ഇന്ന് 5 പേര്‍ക്ക് കൊവിഡ്; സംസ്ഥാനം കൊവിഡ് പ്രതിരോധത്തിന്റെ അടുത്തഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി

ഇന്ന് 5 പേര്‍ക്ക് കൊവിഡ്; സംസ്ഥാനം കൊവിഡ് പ്രതിരോധത്തിന്റെ അടുത്തഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആരുടെയും ഫലം നെഗറ്റീവായില്ല. നിലവില്‍ 32 കൊവിഡ് ബാധിതരുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തുനിന്നാണ്. ചെന്നൈയില്‍ നിന്ന് വന്ന ആറ് പേര്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ നാല് പേര്‍, നിസാമുദ്ദീനില്‍ നിന്നെത്തിയ 2 പേര്‍, വിദേശത്ത് നിന്നെത്തിയ 11 പേര്‍. സമ്പര്‍ക്കത്തിലൂടെ 9 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ ആറ് പേരും വയനാടാണ്.

കൊവിഡ് വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. രോഗവ്യാപനം തടയാനാണ് നാം ശ്രമിച്ചത്. നമുക്കതിന് കഴിഞ്ഞു. ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തിന്റെ പുതിയൊരു ഘട്ടത്തിലേക്കാണ് കടക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികള്‍ തിരിച്ചെത്തി തുടങ്ങി. ഈ ആഴ്ച മുതല്‍ കൂടുതല്‍ പേര്‍ എത്തുകയാണ്. രോഗബാധിത മേഖലകളില്‍ നിന്ന് വരുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും സംരക്ഷിച്ച് നിര്‍ത്തുക, സമൂഹവ്യാപനമെന്ന ഭീഷണിയെ അകറ്റി നിര്‍ത്തുക, ഇതൊക്കെയാണ് നമുക്ക് മുന്നിലുള്ള ലക്ഷ്യങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍പേരെത്തുമ്പോള്‍ സുരക്ഷ ഒരുക്കുന്നത് വലിയ വെല്ലുവിളിയാണ്. ഒരേ സമയം നിരവധി ആളുകളെയാണ് സ്വീകരിക്കേണ്ടി വരുന്നത്. അവരെല്ലാവരും ഇങ്ങോട്ട് വരേണ്ടവരും, സംരക്ഷിക്കപ്പെടേണ്ടവരുമാണെന്നതില്‍ സംശയമില്ല. സംസ്ഥാനത്ത് എത്തുന്നവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നിര്‍ബന്ധമായി ശേഖരിച്ചിരിക്കണം എന്ന തീരുമാനം എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in