Parvathy Thiruvothu Interview : മാറേണ്ടത് മാറും എന്നൊരു വിശ്വാസം എനിക്കുണ്ട്


Parvathy Thiruvothu Interview : മാറേണ്ടത് മാറും എന്നൊരു വിശ്വാസം എനിക്കുണ്ട്
SIRIL K JOY
Q

കൊവിഡ് അല്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ?

A

അഭിനയത്തിൽ നിന്ന് മാറി നിൽക്കാൻ ഉദ്ദേശിച്ച സമയമായിരുന്നു. എന്നാൽ ഇന്റസ്ട്രി തന്നെ പ്രവർത്തനം നിലച്ച സ്ഥിതിയിലേക്ക് പോയി. വീട്ടിനകത്തെ ജോലികൾ ചെയ്താണ് ഈ കാലം പോയത്. ഒരുപാട് എഴുതാനും വായിക്കാനും പറ്റി. ആദ്യത്തെ അഞ്ചാറ് മാസം വീട്ടിലിരിക്കാനും അത് കഴിഞ്ഞ് വിദേശത്ത് സുഹൃത്തിന്റെ കല്യാണത്തിന് പോകാനും കേരളത്തിനകത്ത് കാറെടുത്ത് യാത്ര ചെയ്യാനും ആഗ്രഹിച്ചിരുന്നു. അതൊന്നും നടന്നില്ല, അതിന്റെ ചെറിയ വിഷമമുണ്ട്.

Q

ഓരോ സിനിമയ്ക്കും ഇടയിലെ ബ്രേക്ക്, അത് ഉപയോഗിക്കുന്ന രീതിയിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?

A

അങ്ങിനെയൊന്നുമില്ല. ആദ്യത്തെ ഏഴെട്ട് വർഷം വീടും സാൻട്രോ കാറും ജോലിയും മാത്രമായിരുന്നു. കൊച്ചിയിൽ സുഹൃത്തുക്കളെന്ന് പറയാൻ തന്നെ ആരും ഉണ്ടായിരുന്നില്ല. രാവിലെ നാല് മണിക്ക് എഴുന്നേറ്റാൽ ഭക്ഷണം ഉണ്ടാക്കുക, പഠിക്കുക, സിനിമ കാണുക, ഉറങ്ങുക, സാധനം വാങ്ങാൻ പുറത്തിറങ്ങുക... ഇത് മാത്രമായിരുന്നു. അതെങ്ങിനെ ജീവിച്ചുവെന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ പിടിത്തം കിട്ടുന്നില്ല. നല്ല കൂട്ടം സുഹൃത്തുക്കൾ ഇപ്പോഴുണ്ട്. ഡബ്ല്യുസിസിയിൽ നിന്ന് തന്നെ തുടങ്ങിയതാണത്. മിണ്ടാതിരിക്കുക എന്നതാണ് ഏറ്റവും ആവശ്യം. അതിപ്പോൾ ചെയ്യാനാവുന്നില്ല. ആദ്യത്തെ ഏഴെട്ട് വർഷം സംസാരിച്ചത് സംവിധായകർ, നിർമ്മാതാക്കൾ എഴുത്തുകാർ എന്നിവരോടാണ്. അതിൽ തന്നെ 99 ശതമാനവും ആണുങ്ങളായിരുന്നു. ഇപ്പൊ 99.99 ശതമാനവും സ്ത്രീകളോടാണ് ഞാൻ സംസാരിക്കുന്നത്. അതിന്റെ വ്യത്യാസം അറിയാനുണ്ട്. എന്റെ മുൻഗണനകൾ മാറി. ഒരാളോട് ഫോണിൽ സംസാരിക്കുക എന്നത് എന്തെങ്കിലും പഠിക്കുന്നതിന് തുല്യമായി. എന്നാലും ഒരു സിനിമ കഴിഞ്ഞാൽ പിന്നെ കാമറയ്ക്ക് മുന്നിലേക്കാൻ പോകാൻ തയ്യാറല്ല എന്നൊരു തോന്നലുണ്ടാവും. അതിലാണ് ഇപ്പൊ ഞാനുള്ളത്.

Q

ആദ്യത്തെ ഏഴെട്ട് വർഷവും ഇപ്പോൾ ഡബ്യുസിസിയും... ഈ രണ്ട് കാലത്തെയും സംസാരത്തിലെ വ്യത്യാസം എന്താണ്?

A

ഞാനത് ഇപ്പോഴും മനസിലാക്കി വരുന്നതേയുള്ളൂ. റിമയോട് ഞാനിതിനെ കുറിച്ച് സംസാരിച്ചിരുന്നു. വളരെ കുറച്ച് പേരോട് സംസാരിച്ചപ്പോൾ മാത്രമാണ് ഞാൻ സ്ത്രീയാണെന്നും മറ്റേയാൾ പുരുഷനാണെന്നും തോന്നാതിരുന്നത്. ഞാൻ സ്ത്രീയാണ് എന്ന് പറയുന്ന എന്തെങ്കിലുമൊക്കെ അവരുടെ ടോണിലോ ഭാവത്തിലോ ഉണ്ടാകാറുണ്ട്. അത് തെറ്റോ ശരിയോ എന്നല്ല. പക്ഷെ സ്ത്രീകളോട് സംസാരിക്കുമ്പോൾ അവരുടെ ഈഗോയുടെ ഡൈനാമിറ്റി വേറെയാണ്. എന്നാലവരും ഇത് തന്നെയാണ് ശീലിച്ച് വന്നിട്ടുള്ളത്. വളരെ കുറച്ച് പേർക്ക് മാത്രമേ എക്സ്പോഷർ കിട്ടിയിരുന്നുള്ളൂ. ഞാൻ കരുതുന്നത് എനിക്ക് സ്ത്രീകളോട് തന്നെ എക്സ്പോഷർ ഉണ്ടായിരുന്നില്ലെന്നാണ്. ഇപ്പോഴാണ് ഞാൻ ചിന്തയിൽ തന്നെ ഒരു പൂർണ്ണതയിലേക്ക് എത്തുന്നത്. സ്ത്രീകളോട് കുറേ സംസാരിച്ചപ്പോഴാണ് ഞാൻ ഇന്റർസെക്ഷാലിറ്റി എന്ന വാക്ക് തന്നെ പഠിക്കുന്നത്. അതുവരെ ഞാൻ ഫെമിനിസ്റ്റായിരുന്നില്ല, അതിന്റെ അടുത്ത് പോലുമായിരുന്നില്ല.. ഇപ്പോഴാണ് ഞാനതിന്റെ എബിസിഡി പഠിക്കുന്നത്. അതിന് കാരണം സ്ത്രീകൾ മാത്രമല്ല. ജെന്റർ എന്ന സ്പെക്ട്രത്തിനകത്ത് എല്ലാവരെയും മീറ്റ് ചെയ്യാൻ പറ്റുന്നുണ്ടെനിക്ക്. ഇപ്പോൾ ഞാനൊരു വ്യക്തിയാണെന്ന് പറയുന്ന പുരുഷന്മാരെ കാണാനാവുന്നുണ്ട്. എവിടെയോ ഒരു ഓസ്മോസിസ് നടന്നിട്ടുണ്ട്. അതിനെ വളരെ താത്പര്യത്തോടെയാണ് ഞാൻ നോക്കുന്നത്. എന്റെ വീക്ഷണരീതിയെല്ലാം മാറുന്നു. ഒരു മെർജിങ് നടന്നിട്ടുണ്ട്. അതെന്റെ എഴുത്തിൽ വരുന്നുണ്ട്. എന്നെപ്പറ്റി ചിന്തിക്കുന്ന കാര്യങ്ങളിലും അത് വരുന്നുണ്ട്.

