അവിടെയാണ് സച്ചിയുടെ 'അയ്യപ്പന്‍നായര്‍' ജാതിപ്പെരുവഴിയില്‍ ജെസിബി വിലങ്ങനെയിട്ട് മുകളില്‍ കയറി കാലാട്ടിയിരിക്കുന്നത്

അവിടെയാണ് സച്ചിയുടെ 'അയ്യപ്പന്‍നായര്‍' ജാതിപ്പെരുവഴിയില്‍ ജെസിബി വിലങ്ങനെയിട്ട് മുകളില്‍ കയറി കാലാട്ടിയിരിക്കുന്നത്
Summary

മുന്‍ മാതൃകകള്‍ക്കില്ലാതിരുന്ന വലിയൊരു സവിശേഷത സച്ചിയുടെ സിനിമയ്ക്കുണ്ടായിരുന്നു. അത് ചരിത്രബോധത്തിലൂന്നിയ സാമൂഹ്യവീക്ഷണവും ആ വീക്ഷണത്തിലൂന്നിയ മനുഷ്യത്വപരവും വിപ്ലവാത്മകവുമായ രാഷ്ട്രീയനിലപാടുമായിരുന്നു. സച്ചി എന്ന ചലച്ചിത്രകാരന്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതിനെക്കുറിച്ച് സംവിധായകന്‍ പ്രേംലാല്‍ എഴുതുന്നു

സച്ചി എന്ന കലാകാരന്റെ സൃഷ്ടികള്‍ പ്രേക്ഷകന്‍ എന്ന നിലയിലോ രണ്ടു സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരാള്‍ എന്ന നിലയിലോ എന്നെ വിസ്മയിപ്പിച്ചിട്ടില്ലായിരുന്നു. എന്നാല്‍ അത് അയാളുടെ അവസാനത്തെ ചിത്രം കാണുന്നതുവരെയുള്ള അവസ്ഥയായിരുന്നു. അതിനുമുമ്പ് ഏറെക്കുറെ ഒരു പതിറ്റാണ്ടുകാലത്തോളം, കച്ചവടസിനിമയുടെ ചേരുവകളെ കൃത്യമായി മനസ്സിലാക്കുകയും അവയെ വേണ്ട അളവില്‍ കൂട്ടിച്ചേര്‍ത്ത് ജനകീയതയെ തിളപ്പിച്ചെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്ത മറ്റു പല എഴുത്തുകാരെയും സംവിധായകരെയും പോലെ ഒരാള്‍ മാത്രമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം സച്ചിയും. എന്നാല്‍ 'അയ്യപ്പനും കോശിയും' എന്ന ഒരൊറ്റ സിനിമകൊണ്ട് തനിക്ക് ഉഴുതുമറിക്കാനും വിത്തെറിയാനും വിളവെടുക്കാനും കഴിയുന്ന ഭൂമിയുടെ ആഴവും പരപ്പും അയാള്‍ പ്രേക്ഷകനു മുമ്പില്‍ നിസ്സംശയം തെളിയിച്ചു.

അവിടെയാണ് സച്ചിയുടെ 'അയ്യപ്പന്‍നായര്‍' ജാതിപ്പെരുവഴിയില്‍ ഒരു ജെസിബി വിലങ്ങനെയിട്ട് അതിനു മുകളില്‍ കയറി കാലാട്ടിയിരിക്കുന്നത്.

വ്യക്തിയെ മുന്‍നിര്‍ത്തി സമൂഹത്തിന്റെ കഥ (തൊലിപ്പുറത്തെ ഉപദേശങ്ങളും പ്രകടനങ്ങളുമായിട്ടല്ലാതെ )പറയുക എന്നത് പ്രതിഭാധനര്‍ക്കു മാത്രം കഴിയുന്ന ഏര്‍പ്പാടാണ്. എംയടിയും പത്മരാജനും ലോഹിതദാസും ജോണ്‍പോളും ശ്രീനിവാസനും അത്തരം രചനകള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. മനസ്സിരുത്തി ഒന്നു ശ്രമിച്ചാല്‍, ആ നിരയിലേയ്ക്ക് കയറിച്ചെല്ലാനുള്ള പ്രതിഭ തന്റെ പക്കലുണ്ടെന്ന് സച്ചി തെളിയിച്ച സിനിമയായിരുന്നു, 'അയ്യപ്പനും കോശിയും'.

