കൊവിഡ് 19 : മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഒറ്റവായനയില്‍ 

കൊവിഡ് 19 : മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഒറ്റവായനയില്‍ 

ഇന്ന് നമുക്ക് ആദ്യമേ തന്നെ പറയാനുള്ളത് ദുഃഖകരമായ ഒരു വാര്‍ത്തയാണ്. കോവിഡ് ബാധിച്ച ഒരു സഹോദരന്‍ നമ്മുടെ സംസ്ഥാനത്ത് മരണമടഞ്ഞിരിക്കുന്നു. എറണാകുളം ചുള്ളിക്കല്‍ സ്വദേശിയായ 69-കാരനാണ് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. ദുബായില്‍നിന്നാണ് അദ്ദേഹം എത്തിയത്.

കടുത്ത ന്യുമോണിയയുടെ ലക്ഷണങ്ങളുമായി മാര്‍ച്ച് 22നാണ് അദ്ദേഹത്തെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗിയായ അദ്ദേഹം നേരത്തേ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. ഇങ്ങനെ വിവിധ രോഗങ്ങളുള്ളതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമത്തെയും പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. നമ്മുടെ ചികിത്സാ സംവിധാനങ്ങള്‍ എത്ര ശക്തമായാലും ഇതുപോലുള്ള അനുഭവങ്ങളുണ്ടാവാം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നാം നടത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള ഒരാള്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും എറണാകുളം ജില്ലയില്‍നിന്ന് ഒരാള്‍ക്കും (വിദേശി) രോഗം ഭേദമായിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി.

1,34,370 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,33,750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 5276 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

നിലവിലുള്ള പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലെ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സാമൂഹ്യവ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കാന്‍ നിരീക്ഷണത്തിലിരിക്കുന്ന എല്ലാവരുടെയും രക്തസാമ്പിള്‍ എടുത്ത് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ ആലോചിച്ചിട്ടുണ്ട്. പെട്ടെന്ന് ഫലമറിയാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.

റെസ്പിറേറ്റേറുകള്‍, വെന്റിലേറ്ററുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ കവചങ്ങളുടെയും, എന്‍ 95 മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് വിവിധതലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബ്, വന്‍കിട, ചെറുകിട വ്യവസായ സംരംഭങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. ഈ ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ രൂപീകരിക്കും. മോഡലുകള്‍ വികസിപ്പിക്കുന്നതില്‍ ഫാബ് ലാബിനൊപ്പം വിഎസ്എസ്സിയുടെ സൗകര്യവും പ്രയോജനപ്പെടുത്തും.

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങള്‍ സമര്‍പ്പിക്കാന്‍ 'ബ്രേക്ക് കൊറോണ' പദ്ധതി ആരംഭിച്ചു. ഇതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ വെബ്‌സൈറ്റ് സജ്ജീകരിച്ചു.(breakcorona.in)

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള പിന്തുണ, സമൂഹ രോഗബാധ തടയല്‍, മാസ്‌കുകളും കൈയുറകളും ഉല്‍പാദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ലോക് ഡൗണ്‍ സംവിധാനത്തില്‍ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കല്‍ എന്നിങ്ങനെയുള്ള ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിന് സമയമില്ലാത്തതിനാല്‍ പ്രയോഗക്ഷമമായ പദ്ധതികള്‍ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. വിദഗ്ധരുടെ പാനല്‍ ഇവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.

രോഗവ്യാപനം തടയാന്‍ സമൂഹം തന്നെ നല്ല കരുതലെടുക്കുന്നുണ്ട്. അതിന്റെ ഭാഗമായി പല തരത്തിലും നിയന്ത്രണങ്ങള്‍ പ്രാദേശികമായി ഏര്‍പ്പെടുത്തുന്നുണ്ട്.