Q

പല തരത്തിലുള്ള സ്ത്രീകൾ കൂടിച്ചേരുമ്പോൾ കളക്ടീവായ തോട്ട് പ്രോസസും മൂവ്മെന്റുമായി ഇത് മാറുന്നുണ്ടോ?

A

ഇപ്പൊ അതങ്ങിനെയാണ്. വുമൺ ഇൻ സിനിമ കളക്ടീവിന് രണ്ട് മൂന്ന് ലക്ഷ്യങ്ങളുണ്ട്. ഇതിന്റെ ഭാഗമായി നമ്മള് കാണുന്ന പുതിയ ആളുകൾ അവിടെയുണ്ടാകുന്ന പുതിയ സംരംഭങ്ങൾ... ഇവയെല്ലാം ഒരു മരത്തിന്റെ വേര് പോലെയാണ്. പ്രത്യക്ഷമായല്ല അത് കാണുന്നത്. പരോക്ഷമായി അത് നടക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഡബ്ല്യുസിസിയുടെ തുടക്കത്തിൽ എനിക്കൊരു ഡിസ്കംഫർട്ട് ആയിരുന്നു. അത് ഞാൻ ശീലിച്ചിട്ടില്ലായിരുന്നു. ഇപ്പൊ എനിക്ക് കൈ കോർത്തിരിക്കുമ്പോഴും എന്റെ നിലനിൽപ്പ് അതേപോലെയുണ്ട്. ഈഗോ എന്ന് പറയുന്ന സാധനം നമ്മള് കൈവിടില്ലല്ലോ. അതുകൊണ്ട് ഭയങ്കര വേദനയുള്ള ഒരു പ്രോസസാണിത്. ഓരോ തവണയും ഓരോ സംഭാഷണത്തിലും ഈ സെൽഫ് റിഫ്ലക്ഷൻ അതിന്റെ പീക്കിൽ നിൽക്കും. മുൻപത്തെ പോലെയല്ല, ഇപ്പൊ എല്ലാവരും രണ്ട് തവണയും മൂന്ന് തവണയും പത്ത് തവണയും ചിന്തിച്ചാണ് സംസാരിക്കുന്നത്. പൊളിറ്റിക്കലി കറക്ടാവുന്നത് ബോറിങാണെന്ന് ചിലര് പറയും. പക്ഷെ, അങ്ങനെയാവാത്തതിന്റെ റിപ്പർകഷൻസ് അനുഭവിക്കുന്ന ധാരാളം പേരുണ്ട്. സ്വന്തം ചിന്തകളെ ബലി കൊടുക്കാതെ എങ്ങിനെയാണ് സംസാരിക്കാനാവുക. അതാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്. എനിക്കടികൂടണ്ട, എനിക്ക് നിങ്ങളോടൊന്ന് സംസാരിച്ചാൽ മതി. ഈ കളക്ടീവ് എന്നെ പഠിപ്പിക്കുന്നത് ഇതാണ്.

Q

ഇപ്പോഴത്തെ പാർവതി തിരുവോത്തും ടീനേജ് കാലത്തെ പാർവതിയും സിനിമ കണ്ടതിലെ പ്രധാന വ്യത്യാസം എന്താണ്?

