മുഖ്യമന്ത്രി പിണറായി വിജയന്‍  
Coronavirus

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്കും കൊവിഡ്; ലോക്ഡൗണിന്റെ ഗൗരവം ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്കും കൊവിഡ് ബാധിച്ചു.ഇന്ന് 14 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.സംസ്ഥാനത്താകെ 72460 പേര്‍ നിരീക്ഷണത്തില്‍. ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 105 ആയി. കാസര്‍കോട് ജില്ലയില്‍ ആറുപേര്‍ക്കും കോഴിക്കോട് രണ്ട് പേര്‍ക്കും രോഗം ഇന്ന് രോഗം സ്ഥിരീകരിച്ചു. 466 പേരാണ് ആശുപത്രികളിലുള്ളത്.

ലോക്ഡൗണിന്റെ ഗൗരവം ആളുകള്‍ ഉള്‍ക്കൊള്ളുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പൊതുസ്ഥലത്ത് ഒത്തുചേരാന്‍ പാടില്ല. ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് തന്നെ ഉപയോഗിച്ചാല്‍ മതി.

ടാക്‌സി, ഓട്ടോ എന്നിവ അടിയന്തിര വൈദ്യസഹായത്തിനും അവശ്യസാധനങ്ങള്‍ എത്തിക്കാനും മാത്രം ഉപയോഗിക്കണം. സാഹചര്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. അവശ്യസാധനങ്ങളുടെ വില കൂട്ടിവില്‍ക്കാനോ പൂഴ്ത്തിവെക്കാനോ ശ്രമിക്കരുത്. അത്തരം ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പരിശോധന ശക്തമാക്കും. നിയമവിരുദ്ധമായ കാര്യമാണിത്. കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.