സൈബര്‍ ലൈംഗിക അധിക്ഷേപത്തിന് ആര് ലോക്ക് ഡൗണ്‍ പറയും, ഫേക്കുകളെ എങ്ങനെ പരസ്യപ്പെടുത്താന്‍: വിനീതാ കോശി

സൈബര്‍ ലൈംഗിക അധിക്ഷേപത്തിന് ആര് ലോക്ക് ഡൗണ്‍ പറയും, ഫേക്കുകളെ എങ്ങനെ പരസ്യപ്പെടുത്താന്‍: വിനീതാ കോശി

കൊറോണയ്ക്ക് തടയിടാനായി ലോകം മുഴുവന്‍ ലോക്ഡൗണിലായി. വീട്ടിലിരുന്ന് മനുഷ്യന്‍ കൊവിഡിനോട് പ്രതിരോധം തീര്‍ത്തു. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയിലെ സൈബര്‍ ബുള്ളിയിംഗും ലൈംഗിക അധിക്ഷേപവും കുറഞ്ഞിരുന്നില്ല. നടിയാകട്ടെ, ടീച്ചര്‍ ആകട്ടെ, അല്ലെങ്കില്‍ വെറുമൊരു ടിക് ടോക് വീഡിയോ ചെയ്യുന്ന വീട്ടമ്മ ആകട്ടെ ഇത്തരം സൈബര്‍ അക്രമികളുടെ കയ്യില്‍നിന്നും രക്ഷയില്ല. ഒരു ഫോട്ടോ ഇട്ടാലോ വീഡിയോ ചെയ്താലോ അതിനടിയിലായി അശ്ലീല കമന്റുകളുമായി ഇത്തരക്കാര്‍ ഉടനടി പ്രത്യക്ഷപ്പെടും.

ഈ അടുത്ത ദിവസങ്ങളില്‍ ഇത്തരം അക്രമികളുടെ കയ്യില്‍ പെട്ട ഒരാളായിരുന്നു കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്ന ടീച്ചര്‍. വിദ്യാഭ്യാസമെന്നത് ആഭാസം ആക്കിത്തീര്‍ത്തു ആ ടീച്ചറെ ട്രോളി കമന്റിട്ടവര്‍. ഇത്തരത്തില്‍ ഉള്ളവര്‍ അശ്ലീലങ്ങളില്‍ സന്തോഷം കണ്ടെത്തുന്നവര്‍ ആണെന്ന് വിനീത കോശി.

സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് എടുക്കുന്ന ടീച്ചര്‍മാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടന്ന വൃത്തികേടിനെതിരെ ഞാന്‍ പോസ്റ്റ് ഇട്ടിരുന്നു. ഇത്തരക്കാരെ നന്നാക്കാം എന്ന് നമ്മള്‍ കരുതേണ്ട കാര്യമില്ല. ഒരിക്കലും അവരൊന്നും നന്നാവുകയില്ല. കാരണം ഇത് ഒരു തരം രോഗമാണ്. ഇതിനെതിരെ നമ്മളെത്ര പ്രതിഷേധിച്ചാലും മാറ്റം ഉണ്ടാകാന്‍ പോകുന്നില്ല. നാലക്ഷരം പറഞ്ഞുകൊടുക്കുന്നവരെ പോലും വെറുതെ വിടാന്‍ ഇവര്‍ തയ്യാറാകുന്നില്ല. ഇതില്‍ ശ്രദ്ധേയമായ കാര്യം ഇങ്ങനെ കമന്റ് ഇടുന്നവര്‍ പലരും ഫേക്ക് ഐഡിക്കാരാണ് എന്നതാണ്. ഈ കള്ള ഐഡികാരോട് നമ്മള്‍ എന്ത് പ്രതികരിക്കാനാണ്. പ്രതികരിച്ചാലും അത് അവര്‍ മൈന്‍ഡ് ചെയ്യുമോ.

ടീച്ചര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തത് വളരെ പ്രശംസനീയമായ കാര്യമാണ്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല സോഷ്യല്‍ മീഡിയ ഇടങ്ങളിലും ഇത്തരം ഇടപെടലുകള്‍ നടക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം. നേരത്തെ ഉള്ളതിനേക്കാള്‍ ഫേക്ക് ഐഡികള്‍ ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നു. ഒറിജിനല്‍ ഏത് ഡ്യൂപ്ലിക്കേറ്റ് ഏത് എന്ന് തിരിച്ചറിയാനാവാത്ത കാലം. സ്ത്രീകളോട് മാത്രമാണോ ഇവര്‍ ഇങ്ങനെ പെരുമാറുന്നത് എന്ന് ചിന്തിച്ചു പോകാറുണ്ട്.

മുമ്പ് ഇതുപോലെ എനിക്കും ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. സിനിമയില്‍ വരുന്നതിനു മുമ്പേ യൂട്യൂബ് ചാനലിലും ടിക്ടോക് വീഡിയോകളിലും എല്ലാം ഞാന്‍ സജീവമായിരുന്നു.ആ സമയത്തൊക്കെ കുറെയേറെ കമന്റുകള്‍ നേരിട്ടിട്ടുണ്ട്. ഞാനും തിരിച്ചു മറുപടി കൊടുക്കുമായിരുന്നു.സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇമെയിലില്‍ വരെ എനിക്ക് മോശം മെസേജ് അയച്ചവന്‍മാരുണ്ട്.

