മദ്യത്തിന് കുറിപ്പടി: എത്തിക്‌സിന് വിരുദ്ധം; നാളെ കരിദിനം;  പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

മദ്യത്തിന് കുറിപ്പടി: എത്തിക്‌സിന് വിരുദ്ധം; നാളെ കരിദിനം; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യത്തിനായി കുറിപ്പടി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡോക്ടര്‍മാര്‍ രംഗത്ത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ നാളെ കരിദിനം ആചരിക്കും. കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും ഡോക്ടര്‍മാര്‍ നാളെ ജോലിക്കെത്തുക. മദ്യാസക്തരായ രോഗികള്‍ക്ക് മദ്യത്തിനുള്ള കുറിപ്പടി നല്‍കുന്നത് എത്തിക്‌സിന് വിരുദ്ധമാണെന്ന് കെജിഎംഒഎ സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ ജോസഫ് ചാക്കോ ദ ക്യുവിനോട് പറഞ്ഞു.

മദ്യത്തിന് കുറിപ്പടി: എത്തിക്‌സിന് വിരുദ്ധം; നാളെ കരിദിനം;  പ്രതിഷേധവുമായി ഡോക്ടര്‍മാര്‍
ഒരു അപേക്ഷയില്‍ മൂന്ന് ലിറ്റര്‍ മദ്യം;അപേക്ഷകള്‍ കൂടുതലും റമ്മിനും ബ്രാന്‍ഡിക്കും

സര്‍ക്കാര്‍ ഡോക്ടരുടെ കുറിപ്പടിയുമായെത്തുന്ന വ്യക്തിക്ക് മൂന്ന് ലിറ്റര്‍ മദ്യം നല്‍കാനാണ് എക്‌സൈസ് മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. എക്‌സൈസ് ഇത് ബെവ്‌കോയ്ക്ക് കൈമാറും. ഒരാഴ്ചത്തേക്കുള്ള മൂന്ന് ലിറ്റര്‍ മദ്യം വീട്ടിലെത്തിച്ച് നല്‍കും. ഡോക്ടര്‍മാരെ ഇതിന്റെ ഇടനിലക്കാരാക്കരുതെന്നാണ് കെജിഎംഒഎ നേതൃത്വം ആവശ്യപ്പെടുന്നത്.15 ശതമാനം ആളുകള്‍ക്ക് മാത്രമാണ് മദ്യം ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടുണ്ടാവുക. അവര്‍ക്ക് മതിയായ ചികിത്സ നല്‍കണമെന്നും കെജിഎംഒഎ ആവശ്യപ്പെടുന്നു.

മദ്യാസക്തിയാണെന്ന കുറിപ്പടി നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയില്ല. രോഗത്തിന് മരുന്നാണ് എഴുതുക. കൊവിഡ് സാമൂഹ്യവ്യാപനം തടയാനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടത്. അല്ലാതെ മദ്യം എത്തിച്ച് നല്‍കാനല്ല. മദ്യപിക്കുന്നവരുടെ കുടുംബത്തെ കൂടിയാണ് രക്ഷിക്കാനാവുക.

ഡോക്ടര്‍ ജോസഫ് ചാക്കോ

കുറിപ്പടി നല്‍കാന്‍ ഡോക്ടര്‍മാരെ ആരും നിര്‍ബന്ധിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി കെജിഎംഒഎ അറിയിച്ചു. മദ്യത്തിന് കുറിപ്പടി നല്‍കാനുള്ള തീരുമാനം അശാസ്ത്രീയമാണെന്ന നിലപാടാണ് ഐഎംഎയ്ക്കുമുള്ളത്. മദ്യത്തില്‍ നിന്നും മോചിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ഇപ്പോളത്തെ സാഹചര്യത്തെ സുവര്‍ണ്ണാവസരമായി കാണണമെന്നും ഐഎംഎ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in