The Cue Explainer: ആര്‍സിഇപി എന്ന കരാര്‍ കെണി

ആസിയാന്‍ കരാര്‍ നടപ്പാക്കിയതിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും അനുഭവിക്കുകയാണ് കേരളത്തിലെ കര്‍ഷകര്‍. റബ്ബര്‍, കുരുമുളക്, ഏലം തുടങ്ങിയ നാണ്യവിളകളുടെ വിലത്തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടയിലേക്കാണ് ആര്‍സിഇപി എന്ന അന്തര്‍ദേശീയ വ്യാപാരക്കരാര്‍ എത്തുന്നത്.

എന്താണ് റീജിയണല്‍ കോംപ്രഹെന്‍സീവ് എക്കണോമിക് പാട്ണര്‍ഷിപ്പ്?

പത്ത് ആസിയാന്‍ രാജ്യങ്ങളും ചൈന, ജപ്പാന്‍, ന്യൂസിലന്‍ഡ്, ആസ്ത്രേലിയ, ദക്ഷിണ കൊറിയ എന്നിവരും പങ്കാളികളായ സ്വതന്ത്ര വ്യാപാരക്കരാര്‍ ആണ് ആര്‍സിഇപി. ഈ രാജ്യങ്ങളിലെ കാര്‍ഷിക, വ്യാവസായിക, സേവന, എഞ്ചിനീയറിങ് മേഖലകളിലെ ഉല്‍പന്നങ്ങള്‍ നികുതിയില്ലാതെ കയറ്റി അയക്കലാണ് കരാറിന്റെ ലക്ഷ്യം. കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടെ വിദേശ നിക്ഷേപം നടത്താനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുക. തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ കുറയ്ക്കുക എന്നീ നിബന്ധനകള്‍ വലിയ അപകടങ്ങളായി ഈ കരാറില്‍ ഒളിഞ്ഞിരിപ്പുണ്ട്.

കെണിയാവുന്നതിങ്ങനെ

കയറ്റുമതി കൂട്ടാനായി ഒപ്പുവെച്ച കരാറുകള്‍ വഴി ഇറക്കുമതി വര്‍ധിച്ചതാണ് മുന്‍കാലചരിത്രം. പുതിയ കരാര്‍ വഴി ഇന്ത്യയ്ക്ക് ഇറക്കുമതി തീരുവ 5 ശതമാനം മുതല്‍ പൂജ്യമായി വരെ താഴ്ത്തേണ്ടി വന്നേക്കും. ഇറക്കുമതി തീരുവ എന്ന പരിരക്ഷ ദുര്‍ബലമായാല്‍ കര്‍ഷകരേയും ചെറുകിട വ്യവസായങ്ങളേയും ഗുരുതരമായി ബാധിക്കും. ഉദാഹരണത്തിന് പാല്‍ ഉല്‍പന്നങ്ങള്‍ക്ക് നിലവിലുള്ള 64 ശതമാനം ഇറക്കുമതി നികുതി പിന്‍വലിക്കുകയാണെന്നിരിക്കട്ടെ. ക്ഷീരോല്‍പന്ന മേഖലയില്‍ പ്രബലരാണ് ന്യൂസിലന്‍ഡും ആസ്ട്രേലിയയും. ഇവിടെ പാല്‍പൊടിക്ക് 260 രൂപയാണെങ്കില്‍ ന്യൂസിലന്‍ഡില്‍ നിന്ന് 160 രൂപയ്ക്ക് പാല്‍പൊടി എത്തും. സാധനങ്ങള്‍ വിലകുറച്ച് കിട്ടുന്നത് ലാഭമല്ലേയെന്ന് ചിന്തിക്കരുത്. തനത് വിഭവങ്ങള്‍ക്ക് വിപണി മൂല്യം നഷ്ടമാകുന്നത് കാര്‍ഷികമേഖലയെ തകര്‍ക്കും. ആഭ്യന്തര ഉല്‍പന്നങ്ങള്‍ക്ക് വിലയിടിയുന്നത് എല്ലാവരേയും ബാധിക്കും.