ആദ്യം പ്രതികരിക്കണ്ട എന്നു കരുതിയതാണ്. എന്നാല്‍ പേഴ്‌സണലായി ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ റിപോര്‍ട്ട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എനിക്ക് ഇങ്ങനെയൊരു സിറ്റുവേഷന്‍ വന്നാല്‍ അത് ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളയും. എന്നാല്‍ ഒരു സാധാരണക്കാരിക്കാണ് സംഭവിക്കുന്നതെങ്കിലോ, എല്ലാവരും സ്‌ട്രോങ്ങ് ആയിരിക്കണം എന്നില്ല. പുറത്തിറങ്ങുമ്പോള്‍ പത്താള് കളിയാക്കിയാല്‍ ചിലപ്പോള്‍ അവര്‍ക്കത് താങ്ങാന്‍ സാധിച്ചെന്ന് വരില്ല.

ഫേക്കുകളുടെ പതിവ്

പലപ്പോഴും ഫെയ്ക്ക് ഐഡികളില്‍ നിന്നുമാണ് ഇത്തരം കമന്റുകള്‍ വരുന്നത്. മറുപടി കൊടുക്കാനായി തപ്പി ചെല്ലുമ്പോള്‍ ആയിരിക്കും ഇതൊക്കെ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് അറിയുന്നത്. ഐഡിയൊക്കെ നോക്കിയാലോ മതപരമായിട്ടുള്ള കാര്യങ്ങളൊക്കെ ഷെയര്‍ ചെയ്യുന്ന പകല്‍മാന്യന്മാര്‍ ആണ് അധികവും. സ്പാം ആണെന്ന് തിരിച്ചറിഞ്ഞ് നീക്കം ചെയ്യട്ടെ എന്നു കരുതി പലതവണ അത്തരം ഫേയ്ക്ക് ഐഡിയില്‍ കയറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം മുഖമില്ലാത്ത ആളുകളോട് എങ്ങനെ പ്രതികരിക്കാനാണ്, പ്രതികരിച്ചിട്ട് കാര്യമുണ്ടോ.

ടീച്ചറുടെ കേസില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് ഇത്തരക്കാര്‍ക്കൊരു മുന്നറിയിപ്പാണ്.അങ്ങനെയൊരു നിലപാടുമായി ഭരണകൂടം മുന്നോട്ട് വരുമ്പോള്‍ പലര്‍ക്കും ഒരു ഭയം ഉണ്ടാകും ഇനിയിങ്ങനെയൊന്നിന് മുതിരുന്നതിന് മുമ്പ് രണ്ടാമതൊന്ന് ആലോചിക്കും. ശരിക്കും സോഷ്യല്‍ മീഡിയ തന്നെ ഇത്തരത്തിലുള്ള നിലപാടുകള്‍ കൈക്കൊള്ളേണ്ടതാണ്. എങ്കില്‍ മാത്രമേ സൈബര്‍ ബുള്ളിയിംഗ് ഒരുപരിധിവരെയെങ്കിലും നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ.

ഒളിനോട്ട തൃപ്തി

ഒരു നടി പ്രൊഫൈല്‍ പിക്ക് ഇട്ടാലോ അല്ലെങ്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്താലോ ഒക്കെ നോക്കിയിരുന്ന് കമന്റിടുന്നവരുടെ ഉദ്ദേശം എന്താണെന്ന് ഒരു പിടിയുമില്ല. മൊബൈലും ലാപ്‌ടോപ്പുമെല്ലാം തുറന്ന് വച്ച് ഇങ്ങനെയുള്ള കലാപരിപാടികള്‍ ചെയ്യുന്നത് ഇവരൊക്കെ ശരിക്കുള്ള ജീവിതം കാണാത്തതുകൊണ്ടാണോ?

നമുക്ക് ചുറ്റും എന്തൊക്കെ സംഭവിക്കുന്നു, ലോകത്ത് എന്തൊക്കെ നല്ല കാര്യങ്ങള്‍ നടക്കുന്നു. അങ്ങനെ അറിയാനും കാണാനും ഒത്തിരിയുള്ളപ്പോള്‍ ഇത്തരം ഒളിഞ്ഞുനോട്ടങ്ങളും വാചക കസര്‍ത്തുമെല്ലാം എന്തിനാണ്. ശരിക്കും ഈ സൈബര്‍ അക്രമികള്‍ക്കാണ് ലോക് ഡൗണ്‍ വീഴേണ്ടത്. ഒരു മാതിരിപ്പെട്ട കമന്റടികളൊക്കെ ഞാന്‍ ഇഗ്‌നോര്‍ ചെയും. എന്നെ അഫക്റ്റ് ചെയ്യുന്ന ഘട്ടം വരുമ്പോള്‍ മാത്രമാണ് പ്രതികരിക്കാറ്.

പലരും ഇത്തരം കാര്യങ്ങള്‍ ഒരു പരിധി വരെ അവോയ്ഡ് ചെയ്യാറാണ് പതിവ്. എന്നാല്‍ അങ്ങനെ അല്ല വേണ്ടത്. എല്ലാത്തിനും ഉണ്ട് ഒരു ലിമിറ്റ്.ആ ലിമിറ്റ് വിട്ടാല്‍ അത് നിയന്ത്രിക്കുക തന്നെ വേണം.

AD
No stories found.
The Cue
www.thecue.in