സുശാന്ത് സിംഗ്; എങ്ങനെയാകരുത് മാധ്യമപ്രവര്‍ത്തനം എന്ന് തെളിയിച്ച ചാനലുകള്‍

സുശാന്ത് സിംഗ്; എങ്ങനെയാകരുത് മാധ്യമപ്രവര്‍ത്തനം എന്ന് തെളിയിച്ച ചാനലുകള്‍
Summary

ബോളിവുഡ് താരം സുഷാന്ത് സിംഗ് രജപുതിന്റെ മരണം ഹിന്ദി-ഇംഗ്ലീഷ് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയും മാധ്യമനൈതികത കൈവിട്ട് മരണത്തെ സെന്‍സേഷണലൈസ് ചെയ്തതും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. അതിരുവിടുന്ന മാധ്യമ രീതികളെക്കുറിച്ച് മദ്രാസ് ഐഐടിയിലെ ഗവേഷണ വിദ്യാര്‍ത്ഥി ഗോകുല്‍ കെ.എസ് എഴുതുന്നു.

പൊതുസമക്ഷം വസ്തുനിഷ്ഠമായി വാര്‍ത്തകളെത്തിക്കുക എന്നതില്‍ നിന്ന് കിടമത്സരത്തിനൊപ്പിച്ചും റേറ്റിംഗ് ഓട്ടത്തിനൊപ്പിച്ചും സെന്‍സേഷണലിസത്തോടെ സംഭവങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ന്യൂസ് ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും പിന്തുടരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സമൂഹമധ്യത്തിലേക്ക് എത്തേണ്ട വാര്‍ത്തകള്‍, ചര്‍ച്ചചെയ്യപ്പെടേണ്ട രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങള്‍, മുഖ്യധാരയിലേക്ക് എത്താത്ത വിവരങ്ങള്‍; ഇതെല്ലാം ഇന്ന് ചാനലുകളുടെ 'റേറ്റിംഗ്'ന് അനുസരിച്ചാണ് ജനങ്ങളിലേക്ക് എത്തുന്നതും എത്താതെ ഇരിക്കുന്നതും. ആദ്യം 'എക്സ്‌ക്ലൂസീവ്' വാര്‍ത്ത ജനങ്ങളിലേക്ക് എത്തിക്കുക, പൊതുസമൂഹം അടിയന്തരമായി ഏറ്റെടുക്കേണ്ട വിഷയങ്ങള്‍ അതിന്റെ ഗൗരവത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതിനൊക്കെയപ്പുറം, വാര്‍ത്തകളെ എങ്ങനെ ഊതിപെരുപ്പിച്ചു, ഉദ്വേഗജനകമായി, അതിഭാവുകത്വത്തോടെ അവതരിപ്പിക്കാം എന്നതിലാണ് ചാനലുകള്‍ തമ്മില്‍ മത്സരം നടക്കുന്നത്. ആളെക്കൂട്ടാന്‍ എത്ര നിലവാരം താഴോട്ട് പോയാലും വേണ്ടില്ല, 'വിസിബിലിറ്റിയും റേറ്റിങ്ങും ആണ് വേണ്ടത് എന്നതാണ് പ്രഖ്യാപിതമായ നയം എന്ന് തോന്നുന്നു. ഒരു സമൂഹത്തെ തന്നെ മാറ്റിയെടുക്കുന്ന 'മാസ്സ് കണ്ടീഷനിംഗ്' ആണ് നടക്കുന്നത്. ദൃശ്യമാധ്യമങ്ങള്‍ക്ക് പൊതു ജനങ്ങളുടെ ഇടയില്‍ വലിയ സ്വീകാര്യത ഉണ്ടെന്നിരിക്കെ ഈ പ്രവണതകള്‍ അപകടകരമായ രീതിയില്‍ മനുഷ്യ സമൂഹത്തെ പിറകോട്ടടിക്കുകയാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതികത മുന്‍പത്തേക്കാളേറെ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സുഷാന്ത് സിംഗ് രജപുതിന്റെ മരണം ഹിന്ദി ന്യൂസ് ചാനലുകള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്ത വിധം എങ്ങനെ ആവരുത് മാധ്യമപ്രവര്‍ത്തനം എന്നതിന്റെ ഉദാഹരണമായിരുന്നു.

