‘ഞങ്ങളുടെ ജീവന്‍ രക്ഷിക്കണം, കണ്‍ട്രോള്‍ റൂമില്‍ ആരും ഫോണെടുക്കുന്നില്ല’; മാലിദ്വീപില്‍ കുടുങ്ങിയ മലയാളികള്‍

‘ഞങ്ങളുടെ ജീവന്‍ രക്ഷിക്കണം, കണ്‍ട്രോള്‍ റൂമില്‍ ആരും ഫോണെടുക്കുന്നില്ല’; മാലിദ്വീപില്‍ കുടുങ്ങിയ മലയാളികള്‍

‘കയ്യിലുള്ള ഭക്ഷണവും വെള്ളവും തീരുന്നു, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ദ്വീപുകള്‍ കൊവിഡ് ഭീതിയിലാണ്, ഇനിയും ഇവിടെ തുടര്‍ന്നാല്‍ എന്താകും അവസ്ഥയെന്ന് പറയാനാകില്ല’, മാലിദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ പറയുന്നു.

മാലിദ്വീപില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങിയിരിക്കുകയാണ് ആയിരക്കണക്കിന് പ്രവാസികള്‍. തങ്ങളെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. രാജ്യത്ത് സമൂഹവ്യാപനം ആരംഭിച്ചു എന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരോ ദിവസം കഴിയും തോറും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ അവശേഷിക്കുന്ന കുറച്ച് ഭക്ഷണം കൂടി തീരും, പിന്നെ എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും മാലിദ്വീപില്‍ ജോലിചെയ്യുന്ന മലയാളികളില്‍ ഒരു സംഘം(പേര് വെളിപ്പെടുത്തരുതെന്ന ആവശ്യപ്രകാരം ഒഴിവാക്കുന്നു) ദ ക്യുവിനോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാലിദ്വീപില്‍ ഇതുവരെ 86 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുന്നൂറോളം ചെറുദ്വീപുകളിലായി നാല് ലക്ഷത്തോളം ആളുകളാണ് മാലിദ്വീപിലുള്ളത്. 1200ഓളം ദ്വീപുകളുള്ള രാജ്യമാണ് മാലിദ്വീപ് എങ്കില്‍ ജനവാസമുള്ളത് ഇരുന്നൂറോളം ദ്വീപുകളില്‍ മാത്രമാണ്. ചെറുദ്വീപുകളിലായി അയ്യായിരത്തോളം മലയാളികള്‍ രാജ്യത്തുണ്ട്. ഭൂരിഭാഗം ആളുകളും അധ്യാപകരും, ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരും, റിസോര്‍ട്ട് ജീവനക്കാരുമാണ്.

മലയാളികള്‍ക്കുള്‍പ്പടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ തലസ്ഥാനമായ മാലെയില്‍ നിന്നാണ് മറ്റുദ്വീപുകളിലേക്ക് അവശ്യ സാധനങ്ങളുള്‍പ്പടെ വരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സാധനങ്ങള്‍ കൊണ്ടുവരുന്നത് നിന്നു. പല സ്ഥലത്തും മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഭക്ഷണ സാധനങ്ങളുള്‍പ്പടെ തീര്‍ന്ന് ബുദ്ധിമുട്ടുകയാണ്. എല്ലായിടത്തും രണ്ട് ദിവസം കഴിഞ്ഞാല്‍ അത് തന്നെയാകും അവസ്ഥ. വിദേശിയാണെന്ന കാരണത്താല്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ടെന്നും പ്രവാസി മലയാളികള്‍ പറയുന്നു..

മാലെ സിറ്റിയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇടുങ്ങിയ സിറ്റിയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ദ്വീപുകളില്‍ ഹെല്‍ത്ത് സെന്ററുകള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ട് അടിയന്തര ആരോഗ്യ ആവശ്യങ്ങള്‍ക്കുള്‍പ്പടെ എല്ലാവരും മാലെ സിറ്റിയെയാണ് ആശ്രയിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും മാലെയില്‍ നിന്ന് ചെറുദ്വീപുകളിലേക്ക് വന്നു. ഇത് മറ്റ് സ്ഥലങ്ങളിലേക്കും രോഗം പടരാന്‍ ഇടയാക്കുമോ എന്ന ആശങ്കയുണ്ട്. ദ്വീപുകളില്‍ രോഗം വന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. ആത്രയ്ക്ക് വേഗം അത് പടരും. ഞങ്ങളെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം. വിമാന മാര്‍ഗം അത് പറ്റില്ലെന്ന് അറിയാം. പക്ഷെ കപ്പല്‍ മാര്‍ഗം സാധിക്കും. 800 കിലോമീറ്റര്‍ മാത്രമാണ് കൊച്ചിയില്‍ നിന്ന് മാലിദ്വീപിലേക്കുള്ള ദൂരമെന്നും അവര്‍ പറയുന്നു.

'ഇവിടുത്തെ സര്‍ക്കാര്‍ ഇതുവരെ എല്ലാ സഹായങ്ങളുടെ ഞങ്ങള്‍ക്ക് ചെയ്ത് തരുന്നുണ്ട്. രോഗികളുടെ എണ്ണം കൂടിയാല്‍ എന്താകുമെന്ന് അറിയില്ല. ഈ സാഹചര്യത്തിലും പലരും മുതലെടുപ്പിന് ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്മീഷന്റെ ഭാഗത്ത് നിന്ന് വാഗ്ദാനങ്ങളാല്ലാതെ മറ്റൊന്നുമില്ല. ഒരു കണ്‍ട്രോള്‍ റൂം നമ്പര്‍ തന്നിട്ടുണ്ട്. അതില്‍ വിളിച്ചാല്‍ ആരും എടുക്കുക പോലുമില്ല', അധ്യാപകരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന മലയാളികള്‍ ദ ക്യുവിനോട് പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in