A

തുടക്കത്തിൽ സിനിമയുടെ മേക്കിങ്, ടെക്നിക്കൽ ആസ്പെക്ട്സ് പഠിക്കാനുള്ള ഒരു സ്റ്റുഡന്റ് എന്റെയുള്ളിലുണ്ടായിരുന്നു. അതിപ്പോഴും ഉണ്ട്. എന്നാൽ ചുറ്റിലുമുള്ള ആളുകളും അവർ ക്രിയേറ്റ് ചെയ്യുന്ന ഒരു പെർസോണയുമുണ്ടല്ലോ, അതൊക്കെ പെട്ടെന്ന് മാഞ്ഞു. അവരെ വ്യക്തികളായി തന്നെ കാണാൻ കഴിഞ്ഞു. അതോടെ അവരോട് ഒരു പ്രശ്നവുമില്ലാതെ സംവദിക്കാം എന്നായി. അല്ലെങ്കിൽ അവർ പറയുന്ന കാര്യത്തോട് യോജിച്ചില്ലെങ്കിലും ബഹുമാനിക്കാം. ഇതെന്റെ മേത്ത് ചെയ്യരുതാരും എന്നത് കൊണ്ടാണ് ഇതങ്ങോട്ടേക്ക് ഞാനെടുത്ത് കൊടുക്കുന്നത്. തുടക്കത്തിൽ സിനിമ എന്നത് കല മാത്രമാണെന്ന് കരുതി. പിന്നെ പഠിച്ചു ബിസിനസ് ഉണ്ടെന്ന്. ബിസിനസിലും കൂടെ പൊളിറ്റിക്സ് ഉണ്ടെന്ന് പഠിച്ചു. അങ്ങിനെ അതിന്റെ കൂടെ പഠനം തുടങ്ങി. ഇപ്പൊ ഇത് രണ്ടും കൂടെ ട്രാൻസെന്റ് ചെയ്ത് നിക്കുന്നിടത്താണ് ഉള്ളത്. എനിക്കിവിടുത്തെ പവർ സ്ട്രെക്ചറുകളറിയാം. എനിക്കത് മാറ്റണം. ആ പവർ ഡൈനാമിക്സ് മാത്രമേ ഞാനിപ്പോൾ കാണുന്നുള്ളൂ. ജോലി ചെയ്യുന്ന ശൈലിയിലും കഥാപാത്രങ്ങളിലുള്ള ശ്രദ്ധയും മാറി. ഇപ്പൊ ഞാനൊരു കോണ്ടന്റ് ആക്ടിവിസ്റ്റായി മാറുന്നുണ്ടോയെന്നാണ് സംശയം. ഇപ്പൊ ആർക്കും ഒരു തെരക്കുമില്ലല്ലോ, ഇഷ്ടം പോലെ സമയമുണ്ടല്ലോ. അതുകൊണ്ട് സ്ക്രിപ്റ്റ് ഒന്നുകൂടി വായിച്ച് നോക്കാം. ആരുടെയെങ്കിലും ബെനഫിറ്റിൽ ജോക്കുണ്ടാക്കുന്നുണ്ടോയെന്നും നോക്കുക. പൊളിറ്റിക്കലി ഇൻകറക്ടായ ഒന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അൺഅപ്പോളജിക്കലി ഉപയോഗിക്കുക. പക്ഷെ പിന്നീടത് കണ്ടില്ല, കേട്ടില്ല എന്ന് പറയാതിരിക്കുക. എന്റെ കണ്ണ് ഇപ്പോൾ അതിലാണ് എത്തിയിരിക്കുന്നത്. ഒരു നല്ല കഥാപാത്രം നഷ്ടപ്പെട്ടാലും ഇതിലാണിപ്പോ എന്റെ കണ്ണ്.

Q

കണ്ടന്റ് ക്രൈറ്റീരിയയാണോ ഇപ്പോൾ സിനിമ തെരഞ്ഞെടുക്കുന്നതിലെ മുഖ്യ ഘടകം?

A

മുൻപത്തെ രീതി തന്നെയാണ് ഇപ്പോഴും. നോക്കൂ, ഞാൻ രാച്ചിയമ്മയിൽ അഭിനയിച്ചു. വേണു സാറിനോട് സംസാരിച്ച്, അദ്ദേഹം എനിക്ക് സ്ക്രിപ്റ്റ് അയച്ചു. അത് കഴിഞ്ഞ് വേണു സാറിനെ കാണാൻ പോയത് നോ പറയാൻ വേണ്ടിയായിരുന്നു. ഞാൻ കരുതിയത് വേണു സാർ ആ നോ സ്വീകരിക്കും എന്നാണ്. എന്നാൽ എവിടെയാണ് പാർവതിക്ക് കടിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഉറൂബിന്റെ നാച്ചിയമ്മയെ എങ്ങനെ നമ്മൾ റീടെൽ ചെയ്യുന്നത് ട്രൈ ചെയ്ത് കൂടേയെന്ന് ചോദിച്ചു. കഥയിൽ വരുത്താവുന്ന ചില മാറ്റങ്ങൾ ഞാൻ നിർദ്ദേശിച്ചു. കഥാപാത്രത്തിലേക്ക് എങ്ങിനെയാണോ ഞാൻ കയറുന്നത്, അതേ പോലെ തന്നെ ഞാൻ കണ്ടന്റിലേക്കും കയറുന്നുണ്ട്. സംവിധായകന്റെ കാഴ്ചപാടിനെ ബാധിക്കാത്ത വിധത്തിലാണിത്. പിന്നീട് എന്റെയും ആസിഫിന്റെയും വേണു സാറിന്റെയും ഡിസ്കഷൻ മുഴുവൻ ആ നിലയ്ക്കായിരുന്നു. ഇത് നമ്മളുടെ രാച്ചിയമ്മയായി.

Q

കറുത്ത രാച്ചിയമ്മയെ വെളുത്ത പാർവതി അവതരിപ്പിക്കുന്നത് ഒരു തർക്കമായി ഉന്നയിക്കപ്പെട്ടിരുന്നോ?

A

തീർച്ചയായും. ആ വാദം ന്യായമാണ്. പക്ഷെ പടം ഇറങ്ങണം അതിനെ കുറിച്ച് പറയണമെങ്കിൽ. നമ്മളത് ചെയ്ത് കാണിച്ച് കൊടുക്കണം. ഇതെന്ത് കൊണ്ട് പ്രശ്നമല്ല എന്ന് പറയാൻ നിന്നാൽ കറുത്ത നിറമുള്ള ആളുകൾ അനുഭവിക്കുന്ന ഒപ്രഷൻസിനോട് വളരെ പ്രിവിലേജ്ഡ് ആയ നിലയിൽ നിന്ന് ഞാൻ കാണിക്കുന്ന വലിയ ഡിസ്റെസ്‌പെക്ടായിരിക്കും. അതുകൊണ്ട് മാത്രമാണ് ഞാനതിനെ കുറിച്ച് പറയാത്തത്. ഒരു ബെനഫിറ്റ് ഓഫ് ഡൌട്ട് രാച്ചിയമ്മയ്ക്ക് എല്ലാവരും കൊടുക്കണം. പല കാര്യത്തിലും ഫെമിനിസവും ഇന്റർസെക്ഷാലിറ്റിയും പറയുന്ന ഞാൻ എന്തുകൊണ്ട് രാച്ചിയമ്മ ചെയ്തു എന്ന വിശ്വാസം എക്സ്റ്റെന്റ് ചെയ്യണം എന്നാണ് എന്റെ അഭ്യർത്ഥന. എന്തെങ്കിലും കാരണമില്ലാതെ ഞാനൊരു കാര്യം ചെയ്യില്ല എന്നൊരു വിശ്വാസം എന്റെയും ഓഡിയൻസിന്റെയും ഇടയിൽ ഉണ്ടായിരിക്കണം ഇപ്പോൾ തന്നെ. അവരത് കാണിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Q

കഥാപാത്രത്തിന്റെ രാഷ്ട്രീയവും അതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരുന്നത് താരമെന്ന നിലയിൽ ഭാരക്കൂടുതലാണോ?