ഒരു രംഗത്തിലോ അല്ലെങ്കില്‍ ചില കഥാപാത്രങ്ങള്‍ക്കിടയിലോ രൂപംകൊള്ളുന്ന സംഘര്‍ഷത്തെ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയുടെ മൊത്തം പിരിമുറുക്കത്തിന് കാരണമായി സജീവമായി നിലനിര്‍ത്തുക എന്നത് ഏറെ ക്ലേശകരമായ ഉദ്യമമാണ്. താഴ്‌വാരം, കിരീടം.. എന്നിങ്ങനെ മലയാളത്തില്‍ അതിന് ശ്രേഷ്ഠമാതൃകകളുണ്ട്. കഴിഞ്ഞ പതിറ്റാണ്ടിലെ അല്ലെങ്കില്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലെ അത്തരത്തിലുള്ള ഏറ്റവും മികച്ച അനുഭവമായിരുന്നു, അയ്യപ്പനും കോശിയും. എന്നാല്‍ മുന്‍ മാതൃകകള്‍ക്കില്ലാതിരുന്ന വലിയൊരു സവിശേഷത സച്ചിയുടെ സിനിമയ്ക്കുണ്ടായിരുന്നു. അത് ചരിത്രബോധത്തിലൂന്നിയ സാമൂഹ്യവീക്ഷണവും ആ വീക്ഷണത്തിലൂന്നിയ മനുഷ്യത്വപരവും വിപ്ലവാത്മകവുമായ രാഷ്ട്രീയനിലപാടുമായിരുന്നു. ആ നിലപാടാണ് മുഖ്യധാരാസിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള ഒരു താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുഖത്തുനോക്കി 'ഫ ചെറ്റേ' എന്നും 'ടാ.. ചെറുക്കാ' എന്നും കലി കൊള്ളാനും പരിഹസിക്കാനും കെല്പുള്ള ഒരു ആദിവാസിപ്പെണ്ണിനെയും ഒരു പോലീസുകാരിയെയും സൃഷ്ടിക്കാന്‍ സച്ചിക്ക് കരുത്തായത്. വിട്ടുവീഴ്ചകളുടെയും നിശ്ശബ്ദതയുടെയും ഭീതിയുടെയും കാലത്ത് അവയ്ക്ക് വിധേയപ്പെടാന്‍ ഇനി താന്‍ തയ്യാറല്ല എന്ന ഒരു കലാകാരന്റെ കൃത്യമായ പ്രഖ്യാപനം 'അയ്യപ്പനും കോശി'യിലും ഉണ്ടായിരുന്നു.

അവിടെയാണ് സച്ചിയുടെ 'അയ്യപ്പന്‍നായര്‍' ജാതിപ്പെരുവഴിയില്‍ ജെസിബി വിലങ്ങനെയിട്ട് മുകളില്‍ കയറി കാലാട്ടിയിരിക്കുന്നത്
അന്നൊരു കവിതയെഴുതി വഴിമാറിയ സച്ചി
സാമൂഹ്യചിത്രീകരണത്തിന്റെയും രാഷ്ട്രീയാവസ്ഥകളുടെയും കൂടുതല്‍ സത്യസന്ധമായ ആവിഷ്‌ക്കാര മികവിന്റെ കാര്യത്തില്‍ മഹാരഥന്മാരേക്കാള്‍ ഒരു പടി മേലെ നില്ക്കാനുള്ള ശേഷിയും നീതിബോധവും അയാള്‍ക്കുണ്ടായിരുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യ യാഥാര്‍ത്ഥ്യമായ ജാതിയെ സവര്‍ണ്ണപൊതുബോധത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു കമ്പോളത്തില്‍ വില്പനയ്ക്കു വെയ്ക്കുന്ന ഉല്പന്നത്തിലൂടെ തന്നെ വെല്ലുവിളിക്കുക എന്നത് അത്ര എളുപ്പമല്ല. മലയാളിയുടെ തിരക്കഥാ മഹാരഥന്മാരായ എം.ടി വാസുദേവന്‍ നായരും പത്മരാജനും മുതല്‍ ടി.ദാമോദരന്‍ മാഷും രഞ്ജിത്തും വരെയുള്ള രചയിതാക്കള്‍ ആ സവര്‍ണ്ണപൊതുബോധത്തെ തങ്ങളാല്‍ കഴിയുംവിധം ഊട്ടിവളര്‍ത്തിയവരാണ്. മലയാളി കയ്യടിച്ചു വാഴ്ത്തിയ മഹാനായകന്മാര്‍ ബഹുഭൂരിപക്ഷവും തികഞ്ഞ ജാതിവാദികളും സ്വന്തം സവര്‍ണ്ണാസ്തിത്വത്തില്‍ അഭിരമിക്കുന്നവരുമായിരുന്നു. എം.ടി യുടെ എണ്ണമറ്റ കഥാപാത്രങ്ങളായാലും പത്മരാജന്റെ മണ്ണാറത്തൊടി ജയകൃഷ്ണനായാലും രഞ്ജിത്തിന്റെ മംഗലശ്ശേരി നീലകണ്ഠന്മാരായാലും ദാമോദരന്‍ മാഷുടെ ആര്യനായകന്മാരായാലും ശരി, കൂടിയും കുറഞ്ഞുമുള്ള അളവുകളില്‍ അത്തരം സവര്‍ണ്ണാഭിമാനികള്‍ തന്നെയായിരുന്നു. അവിടെയാണ് സച്ചിയുടെ 'അയ്യപ്പന്‍നായര്‍' ജാതിപ്പെരുവഴിയില്‍ ഒരു ജെസിബി വിലങ്ങനെയിട്ട് അതിനു മുകളില്‍ കയറി കാലാട്ടിയിരിക്കുന്നത്.