ഒരു വ്യക്തിയുടെ മരണം എന്ന് മുതലാണ് ഇത്രയും തരം താണ രീതിയില്‍ മാധ്യമങ്ങള്‍ 'ആഘോഷിച്ചു' തുടങ്ങിയത്?

കൈ പോ ചെ (Kai Po Che), ഡിറ്റക്റ്റീവ് ബ്യോംകേഷ് ബക്ഷി (Detective Byomkesh Bakshy!), പി കെ (PK), എം.എസ് ധോണി:ദി അണ്‍ടോള്‍ഡ് സ്റ്റോറി (M.S Dhoni: The Untold Story), ചിച്ചോരെ (Chhichhore) എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സുശാന്ത് സിംഗിന്റെ മരണം അദ്ദേഹത്തിന്റെ ആരാധകരെയും സിനിമ പ്രേമികളെയും വലിയ വിഷമത്തിലാക്കിയിരുന്നു. വികാരഭരിതമായ നിരവധി കുറിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് പേര്‍ പങ്കുവെച്ചരുന്നു. എന്നാല്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം പ്രമുഖ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതും, ചര്‍ച്ച ചെയ്തതും എങ്ങനെയാണ് എന്ന് നോക്കുക. ഒരു വ്യക്തിയുടെ മരണം എന്ന് മുതലാണ് ഇത്രയും തരം താണ രീതിയില്‍ മാധ്യമങ്ങള്‍ 'ആഘോഷിച്ചു' തുടങ്ങിയത്? ഒരു ആത്മഹത്യാ മരണം (death by suicide) റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അടിസ്ഥാനമായി പാലിക്കേണ്ട മര്യാദകള്‍ പോലും ചാനലുകള്‍ അവഗണിച്ചു തുടങ്ങിയിരിക്കുന്നു. 'ബ്രേക്കിംഗ് ന്യൂസ്' ബാറില്‍ എന്തും എഴുതി വിടാം എന്ന നിലക്ക് കാര്യങ്ങള്‍ അധപതിച്ചിരിക്കുന്നു. മരിച്ചത് ഏതു വ്യക്തിയുമാകട്ടെ, മാധ്യമങ്ങള്‍ എന്ന് തൊട്ടാണ് മരിച്ച വ്യക്തിക്ക് ഒരു മനുഷ്യന്‍ എന്ന വില പോലും കല്‍പ്പിക്കാതെ ജനങ്ങളെ പിടിച്ചിരുത്താന്‍ ഉള്ള ഒരു വാര്‍ത്തയും തലക്കെട്ടുമായി മാത്രം മരണത്തെ കണ്ടു തുടങ്ങിയത്?

പ്രമുഖ ഹിന്ദി വാര്‍ത്താ ചാനലുകള്‍ എല്ലാം തന്നെ സുശാന്തിന്റെ മരണത്തെ എങ്ങനെ 'സെന്‍സേഷനലൈസ്' (sensationalize) ചെയ്ത് അവതരിപ്പിക്കാം എന്ന മത്സരത്തിലായിരുന്നു. എങ്ങനെ ആയിരിക്കാം 'ആത്മഹത്യ ചെയ്തിട്ടുണ്ടാവുക', സുശാന്ത് കട്ടിലില്‍ കിടക്കുന്ന ചിത്രം, അദ്ദേഹത്തിന്റെ സിനിമകളിലെ വാചകങ്ങള്‍ വച്ചുള്ള 'ബ്രേക്കിംഗ് ന്യൂസ്' തലക്കെട്ടുകള്‍ എന്നിങ്ങനെ പോകുന്നു ചാനലുകളുടെ റിപ്പോര്‍ട്ടിങ്. ആ ദിവസം മറ്റെല്ലാ വാര്‍ത്തകളും മാറ്റിവച്ചു കൊണ്ട് ചില ചാനലുകള്‍ മുഴുവന്‍ സമയവും സുശാന്തിന്റെ മരണ വാര്‍ത്ത മാത്രമായിരുന്നു സംപ്രേഷണം ചെയ്തു കൊണ്ടിരുന്നത്. ഒരാളുടെ മരണ വാര്‍ത്ത മറ്റുള്ള വാര്‍ത്തകളുടെ കൂടെ പരാമര്‍ശിച്ചു പോകേണ്ട കാര്യം മാത്രമാണ്. സുശാന്ത് സിംഗ് ഒരു സെലിബ്രിറ്റി ആയത് കൊണ്ട് ഒരുപക്ഷേ ഒരുപാട് ആളുകള്‍ അത് ശ്രദ്ധിക്കുമായിരിക്കാം. എന്നാലും ഒരു പരിധിക്കപ്പുറം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒന്നും ഇല്ല എന്നിരിക്കെ, എന്തിനാണ് തുടര്‍ച്ചയായി ആ വാര്‍ത്ത മാത്രം സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നത്?