A

ഇങ്ങനെയല്ലാതെ ഞാനെങ്ങിനെയാണ് പഠിക്കുക? മുൻപഭിനയിച്ച പല സിനിമകളിലും നിറത്തിനെ അടിസ്ഥാനമാക്കിയുള്ള ജോക്കിനെ കുറിച്ച് ആളുകൾ ചോദിക്കാറുണ്ട്. 2005 മുതൽ നോക്കിയാൽ രണ്ട് പേർ തമ്മിലുള്ള പെരുമാറ്റത്തിൽ എന്താണ് ശരി എന്താണ് തെറ്റ് എന്നതിലടക്കം ഭയങ്കരമായ മാറ്റമുണ്ട്. ഞാൻ ചെയ്ത പല കാര്യത്തിലും തെറ്റുണ്ടാകും. ഇപ്പൊ ഒരു വിഭാഗം ഞാൻ ചെയ്ത ഒരു സിനിമയിലെ ഒരു ഭാഗത്തിൽ എതിർപ്പുന്നയിച്ചാൽ അതല്ല എന്ന് പറയാൻ ഞാനാളല്ല. അതല്ലാത്ത രീതിയിൽ എങ്ങിനെ റെപ്രസന്റേഷൻ കൊണ്ടുവരാമെന്നത് നമ്മൾ പഠിക്കണം. എല്ലാ വിഭാഗത്തെയും റെസ്പെക്ട് ചെയ്ത് സിനിമയെടുക്കാൻ നമുക്ക് സാധിക്കും. ഇപ്പോഴും ഞാൻ അത് തന്നെയാണ് ഉദ്ദേശിക്കുന്നത്.

Q

എന്ന് നിന്റെ മൊയ്തീനും ടേക് ഓഫും ഇസ്ലാമോഫോബിക് എന്ന വിമർശനം ഉയരുന്നതിന് മുൻപ് അത് മനസിലാക്കിയിരുന്നോ?

A

ഇപ്പോഴും ഞാനത് മനസിലാക്കി വരികയാണ്. അതിനെ കുറിച്ച് ഒരു പ്രബന്ധം എഴുതാൻ എനിക്കാവില്ല. ഞാനൊരു ഹിന്ദു ഫാമിലിയിൽ നിന്നാണ് വരുന്നത്. ജാതീയമായി സുപീരിയർ സ്പെസിൽ വെക്കപ്പെട്ടിരിക്കുന്ന ഒരിടത്ത് നിന്ന്. എന്റെ ലൈഫിൽ എന്നെയത് അഫെക്ട് ചെയ്തിട്ടില്ല. എന്നാൽ എന്റെ അടുത്ത സുഹൃത്തുക്കളും എന്റെ സംസ്ഥാനത്തും എന്റെ രാജ്യത്തും അനുഭവസ്ഥരാവുന്നവരുണ്ട്. ശാരീരിക വൈകല്യത്തെ മലയാള സിനിമയിൽ അവതരിപ്പിച്ചത് കണ്ട് ഞാനും ചിരിച്ചിട്ടുണ്ട്. അത് ഡയലോഗ് അല്ലേ എന്ന് പറയും. പക്ഷെ അത് പോലും അൺലേൺ ചെയ്യുകയാണ് നമ്മളിപ്പോൾ. അവരുടെ ലൈഫിലെ ഇത്തരം അടിച്ചമർത്തലുകൾ ഇപ്പോഴും തുടരുന്നുണ്ട്. അവരുടെ ജീവിതം തന്നെ വേദനയാണ്. അത് ഉൾക്കൊണ്ട് വാചകത്തിൽ അൽപ്പം മാറ്റം വരുത്തുക എന്നത് വലിയ കാര്യമൊന്നുമല്ല. അന്ന് ഈ വിമർശനം വരുന്നതിന് തലേ ദിവസം ഞാൻ ഒന്ന് രണ്ട് ആർട്ടിക്കിളുകൾ വായിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തന്നെ. അന്നവർ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നി. എന്റെ സിനിമയെ ഞാൻ ത്യജിക്കുക എന്നതിന് അർത്ഥമില്ല. ടെക് ഓഫും മൊയ്തീനും എന്റെ സിനിമയാണ്. അതുകൊണ്ടാണ് എനിക്ക് അതിനെ വിമർശിക്കാൻ പറ്റുന്നത്. ഈ ചോദ്യം നടീ നടന്മാരോട് മാത്രമല്ല ചോദിക്കേണ്ടത്. സംവിധായകരോടും എഴുത്തുകാരോടും കൂടി ചോദിക്കണം. പക്ഷെ നടീ നടന്മാരോടാണ് ചോദിക്കുന്നത്. എന്നോട് ചോദിക്കുമ്പോൾ നിങ്ങള് അവരോട് പോയി ചോദിക്ക് എന്ന് ഞാൻ പറയില്ല. ഞാനതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും.

Q

ടേക് ഓഫിന്റെ കാര്യത്തിലെ വിമർശനത്തെ കുറിച്ച് പാർവതിക്ക് എന്താണ് പറയാനുള്ളത്?