പത്രവിതരണം അവശ്യസര്‍വീസാണ്. അതിന് തടസ്സം നില്‍ക്കുന്ന അവസ്ഥ ഉണ്ടാകരുത്. ചില റസിഡന്‍സ് അസോസിയേഷനുകള്‍ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം വിലക്കുകള്‍ ഒഴിവാക്കി പത്ര വിതരണവുമായി സഹകരിക്കണം.

ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം, കമ്യൂണിറ്റി കിച്ചനുകളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നു എന്നതാണ്. അവിടെ ചെന്ന് പടമെടുക്കാനും ഇടപഴകാനും പലരും പോകുന്നു. ചുമതലപ്പെട്ട ആളുകളല്ലാതെ മറ്റാരും കമ്യൂണിറ്റി കിച്ചണുകളില്‍ കടക്കാന്‍ പാടില്ല. അങ്ങനെ ചെല്ലുന്നതും ഇടപഴകുന്നതും പല പ്രശ്‌നങ്ങളും ഉണ്ടാക്കും. സുരക്ഷാപരമായ കാരണങ്ങളാല്‍ തന്നെ മറ്റുള്ളവര്‍ അവിടെ പോകുന്നത്, അവര്‍ ആരായാലും ഒഴിവാക്കേണ്ടതാണ്.

1059 കമ്യൂണിറ്റി കിച്ചനുകളാണ് ആകെ തുടങ്ങിയത്. ആറ് കോര്‍പ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളും പൂര്‍ണ്ണമായും തുടങ്ങി. 125 കമ്യൂണിറ്റി കിച്ചനുകളാണ് നഗര കേന്ദ്രങ്ങളില്‍ ഒരുക്കിയത്.

941 പഞ്ചായത്തുകളില്‍ 831 പഞ്ചായത്തുകളും കമ്യൂണിറ്റി കിച്ചന്‍ തുടങ്ങി. 934 കമ്യൂണിറ്റി കിച്ചന്‍ പഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, പൊതുമേഖലാ സ്ഥാപനം, സഹകരണ സ്ഥാപനം എന്നിവയുടെ നേതൃത്വത്തിലാണ് കമ്യൂണിറ്റി കിച്ചന്‍ ഒരുക്കിയത്.

ഇന്നലത്തെ കണക്ക് അനുസരിച്ച് 52,480 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 41,826 പേര്‍ക്കും സൗജന്യമായാണ് നല്‍കിയത്. 31,263 പേര്‍ക്കും വീട്ടിലെത്തിച്ച് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഭക്ഷണം ലഭിക്കാന്‍ അര്‍ഹതയും ആവശ്യവും ഉള്ളവര്‍ക്കു മാത്രമാണ് അത് നല്‍കേണ്ടത് എന്നതാണ്. ഭക്ഷണം ആര്‍ക്കാണോ വിതരണം ചെയ്യേണ്ടത,് അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കണം. വിതരണത്തിനാവശ്യമായ വളണ്ടിയര്‍മാരെ ഇപ്പോള്‍ തന്നെ ചുമതലപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം.

വീട്ടില്‍ ഇരിക്കുക എന്നത് പലര്‍ക്കും പരിചയമുള്ള കാര്യമാവില്ല. വീട്ടിലിരിക്കുന്ന വേള വ്യത്യസ്ത തലത്തില്‍ ക്രിയാത്മകമായി ഉപയോഗിക്കണം. ഏറ്റവും നല്ലത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി ഉള്ളുതുറന്ന് സംസാരിക്കലാണ്. അതോടൊപ്പം ഈ സമയം നല്ലതുപോലെ വായനയ്ക്കും ചെലവഴിക്കാം. കൗണ്‍സലിങ്ങിനുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. സമ്മര്‍ദം കുറയ്ക്കാന്‍ ആ മാര്‍ഗം തേടാം.

