'വായടപ്പിക്കാനുള്ള നീക്കം, അങ്ങനെയൊന്നും ഭയപ്പെടില്ല' ; മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് കേസെടുത്തതില്‍ അഡ്വ. വീണ നായര്‍

'വായടപ്പിക്കാനുള്ള നീക്കം, അങ്ങനെയൊന്നും ഭയപ്പെടില്ല' ; മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് കേസെടുത്തതില്‍ അഡ്വ. വീണ നായര്‍

കേസെടുത്ത് ഭയപ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും അഭിഭാഷകയുമായ അഡ്വ. വീണ എസ് നായര്‍ ദ ക്യുവിനോട്. അതുകൊണ്ടൊന്നും ഭയപ്പെടില്ല.സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് തുടരും. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഇത് ജനാധിപത്യരാജ്യമാണെന്ന് ഓര്‍ക്കണമെന്നും വീണ നായര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പുനസംപ്രേഷണം ചെയ്യുന്നത് പിആര്‍ വര്‍ക്കാണെന്ന് വിമര്‍ശിച്ചതിന്റെ പേരിലാണ് വീണ നായര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഎം അനുകൂലിയായ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നതെന്ന് വീണ നായര്‍ പറഞ്ഞു. മാര്‍ച്ച് 31 ലെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് കേസിന് ആധാരമായി പറയുന്നത്. ഉടന്‍ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വീണയ്‌ക്കെതിരെ കേസെടുത്ത നടപടി ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ഡോ. ശശി തരൂര്‍ എം പിയുടെ പ്രതികരണം.അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണിതെന്നും കേസ് പിന്‍വലിക്കണമെന്നും തരൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കേസെടുക്കാന്‍ ചൂണ്ടിക്കാട്ടിയ എഫ്ബി പോസ്റ്റ്

കേസെടുത്തതില്‍ വീണയുടെ പ്രതികരണം

'വായടപ്പിക്കാനുള്ള നീക്കം, അങ്ങനെയൊന്നും ഭയപ്പെടില്ല' ; മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് കേസെടുത്തതില്‍ അഡ്വ. വീണ നായര്‍
മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് അഭിഭാഷകയ്‌ക്കെതിരെ കേസ് : ഞെട്ടിക്കുന്നതെന്ന് ശശി തരൂര്‍

മാര്‍ച്ച് 31 നാണ് ആ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. കൊറോണയുടെ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ആവര്‍ത്തിച്ചാണ് സര്‍ക്കാര്‍ സാലറി ചാലഞ്ച് നടപ്പാക്കിയത്. അങ്ങനെയൊരു സാഹചര്യത്തില്‍ നാം മുന്നോട്ട് എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടിയുടെ സ്ലോട്ടില്‍, പ്രതിദിന വാര്‍ത്താസമ്മേളനങ്ങളുടെ വീഡിയോ സംപ്രേഷണം ചെയ്യുന്ന പിആര്‍ പ്രവൃത്തി ധൂര്‍ത്താണെന്നാണ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമുണ്ട്. മാധ്യമങ്ങള്‍ ഇത് ലൈവായി സംപ്രേഷണം ചെയ്യുന്നു. പിന്നീട് വാര്‍ത്തകളിലും നല്‍കുന്നു. എന്നാല്‍ അത് തന്നെ എഡിറ്റ് ചെയ്ത് നാം മുന്നോട്ടിന്റെ സ്ലോട്ടിലും സംപ്രേഷണം ചെയ്യുകയാണ്. ആ പിആര്‍ പ്രവര്‍ത്തനം ധൂര്‍ത്താണെന്നും അത് ശരിയല്ലെന്നുമായിരുന്നു പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയത്. കാരണം, ആറുകോടിയിലേറെ രൂപയാണ് നാം മുന്നോട്ട് സംപ്രേഷണം ചെയ്യാനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ആറ് സ്വകാര്യ ചാനലുകളുടെ സ്ലോട്ടുകളിലായാണ് സംപ്രേഷണം. എപ്പിസോഡ് ഇല്ലെങ്കില്‍ ആ ആഴ്ച അത് ഒഴിവാക്കുകയെന്നതാണ് ഉചിതം. അങ്ങനെയെങ്കില്‍ ലക്ഷങ്ങള്‍ സര്‍ക്കാരിന് ലാഭിക്കാനാകും. അതിനുപകരം റെക്കോര്‍ഡ് ചെയ്ത വാര്‍ത്താസമ്മേളനങ്ങള്‍ തന്നെ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. ഇത്തരമൊരു വിമര്‍ശനത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

