കൊലകുറ്റമല്ലല്ലോ ചെയ്യുന്നത്; കസ്റ്റംസിന്റെ ഒത്താശയോടെയാണ് സ്വര്‍ണം കടത്തുന്നതെന്ന് കണ്ണിയായ യുവാവ്

കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ സ്വര്‍ണ്ണം കടത്തുന്നത് കസ്റ്റംസ് അധികൃതരുടെ ഒത്താശയോടെയാണെന്ന് സംഘത്തിലെ കണ്ണിയായ യുവാവ് ദ ക്യുവിനോട് പറഞ്ഞു. സ്വര്‍ണ്ണം പുറത്തെത്തിക്കാന്‍ കസ്റ്റംസും വിമാനത്താവളത്തിലെ ജീവനക്കാരും സഹായിക്കും. പണത്തിന് ആവശ്യമുള്ളത് കൊണ്ടാണ് സ്വര്‍ണ്ണക്കടത്തിന്റെ ഭാഗമായത്. പിടിക്കപ്പെട്ടാലും കൊലക്കുറ്റമൊന്നുമല്ലാത്തതിനാല്‍ സമൂഹത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നില്ലെന്നും യുവാവ് പറഞ്ഞു.

രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടമുണ്ടാക്കുന്ന കള്ളക്കടത്തിന് പിന്നില്‍ ആരാണെന്ന ആന്വേഷണത്തിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കടത്തിലെ കണ്ണിയായ യുവാവിനെ കണ്ടത്. പേരുള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ പുറത്തറിയിക്കില്ലെന്ന ഉറപ്പിലാണ് യുവാവ് രാത്രി പത്തരയോടെ സംസാരിക്കാന്‍ തയ്യാറായത്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളിലൂടെ നിരന്തരം സ്വര്‍ണ്ണം എത്തുന്നതായി യുവാവ് സമ്മതിച്ചു. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണ്ണമെത്തിക്കുന്നതെന്ന് കടത്തുന്നവര്‍ക്ക് അറിയില്ല. കുഴമ്പ് രൂപത്തിലാണ് കരിപ്പൂര്‍ വഴി സ്വര്‍ണ്ണമെത്തിച്ചത്. രൂപം മാറ്റാനും പഴയ രൂപത്തിലാക്കാനും ആളുകളുണ്ട്. വിമാനത്താവളത്തിന് പുറത്തെത്തുന്നതോടെ സ്വര്‍ണ്ണം ഏല്‍പ്പിച്ചവര്‍ക്ക് തന്നെ കൈമാറി. 20000 മുതലാണ് പണം ലഭിക്കുക. സ്വര്‍ണ്ണം കടത്തുന്നതിനായി മാത്രം പോകുന്നവരും, നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെയും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും യുവാവ് പറഞ്ഞു.

യുവാവ് പറഞ്ഞത്

ഒരു കിലോ ആയാലും പത്ത് കിലോ ആയാലും ദുബായിയില്‍ നിന്നും എത്തിക്കാം. കുഴമ്പ് രൂപത്തിലും മറ്റുമായാണ് കടത്തുന്നത്. കസ്റ്റംസിന്റെ ഒത്താശയോടെയാണ് പുറത്തെത്തിക്കുക. സ്വര്‍ണ്ണം കസ്റ്റംസിന്റെ അറിവോടെ പുറത്തെത്തിക്കും. ഫോട്ടോ അയച്ചു കൊടുക്കും. അത് വെച്ചാണ് തിരിച്ചറിയുക. ഗള്‍ഫില്‍ നിന്നും കൊണ്ടുവരാന്‍ ബുദ്ധിമുട്ടില്ല. ചോക്ലേറ്റ് രൂപത്തിലാക്കി മാറ്റി. ഇവിടെയെത്തിയാല്‍ വേര്‍തിരിച്ച് തരാനുള്ള മാഫിയയുണ്ട്. വിമാനത്താവളത്തിന് പുറത്തെത്തിച്ചാല്‍ നമ്മളെ ആരാണോ സ്വര്‍ണ്ണം ഏല്‍പ്പിച്ചത് അവരുടെ ആളുകള്‍ തന്നെ വാങ്ങിക്കാനായി എത്തും. സ്വര്‍ണം എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല. വലിയൊരു മാഫിയ പിന്നിലുണ്ട്. അവര്‍ നമ്മളെ ബന്ധപ്പെടും. നാട്ടിലേക്ക് വരുന്ന ആളാണെങ്കില്‍ മാഫിയ നമ്മളെ ബന്ധപ്പെടും. പരിശോധന എല്ലായിടത്തും ഉണ്ടാകും. കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് നമ്മളുടെ വിജയം. 20000 രൂപ മുതല്‍ സ്വര്‍ണത്തിന്റെ അളവ് അനുസരിച്ച് കൊണ്ടുപോകും. നാട്ടിലേക്ക് വരുമ്പോള്‍ ഒരു തുക കിട്ടുന്നത് കൊണ്ടാണ് റിസ്‌ക് എടുക്കുന്നത്. കസ്റ്റംസിന്റെ ഭാഗത്ത് നിന്നുള്ള ക്ലിയറന്‍സുണ്ടെങ്കില്‍ അവര്‍ അക്കാര്യം തുറന്ന് പറയും. ഒറ്റ് കാരണമാണ് പിടിക്കപ്പെടുന്നത്. മാഫിയകളിലുള്ള ആളുകള്‍ തന്നെയാണ് ഒറ്റുന്നത്. പിടിക്കപ്പെട്ടാല്‍ സ്വയം കാര്യങ്ങള്‍ ചെയ്യണം. യുവാക്കളും സ്ത്രീകളുമാണ് ഇതില്‍ പങ്കാളികളാവുന്നത്. നികുതി വെട്ടിപ്പാണെങ്കിലും പണത്തിന് ആവശ്യമുള്ളത് കൊണ്ടാണ് ചെയ്യുന്നത്. പിടിക്കപ്പെട്ട സുഹൃത്തുകളുണ്ട്. കൊലക്കുറ്റമൊന്നുമല്ലല്ലോ ചെയ്യുന്നത്. മറ്റ് കുറ്റകൃത്യം പോലെ സമൂഹം കാണുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in