A

അതെനിക്ക് പറയാനാവില്ല. സമീറ എന്നത് റിയലായ ക്യാരക്ടറാണ്. സിനിമയോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. ടേക് ഓഫിന്റെ ഏതൊക്കെ കാര്യത്തിലാണ് മുസ്ലിം കമ്യൂണിറ്റിയിലുള്ള ആൾക്ക് പ്രയാസം തോന്നിയിട്ടുള്ളത്, അതിനോട് ചെവി കൊടുക്കുക എന്നതാണ് എനിക്കിപ്പോൾ ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യം. ഇസ്ലാമോഫോബിയയുടെ വ്യാപ്തി അറിയണമെങ്കിൽ ഞാനിനിയും ഒരുപാട് കേൾക്കാനും കഥകൾ അറിയാനുമുണ്ട്. എനിക്കിപ്പോ 32 വയസാണ്. 30 വയസ് വരെ എന്റെ സർക്കിളിൽ പല കമ്യൂണിറ്റികളിലെ ആളുകൾ ഉണ്ടായിരുന്നില്ല. അവരുടെ കഥകൾ കേൾക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരിക്കലും ഞാനെന്റെ സിനിമയെ ത്യജിക്കില്ല. അതിൽ നിന്ന് ആർക്കേലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ അത് കേൾക്കാനും പഠിക്കാനും മാത്രമേ എനിക്ക് കഴിയൂ. ചില സിനിമകളിലെ ഇപ്പോഴത്തെ ഡയലോഗ്സും കാര്യങ്ങളും കേൾക്കുമ്പോൾ എന്തോരം ദേഷ്യം വരുന്നുണ്ടെന്നോ. അങ്ങനെ ഒരു തരത്തിലുള്ള ഉത്തരവാദിത്തം സ്ക്രിപ്റ്റിലും വിഷ്വൽ ഗ്രാമറിലും കാണിക്കുന്നില്ല എന്നുള്ളത് വലിയൊരു പരാജയമാണ്. അതൊരു വലിയ ക്രൈം തന്നെയാണ്. ഇങ്ങനെ എനിക്ക് വരുന്ന ദേഷ്യത്തിനേക്കാൾ എത്രയോ വലുതായിരിക്കും അത് നേരിട്ട് അനുഭവിക്കുന്നവർക്കുണ്ടാവുന്ന ദേഷ്യം. അതിനെക്കുറിച്ച് പറയാൻ ഞാനാളല്ല. അത് അവർ തന്നെയാണ് പറയേണ്ടത്. അതിന് വേണ്ട സ്പേസ് ഉണ്ടാക്കിക്കൊടുക്കുക എന്നേയുള്ളൂ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. അതിനൊന്നും കണക്ക് വെക്കാൻ പറ്റുന്നില്ല. ഇനി പ്രവർത്തിയിൽ കാണിക്കാനേ പറ്റൂ. സംസാരത്തിൽ, ഇനി കൂടുതൽ പറയേണ്ടെന്നാണ്.

Q

സിനിമയുടെ പേര് മാറ്റണം, മത വികാരം വ്രണപ്പെടുത്തി തുടങ്ങിയ പരാതികൾ റൈറ്റ് വിങിൽ നിന്ന് കൂടി വന്നേക്കാം?

A

അത് ഒരു നാണയത്തിന്റെ മറുഭാഗം എന്ന് പറയുന്നത് പോലെയാണ്. പൊളിറ്റിക്കൽ കാഴ്ചപ്പാട് എടുത്താൽ ഏറ്റവും കൂടുതൽ പ്രശ്നം നേരിടുന്നത് ഫെൻസിൽ ഇരിക്കുന്നവരാണ്. ഒന്നുകിൽ പിന്തുണക്കാനും അല്ലെങ്കിൽ എതിർക്കാനും എന്തെങ്കിലും കണ്ടെത്തണം. ഒന്നും മിണ്ടാതിരിക്കുന്നവരെ എളുപ്പത്തിൽ ബ്രെയിൻ വാഷ് ചെയ്യാനാവും. അവർക്ക് ഇതുവരെ കിട്ടിക്കൊണ്ടിരുന്ന പ്രിവിലേജ് നഷ്ടപ്പെടുമെന്ന ഭീതിയിൽ നിന്ന് വരുന്നതാണത്. അത് കുറച്ചുകൂടെ വ്യക്തമായി ഇപ്പോൾ കാണാനാവുന്നുണ്ട്. എന്നാൽ ടിവി ഡിബേറ്റുകളിലൊക്കെ ഇവർക്ക് കൂടുതൽ സാന്നിധ്യം കിട്ടുന്നു. അത് കൊടുക്കാൻ പാടില്ലെന്നാണ് എന്റെ പക്ഷം. ഏത് എക്സ്ട്രിമിസ്റ്റ് ഡിബേറ്റുകളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ഒരു ഇന്റർവ്യൂ കൊടുക്കുമ്പോ മാധ്യമപ്രവർത്തകരോട് ഞാനെപ്പോഴും പറയാറുള്ളത് പറയുന്ന കാര്യം അതേപോലെ കൊടുക്കണേ എന്നാണ്. സോഷ്യൽ മീഡിയയുടെ കാലത്ത് ഒന്നും പിടിച്ചുവെക്കാൻ പറ്റില്ല. നോ എന്ന് പറയാൻ നമ്മൾ കുറച്ചുകൂടെ കരുത്ത് നേടണം. ചില ചർച്ചകളിൽ ഭാഗമാവില്ലെന്ന് തീരുമാനിക്കേണ്ടതുണ്ട്.

Q

സമൂഹത്തിന് ലിംഗനീതിയെ കുറിച്ച് വലിയ ധാരണയില്ലാത്തതും ഒരു പ്രശ്നമല്ലേ?

A

വിപ്ലവം ഒരു സോഫ്റ്റായിട്ടുള്ള കത്തിയല്ല. അതുകൊണ്ട് തന്നെ ഒഎംകെവി എന്ന് പറഞ്ഞതിൽ ഞാനിപ്പോഴും വളരെയധികം അഭിമാനിക്കുന്നു. അത് കഴിഞ്ഞും പല സ്ത്രീകൾക്കും അത് പറയാനായി എന്നുള്ളതാണ്. ഫെമിനിച്ചി എന്നത് എന്നെ തന്നെ മാറ്റിയിട്ടുള്ള കാര്യമാണ്. ഞാനോ റിമയോ എന്ത് തന്നെ പറഞ്ഞാലും അതിന് താഴെ ഒരു കൂട്ടം തെറിവിളികളുണ്ടാവും. അതിനപ്പുറം എന്ത് ചെയ്യാനാവും? അതിനെയൊക്കെ മറികടക്കാനുള്ള ശേഷി മനുഷ്യ മനസിനുണ്ട്. വളരെ മോശമായ ഒരു സംഭവം നടന്നാണ് ഡബ്ല്യുസിസി രൂപം കൊണ്ടത്. അന്നുള്ള തീ ഇന്നും എന്റെ മനസിലുണ്ട്. നമുക്ക് ഡിഗ്നിറ്റി വേണം. പരമാവധി പോയാൽ ശാരീരികമായി ആക്രമിക്കപ്പെട്ടേക്കാം. അതിനേക്കാൾ മോശമാണ് റെസ്പെക്ട് ഇല്ലാത്ത ഒരു ജീവിതം ജീവിക്കുന്നത്. അങ്ങിനെയൊന്ന് ആവശ്യമില്ല. ആ ഒരു ഷിഫ്റ്റ് നടന്ന് കഴിഞ്ഞ ആളുകളോടാണ് ഇവര് സംസാരിക്കുന്നത്. ഒരു ഔട്ട് ഓഫ് കൺട്രോൾ മോൺസ്റ്ററൊന്നും അല്ല സോഷ്യൽ മീഡിയ. സൈബർ ക്രൈം റിയൽ ടൈമിൽ ഞാനനുഭവിക്കുന്നതാണ്. അത് മാറ്റണമെങ്കിൽ അതിനെ കുറിച്ച് പഠിച്ചേ മതിയാകൂ. ഇവിടെ ശക്തമായ നിയമങ്ങളില്ല. ഇപ്പോൾ ഞാനിതിനെയെല്ലാം പഠിക്കാനുള്ള അവസരമായാണ് കാണുന്നത്.