ഇന്ത്യ ജനാധിപത്യരാജ്യമാണ്. ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവകാശമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് ഭരണഘടനയുടെ 19ാം ആര്‍ട്ടിക്കിള്‍ അനുശാസിക്കുന്നുണ്ട്. എന്നാല്‍ ആ അവകാശം ഞാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതെങ്ങനെ സാധ്യമാകും. അപകീര്‍ത്തികരമായ ഒന്നും ആ പോസ്റ്റിലില്ല. നേരെയുള്ള വിമര്‍ശനമാണ്. ഇത് കിങ്‌ജോങ് ഉന്നിന്റെ നാടല്ലല്ലോ, ഇന്ത്യയല്ലേ. അങ്ങനെയെങ്കില്‍ ഏകാധിപത്യമായാല്‍ പോരേ. കേരളത്തിലെ മുഖ്യമന്ത്രിക്ക് വേണ്ടത് പ്രതികരിക്കാത്ത സമൂഹത്തെയാണ്. പക്ഷേ നെറികേടുകള്‍ കാണുമ്പോള്‍ തന്നെ പോലൊരാള്‍ക്ക് പ്രതികരിക്കാതിരിക്കാനാകില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെതിരെയാണ് വിമര്‍ശനങ്ങള്‍. ഭരണഘടനാ അവകാശമാണ് നിറവേറ്റുന്നത്. എറണാകുളത്തെ ഒരു സിപിഎം അനുകൂല അഭിഭാഷകനാണ് പരാതിക്കാരനെന്നാണ് അറിയുന്നത്. എത്രയും പെട്ടെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. ലോക്ക്ഡൗണില്‍ അഞ്ച് ജില്ലകള്‍ കടന്നെത്തുകയെന്നത് എളുപ്പമല്ല. തിരുവനന്തപുരത്തുള്ള തനിക്കെതിരെ അവിടെ കേസ് കൊടുത്തതുതന്നെ ബുദ്ധിമുട്ടിക്കാന്‍ ലക്ഷ്യമിട്ടാണ്. അതൊന്നും കാര്യമാക്കുന്നില്ല. കേസ് എടുത്ത് ഭയപ്പെടുത്തി വായടപ്പിക്കാനാണ് ശ്രമം. അങ്ങനെയൊന്നും ഭയപ്പെടുകയോ പിന്‍വാങ്ങുകയോ ഇല്ല. പ്രത്യേകിച്ച് സ്ത്രീകളെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണിത്. കുടുംബത്തിന്റെ പൂര്‍ണ പിന്‍തുണയുള്ളയാളാണ് ഞാന്‍. എന്നാല്‍ സാധാരണ സ്ത്രീകളാണെങ്കില്‍ അവര്‍ ഒരു കേസ് വന്നാല്‍ തുടര്‍ന്ന് പ്രതികരിക്കാന്‍ മടിക്കും. അതിനാല്‍ വ്യക്തിപരമായ പ്രശ്‌നമായല്ല കാണുന്നത്. പ്രതികരിക്കുന്ന സ്ത്രീകളെ പൊതുവായി ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കമാണ്. സ്ത്രീകള്‍ സംസാരിക്കേണ്ടെന്നാണ് എന്നെ പൊലൊരാള്‍ക്കെതിരെ കേസെടുക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഡോ. ശശി തരൂരിനെ പോലുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഡിജിപിയോട് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു കുഴല്‍നാടന് വക്കാലത്ത് നല്‍കിയിട്ടുണ്ടെന്നും വീണ ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in