സിനിമയ്ക്കുവേണ്ടി അഭിനയിച്ച രംഗം പോണ്‍ സൈറ്റുകളിലടക്കം പ്രചരിപ്പിച്ചു, പരാതിയില്‍ നടപടിയില്ല, വെളിപ്പെടുത്തി നിയമ വിദ്യാര്‍ത്ഥിനി

സിനിമയ്ക്കുവേണ്ടി അഭിനയിച്ച രംഗം പോണ്‍ സൈറ്റുകളിലടക്കം പ്രചരിപ്പിച്ചു, പരാതിയില്‍
നടപടിയില്ല, വെളിപ്പെടുത്തി നിയമ വിദ്യാര്‍ത്ഥിനി

14ാം വയസ്സില്‍ 'ഫോര്‍ സെയില്‍' എന്ന മലയാള സിനിമയില്‍ അഭിനയിക്കെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലടക്കം പ്രചരിപ്പിച്ചവരെ ഇനിയും പിടികൂടിയില്ലെന്ന് നിയമവിദ്യാര്‍ത്ഥിനി ഫെയ്‌സ്ബുക്ക് വീഡിയോയില്‍. മുകേഷ്, കാതല്‍സന്ധ്യ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായ 'ഫോര്‍ സെയില്‍' എന്ന ചിത്രത്തില്‍ അഭിനയിച്ച സോന എം എബ്രഹാമാണ് ഡബ്ല്യുസിസിയുടെ റഫ്യൂസ് ദ അബ്യൂസ് ക്യാംപയിനിനോട് അനുഭാവം പ്രകടിപ്പിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. സതീഷ് അനന്തപുരിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ആന്റോ കടവേലിലാണ് ചിത്രം നിര്‍മ്മിച്ചത്. ഇരുവര്‍ക്കും ചിത്രത്തിന്റെ എഡിറ്റര്‍ക്കും മാത്രം ആക്‌സസ് ഉണ്ടായിരുന്ന ദൃശ്യങ്ങള്‍ എങ്ങനെ പോണ്‍ സൈറ്റുകളിലടക്കം പ്രചരിച്ചുവെന്നതിന് പൊലീസിന് ഇത്ര വര്‍ഷമായിട്ടും ഉത്തരമില്ലെന്ന് സോന പറയുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നിലവിലുള്ള എല്ലാ നിയമസംവിധാനങ്ങളെയും സമീപിച്ചു. ഡിജിപിയ്ക്കടക്കം പരാതി നല്‍കി. ഹൈക്കോടതിയെ സമീപിച്ചു. എന്നിട്ടും ഒരു നടപടിയുമില്ല. ഇളയ സഹോദരി ബലാത്സംഗം ചെയ്യപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന കഥാപാത്രമാണ് ചിത്രത്തില്‍ കാതല്‍ സന്ധ്യയുടേത്. അനുജത്തിയായി വേഷമിട്ടത് താനായിരുന്നു. താന്‍ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സംവിധായകന്റെ കലൂരിലെ ഓഫീസില്‍ വെച്ചാണ് ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങള്‍ പിന്നീട് യൂട്യൂബിലും പോണ്‍ സൈറ്റുകളിലും തീര്‍ത്തും മോശം കുറിപ്പുകളോടെ പ്രചരിപ്പിച്ചു. താനും കുടുംബവും വര്‍ഷങ്ങളായി ഇതില്‍ സമൂഹത്തിന്റെ അധിക്ഷേപം നേരിടുകയാണെന്നും ഇനിയും മോചിതരായിട്ടില്ലെന്നും സോന പറയുന്നു.

