ഇനിയും തുടരുന്ന മൗനം ഭരണകൂടത്തേക്കാൾ അപകടകരമാണ്

ഇനിയും തുടരുന്ന മൗനം ഭരണകൂടത്തേക്കാൾ അപകടകരമാണ്
Summary

ആർട്സ് ഫാക്കിലെ ഹാനി ബാബുവിന്റെ ക്ലാസ്സ് നമ്മൾക്കിനിയും കേൾക്കണ്ടേ, വരവരറാവുവിന്റെ പുതിയ കവിത വായിക്കണ്ടേ? മനുഷ്യർക്കു വേണ്ടി നില കൊള്ളാൻ അവരെല്ലാം തിരികെ വരണ്ടേ?

Day in and day out we are reminded that there is no justice in this country. And there is no peace without justice.

ജൂലൈ പത്താം തീയതി, അറസ്റ്റ് ചെയ്യുന്നതിനു കുറച്ച് ദിവസങ്ങൾക്കു മുൻപുള്ള ഹാനി ബാബുവിന്റെ ട്വീറ്റാണിതു. 2017 ഡിസംബർ 31നു പൂനെ ശനിവർവാടയിൽ നടന്ന എൽഗാർ പരിഷത്തിനോട് അനുബന്ധിച്ചുള്ള കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ മലയാളിയാണ് ഹാനി ബാബു. തൃശ്ശൂരുകാരൻ. ഡൽഹി സർവ്വകലാശാലയിലെ അധ്യാപകൻ, അറിയപ്പെടുന്ന ഭാഷാ ശാസ്ത്രജ്ഞൻ. ഇങ്ങനൊക്കെ മാത്രം ആയിരുന്നെങ്കിൽ അയാളുടെ വീട് റെയിഡ് ചെയ്യില്ലാരുന്നു, വ്യാജ തെളിവുകൾ ഉണ്ടാക്കി അറസ്റ്റ് ചെയ്യില്ലായിരുന്നു. അതിനു കാരണം അയാൾ മനുഷ്യൻമാർക്കു വേണ്ടി സംസാരിച്ചു എന്നതാണ്. തുല്ല്യതയ്ക്കു വേണ്ടിയും, റിസർവേഷനു വേണ്ടിയും ജാതീയതയ്ക്കെതിരെയും നിലകൊണ്ടു എന്നതാണ്. ഭാഷയിലെ ജാതി രാഷ്ട്രീയത്തെ പോലും തുറന്ന് വയ്ക്കുകയും, മനുഷ്യാവകാശ പ്രവർത്തനങ്ങളിലെ ഇടപെടലുമാണ്. ജി. എൻ. സായിബാബയുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതിനെതിരായ ഡിഫൻസ് കമ്മിറ്റിയുടെ കൺവീനറാണ് എന്നതാണ്. അല്ലെങ്കിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ തെരുവിൽ ഇറങ്ങി എന്നതുമാണ്.

വിമത ശബ്ദങ്ങളെ ഭരണകൂടം അറസ്റ്റ് ചെയ്യുമ്പോൾ നമ്മൾക്കു എന്ത് ചെയ്യാനാകുന്നു എന്നത് വേദനിപ്പിക്കുന്നുണ്ട്. ഞാനും നിങ്ങളുമൊക്കെ നിസ്സഹായരാണ്. പ്രതിഷേധങ്ങളോടും വിമർശനങ്ങളോടും അപകടകരമായ ഒരു മൗനം മാത്രമാണ് ഭരണാധികാരി പുലർത്തുന്നത്. അല്ലെങ്കിൽ അതൊന്നും ഇവിടെ യാതൊരു തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്നില്ല. വീണ്ടും ആളുകളുടെ വീടുകൾ റെയിഡ് ചെയ്യുന്നു. കൂടുതൽ വിമർശിക്കുന്നവരെ മാവോയിസ്റ്റാക്കുന്നു. അവരുടെ കമ്പ്യൂട്ടറിൽ അതിനുള്ള രേഖകളുണ്ടെന്നു പറയുന്നു. അകലങ്ങളുടെ കാലത്ത് അതു കുറച്ചു കൂടി എളുപ്പവുമാകുന്നു.