Q

സൈബർ ബുള്ളിയിങ്ങിലൂടെ കടന്നുപോയപ്പോൾ പാർവതിക്ക് മനസിലായത് എന്താണ്?

A

മാനസികാരോഗ്യത്തെയാണ് ഇത് ബാധിക്കുന്നത്. നമ്മുടേതെന്ന് പറയുന്ന ഒരു സംഘം ആളുകളുണ്ട്. ഇങ്ങിനെയൊരനുഭവം ഉണ്ടായാൽ അവരെ പോയി കാണണം. എത്ര നമുക്ക് ഒറ്റയ്ക്ക് ഇരിക്കണം എന്ന് തോന്നിയാലും അവരെ പോയി കാണണം. എനിക്ക് സംഭവിച്ചപ്പോഴാണ് അതിന്റെ വ്യാപ്തി എനിക്ക് മനസിലായത്. നമുക്ക് വേണ്ടത് ഡിറ്ററൻസാണ്. ഫെയ്സ്ബുക്, യൂട്യൂബ് ഗൈഡ്‌ലൈൻസ് മാറ്റിക്കണം. ഒരു പബ്ലിക് ഔട്ട്ക്രൈ അതിനെപ്പറ്റി ഉണ്ടാകണം. എന്നാൽ ഭൂരിഭാഗം സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാലേ ഒരു മാറ്റം ആവശ്യപ്പെടാനാവൂ. നീതി ലഭിച്ചാലും ഇല്ലെങ്കിലും റിപ്പോർട്ട് ചെയ്യുക. പത്ത് വർഷം കഴിഞ്ഞാവും കാര്യം വരിക. എന്നാലും നമ്മുടെ ഇപ്പോഴത്തെ ഒരു എഫ്ഐആർ അതിൽ വളരെയധികം സ്വാധീനം ചെലുത്തും.

Q

കസബയെ കുറിച്ചുള്ള പാർവതിയുടെ വിമർശനം ആ രീതിയിലല്ല എടുക്കപ്പെട്ടത്. അതിന് ശേഷം പിന്നീട് കൂടുതൽ പേരിലേക്ക് പാർവതി പറഞ്ഞത് എത്തിയോ?

A

അന്ന് പറഞ്ഞതിൽ തെറ്റ് പറ്റിയിട്ടില്ല. ഒരു നടനെ ഞാൻ ആക്ഷേപിച്ചിട്ടില്ല. അത് ചെയ്തത് മാധ്യമപ്രവർത്തകരാണ്. ആ സിനിമ റിലീസായ സമയത്ത് തന്നെ ഇതിനെ പറ്റി ഘോരഘോരം ചർച്ച നടന്നിരുന്നു. എന്നാൽ ഞാൻ പറഞ്ഞപ്പോൾ അത് വിവാദമായി. എന്തുകൊണ്ടാണത്? കസബയെ പറ്റി പറഞ്ഞതല്ല പ്രശ്നം. പാർവതി പറഞ്ഞു എന്നതായിരുന്നു പ്രശ്നം. ഒരു നടി മമ്മൂക്കയുടെ പേര് പറഞ്ഞു എന്നതായിരുന്നു പ്രശ്നം. അതിന് ശേഷം പാർവതി എന്ന നടിയെന്ന നിലയിലല്ല, പാർവതിയെന്ന വ്യക്തിയെന്ന നിലയിലാണ് എനിക്ക് പിന്തുണ ലഭിച്ചത്. അതൊരു വലിയ നേട്ടമാണ്. കസബ എഴുതിയ ആളുകൾക്കും സംവിധായകനും ഇപ്പോഴും പ്രശ്നമില്ല. എനിക്ക് വളരെ ആശ്ചര്യം തോന്നിയത് രൺജി പണിക്കർ സാറിന്റെ പ്രതികരണമാണ്. അങ്ങനെ എഴുതിയതിൽ ഖേദിക്കുന്നു എന്ന അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റ് ചരിത്രപരമായ ഒന്നാണ്. അത് ഞാൻ ചെയ്യാൻ പാടില്ലായിരുന്നു എന്ന് ഒരാൾ പറയുന്നതിലും വലുതായി മറ്റൊന്നില്ല. ചേഞ്ച്മേക്കേർസ്, ഡിസ്റെപ്റ്റേർസ്, വിസിൽ ബ്ലോവേർസ് തുടങ്ങിയ കാറ്റഗറിയിലാണ് ഞാനിപ്പോൾ. അതുകൊണ്ട് ഞാനൊരിക്കലും ഇത് അവസാനിപ്പിക്കില്ല.

Q

ഇത്തരം വിമർശനങ്ങൾ മാസ് എന്റർടെയ്‌നറുകളിൽ കൂടി പ്രതിഫലിക്കും എന്നൊരു പ്രതീക്ഷയുണ്ടോ?