സോന എം എബ്രഹാം പറയുന്നു

ഫോര്‍ സെയിലിന്റെ പ്രമേയത്തെക്കുറിച്ച് ഇന്നാലോചിക്കുമ്പോള്‍ അതില്‍ അഭിനയിച്ചെന്നത് വളരെയധികം ഭീതിപ്പെടുത്തുന്ന ഒന്നാണ്. സ്ത്രീവിരുദ്ധത നിറഞ്ഞതും അതിനെ ഗ്ലോറിഫൈ ചെയ്യുന്നതുമായിരുന്നു ചിത്രം. സഹോദരി നശിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യചെയ്യുന്ന നായികയുടെ വേഷമാണ് കാതല്‍ സന്ധ്യയുടേത്. സിനിമയില്‍ അനുജത്തിയുടെ കഥാപാത്രം ഞാനാണ് അവതരിപ്പിച്ചത്. അതില്‍ അഭിനയിച്ചതിലൂടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ വരെ എത്തിപ്പെട്ടു. പക്ഷേ ആത്മഹത്യ ചെയ്തില്ല. അനുജത്തി ആക്രമിക്കപ്പെടുന്ന വീഡിയോ ഷൂട്ട് ചെയ്യണമെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. അന്ന് എനിക്ക് 14 വയസ്സാണ്. 150 പേരോളമുള്ള സെറ്റില്‍ അത് ഷൂട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞു. എന്തുതരം സിനിമയിലാണ്, എന്ത് സീനിലാണ് അഭിനയിക്കുന്നത്, അതിലൂടെ ഈ സമൂഹത്തോട് എന്താണ് പറയുന്നത് എന്നുപോലും തിരിച്ചറിയാനാകാത്ത പ്രായമാണ്. ഒടുവില്‍ ആ സീന്‍ ഡയറക്ടറുടെ കലൂരിലെ ഓഫീസിലാണ് ചിത്രീകരിച്ചത്. എന്റെ പേരന്റ്‌സും കുറച്ചുമാത്രം അണിയറപ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. അതിനുശേഷം പത്താം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞ് ഞാന്‍ നോര്‍മല്‍ ലൈഫിലേക്ക് മടങ്ങി. എന്നാല്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ സീന്‍ യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിച്ചു. അത്തരം ഒരനുഭവം ലോവര്‍ മിഡില്‍ ക്ലാസില്‍പ്പെടുന്ന തന്റെ കുടുംബത്തിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. സുഹൃത്തുക്കള്‍, ബന്ധുക്കള്‍,ആധ്യാപകര്‍ എന്നിവരൊക്കെ സംശയത്തോടെ നോക്കുന്നു. വീട്ടുകാര്‍ക്ക് വളരെ സ്‌നേഹവും എന്റെ കഴിവില്‍ നല്ല വിശ്വാസവുമുണ്ട്. എന്നാല്‍ സിനിമ എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് പേടിയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സമൂഹത്തില്‍ നിന്ന് അത്രയും കുത്തുവാക്കുകള്‍ ഏറ്റുകൊണ്ടിരിക്കുകയാണ്. എന്തിനാണ് നാണംകെട്ട് ജീവിക്കുന്നത് എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. എനിക്ക് എന്തോ വലിയ കുറവുണ്ടെന്ന രീതിയിലാണ് ആളുകള്‍ നോക്കുന്നത്. അദ്ധ്യാപകരുടെ നോട്ടം പോലും വേദനിപ്പിച്ചു. അങ്ങനെയുള്ള ചേട്ടന്‍മാരോട് ഒരു കാര്യമേ പറയാനുള്ളൂ. ചേട്ടന്‍മാരേ, ഞാന്‍ ഇപ്പോഴും ജീവനോടെയുണ്ട്. എനിക്ക് ഒന്നും നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നില്ല. എന്നെക്കാള്‍ ദുഖം നിങ്ങള്‍ക്കാണ്. എനിക്ക് എന്തോ കുറവുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് എന്റെ ബന്ധുക്കള്‍ പോലും ശ്രമിച്ചത്. വീഡിയോ റിമൂവ് ചെയ്യാന്‍ എല്ലാ നിയമസ്ഥാപനങ്ങളെയും ഞാനും കുടുംബവും സമീപിച്ചു. ഇന്നുവരെ പോസിറ്റീവ് റെസ്‌പോണ്‍സ് ഉണ്ടായിട്ടില്ല. വിജയ് പി നായര്‍ക്കെതിരെ പ്രതികരിച്ചവരോട് സമൂഹം പ്രതികരിക്കുന്നത് കണ്ട് ഉറക്കം വരാത്ത വ്യക്തിയാണ് ഞാന്‍. സൈബര്‍ സെല്‍ മുതല്‍ ഡിജിപിക്ക് വരെ പരാതി നല്‍കിയിട്ടും നടപടിയില്ല. നിര്‍മ്മാതാവിനും സംവിധായകനും എഡിറ്റര്‍ക്കും മാത്രം ആക്‌സസ് ഉള്ള വീഡിയോ എങ്ങനെ ലീക്കായെന്നതിന് അവര്‍ക്ക് ഉത്തരമില്ല. ഹൈക്കോടതിയില്‍ ഇപ്പോഴും കേസുണ്ട്. എല്ലാ അധിക്ഷേപങ്ങളും വിദ്വേഷവും നേരിട്ട് ജീവിക്കുകയാണ്. തെറിവിളിക്കുന്നവര്‍ മാനസിക വൈകല്യമുള്ളവരാണ്. അത് അവരുടെ അവകാശമായി കണക്കാക്കുകയാണ്.അവരാണ് സമൂഹത്തിന്റെ കാവല്‍ ഭടന്‍മാരെന്നാണ് കരുതുന്നത്. സ്ത്രീകളെ നികൃഷ്ട ജന്‍മങ്ങളായാണ് അവര്‍ കാണുന്നത്. അവര്‍ക്ക് നഷ്ടപ്പെടാത്ത എന്തോ നമുക്ക് കൂടുതലായിട്ടുണ്ട് എന്ന നിലയ്ക്കാണ് അവരുടെ പ്രതികരണം. അമ്മയില്‍ നിന്ന് രാജിവെച്ച പാര്‍വതിയോട് വളരെ ബഹുമാനമുണ്ട്. ഇടവേള ബാബുവിനെ പോലുള്ളവരാണ് സ്ത്രീകള്‍ ഒരു കച്ചവട വസ്തുവാണെന്ന രീതിയില്‍ ധാരണ സൃഷ്ടിച്ചത്. സിനിമയിലെ പുരുഷമേധാവിത്വമാണ് ആ രംഗത്തിന് ചീത്തപ്പേരുണ്ടാക്കിയത്. സദാചാരവാദികളോട് നിങ്ങളെ എനിക്ക് പേടിയില്ലെന്നാണ് പറയാനുള്ളത്. ആറേഴ് വര്‍ഷായി അധക്ഷേപം നേരിടുകയാണ്. അത് എന്നെ എത്രമാത്രം ദുര്‍ബലയാക്കിയോ അത്രമാത്രം ശക്തയുമാക്കി. അതിന്റെ ഡിപ്രഷനില്‍ നിന്ന് പൂര്‍ണമായും മോചിതയായിട്ടില്ല. എന്നാലും നിങ്ങളെ ഞങ്ങള്‍ക്ക് പേടിയില്ല. അധിക്ഷേപങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു.

I have always been afraid of the society and judgements and i took the abuse as if i deserved it .But i didn't deserve...

Posted by Sona M Abraham on Saturday, October 17, 2020
No stories found.
The Cue
www.thecue.in