ആളുകള്‍ വീടുകളില്‍ തന്നെ ഉണ്ട് എന്നതുകൊണ്ട് മറ്റുചില വിഷയങ്ങളുമുണ്ടാകും. ടോയ്‌ലറ്റ് ടാങ്കുകളുടേതാണ് അതിലൊരു പ്രശ്‌നം. ടാങ്കുകള്‍ നിറഞ്ഞുകവിയുന്നത് കുടിവെള്ളത്തിനുപോലും പ്രശ്‌നമുണ്ടാക്കും. ഇക്കാര്യത്തില്‍ കൃത്യസമയത്ത് ശാസ്ത്രീയ രീതിയില്‍ മാലിന്യനിര്‍മാര്‍ജന മാര്‍ഗങ്ങള്‍ അവലംബിക്കണം. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.

പ്രത്യേക സാഹചര്യത്തില്‍ നാം ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജന കിറ്റും വിതരണം ചെയ്യുന്നുണ്ട്. അത് എല്ലാവര്‍ക്കും വേണ്ടിവരില്ല. അങ്ങനെ ആവശ്യമില്ലാത്ത ആളുകള്‍ അക്കാര്യം അറിയിക്കണം. അത് രേഖപ്പെടുത്താനുള്ള കേന്ദ്രീകൃത സംവിധാനമുണ്ടാവും.

ഭക്ഷ്യ-ഗതാഗത വകുപ്പ് മേധാവികളുടെ യോഗം

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് തടസ്സം കൂടാതെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഭക്ഷ്യ-ഗതാഗത വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.

അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, പരിപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയ്ക്കു പുറമെ എണ്ണ, ഉള്ളി, തക്കാളി, വറ്റല്‍മുളക്, തേയില, പാല്‍പ്പൊടി എന്നിവ കൂടി സംഭരിക്കും. ബിസ്‌കറ്റ്, റസ്‌ക്, നൂഡില്‍സ്, ഓട്‌സ് തുടങ്ങിയവ ഡ്രൈ റേഷന്‍ എന്ന നിലയ്ക്കും സംഭരിക്കും. അടുത്ത ഘട്ടമായി പാല്‍, തൈര് പച്ചക്കറി, മുട്ട, ശീതികരിച്ച മത്സ്യ-മാംസാദികള്‍ തുടങ്ങിയവയാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടത്. ഇവ ഗുണനിലാരം ഉറപ്പുവരുത്തി സംഭരിക്കുക, പരമാവധി ആളുകളെ കടകളിലേക്ക് വരുത്താതെ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വീട്ടിലെത്തിക്കുക എന്നതാണ് ആലോചിക്കുന്നത്.

എഫ്‌സിഐ, സപ്ലൈകോ, മാര്‍ക്കറ്റ്‌ഫെഡ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ പൊതുവിതരണ ഏജന്‍സികളുടെ പക്കലുള്ള അത്യാവശ്യ സാധനങ്ങളുടെ സ്റ്റോക്കിന്റെ കണക്ക് ഏകോപിപ്പിക്കും.

മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ തയ്യാറാക്കിവെക്കും. ചക്ക, മാങ്ങ, തേങ്ങ, പച്ചക്കറി, പഴങ്ങള്‍, മുട്ട, പാല്‍ തുടങ്ങി പ്രാദേശികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഉല്‍പന്നങ്ങളും സമാഹരിക്കാനും വിതരണം ചെയ്യാനും വളണ്ടിയര്‍മാരെ ഉപയോഗിക്കും. ഭക്ഷ്യ സ്റ്റോക്കിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടതില്ല.

ഗുണനിലവാരം ഉറപ്പാക്കി ഓണ്‍ലൈന്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തുകയാണ്. ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായ രീതിയിലാണ് ഇത് നടപ്പാക്കുക.