A

അത് പ്രതീക്ഷ മാത്രമല്ല. അത് ഞാൻ കാണുന്നുണ്ട്. ഒരാളുടെ ഉത്തരവാദിത്തമല്ല ഇത്. ജനം അത് ഏറ്റെടുത്തിരിക്കുകയാണ്. നല്ല സ്വാധീന ശേഷിയുള്ള ആളുകൾ തന്നെയുണ്ട്. പണ്ടത്തെ സിനിമകളിലെ മിസോജനി, പല തരം പാട്രിയാർക്കി, പല തരം അമ്മമാർ ഇതൊക്കെ അവർ കാണിക്കുന്നുണ്ട്. അത് എഴുത്തുകാരെ സ്വാധീനിക്കുമെന്ന് ഞാൻ കരുതുന്നു.

Q

ഡബ്ല്യുസിസിയുടെ നിലപാടുകളോട് ചേർന്നുപോകാവുന്ന കൂട്ടായ്മകൾ സോഷ്യൽ മീഡിയയിൽ രൂപപ്പെടുന്നുണ്ടല്ലോ?

A

ആളുകളും താരങ്ങളും ആക്ടിവിസ്റ്റുകളും തമ്മിലുള്ള ദൂരം കുറഞ്ഞിട്ടുണ്ട്. ഇൻസ്റ്റ ലൈവിനൊക്കെ ആളുകൾ ബന്ധപ്പെടാറുണ്ട്. ഒരു മണിക്കൂറൊക്കെയാണ് ഇത്തരം പരിപാടികൾ ഉണ്ടാവുക. കൊവിഡ് കാലമായതിനാൽ എല്ലാവരും കൂടുതൽ ഉപയോഗിക്കുക സോഷ്യൽ മീഡിയയാണ്. അതിനാൽ തന്നെ ഇത് വളരെയധികം ഉപയോഗിക്കാൻ കഴിയണം. ഞാൻ വെറും നടിയല്ല, അതിനേക്കാളപ്പുറമാണ്. ഞാൻ ഉപയോഗിക്കപ്പെടണം എന്ന് തോന്നുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഡിസ്കഷനിൽ സജീവമായി പങ്കെടുക്കാനാണ് ആഗ്രഹിക്കുന്നത്. സിനിമകളിലൂടെ എനിക്കെന്റെ രാഷ്ട്രീയം പറയാം. പക്ഷെ അത് പോരാതെ വരുന്നു. അതെന്റെ മാത്രം കാഴ്ചപ്പാടാണ്. മ്യൂസിക്, ഡാൻസ്, സംസാരം, ഡിബേറ്റ്സ് സെഷൻസ് തുടങ്ങി ഏത് വിധത്തിലായാലും ഇത്തരം ഡിസ്കഷൻസിന്റെ ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹം.

Q

മൂന്ന് വർഷം കൊണ്ട് തുല്യതയിലേക്കുള്ള ഡബ്ല്യുസിസിയുടെ പ്രോഗ്രസ് റിപ്പോർട്ട് എന്താണ്?

A

ഞാൻ ഡബ്ല്യുസിസിയുടെ വക്താവല്ല. പ്രതിനിധിയെന്ന നിലയിലാണ് പറയുന്നത്. മുഖ്യമന്ത്രിയെ കണ്ടത് ഇവിടെ പഠനങ്ങൾ നടന്നിട്ടില്ലെന്നത് കൊണ്ടാണ്. സാധാരണ കോർപ്പറേറ്റ് ടേംസിലുള്ള തൊഴിലാളി-തൊഴിലുടമ ബന്ധം സിനിമ ഇന്റസ്ട്രിയിൽ ഡിഫൈൻ ചെയ്യാൻ ബുദ്ധിമുട്ടാണ്. കാറിലാണ് ഷൂട്ട് നടക്കുന്നതെങ്കിൽ കാറായി തൊഴിലിടം. ഒരു ഐസി വേണമെന്ന ആവശ്യത്തെ എന്തിനാണ് മറ്റുള്ള സംഘടനകൾ എതിർക്കുന്നത്? അവർക്കെന്താണ് നഷ്ടപ്പെടാനുള്ളത്? ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. അതിലെ ഉള്ളടക്കം എന്താണെന്ന് അറിയില്ല. കൊവിഡാണ് സർക്കാർ ബുദ്ധിമുട്ടിലാണെന്നത് ശരിയാണ്. പക്ഷെ പ്രശ്നങ്ങൾ തീരുന്നില്ല. കഴിഞ്ഞ മൂന്നാല് മാസത്തിനിടെ ടോപ്പിൽ നിൽക്കുന്ന ആളുകൾക്ക് എതിരെ വരെ പരാതികൾ ഉയർന്നുവന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഫയൽ ചെയ്തെങ്കിലും അത് ഫോളോ ചെയ്യാൻ സംവിധാനം ഇല്ലാത്തത് വലിയ വീഴ്ചയാണ്. സർക്കാർ അതിനൊരു വഴി കണ്ടെത്തിയേ തീരൂ. ഡബ്ല്യുസിസിയുടെ വലിയ ആവശ്യം ഒരു ട്രൈബ്യൂണൽ ഫോം ചെയ്യുക, ഒരു ഗ്രീവൻസ് റിഡ്രസൽ സെൽ ഫോം ചെയ്യുക. ഒരു എന്റർടെയ്ൻമെന്റ് ലോ ഉണ്ടാക്കുക എന്നതാണ്. ഇത് നിലവിൽ വന്നാൽ ചിലർക്ക് ഒരുപാട് നഷ്ടം ഉണ്ടാവും. ഡബ്ല്യുസിസി ഉന്നയിക്കുന്ന വിഷയങ്ങളിൽ മറ്റ് സംഘടനകളോട് കൂടുതൽ ചോദ്യം ചോദിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. എഎംഎംഎയിൽ 50 ശതമാനം സ്ത്രീകളാണെന്ന് അവർ ഘോരഘോരം പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തായെന്ന് അവർക്ക് ചോദിച്ചൂടേ? ഇതൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.

Q

താരസംഘടനയുടെ ഭാഗമായി നിങ്ങൾ പോരാടിയ സമയത്ത് ഏതെങ്കിലും തരത്തിലുള്ള മാറ്റമുണ്ടായിട്ടുണ്ടോ?

