള്ളൂവെങ്കിലും ഒരു രാഷ്ട്രീയത്തടവുകാരന്റെ സൂക്ഷ്മവും അർത്ഥവത്തായതുമായ രൂപത്തെ വിശ്വസനീയമായി അവതരിപ്പിക്കാൻ 'മതിലു'കളിൽ മമ്മൂട്ടിക്ക് കഴിയുന്നതിലും ചമയം സുപ്രധാന പങ്കുവഹിക്കുന്നു.

പറഞ്ഞുവരുന്നത്, കഥാപാത്രങ്ങളുടെ വിശ്വസനീയതയെക്കുറിച്ചാണ്. നാല്പതുകാരനായ മമ്മൂട്ടി വൃദ്ധനായ മാടയായി വരുമ്പോൾ നാം ആ പാത്രാവിഷ്ക്കാരത്തെ വിശ്വസിച്ചത് മാടയുടെ ജനനസർട്ടിഫിക്കറ്റ് കണ്ടതുകൊണ്ടല്ല. ഇതേ യുക്തി ഒരു നടൻ തന്റെ യഥാർത്ഥ പ്രായത്തേക്കാൾ ചെറുപ്പമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും ബാധകമാണ്.

ആമിര്‍ ഖാന്‍ എന്ന നടൻ 'ത്രീ ഇഡിയറ്റ്സ് ' എന്ന ചിത്രത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായി അഭിനയിച്ചത് അദ്ദേഹത്തിന് 40 വയസ്സുള്ളപ്പോഴാണ്. എന്നാൽ ആ കഥാപാത്രത്തിന് യാതൊരു വിശ്വാസ്യതക്കുറവും ഉണ്ടായില്ല. 70 വയസ്സുകാരനും മുടിയും താടിയും നരച്ചയാളുമായ രജനീകാന്ത് 'പേട്ട' എന്ന ചിത്രത്തിലെ കഥാപാത്രമായി വരുമ്പോൾ 50-55 വയസ്സേ അനുഭവപ്പെടുന്നുള്ളുവെങ്കിൽ ആ കഥാപാത്രവും വിശ്വസനീയമാകുന്നുണ്ട്. അവിടെ നടന്റെ ജനനസർട്ടിഫിക്കറ്റും മേക്കപ്പില്ലാത്ത ചിത്രവും പൊക്കിപ്പിടിച്ച് കഥാപാത്രത്തിന്റെ പ്രായം പൊരുത്തക്കേടായി പറയുന്നത് ശുദ്ധമണ്ടത്തരമാണ്. 25-30 വയസ്സാകുമ്പോഴേക്കും മുടി നരച്ച് ഡൈ ഉപയോഗിക്കുന്ന പതിനായിരക്കണക്കിന് ചെറുപ്പക്കാരുള്ള നാട്ടിൽ, മുഖവും ശരീരവുമൊക്കെ ഏറെ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട അഭിനേതാക്കൾ ഡൈ ഉപയോഗിക്കുന്നതിനെയും ഹെയർ പാച്ചുകൾ ഉപയോഗിക്കുന്നതിനെയുമൊക്കെ ആനക്കാര്യമാക്കി അവതരിപ്പിക്കുന്നത് കോമഡിയുമാണ്.

ഫാസ്റ്റ്ഫുഡും കോളകളുമൊക്കെ കഴിച്ച്, പുതിയകാല ജീവിതശൈലികളിൽ അഭിരമിച്ച്, കഷ്ടിച്ച് 25 വയസ്സു കഴിയുമ്പോഴേക്കും വയറും ചാടി തടിച്ചു ചീർത്ത് 40-കാരനെപ്പോലെ തോന്നിപ്പിക്കുന്ന എത്രയോ പേരെ നമുക്കു ചുറ്റും കാണാം. അതിലൊരാളെ പിടിച്ച് ജനനസർട്ടിഫിക്കറ്റു നോക്കി 25 വയസ്സേ ഉള്ളൂവെന്നും പറഞ്ഞ് 'ത്രീ ഇഡിയറ്റ്സി'ലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാക്കി അഭിനയിപ്പിക്കാൻ കഴിയുമോ? ഇല്ല ! കാരണം അയാൾ യഥാർത്ഥത്തിൽ ചെറുപ്പമായിട്ടു പോലും ആ കഥാപാത്രത്തിന്റെ രൂപകല്പനകളുമായി ഇണങ്ങുന്നില്ല. ആ കഥാപാത്രത്തിന്റെ കാര്യത്തിൽ 'make believe' എന്ന സുപ്രധാന ദൗത്യം നിർവ്വഹിക്കപ്പെടുന്നില്ല.

ശരീരമൊക്കെ ഒതുക്കിയ മോഹൻലാലിന്റെ പുതിയ രൂപം കാണുമ്പോൾ 50 വയസ്സിൽ താഴെയേ തോന്നിക്കുന്നുള്ളൂവെങ്കിൽ ആ പ്രായത്തിലുള്ള കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിക്കുന്നതിൽ തെറ്റു ചികയാൻ പോകുന്നത് വിവരക്കേടാണ്. 'ഉണ്ട'യിലെ പോലീസുദ്യോഗസ്ഥനായി മമ്മൂട്ടി വരുമ്പോൾ അദ്ദേഹത്തിന്റെ ജനനത്തീയതി നോക്കി കഥാപാത്രത്തിന്റെ റിട്ടയർമെന്റ് പ്രായം കണക്കാക്കുന്നതിനേക്കാൾ ബാലിശമായ ഉണ്ടയില്ലാവെടി വേറെയില്ല.

കഥാപാത്രമാണ്, അതിന്റെ വിശ്വസനീയതയാണ് സിനിമയിൽ പ്രധാനം.ആ 'make believe' ദൗത്യം നിർവ്വഹിക്കുന്നത് നടന്റെ ജനനസർട്ടിഫിക്കറ്റല്ല.

Related Stories

No stories found.
logo
The Cue
www.thecue.in