'സിനിമയിലെ ധോണി എങ്ങനെയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ 'ഔട്ട്' ആയത്?' ("फिल्मी का 'धोनी' असल ज़िंदगी में 'आउट' कैसे?") എന്നായിരുന്നു. ആജ് തക് (Aaj Tak) നല്‍കിയ തലക്കെട്ട് - 'എങ്ങനെയാണ് സുശാന്ത് സിങ് 'ഹിറ്റ് വിക്കറ്റ്' - ലൂടെ പുറത്തായത്?' - എന്നാണ്. സീ ന്യൂസ് (Zee News) നല്‍കിയ മറ്റൊരു തലക്കെട്ട് 'എങ്ങനെയാണ് പട്‌നയില്‍ നിന്നുള്ള സുശാന്ത് മുംബൈയില്‍ തോറ്റത്?' എന്നായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി അഭിനയിച്ചത് സുശാന്ത് സിംഗ് ആയിരുന്നു. അതുകൊണ്ട് തന്നെ വാര്‍ത്താ തലക്കെട്ടുകളില്‍ പലതും ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന ചില പദങ്ങളും പ്രയോഗങ്ങളും വച്ചായിരുന്നു. സീ ന്യൂസ് (Zee News) ട്വിറ്റെര്‍ -ല്‍ നല്‍കിയ തലക്കെട്ട്, 'സിനിമയിലെ ധോണി എങ്ങനെയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ 'ഔട്ട്' ആയത്?' ("फिल्मी का 'धोनी' असल ज़िंदगी में 'आउट' कैसे?") എന്നായിരുന്നു. ആജ് തക് (Aaj Tak) നല്‍കിയ തലക്കെട്ട് - 'എങ്ങനെയാണ് സുശാന്ത് സിങ് 'ഹിറ്റ് വിക്കറ്റ്' - ലൂടെ പുറത്തായത്?' - എന്നാണ്. സീ ന്യൂസ് (Zee News) നല്‍കിയ മറ്റൊരു തലക്കെട്ട് 'എങ്ങനെയാണ് പട്‌നയില്‍ നിന്നുള്ള സുശാന്ത് മുംബൈയില്‍ തോറ്റത്?' എന്നായിരുന്നു. എ.ബി.പി ന്യൂസ് (ABP News) സുശാന്ത് അഭിനയിച്ച 'കൈ പോ ചെ' (പട്ടം പറത്തുമ്പോള്‍ സാധാരണ ഉപയോഗിക്കാറുള്ള പദം, 'ഞാന്‍ അത് മുറിച്ചു' (I have cut it) എന്നാണ് അര്‍ത്ഥം) എന്ന സിനിമയുടെ പേരാണ് തലക്കെട്ടു പൊലിപ്പിക്കാന്‍ ഉപയോഗിച്ചത് - 'മരണത്തിന്റെ ചരടുകള്‍... 'കൈ പോ ചെ' ആയിരിക്കുന്നു' सांसों की डोर... काई पो चे हो गय) - എന്നാണ് എ.ബി.പി കൊടുത്ത തലക്കെട്ട്. സുശാന്തിന്റെ അച്ഛന്‍ പൊട്ടിക്കരയുന്ന വീഡിയോ ഒരു തരി അനുകമ്പ പോലുമില്ലാതെയാണ് ചാനലുകള്‍ വീണ്ടും വീണ്ടും കാണിച്ചു കൊണ്ടിരുന്നത്.