ഹാനി ബാബുവിന്റെ കമ്പ്യൂട്ടറിലെ അറുപത്തിനാല് ഫയലുകളാണ് അദ്ദേഹത്തെ മാവോയിസ്റ്റാക്കുന്നത്. ദളിത് - ബഹുജൻ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന ഹാനി ബാബു എത്ര പെട്ടെന്നാണ് മാവോയിസ്റ്റ് ആശയങ്ങളുടെ പ്രചാരകനും, പ്രധാനമന്ത്രിയെ വധിക്കാനുള്ള അനവധി നിരവധി ഗൂഢാലോചനയിലെ പങ്കാളിയുമായത്. ഈ കാലത്ത് എത്ര എളുപ്പം അയാൾ പോലുമറിയാതെ ഒരാളുടെ കംപ്യൂട്ടറിൽ ഒരു കൂട്ടം ഫയല്‍ എത്തിക്കാമെന്നു നമ്മൾക്കറിയാവുന്നതാണ്. ആ സാഹചര്യത്തിലാണ് കമ്പ്യൂട്ടറിൽ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന് പോലും പരിശോധിക്കാതെ എൻ.ഐ.എ കോടതി റിമാൻ്റ് ചെയ്യുന്നത്.

ഇതിലെ ഏറ്റവും വലിയ തമാശ മുപ്പത്തിയയ്യായിരം അംബ്ദ്കറൈറ്റ്-ഇടതുപക്ഷ ആഭിമുഖ്യമുള്ള ആളുകൾ പങ്കെടുത്ത എൽഗാർ പരിഷത്തിന്റെ മുഖ്യ സംഘാടകർ, ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന ബി. ജി. കോൽസേ പാട്ടീലും, സുപ്രീം കോടതി ജഡ്ജിയായിരുന്ന പി. ബി. സാവന്ദുമാണെന്നു അവരു തന്നെ പല പ്രാവശ്യം ആവർത്തിച്ചിട്ടുള്ളതാണ്. എന്നിരുന്നാലും ഇതുവരെ അവരുടെ വീട് റെയ്ഡ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. അടുത്ത കാലത്ത് കോൽസേ പാട്ടീൽ പറഞ്ഞത്, എൽഗാർ പരിഷത്ത് കേസിൽ അറസ്റ്റിലായ മിക്കവരേയും തനിക്കറിയുക പോലും ഇല്ലെന്നാണ്. അതു മാത്രമല്ല, രാജീവ് ഗാന്ധി മോഡലിൽ പ്രധാനമന്ത്രിയെ വധിക്കാനുള്ള പ്ലാനും, ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പദ്ധതികളും മെയിൽ വഴിയാണ് മാവോയിസ്റ്റുകൾ കൈ മാറുന്നത്!, കൂടെ ഉള്ളവരെ ഒക്കെ പിടിച്ചു കഴിഞ്ഞും രാജ്യസുരക്ഷയെ ബാധിക്കുന്ന രേഖകൾ റോണ വിത്സണും ഹാനി ബാബുവുമൊക്കെ പേർസണൽ കമ്പ്യൂട്ടറിൽ തന്നെ സൂക്ഷിച്ചു!!, പേരിന്റെ ആദ്യാക്ഷരം കോമ്രേഡ് ചേർത്താണ് മാവോയിസ്റ്റുകൾ കോഡായി ഉപയോഗിക്കുന്നത് (കോമ്രേഡ് ആർ, കോമ്രേഡ് എച്ച്. ബി മുതലായവ ഉദാഹരണം) എന്നൊക്കെ എൻ.ഐ.എ പറയുമ്പോൾ നമ്മൾ വിശ്വസിക്കണം എന്നാണോ. അറ്റ്ലീസ്റ്റ് ഇമ്മാതിരി തെളിവുകൾ നിരത്തി ഭരകൂടത്തെ അട്ടിമറിക്കാൻ പോകുവാന്നു പറയുന്ന മാവോയിസ്റ്റുകളെയെങ്കിലും കളിയാക്കാതെ ഇരുന്നു കൂടെ?. കള്ള തെളിവുണ്ടാക്കി നിരപരാധികളെ ജയിലിലടച്ചതിനും, കൂട്ടക്കൊലകളും കലാപങ്ങളും നടത്തിയവരെ സഹായിച്ചതിനും, വ്യാജ ഏറ്റുമുട്ടലുകൾക്കും നിരവധി തവണ വിമർശിക്കപ്പെട്ട എൻ.ഐ.എ അന്വേഷിക്കുമ്പോൾ മറ്റെന്താണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്.

ഇതൊക്കെ നിയമപ്രകാരം നടപ്പിലാക്കിയ ഇന്ദിരാഗാന്ധിയോട് കുശ്വന്ദ് സിംഗ് ഒരിക്കൽ എന്താണ് തിരഞ്ഞെടുപ്പ് തോൽക്കാൻ കാരണം എന്ന് ചോദിച്ചു. അപ്പോൾ ഇന്ദിരാഗാന്ധി പറഞ്ഞതു "ഹമ്കോ ഫീഡ്ബാക്ക് നഹീം മിലാ" എന്നാണ്. പക്ഷേ ഇന്ന് സാഹചര്യം മാറി, ഇലക്ഷൻ തോറ്റാലും ബി.ജെ.പി അധികാരത്തിൽ വരുന്ന കാലമായി.

