'സാധാരണ ഗതിയില്‍ ഒരു മുസ്ലീം വളപ്പിനകത്തുപോലും പ്രവേശിപ്പിക്കാത്ത വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി, മനുഷ്യവിരുദ്ധ നിലപാടുള്ളവര്‍': എം.സ്വരാജ്

ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ ആധുനിക ആശയങ്ങളെ കഠിനമായി എതിര്‍ക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്ന് സി.പി.എം നേതാവ് എം.സ്വരാജ്. ഏറെ പ്രാകൃതമായ, അപരിഷ്‌കൃതമായ, മനുഷ്യവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച ഒരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. കേരള മതനിരപേക്ഷസമൂഹത്തിന് ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുന്നതില്‍ വീഴ്ച വരാന്‍ പാടില്ലെന്നും 'ക്യു ടോക്ക്‌സി'ല്‍ എഴുത്തുകാരനും നിരൂപകനുമായ എന്‍.ഇ.സുധീറുമായി സംസാരിക്കവെ എം.സ്വരാജ് പറഞ്ഞു.

എം.സ്വരാജിന്റെ വാക്കുകള്‍;

'ജമാഅത്തെ ഇസ്ലാമി ഒരു നിലക്കും ജനാധിപത്യസമൂഹത്തിലോ മതനിരപേക്ഷ സമൂഹത്തിലോ അംഗീകരിക്കാവുന്ന സംഘടനയല്ല. ഏറ്റവും പ്രധാനമായി തന്നെ ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. അവര്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയും, തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷെ അടിസ്ഥാനപരമായി അവര്‍ അത് അംഗീകരിക്കുന്നില്ല. ജനാധിപത്യം മതനിരപേക്ഷത തുടങ്ങിയ ആധുനിക ആശയങ്ങളെ കഠിനമായി എതിര്‍ക്കുന്നവരുമാണ്.

കേരളത്തില്‍ ഉള്‍പ്പടെ ജമാഅത്തെ ഇസ്ലാമിക്കാര്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കുമായിരുന്നില്ല. ദൈവീകരാഷ്ട്രത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും, അള്ളാഹുവിന്റെ കയ്യില്‍ നിന്ന് മാത്രമേ പ്രതിഫലം സ്വീകരിക്കൂ എന്നുമായിരുന്നു അവരുടെ ആശയം. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ജോലിയൊക്കെ സ്വീകരിക്കാന്‍ തുടങ്ങി, അത് നല്ലകാര്യമാണ്.

കഴിഞ്ഞ ദിവസം മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇടതുപക്ഷത്തെ പ്രത്യേകിച്ച് സി.പി.എമ്മിനെ, കംപ്യൂട്ടറിനും ട്രാക്ടറിനും ഒക്കെ എതിരെ എന്ന് പറഞ്ഞ് പരിഹസിക്കുന്നുണ്ട്. എത്രയോ കാലമായി വലതുപക്ഷം അത് പ്രചരിപ്പിക്കുന്നതാണ്, പക്ഷെ സത്യാവസ്ഥ എല്ലാവര്‍ക്കും അറിയാം.

ഏറെ പ്രാകൃതമായ, അപരിഷ്‌കൃതമായ, മനുഷ്യവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച ഒരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. അവര്‍ കേരളത്തില്‍ മാധ്യമം ആരംഭിക്കുന്നു, മാധ്യമം ആരംഭിക്കുമ്പോള്‍ ഞാനീ പറഞ്ഞ സ്വഭാവ സവിശേഷതകള്‍ ഉള്ള ജമാഅത്തെ ഇസ്ലാമിക്ക് കേരളത്തില്‍ ഇടം കിട്ടില്ല എന്നവര്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ട് തന്നെ അവര്‍ അതിനെ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് നോക്കുന്നത്. അത് ജനങ്ങളെ പറ്റിക്കാനാണ്. അതിന് പല മുഖങ്ങള്‍ അവര്‍ ഉപയോഗിച്ചിട്ടുണ്ട്. അത് മാധ്യമം പത്രത്തിന്റെ 'മുഖം മൂടി'യായിരുന്നു.