സുശാന്ത് സിംഗ് കട്ടിലില്‍ കിടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടപ്പോള്‍, 'ന്യൂസ് നേഷന്‍' (News Nation) ആ ചിത്രം ഉപയോഗിച്ചാണ് വാര്‍ത്തകള്‍ നല്‍കിയത്. ഇതിനെതിരെ ബോളിവുഡ് താരം വിക്രാന്ത് മാസി അടക്കം ട്വീറ്റ് ചെയ്തിരുന്നു. ആജ് തക് 'ആത്മഹത്യ' ചെയ്ത രീതി വിശദീകരിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും ഫ്‌ലാഷ് ന്യൂസ് തലക്കെട്ടുകളും നല്‍കിയിരുന്നു. കോവിഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ #SushantSighRajput എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ആജ് തക് ഉപയോഗിച്ചിട്ടുണ്ട്. കഴുത്തിന് ചുറ്റുമുണ്ടായിരുന്ന തുണിയുടെ നിറം ഒക്കെ ആജ് തക് -ല്‍ ഫ്‌ലാഷ് ന്യൂസ് ആയിരുന്നു, ആ 'സ്‌ക്രീന്‍ഷോട്ട്' ട്വിറ്ററില്‍ ഒരുപാട് ആളുകള്‍ ഷെയര്‍ ചെയ്തിരുന്നു. എ.ബി.പി ന്യൂസും, ആജ് തക്കും സുശാന്തിന്റെ ബിഹാറിലുള്ള ബന്ധുക്കളെ ഒരു 'ബൈറ്റിനായി' (byte) നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുന്നതും നമ്മള്‍ കണ്ടു. ചലച്ചിത്ര താരം ശ്രീദേവി മരിച്ചപ്പോഴും, ഇത്തരത്തില്‍ 'സെന്‍സേഷണല്‍' തലക്കെട്ടുകളും വാര്‍ത്താ റിപ്പോര്‍ട്ടിങ്ങും നമ്മള്‍ കണ്ടിരുന്നു. അന്ന് ഇന്റര്‍നെറ്റ് സാധ്യതകള്‍ ഉപയോഗിച്ച് 'വിര്‍ച്വല്‍ ബാത്ത് ടബ്ബ്' (virtual bath tub) വരെ ചാനല്‍ സ്‌ക്രീനില്‍ സംപ്രേഷണം ചെയ്തിരുന്നു. 'സുശാന്ത് ഇത്ര അശാന്തന്‍ ആയിരുന്നോ' എന്നാണ് ആജ് തക് മറ്റൊരു വീഡിയോയില്‍ ചോദിക്കുന്നത്. പശ്ചാത്തലത്തില്‍ വൈകാരികത തുളുമ്പി നില്‍ക്കുന്ന ഈണങ്ങള്‍ ഉപയോഗിച്ച് 'മെലോഡ്രാമ' റിപ്പോര്‍ട്ടിങ് നടത്താനും ചാനലുകള്‍ ഒരു മടിയും കാണിച്ചില്ല. സി.എന്‍.എന്‍ ന്യൂസ് 18 (CNN News 18) 'മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തത് ആത്മഹത്യ ചെയ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ കാണിച്ചായിരുന്നു.