ഓണ്‍ലൈന്‍ സൗകര്യം വിപുലമാക്കണം. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ദേശീയതലത്തിലുള്ള മൊത്തക്കച്ചവടക്കാരെ ബന്ധപ്പെട്ട് സാധനസമാഗ്രികളുടെ ലഭ്യത ഉറപ്പാക്കും. നാഫെഡ് എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

എല്ലാവരും വീട്ടിലാണ്. എന്നാല്‍, എല്ലാവരും രോഗികളല്ല. അപൂര്‍വ്വം രോഗികളെ ഉള്ളൂ. ഈസ്റ്ററും വിഷുവും അടുത്തു വരുന്നു. ഭക്ഷ്യസാധനങ്ങള്‍ക്ക് ഇനിയും ചെലവ് കൂടും. അത് മുന്നില്‍ക്കണ്ട് ഭക്ഷ്യശേഖരണത്തിനുള്ള തയ്യാറെടുപ്പ് നടത്തണം.

ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സഞ്ചാര നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. മറ്റ് സംസ്ഥാനങ്ങളുമായി ചരക്കുഗതാഗത തടസ്സങ്ങള്‍ നീക്കാന്‍ ഉന്നതതലത്തില്‍ പ്രത്യേക ചുമതല നല്‍കും.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമല്ലാത്ത നിലപാടുകള്‍ ചില സംസ്ഥാനങ്ങള്‍ എടുക്കുന്നുണ്ട്. അതില്‍ കര്‍ണാടകയുടെ കാര്യത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല. മണ്ണിട്ട് തടസ്സമുണ്ടാക്കിയത് പൂര്‍ണമായും നീക്കിയിട്ടില്ല. ഇക്കാര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിട്ടും സാധ്യമായിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ ഇക്കാര്യം അവതരിപ്പിച്ചു. മണ്ണിട്ട് തടസ്സപ്പെടുത്തിയത് മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ കര്‍ണാടക സര്‍ക്കാരുമായി സംസാരിച്ച് അക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാമെന്നും ഉടനെ പുരോഗതി അറിയിക്കാമെന്നും പറഞ്ഞിട്ടുണ്ട്. അതോടൊപ്പം കേന്ദ്രകാബിനറ്റ് സെക്രട്ടറിയുടെ ശ്രദ്ധയിലും ഇവിടത്തെ ചീഫ് സെക്രട്ടറി ഇക്കാര്യം പെടുത്തിയിരുന്നു.

ആരോഗ്യകരപരമായ ചികിത്സ വേണ്ടി വന്നാല്‍ കാസര്‍കോട് ഭാഗത്തുള്ളവര്‍ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നുത്. ഡയാലിസസ് മുടങ്ങിപോയാല്‍ ഉണ്ടാകാവുന്ന ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇവരെ പ്രത്യേക ആംബുലസില്‍ മംഗലാപുരത്ത് എത്തിക്കാനുള്ള ആവശ്യം കേന്ദ്രമന്ത്രി സദാനന്ദഗൗഡയുടെ മുന്നില്‍ വെച്ചിരുന്നു. ഇക്കാര്യം കര്‍ണാടക സര്‍ക്കാരുമായി ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വേഗം തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

തമിഴ്‌നാട്ടിലേക്കുള്ള ഗതാഗതവുമായി ബന്ധപ്പെട്ട് പാലക്കാട് ഭാഗത്തുണ്ടായ ചില പ്രശ്‌നങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു തന്നെ ഇടപടല്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്ന് പോകുന്ന ലോറികള്‍ ആവശ്യമായ രീതിയില്‍ അണുമുക്തമാക്കുമെന്ന കാര്യം ഉറപ്പുവരുത്തും. ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പാലക്കാടുണ്ട്. തമിഴ്‌നാട്ടിലെ മന്ത്രി വേലുമണി, ഡെപ്യൂട്ടി സ്പീക്കര്‍ ജയരാമന്‍ എന്നിവര്‍ നാളെ (ഞായറാഴ്ച) രാവിലെ 9 മണിക്ക് നടപ്പുളി ചെക്ക് പോസ്റ്റില്‍ നേരിട്ട് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ആ ഭാഗത്തുള്ള വണ്ടികളുടെ സുഗമമായ ഗതാഗതം ഉറപ്പുവരുത്താനാകും.

