യോഗി ഹിറ്റ്‌ലറെന്ന് ശിവസേനാ മുഖപത്രം സാമ്‌ന ; 'അവിടെ ജൂതന്‍മാരോട് ചെയ്തത് ഇവിടെ അതിഥി തൊഴിലാളികളോട്'

യോഗി ഹിറ്റ്‌ലറെന്ന് ശിവസേനാ മുഖപത്രം സാമ്‌ന ; 'അവിടെ ജൂതന്‍മാരോട് ചെയ്തത് ഇവിടെ അതിഥി തൊഴിലാളികളോട്'

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ച് ശിവസേന മുഖപത്രം സാമ്‌നയില്‍ ലേഖനം. യോഗി ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറിനെ പോലെയാണെന്ന് എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. പാര്‍ട്ടിയുടെ രാജ്യസഭ എംപിയായ സഞ്ജയ് റാവത്താണ് യോഗിയെ ഹിറ്റ്‌ലറിനോട് ഉപമിച്ച് ലേഖനം എഴുതിയിരിക്കുന്നത്. അതിഥി തൊഴിലാളികളെ യോഗി കൈകാര്യം ചെയ്യുന്നത് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജൂതന്‍മാരെ കൈകാര്യം ചെയ്തതുപോലെയാണെന്ന് ലേഖനത്തില്‍ പറയുന്നു. ഹിറ്റ്‌ലര്‍ ഭരണത്തില്‍ ജര്‍മ്മനിയില്‍ ജൂതന്‍മാര്‍ നേരിടേണ്ടി വന്നതിന് സമാനമാണ് ഉത്തര്‍പ്രദേശില്‍ അതിഥി തൊഴിലാളികള്‍ അനുഭവിക്കേണ്ടി വരുന്നത്. ജന്‍മനാട്ടിലെ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ പോലും തൊഴിലാളികളെ യോഗി അനുവദിക്കുന്നില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

അതിഥി തൊഴിലാളികള്‍ കാല്‍നടയായോ സൈക്കിളുകളിലോ ട്രക്കുകളിലോ സംസ്ഥാനത്തേക്ക് പ്രവേശിക്കരുതെന്ന് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ദേശീയ പാതകളിലും റെയില്‍വേ ട്രാക്കുകളിലും അപകടത്തില്‍പ്പെട്ട് മരിക്കുന്നതില്‍ പ്രതിക്കൂട്ടിലായപ്പോഴാണ്,പകരം മതിയായ യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ യുപിയിലെ ബിജെപി സര്‍ക്കാര്‍ വിചിത്ര തീരുമാനമെടുത്തത്. നേരത്തേ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കണ്ട് പഠിക്കണമെന്ന് ബിജെപി മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍ ശിവസേന സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെ മറുപടി നല്‍കിയിരുന്നു. കേരള മാതൃകയെ പ്രശംസിക്കും മുന്‍പ് എന്താണ് ആ മാതൃകയെന്ന് പഠിക്കുന്നത് നല്ലതാകും. കേന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കുകയോ മോദിയുടെ വീഡിയോ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്ന ആളോ അല്ല കേരള മുഖ്യമന്ത്രി. മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് സമയം പാഴാക്കലാണെന്നാണ് അദ്ദേഹം കരുതുന്നതെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in