ഒരു ആത്മഹത്യാ മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അടിസ്ഥാമായി മാധ്യമങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് 'പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ' ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ (World Health Organization's Preventing Suicide: A Reosurce for Media Professionals-2017) നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് 2019 -ല്‍ പി.സി.ഐ. (PCI) മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. ആ മാര്‍ഗ്ഗരേഖകളില്‍ പറയുന്നത് ആത്മഹത്യയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രധാനമായും ആറ് കാര്യങ്ങള്‍ ഒഴിവാക്കണം എന്നാണ്,

1.ആത്മഹത്യയെ കുറിച്ചുള്ള വാര്‍ത്തകള്‍ മുന്‍ഗണന കൊടുത്ത് പ്രസിദ്ധീകരിക്കുന്നത്, അത് അനാവശ്യമായി നിരന്തരം വാര്‍ത്തകളില്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കണം

2.ആത്മഹത്യയെ സാമാന്യവല്‍ക്കരിക്കുകയോ (normalize) ഊതിപെരുപ്പിക്കുകയോ ചെയ്യുന്ന ഭാഷ ഉപയോഗിക്കാന്‍ പാടില്ല, ഉദ്വേഗമുണ്ടാക്കുന്ന രീതിയില്‍ അവതരിപ്പിക്കാനോ, പ്രശ്നങ്ങള്‍ക്കുള്ള ക്രിയാത്മകമായ പരിഹാരമാണ് ആത്മഹത്യ എന്ന രീതിയില്‍ സംസാരിക്കാനോ പാടില്ല.

3.ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ച രീതി വ്യക്തമാക്കുന്ന വിശദീകരണങ്ങള്‍ ഒഴിവാക്കുക

4.എവിടെയാണ് ആത്മഹത്യ നടന്നത് എന്നതിന്റെ 'ലൊക്കേഷന്‍' വിവരങ്ങള്‍ പുറത്തു വിടരുത്.

5.'സെന്‍സേഷനലൈസ്' ചെയ്ത് തലക്കെട്ടുകള്‍ നല്‍കാതെ ഇരിക്കുക.

6. ആത്മത്യയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോ ഫുട്ടേജുകള്‍, സോഷ്യല്‍ മീഡിയ ലിങ്കുകള്‍ എന്നിവ ഷെയര്‍ ചെയ്യാതിരിക്കുക.

ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ പല ഹിന്ദി വാര്‍ത്താ ചാനലുകളും സുശാന്ത് സിംഗിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ലംഘിച്ചിരിക്കുന്നു. സി-ഗ്രേഡ് മാധ്യമ പ്രവര്‍ത്തനത്തിന്റെ നിലവാരത്തിലേക്ക് തരം താണിരിക്കുകയാണ് തങ്ങള്‍ എന്ന് ഓരോ ഹിന്ദി വാര്‍ത്ത ചാനലുകളും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. മറ്റുള്ള ഭാഷകളിലെ ചാനലുകളിലും സ്ഥിതി വ്യത്യസ്തമല്ല. മാധ്യമപ്രവര്‍ത്തനം എന്നാല്‍ എങ്ങനെ ആയിരിക്കരുത് എന്ന് കാണിച്ചു തരികയാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രമുഖ വാര്‍ത്ത ചാനലുകള്‍ ചെയ്യുന്നത്. മാധ്യമ സ്ഥാപനങ്ങള്‍ക്ക് തെറ്റുകള്‍ പറ്റാം, അത് തിരുത്തി മുന്നോട്ട് പോവുകയും ചെയ്യാം. എന്നാല്‍ ഇത്തരത്തിലുള്ള നിലവാരം കുറഞ്ഞ റിപ്പോര്‍ട്ടിങ് പ്രവണതകളിലൂടെ വിപരീദ ദിശയിലേക്കാണ് ദൃശ്യമാധ്യമങ്ങള്‍ നീങ്ങുന്നത്. മുന്‍പൊക്കെ ചാനല്‍ വാര്‍ത്തകള്‍ ടി.വി.-യില്‍ കണ്ട് അവിടെ തീരുമായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. എല്ലാ വാര്‍ത്ത ചാനലുകള്‍ക്കും യൂട്യൂബ് ലൈവും, യൂട്യൂബ് ചാനലും, വെബ്സൈറ്റും, സമൂഹ മാധ്യമ അക്കൗണ്ടുകളും, ഫേസ്ബുക്ക് പേജുകളും, ട്വിറ്ററും, ടെലെഗ്രാമും, ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും എല്ലാമുണ്ട്. ഒരു വാര്‍ത്ത നിമിഷങ്ങള്‍ കൊണ്ട് വാട്ട്‌സാപ്പിലൂടെ മാത്രം ആയിരങ്ങളാണ് ഷെയര്‍ ചെയ്യുന്നത്. വ്യാജവാര്‍ത്തകള്‍ ഇന്ന് മാധ്യമ രംഗത്ത് വലിയ വെല്ലുവിളിയാണ്. ഇത് സമൂഹ-രാഷ്ട്രീയ മണ്ഡലത്തെയും ബാധിക്കുന്നുണ്ട്. ഉത്തരവാദിത്വത്തോടെ ഇതിനെയെല്ലാം ചെറുത്തു നിന്നു പോരാടേണ്ട മാധ്യമങ്ങള്‍ പക്ഷേ വാര്‍ത്തകളുടെ റേറ്റിംഗിന് പിന്നാലെയാണ്.

