വോഗ് കവര്‍ ചിത്രമായി കെ.കെ. ശൈലജയെ പകര്‍ത്തിയത് കെ.ആര്‍.സുനില്‍

വോഗ് കവര്‍ ചിത്രമായി കെ.കെ. ശൈലജയെ പകര്‍ത്തിയത് കെ.ആര്‍.സുനില്‍

കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വോഗ് ഇന്ത്യയുടെ നവംബര്‍ ലക്കത്തില്‍ കവര്‍ ചിത്രമായിരുന്നു.
ലോകപ്രശസ്ത ഫാഷന്‍ ലൈഫ് സ്‌റ്റൈല്‍ മാഗസിന്‍ വോഗിന്റെ ഇന്ത്യന്‍ എഡിഷനായ വോഗ് ഇന്ത്യയുടെ വിമന്‍ ഓഫ് ദ ഇയര്‍ 2020 പ്രഖ്യാപനം നവംബര്‍ അവസാന വാരം വരാനിരിക്കെ അവസാന റൗണ്ടിലുളളവരെ പരിചയപ്പെടുത്തുന്നതായിരുന്നു നവംബര്‍ ആദ്യലക്കം.

വോഗ് കവര്‍ സ്റ്റോറിക്ക് പിന്നാലെ ശൈലജ ടീച്ചറുടെ മുഖചിത്രം ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത് ചര്‍ച്ചയുമായി. കേരളത്തില്‍ നിന്ന് രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ ഫോട്ടോഗ്രാഫര്‍ കെ.ആര്‍ സുനില്‍ ആണ് വോഗ് ഇന്ത്യക്ക് വേണ്ടി ശൈലജ ടീച്ചറെ ക്യാമറയില്‍ പകര്‍ത്തിയത്. കെ.ആര്‍ സുനില്‍ ദ ക്യു'വിനോട് സംസാരിക്കുന്നു.

രണ്ട് മണിക്കൂറിനുളളില്‍ ഒരാളുടെ നല്ല ചിത്രമെടുക്കാനാകുമോ?

രണ്ട് മണിക്കൂറിനുളളില്‍ ഒരാളുടെ നല്ല ചിത്രം എടുക്കാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല. എനിക്ക് ആളുകള്‍ക്കൊപ്പം കുറച്ചധികം സമയം ചിലവഴിച്ച് ചിത്രമെടുക്കാനാണ് ഇഷ്ടം. സാധാരണ ആളുകളാണ് എന്റെ ഫോട്ടോകളില്‍ വരാറ്. എന്റെ ഫോട്ടോഗ്രഫി രീതിയില്‍ പെടുന്ന ഫോട്ടോ ആയിരുന്നില്ല വോഗ് എന്നോട് ആവശ്യപ്പെട്ടത്. ഞാന്‍ അത്തരത്തില്‍ പ്രശസ്തരെയും സെലിബ്രിറ്റികളെയും ഉള്‍പ്പെടുത്തിയുള്ള ചിത്രങ്ങള്‍ മുന്‍പ് എടുത്തിട്ടില്ല. അതെനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടല്ല. എന്റെ താല്‍പര്യം മറ്റൊന്നിലാണ് എന്നുള്ളതുകൊണ്ടാണ്. ഒരു ആര്‍ട്ടിക്കിളില്‍ കണ്ടാണ് വോഗ് ഇന്ത്യ എന്നെ വിളിക്കുന്നത്. കേരളത്തില്‍ ഒരു അസൈന്‍മെന്റ് വന്നപ്പോള്‍ എന്നോട് ചെയ്യാമോ എന്ന് ചോദിച്ചു.

വോഗ് ആയതിന്റെ പേരിലും എടുക്കേണ്ടത് ശൈലജ ടീച്ചറിനെ ആയതുകൊണ്ടും ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. കൊവിഡ് വളരെ തീവ്രതയില്‍ നില്‍ക്കുന്ന സമയമായിരുന്നു അവര്‍ എന്നോട് ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടത്. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരവും ബഹളങ്ങളുമെല്ലാം മറ്റൊരു വശത്ത്. എന്റെ മുന്നില്‍ ഒരു ദിവസമേ ഉണ്ടായിരുന്നുള്ളു. അതായിരുന്നു ആ ഫോട്ടോയ്ക്ക് പിന്നിലെ സാഹചര്യം. പഴയ നിയമസഭാ മന്ദിരത്തില്‍ വെച്ച് എടുത്ത ഫോട്ടോ ആണ് ഇപ്പോള്‍ വോഗിന്റെ കവര്‍ചിത്രമായി വന്നിട്ടുളളത്.