അസംഖ്യം സിനിമകളില്‍ നാം കണ്ടുമുട്ടിയിട്ടുള്ള നാരായണന്‍ നായര്‍ ബാലന്‍നായര്‍- മാധവന്‍നായര്‍ ഇത്യാദികളില്‍ പെടുന്ന നായരല്ല അയ്യപ്പന്‍നായര്‍. ആ പേരോ ജാതിവാലോ അയാള്‍ക്കൊരു പ്രിവിലേജ് അല്ല. അതൊരു പ്രതികാരമാണ്, പ്രതിരോധമാണ്. മലയാളി പ്രേക്ഷകര്‍ കണ്ടുശീലിച്ചിട്ടില്ലാത്ത തരം പ്രതിഷേധത്തിന്റെ ശബ്ദമാകുന്നു, അയ്യപ്പനോട് ചേര്‍ന്നുകിടക്കുന്ന 'നായര്‍'. ലോഹിതദാസ് വിടപറഞ്ഞതോടെ മലയാള മുഖ്യധാരാസിനിമയില്‍ ഏറെക്കുറെ പ്രാതിനിധ്യമില്ലാതായിപ്പോയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ, അവരുടെ ജീവിതങ്ങളെ തന്റെ സിനിമകളിലൂടെ വീണ്ടെടുക്കാനുള്ള കെല്പുണ്ടായിരുന്നു എഴുത്തുകാരന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും സച്ചിക്ക്. മാത്രവുമല്ല സാമൂഹ്യചിത്രീകരണത്തിന്റെയും രാഷ്ട്രീയാവസ്ഥകളുടെയും കൂടുതല്‍ സത്യസന്ധമായ ആവിഷ്‌ക്കാര മികവിന്റെ കാര്യത്തില്‍ മഹാരഥന്മാരേക്കാള്‍ ഒരു പടി മേലെ നില്ക്കാനുള്ള ശേഷിയും നീതിബോധവും അയാള്‍ക്കുണ്ടായിരുന്നു.

അവിടെയാണ് സച്ചിയുടെ 'അയ്യപ്പന്‍നായര്‍' ജാതിപ്പെരുവഴിയില്‍ ജെസിബി വിലങ്ങനെയിട്ട് മുകളില്‍ കയറി കാലാട്ടിയിരിക്കുന്നത്
മമ്മൂക്കയുടെ തീരുമാനം ശരിയെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍ : സച്ചി അഭിമുഖം
'അയ്യപ്പനും കോശിയും' സച്ചി എന്ന സംവിധായകന്റെ അവസാനമായിരുന്നില്ല. തുടക്കമായിരുന്നുവെന്ന തിരിച്ചറിവാണ് ആ വിയോഗം നല്‍കുന്ന വേദന.

മുഖ്യധാരാസിനിമയോട് ചേര്‍ന്നു നടക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ സംഭവിക്കാവുന്ന, ജനപ്രിയ ചേരുവകള്‍ക്കിണങ്ങുമോ എന്ന തരം ആശങ്കകളെ കൃത്യമായി മറികടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മികച്ചത് എന്നതിനപ്പുറം ' മഹത്തരം' എന്ന നിലയിലേയ്ക്ക് പരിവര്‍ത്തനപ്പെടാന്‍ ഏറെ സാദ്ധ്യതയുണ്ടായിരുന്ന സിനിമയായിരുന്നു, അയ്യപ്പനും കോശിയും. എന്നാല്‍ രണ്ടു തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കിണങ്ങുന്ന തരത്തിലുള്ള ഒരു ക്ലൈമാക്‌സിലേയ്ക്ക് എത്തണമെന്ന സംവിധായകന്റെ ബോധപൂര്‍വ്വമായ ഒരു സമീപനവും ശുഭപര്യവസായിയാകണം സിനിമയെന്ന സാമാന്യബോധവും പ്രസ്തുത സിനിമയെ 'പെര്‍ഫെക്റ്റ് സിനിമ' എന്നതില്‍ നിന്ന് ഏതാനും ചുവടുകള്‍ കീഴെ നിര്‍ത്താന്‍ കാരണമായിട്ടുണ്ട്.

