പൃഥ്വിയുടെ വര്‍ക്ക് ഔട്ടിന് 'വേറെ ലെവലും' കയ്യടിയും, അനശ്വരയുടെ ഫോട്ടോ ഷൂട്ടിന് ബുള്ളിംയിംഗും സദാചാര ക്ലാസും

പൃഥ്വിയുടെ വര്‍ക്ക് ഔട്ടിന് 'വേറെ ലെവലും' കയ്യടിയും, അനശ്വരയുടെ ഫോട്ടോ ഷൂട്ടിന് ബുള്ളിംയിംഗും സദാചാര ക്ലാസും
Summary

ഇരട്ടത്താപ്പും സ്ത്രീവിരുദ്ധതയും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

സെലിബ്രിറ്റികള്‍ പ്രത്യേകിച്ച് നടിമാര്‍ക്ക് ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ആഗ്രഹത്തിനൊത്ത് വസ്ത്രം ധരിക്കണമെങ്കില്‍ സദാചാര അക്രമികളുടെ മുന്‍കൂര്‍ അനുമതിയും, സര്‍ട്ടിഫിക്കറ്റും വാങ്ങിച്ചെടുക്കണമെന്നാണ് സൈബര്‍ ലോകത്തെ അപ്രഖ്യാപിത നിയമം. അനുശ്രീയോ, സാനിയാ അയ്യപ്പനോ, മുതല്‍ അനശ്വര രാജന്‍ വരെയുള്ള ആരും 'നാടന്‍ ശാലീന' വസ്ത്രത്തിന് പകരം മോഡേണ്‍ ഡ്രസിലെത്തിയാല്‍ കമന്റ് ബോക്‌സ് ആക്രമണ വേദിയാക്കും. ബാലതാരങ്ങളായെത്തിവര്‍ 'നാടന്‍' എന്ന് വിളിക്കുന്ന പരമ്പരാഗത വസ്ത്രത്തില്‍ അല്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ കുടുംബാംഗങ്ങളെ വരെ അധിക്ഷേപിക്കുന്ന അവസ്ഥ. സിനിമയില്‍ കൂടുതലും ദാവണിയോ സാരിയോ ധരിച്ച കഥാപാത്രങ്ങളായെത്തിയ അഭിനേത്രി ആണങ്കില്‍ സൈബര്‍ 'ആങ്ങള'മാരായും സൈബര്‍ സദാചാരസംഘമായും എത്തുന്ന അക്രമികളുടെ ആക്രമരീതിയും ശൈലിയും മാറും. ഏറ്റവുമൊടുവില്‍ യുവനായിക അനശ്വര രാജനാണ് സൈബര്‍ ബുള്ളിയിംഗിന് ഇരയായത്. ഷോര്‍ട്‌സ് ധരിച്ചുള്ള ഫോട്ടോഷൂട്ടാണ് സൈബര്‍ അക്രമികളെ പ്രകോപിപ്പിച്ചത്. ഉപദേശവും ക്ലാസും വസ്ത്രം എങ്ങനെ തെരഞ്ഞെടുക്കണമെന്നത് മുതല്‍ 'സംസ്‌കാരം' പഠിപ്പിച്ചെടുക്കല്‍ വരെയയായി കമന്റ് ബോക്‌സ്.

ഇതേ ഫോട്ടോ ഷൂട്ട് സീരീസിലുള്ള രണ്ട് ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്ത് അനശ്വര രാജന്‍ ചുട്ട മറുപടിയും നല്‍കി. അനശ്വരയുടെ മറുപടിക്ക് പിന്നാലെ പൃഥ്വിരാജ് സുകുമാരന്റെ വര്‍ക്ക് ഔട്ട് ചിത്രത്തിനുള്ള കമന്റും, അനശ്വരയുടെ പുതിയ ഫോട്ടോയ്ക്ക് കീഴിലുള്ള കമന്റുകളും താരതമ്യം ചെയ്ത് വസ്ത്രധാരണത്തിലെ സ്ത്രീവിരുദ്ധ മുന്‍വിധികളെ പൊളിച്ചടുക്കുകയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലര്‍.

ജിംനേഷ്യല്‍ നിന്ന് ഷര്‍ട്ട് ധരിക്കാതെ മസിലുകള്‍ കാട്ടി പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രത്തിന് ്'വേറെ ലെവല്‍', ജിംമാന്‍, കയ്യടി, ഫയര്‍ ഇമോജി, എന്നിവയാല്‍ നിറഞ്ഞിരിക്കുകയാണ് പൃഥ്വിയുടെ ഇന്‍സ്റ്റ അക്കൗണ്ടിലെ കമന്റ് ബോക്്‌സ്. ഷോര്‍ട്‌സ് ധരിച്ച് അനശ്വര ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ വസ്ത്രത്തിന്റെ നീളം, ഇറക്കം വീതി തുടങ്ങിയ വ്യക്തിഹത്യ നിറഞ്ഞ കമന്റുകളും പരിഹാസവുമായി കമന്റുകള്‍. പതിനെട്ട് വയസാകാന്‍ കാത്തിരിക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍?, ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല, ഇങ്ങനെ നീളുന്നു കമന്റുകളും ഓണ്‍ലൈന്‍ സദാചാര ക്ലാസും. വ്യക്തിഹത്യയിലേക്കും സ്വഭാവദൂഷ്യം ആരോപിക്കുന്നതിലേക്കും നീങ്ങുന്ന കമന്റുകളും നിരവധി.

മലയാളികളുടെ ഇരട്ടത്താപ്പെന്ന രീതിയിലും, വസ്ത്രസ്വാതന്ത്ര്യം സ്ത്രീയുടെതും പുരുഷന്റെതും നിര്‍വചിക്കുന്ന രീതിയിലെ മുന്‍വിധികളുമെല്ലാം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട. എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിനെന്നോര്‍ത്ത് ആശങ്കപ്പെടുക എന്നായിരുന്നു അനശ്വര അക്രമികള്‍ക്ക് നല്‍കിയ മറുപടി.

നേരത്തെയും ഫേസ്ബുക്ക് ലൈവിനിടെ അനശ്വരക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in