മാനസികാരോഗ്യത്തെ (mental health), അല്ലെങ്കില്‍ ഡിപ്രെഷന്‍ പോലെയുള്ള പ്രശ്‌നങ്ങളെ ഇപ്പോഴും പൊതുസമൂഹം കാണുന്നത് ഒരു വ്യക്തിയുടെ കുറവായിട്ടാണ്. അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സ്‌കൂളുകളിലോ കോളേജുകളിലോ പോലും നടക്കാറില്ല. ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യര്‍ കൂടുതല്‍ ഒറ്റപ്പെടുകയും, അന്യവത്കരണത്തിനു ഇരയാകുകയും ചെയ്യുകയാണ് എന്നത് സമൂഹത്തില്‍ ദൃശ്യമായ യാഥാര്‍ഥ്യമാണ്. ഇപ്പോഴും 'ഡിപ്രെഷന്‍' എന്നാല്‍ ഏതൊരാള്‍ക്കും സംഭവിക്കാവുന്ന ഒരു കാര്യമാണ് എന്ന് സമൂഹത്തില്‍ എത്ര പേര്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്? അല്ലെങ്കില്‍ ശരിയായ വസ്തുതകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ എത്ര മാധ്യമങ്ങളാണ് ശ്രമിച്ചിട്ടുള്ളത്? നിരന്തരം ആത്മഹത്യാ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അത് 'കോപ്പിക്കാറ്റ് സൂയിസൈഡ്' -ലേക്ക് (copycat suicide) ഒക്കെ നയിക്കും എന്ന കാര്യം വാര്‍ത്ത ചാനലുകള്‍ക്ക് അറിയാത്ത കാര്യം അല്ലല്ലോ. ശരിയായ മാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ നടക്കുന്നില്ല എന്നല്ല പറഞ്ഞു വരുന്നത്. മാധ്യമങ്ങളെ പൂര്‍ണമായി അടച്ചാക്ഷേപിക്കുകയുമല്ല. കോവിഡിന്റെ കാലത്ത് പ്രധാനമായും ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആശ്രയിച്ചാണ് എല്ലാവരും വാര്‍ത്തകള്‍ അറിയുന്നത്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍, കോവിഡ് ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ പല മാധ്യമങ്ങളും കൃത്യമായ വാര്‍ത്തകള്‍ നല്‍കിയിരുന്നു. എന്നാല്‍ സുശാന്ത് സിങ്ങിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തതില്‍ ചില മാധ്യമങ്ങള്‍ വരുത്തിയ വീഴ്ച്ച ഗുരുതരമാണ്. കുറച്ച് സമയത്തെ ജനശ്രദ്ധക്കും റേറ്റിംഗിനും വേണ്ടി മനുഷ്യത്വമില്ലാത്ത മാധ്യമപ്രവര്‍ത്തനം നടത്തുന്നതിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരണം.

(കടപ്പാട് - ബൂം ലൈവ്, ദി പ്രിന്റ്, ദി ക്വിന്റ്)

AD
No stories found.
The Cue
www.thecue.in