'വിദഗ്ധ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അയയ്ക്കണം'; കൊവിഡില്‍ കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര

'വിദഗ്ധ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അയയ്ക്കണം';  കൊവിഡില്‍ കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര

കൊവിഡ് പ്രതിരോധിക്കാന്‍ 50 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെയും 100 നഴ്‌സുമാരെയും നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തിന് മഹാരാഷ്ട്രയുടെ കത്ത്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് എഴുതിയിരിക്കുന്നത്. താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് 80,000 രൂപയായിരിക്കും ശമ്പളം. എംഡി/എംഎസ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ആനുകൂല്യങ്ങളടക്കം 2 ലക്ഷവുമാണ് മഹാരാഷ്ട്ര നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. നഴ്‌സുമാര്‍ക്ക് 30,000 രൂപയും ലഭ്യമാക്കുമെന്നും കത്തില്‍ അറിയിക്കുന്നു. ഇവരുടെ താമസം, ഭക്ഷണം, മരുന്നുകള്‍, വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ശമ്പളത്തിന് പുറെ ലഭ്യമാക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ മന്ത്രി കെകെ ശൈലജയുമായി നേരത്തേ ആശയവിനിമയം നടത്തിയിരുന്നു. ആവശ്യമെങ്കില്‍ വിദഗ്ധ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ലഭ്യമാക്കാമെന്ന് കെകെ ശൈലജ സ്വമേധയാ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്ര ഇതുസംബന്ധിച്ച് കത്ത് അയച്ചിരിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാലക്ഷ്മി റേസ് കോഴ്‌സില്‍ 600 ബെഡ്ഡുള്ള കൊവിഡ് ഹെല്‍ത്ത് കെയര്‍ സെന്റര്‍ ഉടന്‍ സജ്ജമാക്കുമെന്ന് കൊവിഡ് പ്രതിരോധത്തിന്റെ നോഡല്‍ ഓഫീസര്‍ ഡോ. ടിപി ലഹാനേ വ്യക്തമാക്കി. ഇവിടെ 125 ബെഡ്ഡുകളുള്ള ഐസിയുവും തയ്യാറാക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇവിടുത്തേക്കാണ് പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെ സംഘത്തെ അയയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 50,231 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 33,988 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 14,600 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 1635 പേര്‍ മരണപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in