തോറ്റു പോയ ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ് ഇവർ.

പേരിനൊരു രാഹുൽ ഗാന്ധി ഉണ്ടായിരുന്നതിന്റെ അഡ്രസ്സ് പോലുമില്ല. അവശേഷിക്കുന്ന വിമത ശബ്ദങ്ങളായ ദളിത്-ഇടത് സംഘങ്ങൾ രാജ്യത്തിനു ഭീഷണിയാണെന്നു ഭീമ കൊറേഗാവ് കേസിന്റെ കുറ്റപത്രത്തിൽ പറയുന്നു. കപിൽ മിശ്രയും ടീമും പോസ്റ്റ്-കോവിഡ് കലാപങ്ങളുടെ പ്ലാനിങ്ങിലായിരിക്കും, സാംബാജി ബീഡയും മിലിണ്ട് എക്ബോത്തയും ഇതൊക്കെ കണ്ടും-കേട്ടും റമ്മി കളിക്കുന്നുണ്ടാകും.

സുരേന്ദ്ര ഗാഡ്ലിങ്ങ്, ഷോമ സെൻ, മഹേഷ് റൗട്ട്, സുധീർ ധവാള, റോണ വിത്സൺ, സുധ ഭരദ്വാജ്, അരുൺ ഫെരേര, വെർണോൻ ഗോൺസാൽവസ്സ്, പി. വരവര റാവു, ആനന്ദ് ടെൽറ്റുമ്പ്ടെ, ഗൗതം നവ്ലാഘ, ഹാനി ബാബു...

തോറ്റു പോയ ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ് ഇവർ.

ഇനി ആര് എന്ന ചോദ്യത്തിനു ഉത്തരം ഹാനി ബാബുവിൽ നിന്നവർ പ്രതീക്ഷിച്ചിട്ടുണ്ടാകും. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിൽ അവർക്കു വേണ്ടിയിരുന്നത് മറ്റൊരു പേര് കൂടിയായിരുന്നു. സഹപ്രവൃത്തകരുടെയോ, വിദ്യാർത്ഥികളുടെയോ ആരുടെയെങ്കിലുമൊക്കെ പേര്. അദ്ദേഹം അത് പറഞ്ഞില്ലെങ്കിലും, അവർക്കു വേണ്ടയാളെ കണ്ടെത്തിയിട്ടുണ്ടാകും. ഭരണകൂട ഭീകരതയെ ഒരു മടിയോ ആശങ്കയോ ഇല്ലാതെ എതിർത്ത ഒരാൾ. ചിന്തിക്കുന്നവരോ, കവിയോ, അധ്യാപകരോ, അങ്ങനെ ആരെങ്കിലും ഒരാൾ.

ഓഗസ്റ്റ് രണ്ടിനു ഡൽഹി സർവ്വകലാശാലയിലെ അധ്യാപികയും ഹാനി ബാബുവിന്റെ പങ്കാളിയുമായ ജെന്നി റൊവേണയുടെ വീട് ഈ കേസുമായി ബന്ധപ്പെട്ടു റെയ്ഡ് ചെയ്തിരുന്നു, ഹാനി ബാബുവിനു വേണ്ടി എഴുതിയ ഡൽഹി സർവ്വകലാശാലയിലെ ഹിന്ദി പ്രൊഫസർ അപൂർവ്വാനന്ദിനെ മൂന്നാം തീയതി ഡൽഹി കലാപത്തോട് അനുബന്ധിച്ചുള്ള കേസിൽ ചോദ്യം ചെയ്യുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ന് ഹാനി ബാബുവിനെ ഓഗസ്റ്റ് ഇരുപത്തൊന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇനിയും തുടരുന്ന നമ്മളുടെയൊക്കെ മൗനം ഭരണകൂടത്തേക്കാൾ അപകടകരമാണ്. അത് ഇന്ത്യൻ ജനാധിപത്യത്തെ മുറിപ്പെടുത്താനുള്ള ഐക്യദാർഢ്യമാണ്.

ആർട്സ് ഫാക്കിലെ ഹാനി ബാബുവിന്റെ ക്ലാസ്സ് നമ്മൾക്കിനിയും കേൾക്കണ്ടേ, വരവരറാവുവിന്റെ പുതിയ കവിത വായിക്കണ്ടേ? മനുഷ്യർക്കു വേണ്ടി നില കൊള്ളാൻ അവരെല്ലാം തിരികെ വരണ്ടേ?

Related Stories

No stories found.
logo
The Cue
www.thecue.in