A

ഏറ്റവും വലിയ ഭീഷണി അച്ചടക്ക നടപടിയാണല്ലോ. അതിനെ കുറിച്ച് നമ്മൾ പുറത്തൊന്നും പറയാൻ പാടില്ല. ഞാനാ സംഘടനയിൽ നിൽക്കാനുള്ള പ്രധാന കാരണം അതിലെ 90 ശതമാനം പേർക്കും എന്താണ് നടക്കുന്നതെന്ന് അറിയാത്തത് കൊണ്ടാണ്. അവരിപ്പോഴും അതൊരു ക്ലബാണെന്ന രീതിയിൽ വരുന്നു. അവരുടെ അവകാശങ്ങളെ കുറിച്ച് അവർക്ക് അറിയില്ല. പദ്മപ്രിയ അന്ന് അവിടെ പോയി സംസാരിച്ചപ്പോ പലരും ചോദിച്ചത് അയ്യോ എന്താ മോളേ പ്രശ്നം എന്നാണെന്നാണ്. അന്ന് എല്ലാവർക്കും മെയിൽ കിട്ടിയിരുന്നു. എന്നാൽ ആരും അത് വായിച്ചില്ല. വായിച്ചിരുന്നെങ്കിൽ നമ്മുടെ കേന്ദ്രസർക്കാർ നമ്മളോട് ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് സംഘടനയ്ക്ക് അകത്തും നടക്കുന്നതെന്ന് മനസിലാവും. നമ്മുടെ അടിയിൽ നിന്ന് നിലം വാരിയങ്ങ് കൊണ്ടുപോകുന്നുണ്ട്, നമ്മളത് അറിയുന്നില്ല. അങ്ങിനെയുള്ള മാറ്റം വരുമ്പോൾ പറയാൻ ആരെങ്കിലും വേണം. എഎംഎംഎ എന്ന സംഘടന എന്റേത് കൂടിയാണ്. ഞാൻ ജനറൽ ബോഡി അംഗമാണ്. ഇത്തരം യോഗത്തിലാണ് അത് ചോദിക്കാനുള്ള അവകാശം എനിക്ക് കിട്ടുക. ഞങ്ങൾ മൂന്ന് പേർ മാത്രമല്ല, ആ യോഗത്തിൽ വേറെ പലരും സംസാരിച്ചിട്ടുണ്ട്. കാഴ്ചപ്പാട് മാറേണ്ടതുണ്ട് എന്ന് തന്നെയാണ്. പലർക്കും സംഘടന സഹായം ചെയ്തിട്ടുണ്ട്. അത് മാത്രമല്ല, ഒരു വെൽഫെയർ സംഘടന ചെയ്യേണ്ടത്. വെൽഫെയർ ചെയ്യുന്നുണ്ടോ എന്നുള്ളത് ചോദിക്കാനുള്ള എല്ലാ അവകാശവും എനിക്കുണ്ട്. നൂറ് തവണ ഒരു ചോദ്യം ഉള്ളീന്ന് ചോദിച്ചിട്ടാണ് നമ്മളത് പുറത്ത് വന്ന് ചോദിക്കുന്നത്. അത് അങ്ങിനെയേ ഈ കേസിലും സംഭവിച്ചിട്ടുള്ളൂ.

Q

പൃഥ്വിരാജ് അടക്കമുള്ളവർ താരസംഘടനയോട് വിധേയപ്പെട്ടാണല്ലോ നിൽക്കുന്നത്. ഡബ്ല്യുസിസിയുടെ ഫൈറ്റ് നിങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണോ??

A

ആ മാറ്റം വളരെ സോഫ്റ്റായിട്ടും സ്ലോ ആയിട്ടുമാണ് വരുന്നത്. ഞങ്ങൾ ഇനിയും ഇടപെട്ട് കൊണ്ടേയിരിക്കും. അപ്പോൾ ഞങ്ങൾ ലൈക്കബിൾ ആയിട്ടുള്ള ആൾക്കാരായിരിക്കില്ല. മറ്റൊരു വ്യക്തിയുടെ ചോയ്‌സിനെ ഞാൻ ചോദ്യം ചെയ്യില്ല. ആരൊക്കെയാണ് അതിൽ വിധേയത്വം കാണിക്കുന്നതെന്നത് അവരുടെ ചോയ്‌സാണ്. അത് അവർ തന്നെ വളരെ പ്രത്യക്ഷമായി ആളുകളെ കാണിക്കുന്നുണ്ട്. ഡബ്ല്യുസിസി ഒരു തരത്തിലും എല്ലാർക്കും എതിരെ നിൽക്കുന്ന സാധനമല്ല. മുഖ്യമന്ത്രിയെ കാണാൻ പോയി തിരിച്ചിറങ്ങിയത് മുതൽ ഡബ്ല്യുസിസി എതിരെ വരുന്നത് എന്ന നിലയിലാണ് പലരും കാണുന്നത്. ഞങ്ങൾ ശ്രമിച്ചത് കൂടെ നിന്ന് മാറ്റം വരുത്താനാണ്. അകത്ത് നിന്നിട്ട് മാറ്റം വരുത്താൻ പറ്റിയിട്ടില്ല ഇതുവരെ. പക്ഷെ അതിനുള്ള വിശ്വാസം ഇതുവരെ ഇങ്ങോട്ടേക്ക് കാണിച്ചിട്ടില്ല. ഞങ്ങൾ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തിരിക്കുകയാണ്. ഇന്റേണൽ കമ്മിറ്റി എന്തുകൊണ്ട് ഫോം ചെയ്യുന്നില്ലെന്നാണ് ചോദിച്ചത്. അത് ഫോം ചെയ്യണ്ട ആവശ്യമില്ലെന്നാണ് അവർ സമർപ്പിച്ച മറുപടി. പുറത്ത് പറയുന്നത് ഒന്നും ലീഗലായി പറയുമ്പോൾ വേറൊന്നും പറയുന്നത് ഞങ്ങളെ കൺഫ്യൂസ് ചെയ്യുന്നുണ്ട്. ഡബ്ല്യുസിസിയെ ശത്രുവായി കാണേണ്ടെന്നാണ് പറയാനുള്ളത്. അതവർ ചെയ്യുന്നില്ലെന്നതാണ് വിഷമം. ഇത് ഞാനല്ല, ഡബ്ല്യുസിസിയല്ല, വേറൊരു കളക്ടീവാണെങ്കിലും മാറേണ്ടത് മാറും എന്നൊരു വിശ്വാസം എനിക്കുണ്ട്. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in