വ്യത്യസ്ത ലോകവീക്ഷണവും ജീവിതാവസ്ഥകളുമുള്ള, വിവിധ സാമൂഹ്യപരിസരങ്ങളില്‍ നിന്നുവരുന്ന രണ്ടു വ്യക്തികള്‍ക്കിടയില്‍ ഉണ്ടാകുന്ന സാമ്പത്തിക-സാമൂഹിക മേല്‍ക്കോയ്മാബോധവും ഈഗോയും പകയും അപമാനബോധവും പരസ്പരം ആന്തരികമായി ഏറെ മുറിവേല്പിക്കുന്നതാണ്. അത്തരം തീക്ഷ്ണമായ ദ്വന്ദ്വവൈരങ്ങള്‍ സിനിമയിലെന്നല്ല ജീവിതത്തിലും വിട്ടുവീഴ്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങാത്തവിധത്തില്‍ പലപ്പോഴും ദുരന്തപര്യവസായിയാകാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്. ലോകഭാഷകളില്‍ത്തന്നെ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച ദ്വന്ദ്വപ്പോരാട്ട സിനിമകളില്‍ ബഹുഭൂരിപക്ഷവും ദുരന്തപൂര്‍ണ്ണമായ അന്ത്യമാണ് അവതരിപ്പിച്ചിട്ടുള്ളത്. അത് പ്രേക്ഷകന്റെ സിനിമാറ്റിക് അനുഭവത്തെ കൂടുതല്‍ തീക്ഷ്ണമായ ഒരു തലത്തിലേയ്ക്ക് ഉയര്‍ത്താന്‍ സഹായകമാകും. മലയാളത്തില്‍ത്തന്നെ കിരീടവും താഴ്വാരവും കൗരവരും ലോറിയുമൊക്കെ ഉദാഹരണങ്ങളാകുന്നു.

'അയ്യപ്പനും കോശിയും' സച്ചി എന്ന സംവിധായകന്റെ അവസാനമായിരുന്നില്ല. തുടക്കമായിരുന്നുവെന്ന തിരിച്ചറിവാണ് ആ വിയോഗം നല്‍കുന്ന വേദന. മഹാരഥന്മാരുടെ നിരയില്‍ ഇന്ന് അയാള്‍ ഉണ്ടാകണമെന്നില്ല. പക്ഷേ,കുതിക്കാന്‍ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ സച്ചി. 'അയ്യപ്പനും കോശിയും' പകര്‍ന്ന ഊര്‍ജം ഉള്‍ക്കൊണ്ട് ചുവടുകള്‍ വെയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തന്റെ പേന കൊണ്ടും ഫ്രെയിമുകള്‍ കൊണ്ടും മലയാള സിനിമയെ കീഴടക്കാനും നിയന്ത്രിക്കാനും കെല്പുണ്ടായിരുന്ന പ്രതിഭയായിരുന്നു അയാള്‍ എന്ന് നിസ്സംശയം പറയാം. അതിനുമപ്പുറം, മലയാളസിനിമയെ രാഷ്ട്രീയമായി പുനര്‍നിര്‍ണ്ണയിക്കാനും അരികുവല്ക്കരിക്കപ്പെട്ട മനുഷ്യരുടെ പ്രതിനിധാനത്തിന്റെ പ്രയോക്താവാകാനും മുമ്പില്‍ നില്ക്കുമായിരുന്ന സാമൂഹ്യബോധത്തിന്റെ അടയാളം കൂടിയാകുമായിരുന്നു അയാള്‍!

അവിടെയാണ് സച്ചിയുടെ 'അയ്യപ്പന്‍നായര്‍' ജാതിപ്പെരുവഴിയില്‍ ജെസിബി വിലങ്ങനെയിട്ട് മുകളില്‍ കയറി കാലാട്ടിയിരിക്കുന്നത്
എന്താണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ തര്‍ക്കം? 'പൃഥ്വി ജീപ്പിന് മുകളില്‍, സുരേഷ് ഗോപി ബെന്‍സിന് മുകളില്‍'; ജിനു എബ്രഹാം പറയുന്നു

Related Stories

No stories found.
logo
The Cue
www.thecue.in