ആദിവാസി മേഖലകളില്‍ വിദ്യാഭ്യാസ വളണ്ടിയര്‍മാര്‍, അവര്‍ക്കിടയിലെ വിദ്യാസമ്പന്നര്‍, പ്രൊമോട്ടര്‍മാര്‍ എന്നിവരെ നിയോഗിച്ച് ബോധവല്‍ക്കരണ-ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണം. അവിടങ്ങളില്‍ ആവശ്യമായ ഭക്ഷണം എത്തിക്കും. കോളനികളുടെ ശുചീകരണം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി.

ഇന്ന് പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കുറവ് വന്നു എന്നത് ആശങ്ക അവസാനിച്ചു എന്നതിന്റെ സൂചനയല്ല. ഇനിയും റിസല്‍റ്റ് വരാന്‍ ബാക്കിയുണ്ട്. നമ്മുടെ മുന്‍കരുതലില്‍ ഒരു തരത്തിലുള്ള വെള്ളം ചേര്‍ക്കലും ഉണ്ടാകരുത്. 'ശാരീരിക അകലം, സാമൂഹിക ഒരുമ' എന്നത് നാം ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ട മുദ്രാവാക്യമാണ്. ക്വാറന്റൈനില്‍ ഉള്ളവരും കൃത്യമായ ശാരീരിക അകലം പാലിക്കണം. വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരെ പ്രത്യേകം നിരീക്ഷണത്തില്‍ നിര്‍ത്തുകയും അവരുടെ സുരക്ഷയില്‍ കര്‍ക്കശ നിലപാട് എടുക്കുകയും വേണം.

ഇന്ന് സംസ്ഥാനത്തിന്റെ പൊതുവായ രീതിക്ക് ചേരാത്ത ഒരു ദൃശ്യം നാം കാണാനിടയായി. കണ്ണൂരില്‍ ജില്ലാ പൊലീസ് മേധാവി നേരിട്ട് ചിലരെ ഏത്തമിടുവിപ്പിക്കുന്ന ദൃശ്യം. ഇത് സംബന്ധിച്ച് ഹോം സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പൊലീസിന്റെ യശസ്സിനെയാണ് ഇത് ബാധിക്കുക. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലും ഇല്ലാതെ അവര്‍ പ്രവര്‍ത്തിക്കുന്നു. ആ പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യതക്ക് മങ്ങലേല്‍പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്.

കേരളത്തിലുള്ള അതിഥി തൊഴിലാളികളെ സംബന്ധിച്ച് വിവിധ മുഖ്യമന്ത്രിമാര്‍ കത്തുകളിലൂടെ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. തമിഴ്‌നാട്, നാഗാലാന്റ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ച കരുതല്‍ ചൂണ്ടിക്കാട്ടി മറുപടി അയച്ചു. അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കി. ഈ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്ഥാനതലത്തില്‍ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തും. കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തെയോ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കകത്ത് മരുന്ന് എത്തിക്കാന്‍ എയര്‍ ഏഷ്യയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അത് ആശ്വാസകരമാണ്. അവശ്യ മരുന്നുകള്‍ കൊറിയര്‍-പോസ്റ്റല്‍ സര്‍വീസ് വഴിയാണ് മിക്കവാറും വരുന്നത്. ഇപ്പോള്‍ ഇവ ഏറെക്കുറെ നിലച്ചിരിക്കുന്നു. അത് തടസ്സപ്പെടാതിരിക്കാന്‍ കൊറിയര്‍ ഏജന്‍സികളുമായി സര്‍ക്കാരിന്റെ വാര്‍ റൂം ബന്ധപ്പെടും. മരുന്നിന്റെ ദൗര്‍ലഭ്യം ഉണ്ടാകാന്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ കാണുന്നത്.