പുരോഗമനപരമായ പല നിലപാടുകളും അവര്‍ പലകാര്യങ്ങളിലും സ്വീകരിച്ചിട്ടുള്ളവരാകാം. അക്കാരണം കൊണ്ട് ഇത്തരം കാര്യങ്ങളില്‍ എല്ലാവരും ജാഗ്രത കാണിച്ചുകൊള്ളണം എന്ന് ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഹിറ്റ്‌ലര്‍ ഇപ്പോ ഒരു വാരിക തുടങ്ങിയാല്‍, കുറച്ച് സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളതാണെങ്കില്‍, പൊതുവില്‍ പുരോഗമന നിലപാട് സ്വീകരിക്കുന്ന പലരും അതില്‍ എഴുതും. അത് കേരളത്തില്‍ ഒരു യാഥാര്‍ത്ഥ്യമാണ്. ചിലപ്പോള്‍ അവര്‍ ന്യായീകരിക്കുകയും ചെയ്യും.

താലിബാനെ കുറിച്ച് സ്വതന്ത്ര അഫ്ഗാന്‍ എന്നെഴുതിയത് ഇന്നായിരിക്കാം. താലിബാന്‍ മുന്നണിയില്‍ നില്‍ക്കുന്നവരൊക്കെ കവിത എഴുതുന്നവരാണ്, നല്ല കവികളാണെന്നാണ് കഴിഞ്ഞ ദിവസം മാധ്യമത്തില്‍ എഴുതിയത്. എട്ട് മാസം ഗര്‍ഭിണിയായ മുന്‍പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്ന വാര്‍ത്തയാണ് പിന്നീട് വായിച്ചത്. പെണ്ണ് പ്രസവിച്ചാല്‍ മതി വേറൊന്നും ചെയ്യണ്ട എന്നാണ് താലിബാന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. അത് ജമാഅത്തെ ഇസ്ലാമിയുടെ കൂടി നിലപാടാണെന്നാണ് മനസിലാക്കുന്നത്. ഇപ്പോ ആളുകള്‍ ഇത് തിരിച്ചറിയുന്നതും മനസിലാക്കുന്നതും, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളുടെ ഒരു സ്വഭാവം വെച്ചിട്ടാണ്. പക്ഷെ അതാണ് ജമാഅത്തെ ഇസ്ലാമി, അതാണ് മാധ്യമം.

കേരളത്തില്‍ എണ്ണത്തില്‍ വളരെ കുറവാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. സാധാരണ ഗതിയില്‍ ഒരു മുസ്ലീം അയാളുടെ വളപ്പിനകത്തുപോലും പ്രവേശിപ്പിക്കാത്ത ഒരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. വളരെ ചുരുങ്ങിയ ആളുകളുടെ പിന്തുണയേ ഉള്ളൂ. അതുകൊണ്ട് തന്നെ വലിയ വെല്ലുവിളിയാകില്ലെന്ന് പൊതുസമൂഹം കരുതിയിട്ടുണ്ടാകാം. കേരള മതനിരപേക്ഷസമൂഹത്തിന് ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുന്നതില്‍ അല്ലെങ്കില്‍ മാധ്യമം ഉയര്‍ത്തുന്ന നിലപാടുകളെ എതിര്‍ക്കുന്നതില്‍ ഒരു അയവേറിയ സമീപനം വന്നുപോയിട്ടുണ്ടാകാം. അങ്ങനെ വരാന്‍ പാടില്ല. കേരള സമൂഹം ഇത് തിരിച്ചറിഞ്ഞ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.'

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം:

Related Stories

No stories found.
logo
The Cue
www.thecue.in