സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ്;  പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ ആരോഗ്യ സേവനം  

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ്; പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ ആരോഗ്യ സേവനം  

സംസ്ഥാനത്ത് ബുധനാഴ്ച 9 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍-4, ആലപ്പുഴ-2, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ഓരോ ആളുകള്‍ വീതം. ഇന്ന് രോഗം സ്ഥിരീകരിച്ച നാല് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പേര്‍. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

13 പേരുടെ ഫലം നെഗറ്റീവായി. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നിന്ന് 3 പേര്‍ വീതം. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ക്ക് വീതവും, കണ്ണൂരില്‍ ഒരാള്‍ക്കും രോഗം ഭേദമായി. സംസ്ഥാനത്ത് ഇതുവരെ 345 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 259 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 140,474 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 139,725 പേര്‍ വീടുകളിലും, 749 പേര്‍ ആശുപത്രികളിലുമാണ് ഉള്ളത്. 169 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനാകിറ്റുകള്‍ക്ക് ക്ഷാമമുണ്ടാകില്ലെന്നും 20,000 കിറ്റുകള്‍ ഐസിഎംആര്‍ വഴി നാളെ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് 1940 ചരക്കു ലോറികള്‍ സംസ്ഥാനത്തേക്ക് വന്നു. ഇന്നലത്തേതില്‍ നിന്ന് വര്‍ധനവുണ്ടായി. കാസര്‍കോട് അതിര്‍ത്തിയില്‍ ഡോക്ടര്‍മാരുടെ സേവനമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കര്‍ണാടകയിലെത്തിയ രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ട് കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും.

പ്രവാസികള്‍ കൂടുതല്‍ ഉള്ള രാജ്യങ്ങളില്‍ വിവിധ സംഘടനകളുമായി സഹകരിച്ച് അഞ്ച് ഹെല്‍പ്‌ഡെസ്‌കുകള്‍ ആരംഭിച്ചു. ഹെല്‍പ് ഡെസ്‌കുമായി സഹകരിക്കണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ ആയി ആരോഗ്യസേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചു. വീഡിയോ ഓഡിയോ കോളിലൂടെ അവര്‍ക്ക് സംസാരിക്കാം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് വരെയാണ് പ്രമുഖ ഡോക്ടര്‍മാരുടെ ടെലഫോണ്‍ സേവനം ലഭിക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in