Coronavirus

19 പേര്‍ക്ക് കൂടി കൊവിഡ്; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേര്‍ കണ്ണൂര്‍ ജില്ലയിലാണ്. കാസര്‍കോടും മലപ്പുറത്തും മൂന്ന് വീതം പേര്‍ക്കും തൃശൂരില്‍ രണ്ടാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇടുക്കിയിലും വയനാട്ടിലും ഇന്ന് ഓരോ വീതം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികിത്സയിലുള്ളവര്‍ 126 ആയി

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷേമപെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യും. നവജാത ശിശുക്കള്‍ക്കുള്ള വസ്ത്രം മെഡിക്കല്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യണം. വിരമിച്ച ഡോക്ടര്‍മാര്‍ സേവനത്തിന് തയ്യാറാകണം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധസേന രൂപീകരിക്കും. 2,36,000 പേര്‍ അടങ്ങുന്നതായിരിക്കും സന്നദ്ധസേന. 941 പഞ്ചായത്തുകളിലായി 200 വീതവും മുന്‍സിപ്പാലിറ്റിയില്‍ 500 വീതവുമായിരിക്കും അംഗങ്ങളുണ്ടാകുക. 22നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്താം.

കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ വിലക്കയറ്റമുണ്ടാക്കിയത് ഗൗരവമായി കാണുന്നു. കടുത്ത നടപടിയുണ്ടാകുമെന്നും പിണറായി വിജയന്‍ അറിയിച്ചു. റീട്ടെയില്‍ വ്യാപാരത്തിന് സംസ്ഥാനത്ത് തടസമില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഉന്നതതലസംഘത്തെ നിയോഗിച്ചു. അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ വാഹനം സംസ്ഥാനത്ത് നിന്ന് പോകും. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടും.

ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ യാത്ര ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കെഎസ്ആര്‍ടിസി സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തിന് പുറത്തുള്ളവര്‍ നാട്ടിലുള്ള ബന്ധുക്കളെ ഓര്‍ത്ത് വിഷമിക്കേണ്ടതില്ല. അവര്‍ക്ക് വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ട്. അതാത് രാജ്യത്തെയും സംസ്ഥാനത്തെയും അധികൃതര്‍ പറയുന്നത് അനുസരിക്കണം. മനസ്സ് കൊണ്ട് ഞങ്ങളെല്ലാം കൂടെയുണ്ട്. നില്‍ക്കുന്നിടത്ത് തന്നെ തുടരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുള്ളത്. ജോലിക്കും പഠനത്തിനും പുറത്ത് പോയവര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ട. അതിനുള്ള വാഹന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.

അതിഥി തൊഴിലാളികളെ വാടക കെട്ടിടത്തില്‍ നിന്നും ഇറക്കി വിടാനുള്ള ശ്രമം നടക്കുന്നുണ്ട്. അവര്‍ക്ക് വേണ്ട സഹായം ഒരുക്കുയാണ് വേണ്ടത്. ഇതിനുള്ള പരിഹാരം കാണാന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെറുതെ കറങ്ങി നടക്കരുത്. സമൂഹത്തിന്റെ ഭദ്രതയ്ക്ക് ഇത് ഒഴിവാക്കണം. കര്‍ക്കശമായ നിലപാട് സ്വീകരിക്കേണ്ടി വരും. നല്ല പെരുമാറ്റത്തോടെ അത് നിറവേറ്റാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളില്‍ ചിലര്‍ അതിരുവിടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെക്കുറിച്ചുള്ള പൊതുമതിപ്പിന് ചേരാത്തതാണ്. നല്ല പൊലീസുകാര്‍ അടക്കം അവമതിപ്പിന് ഇടയാക്കും. ഇത് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.