ഏപ്രില്‍ രണ്ടു മുതല്‍ സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷനുകള്‍ വിതരണം ചെയ്യുകയാണ്. കൊറോണക്കാലത്തെ ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പെന്‍ഷന്‍ വിതരണം ക്രമീകരിക്കുന്നത് ഉറപ്പാക്കും. ട്രഷറികള്‍ 9 മണി മുതല്‍ 5 മണി വരെ പ്രവര്‍ത്തിക്കും. തിരക്ക് ഒഴിവാക്കാന്‍ മറ്റു ക്രമീകരണങ്ങളും നടത്തും.

നമ്മുടെ നാട്ടില്‍ പൈനാപ്പിള്‍ കൃഷി വ്യാപകമാണ്. ഇത് വിളവെടുപ്പിന്റെ കാലമാണ്. ആവശ്യമായ അകലം പാലിച്ച് വിളവെടുപ്പ് നടത്താനാവണം.

57,000 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി നടക്കുന്നുണ്ട്. ഇതിന്റെ വിളവെടുപ്പും സംഭരണവും വിതരണവും സുഗമമാക്കണം.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കിയില്ലെങ്കില്‍ ലാപ്‌സാകുന്ന പ്രശ്‌നമുണ്ട്. ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കും.

കൊറോണ പ്രതിരോധ രംഗത്തുള്ള പൊലീസുകാരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പെടുത്തേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തെ അറിയിക്കും.

ജില്ലകളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. ആവശ്യത്തിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഇവയ്ക്ക് ഏര്‍പ്പെടുത്തണം. തിങ്ങിനിറഞ്ഞ് ശാരീരിക അകലം പാലിക്കാതെയുള്ള കൂട്ടായ്മ പാടില്ല. പൊതുപ്രവര്‍ത്തകര്‍ സാധാരണ മട്ടില്‍ എല്ലായിടത്തും എത്തുന്നതിലും നിയന്ത്രണം വേണം.

ആരാധനാലയങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ ഈ നിയന്ത്രണത്തിന്റെ കാലത്ത് പട്ടിണി കിടക്കാനിടവരരുത്. അവരുടെ ഭക്ഷണം ഉറപ്പാക്കണം. അവിടെ നിന്ന് കിട്ടുന്ന ഭക്ഷണം കഴിച്ചു ജീവിക്കുന്നവര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാധനങ്ങള്‍ വാങ്ങാന്‍ തിരക്കുണ്ടാവുക സ്വാഭാവികമാണ്. തിരുവനന്തപുരം സെക്രട്ടറിയറ്റ് സൊസൈറ്റിയിലെ ഷോപ്പില്‍ ലിസ്റ്റും ഫോണ്‍ നമ്പരും കൊടുത്തിട്ട് ടോക്കണ്‍ വാങ്ങി പോകുക; സാധനങ്ങള്‍ എടുത്തുവെച്ചശേഷം വിളിച്ചറിയിക്കുക എന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്. ആ സമയത്ത് പണം കൊടുത്ത് സാധനവുമായി മടങ്ങാം. നല്ല മാതൃകയാണത്. ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യവുമാണത്.

പാചകത്തൊഴിലാളികള്‍ തൊഴിലില്ലാതെ ഇരിക്കുകയാണ്. അവരെ കമ്യൂണിറ്റി കിച്ചണുകളില്‍ ആവശ്യമാണെങ്കില്‍ നിയോഗിക്കും.

സംസ്ഥാനത്തെ കൊറോണ വാര്‍ റൂമിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും. ഭക്ഷണം അതിഥി തൊഴിലാളികളുടെ കാര്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ചുമതലക്കാരെ ഇവിടെ നിശ്ചയിക്കും.

രോഗബാധിതരുടെ പേരുവിവരങ്ങള്‍ തല്‍ക്കാലം പുറത്തുവിടേണ്ടതില്ല എന്നാണ് തീരുമാനം. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്താന്‍ പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ കൂട്ടായി ശ്രമം നടത്തും. പ്രാദേശികമായി ഇത്തരത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണം.