30 ശതമാനം ഇറക്കുമതി തീരുവയാണ് മത്സ്യങ്ങള്‍ക്കുള്ളത്. ഇത് കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്താല്‍ ചൈനയില്‍ നിന്നും ഇന്തൊനീഷ്യയില്‍ നിന്നും വന്‍ തോതില്‍ മത്സ്യഇറക്കുമതിയുണ്ടാകും. ഇറക്കുമതി ചെയ്യുന്ന മത്സ്യത്തിന്റെ വില്‍പന വന്‍കിടക്കാരുടെ കൈയിലെത്തും. അത് മത്സ്യമേഖലയെ തകിടംമറിക്കും. വിയറ്റ്നാമില്‍ നിന്നുള്ള പൗള്‍ട്രി ഉല്‍പന്നങ്ങളും കര്‍ഷകര്‍ക്ക് ഭീഷണിയാകും. ഓസ്ട്രേലിയയില്‍ നിന്ന് പഞ്ചസാരയെത്തുന്നത് കരിമ്പ് കൃഷിയെ പ്രതിസന്ധിയിലാക്കും.

കരാറിലെ സെന്‍സിറ്റീവ് ഉല്‍പന്നങ്ങളുടെ പട്ടികയില്‍ നിന്ന് ഏതൊക്കെ കൃഷികളാണ് ഒഴിവാക്കിയതെന്ന് കേന്ദ്രം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. നാളികേരം, റബ്ബര്‍, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, കുരുമുളക്, ഏലം, മത്സ്യം, ധാന്യങ്ങള്‍, പച്ചക്കറി, തുണിത്തരങ്ങള്‍, ഇരുമ്പ്, ഉരുക്ക്, അലൂമിനിയം ഉല്‍പന്നങ്ങള്‍, ഇലക്ട്രിക്കല്‍ സാമഗ്രികള്‍, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചര്‍, സെറാമിക് വസ്തുക്കള്‍, കൃത്രിമനാരുകള്‍ എന്നിവയാണ് കരാര്‍ പരിധിയില്‍ പെട്ടേക്കാവുന്നത്.

അമേരിക്കയുമായുള്ള വ്യാപാരബന്ധങ്ങള്‍ പൊട്ടിച്ച ചൈന മറ്റ് കമ്പോളങ്ങള്‍ തേടുകയാണ്. ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ പകുതിയിലധികവും ചൈനയില്‍ നിന്നാണ്. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നില്‍ ആര്‍സിഇപി കരാര്‍ നടപടികള്‍ വേഗത്തിലാക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു എന്നാണ് വിലയിരുത്തല്‍. കരാര്‍ ബാധിക്കാന്‍ ഇടയുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ നടത്താതെയും ആശങ്കകള്‍ പരിഹരിക്കാതെയും കരാറുമായി മുന്നോട്ടുപോകുകയാണ് മോഡി സര്‍ക്കാര്‍. പാര്‍ലമെന്റിലോ പാര്‍ലമെന്റുമായി ബന്ധപ്പെട്ട ഏതെങ്കിലും വേദിയിലോ കരാര്‍ ചര്‍ച്ച ചെയ്തിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും, ഇടത് കര്‍ഷക സംഘടനകള്‍ക്കും പുറമേ സംഘ്പരിവാര്‍ സംഘടനകളായ ബിഎംഎസ്, സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയവരും കടുത്ത എതിര്‍പ്പ് അറിയിക്കുന്നുണ്ട്. കരാര്‍ ക്ഷീരമേഖലയെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി അമുല്‍ എം ഡി കേന്ദ്ര വാണിജ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

കേരളത്തിന് ഇരട്ടി പ്രഹരം

നോട്ട് നിരോധനവും ജിഎസ്ടിയും മൂലം നട്ടെല്ല് തകര്‍ന്ന നിലയിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടുന്നത് എത്ര ആഘാതമുണ്ടാക്കുമെന്ന് അനുഭവിച്ച് തന്നെ അറിയേണ്ടി വരും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിരവധി പ്രഹരങ്ങളാണ് കേരള സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. റബ്ബര്‍ വിലയിടിവ്, ഗള്‍ഫ് മലയാളികളുടെ തിരിച്ചുവരവ്, രണ്ട് പ്രളയങ്ങള്‍. മറ്റെല്ലാ കൃഷികളും പ്രതിസന്ധിയിലായപ്പോള്‍ സംസ്ഥാനത്ത് പിടിച്ചുനിന്നത് ക്ഷീരമേഖല മാത്രമാണ്. ആര്‍സിഇപി കരാര്‍ വ്യവസ്ഥകള്‍ക്ക് കേന്ദ്രം വഴങ്ങിയാല്‍ ഇരട്ടി ആഘാതമാകും കേരളത്തിനുണ്ടാകുക.

Related Stories

No stories found.
logo
The Cue
www.thecue.in