K R SUNIL

ഫോട്ടോകളെക്കാള്‍ വലിപ്പമുള്ള ജീവിതം

ചിലര്‍ അവരുടെ ജീവിതം എന്നോട് പറയുമ്പോള്‍ ഭയങ്കരമായ ഒരു അടുപ്പം എനിക്ക് അവരോട് തോന്നാറുണ്ട്. ഞാന്‍ എടുക്കുന്ന ചിത്രങ്ങള്‍ എനിക്ക് കേവലമൊരു ഫോട്ടോ മാത്രമല്ല. ഫോട്ടോ എടുക്കുന്നതിന് മുമ്പായി അവരോട് ഒരുപാട് ഇടപഴകിയിട്ടുണ്ടാകും. അവരുടെ ജീവിതം കൂടുതല്‍ അറിയും. തമ്മിലൊരു പ്രത്യേക അടുപ്പം ഉണ്ടാവും. അങ്ങനെയാണ് പലരിലേയ്ക്കുമുളള യാത്ര ഉണ്ടാകുന്നത്. പിന്നീട് ആ ഫോട്ടോ കണ്ടാല്‍ എനിക്ക് അവരുടെ ജീവിതം മുഴുവന്‍ ഓര്‍മ്മയില്‍ വരും.

K R SUNIL
K R SUNIL

വരുന്ന സീരീസിലും തീരദേശം

തീരദേശവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആളുകളുടെ ജീവികകഥകളാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്. എന്നെ എപ്പോഴും ആകര്‍ഷിക്കുന്നത് സാധാരണക്കാരുടെ കഥയുളള ജീവിതങ്ങളാണ്. ഞാന്‍ ഇതുവരെ എടുത്തിട്ടുളള എല്ലാ സീരീസുകളും ഇത്തരത്തില്‍ സാമ്യത ഉളളവയാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളും അവയ്ക്ക് പിന്നിലെ കഥകളും ചേര്‍ത്ത് ചെയ്ത സീരീസാണ് വാനിഷിങ് ലൈഫ് വേള്‍ഡ്. നമുക്ക് ചുറ്റും നാം അറിയാതെ ഇല്ലാതായിക്കൊണ്ടിരിക്കുന്നവ. ഇപ്പോള്‍ ചെയ്യുന്നതും തീരദേശ ആളുകളുടെ വീടുകളെ കുറിച്ചുളള സീരീസാണ്. കടലുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് മിക്ക സീരീസുകളും. അത് കടലിനോട് പ്രത്യേക ഇഷ്ടം തോന്നിയിട്ടൊന്നുമല്ല. കടലുമായി ബന്ധപ്പെട്ട ആളുകള്‍ കടലിനോട് യുദ്ധം വെട്ടി ജീവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ ജീവിതരീതിയ്ക്ക് ഒരു പ്രത്യേകതയുണ്ട്.

K R SUNIL

ഡല്‍ഹി ഇന്ത്യ ഹാബിറ്റാറ്റ് ഇന്ത്യയിലെ ഫോട്ടോസ്ഫിയര്‍ പുരസ്‌കാരവും ലളിത കലാ അക്കാദമി പുരസ്‌കാരവും നേടിയ കെ.ആര്‍ സുനിലിന്റെ വാനിഷിംഗ് ലൈഫ് ഉള്‍പ്പെടെ ഫോട്ടോ സീരീസുകള്‍ കൊച്ചി ബിനാലെയിലും കേരളത്തിന് പുറത്തും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. 'ജലം' എന്ന വിഷയത്തെ ആധാരമാക്കിയെടുത്ത ചിത്രങ്ങള്‍ക്കാണ് 2016ലെ ഹാബിറ്റാറ്റ് ഇന്ത്യയുടെ ഫോട്ടോസ്ഫിയര്‍ പുരസ്‌കാരം ലഭിച്ചത്.

കേരളത്തിലെ തുറമുഖ നഗരമായ പൊന്നാനിയിലെ ജനങ്ങളുടെ സാമൂഹ്യപരവും വ്യാപാര സംബന്ധിയുമായ ജീവിതം അവതരിപ്പിക്കുന്ന ഫോട്ടോഗ്രാഫി പരമ്പരയായിരുന്നു 2016ലെ കൊച്ചി-മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 'വാനിഷിംഗ് ലൈഫ് വേള്‍ഡ്‌സ്' പൊന്നാനിയുടെ ചരിത്രവും അവിടുത്തെ സാധാരണക്കാരുടെ ജീവിതവുമാണ് ഈ ചിത്രങ്ങളുടെ ഉള്ളടക്കം.

പത്തേമാരിയില്‍ കടലിനോട് പൊരുതിജീവിച്ച മനുഷ്യരെ ഉള്‍ക്കൊള്ളിച്ചുള്ള മഞ്ചൂക്കാര് എന്ന കെ.ആര്‍ സുനിലിന്റെ സീരീസ് വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മരണത്തിന്റെ മൂര്‍ച്ചയേറിയ വാള്‍മുനയിലൂടെ തുഴഞ്ഞ കടല്‍ യാത്രകളുടെ നടുക്കുന്ന ആവിഷ്‌ക്കാരമാണ് മഞ്ചൂക്കാര് എന്നാണ് എഴുത്തുകാരന്‍ പി.എഫ് മാത്യൂസ് അഭിപ്രായപ്പെട്ടിരുന്നത്. ഉരു ആര്‍ട് ഹാര്‍ബറില്‍ നടന്ന പ്രദര്‍ശനം റിയാസ് കോമുവാണ് ക്യുറേറ്റ് ചെയ്തിരുന്നത്.

Summary

Minister KK Shailaja features on the November cover of vogue magazine Photographed by K R Sunil

Related Stories

No stories found.
logo
The Cue
www.thecue.in