ഇടുക്കിയില്‍ തോട്ടം മേഖലയില്‍ അരി വിതരണം സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേകമായി ശ്രദ്ധിക്കണം. അവിടെ പ്രത്യേകതരം അരിയാണ്.

കേരളത്തില്‍നിന്ന് പച്ചക്കറി ഉള്‍പ്പെടെ വാങ്ങാന്‍ പോകുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കണം എന്നുറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കമ്യൂണിറ്റി വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ അതിവേഗം നടക്കുന്നുണ്ട്. ഇതുവരെ 78,000 രജിസ്‌ട്രേഷന്‍ നടന്നു. ഇക്കാര്യത്തില്‍ ഏകോപിപ്പിച്ച പ്രവര്‍ത്തനമുണ്ടാകും.

മദ്യപിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം ആവശ്യമായ മദ്യം ലഭ്യമാക്കാന്‍ എക്‌സൈസ് വകുപ്പ് നടപടിയെടുക്കും.

സംസ്ഥാനത്തെ പ്രധാന മത- സാമുദായിക നേതാക്കള്‍ ഒപ്പിട്ട അഭ്യര്‍ത്ഥന

ഇന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ട ഒരു കാര്യം നമ്മുടെ ഈ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മത-സാമുദായിക നേതാക്കള്‍ നല്‍കിയ പിന്തുണയാണ്. കേരളത്തിന്റെ ഈ അതിജീവന സമരത്തില്‍ അതിര്‍വരമ്പുകള്‍ കണക്കാക്കാതെ ഒരുമയോടെ മുന്നേറാനുള്ള ആഹ്വാനവും സന്നദ്ധതയുമാണ് അവര്‍ അറിയിച്ചത്.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വെള്ളാപ്പള്ളി നടേശന്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, ജി. സുകുമാരന്‍ നായര്‍, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ്, ബിഷപ്പ് ജോസഫ് കാരിയില്‍, ബിഷപ്പ് ഡോ. സൂസെപാക്യം, പുന്നല ശ്രീകുമാര്‍, ഹുസൈന്‍ മടവൂര്‍, ബസേലിയോസ് മാര്‍ത്തോമ പൗലോസ്, ബസേലിയോസ് തോമസ് പ്രഥമന്‍, എ. ധര്‍മരാജ് റസാലം, ഡോ. ജോസഫ് മാര്‍ത്തോമ, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ഡോ. ടി വത്സന്‍ എബ്രഹാം എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്. കൂടുതല്‍ സംഘടനകളും നേതാക്കളും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ശക്തിപകരുന്ന പിന്തുണയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ആഹ്വാനം നല്ല നിലയിലാണ് സ്വീകരിക്കപ്പെട്ടത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പത്തുകോടി രൂപ നല്‍കാമെന്നാണ് അറിയിച്ചത്. ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ആശുപത്രിയിലെ സൗകര്യങ്ങള്‍ കോവിഡ് പ്രതിരോധത്തിന് ഉപയുക്തമാക്കാമെന്നും അറിയിച്ചു.

മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് രണ്ടുകോടി, കല്യാണ്‍ ഗോള്‍ഡ് രണ്ടുകോടി എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും വന്നു. അനേകം വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സന്നദ്ധത അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ വരുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്രയേറെ താല്‍പര്യത്തോടെ ആളുകള്‍ രംഗത്തുവരുന്നത് നാടിനോടും മനുഷ്യനോടുമുള്ള പ്രതിബദ്ധതയും സ്‌നേഹവും കൊണ്ടാണ്.

നേരിട്ട് സംഭാവന എത്തിക്കാന്‍ പലര്‍ക്കും ഈ ഘട്ടത്തില്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി പണം അടക്കാന്‍ എല്ലാവര്‍ക്കും കഴിയും.

donation.cmdrf.kerala.gov.inഎന്ന വെബ്‌സൈറ്റിലൂടെയാണ് സംഭാവന നല്‍കാന്‍ കഴിയുക. ആ സംവിധാനം പ്രയോജനപ്പെടുത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in