Coronavirus

നുണകള്‍ കൊണ്ട് വൈറസിനെ കൊല്ലാനാകില്ല,പാത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദം കേട്ട് വൈറസ് നശിച്ചു പോകില്ല

12 മണിക്കൂർ ലോക്ക് ഡൗൺ ചെയ്താൽ വൈറസ് ചത്തു പോകും എന്ന നുണ പ്രചരണം നടത്തിയവരെ സാമൂഹ്യ ദ്രോഹികൾ എന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ ഹർഷവർധൻ വിശേഷിപ്പിച്ചത്. കാരണം ഈ നുണ വിശ്വസിച്ച് മുൻകരുതൽ സ്വീകരിക്കാതിരുന്നാൽ വലിയ അപകടം ഉണ്ടാകും.

12 മണിക്കൂർ കൊണ്ട് വൈറസ് ചത്തുപോകും എന്ന വ്യാജ പ്രചരണം വിശ്വസിച്ചവരോട്, കൊറോണ വൈറസ് ശരീരത്തിന് പുറത്ത് അധികം സമയമൊന്നും അതിജീവിക്കില്ല എങ്കിലും കുറച്ചു മണിക്കൂറുകൾ, ചിലപ്പോൾ ഏതാനും ദിവസങ്ങൾ ഒക്കെ അതിജീവിക്കാൻ അതിന് കഴിയും. ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളിൽ, ചെമ്പ് പ്രതലങ്ങളിൽ നാല് മണിക്കൂറും, കാർഡ് ബോർഡിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീൽ പ്രതലങ്ങളിൽ 3 ദിവസത്തോളവും അതിജീവിക്കാൻ സാധ്യതയുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നുവെച്ചാൽ എപ്പോഴും അത്രയും സമയം അതിജീവിക്കും എന്നല്ല. ചില സാഹചര്യങ്ങളിൽ പരമാവധി അത്രയും സമയം അതിജീവിക്കാം എന്നാണ്. ഇത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ഇനി ചിലരുണ്ട്. പാത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദം കേട്ട് വൈറസ് ചത്ത് പോകും എന്ന് വിശ്വസിച്ചവർ, അവരോട് പാത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദം കേട്ട് വൈറസ് നശിച്ചു പോകില്ല. ഇതൊക്കെ നുണപ്രചരണങ്ങൾ ആണ്. ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ വേണ്ടി ശബ്ദമുണ്ടാക്കാൻ ആണ് ആവശ്യപ്പെട്ടിരുന്നത്. അത് സ്പെയിൻ, ഇറ്റലി തുടങ്ങിയ പലരാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവം ആയിരുന്നു. ആരോഗ്യപ്രവർത്തകർ അംഗീകരിക്കപ്പെടുന്നത് സന്തോഷകരമായ കാര്യം തന്നെ.

പക്ഷേ ആരോഗ്യ പ്രവർത്തകർക്ക് സത്യസന്ധമായി സന്തോഷം വരണമെങ്കിൽ വേണ്ടത് രണ്ടു കാര്യങ്ങളാണ്,

1. ജനങ്ങൾ രോഗത്തിനെതിരെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. നിയന്ത്രണങ്ങൾ പാലിക്കണം.

2. വെൻറിലേറ്റർ അടക്കമുള്ള ചികിത്സാ സൗകര്യങ്ങൾ ലഭിക്കണം. PPE അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ലഭിക്കണം. ഓരോ രോഗിയെയും ചികിത്സിച്ചു സുഖപ്പെടുത്താൻ ഉള്ള സൗകര്യങ്ങൾ ലഭിക്കണം.

ഈ രണ്ടു നുണകളും വിശ്വസിച്ച് പുറത്തിറങ്ങി കൂട്ടം കൂടിയവരോട്,

ദയവുചെയ്ത് നുണ പ്രചരണങ്ങളിൽ വിശ്വസിക്കരുത്. നിങ്ങളുടെ ജീവൻ വിലയേറിയതാണ്. ദയവുചെയ്ത് ലോകാരോഗ്യസംഘടനയുടെ നിർദേശങ്ങൾ പാലിക്കുക.

ഇനിയുള്ള ഓരോ ദിവസവും നിർണായകമാണ്. മറ്റൊരു ഇറ്റലിയോ ഇറാനോ സ്പെയിനോ ചൈനയോ ആകരുത് ഇവിടം. അതായിരിക്കണം ലക്ഷ്യം, അത് മാത്രമായിരിക്കണം ലക്ഷ്യം.

സാമൂഹിക വ്യാപനം തടയാനുള്ള സോഷ്യൽ ഡിസ്റ്റൻസിങ് എന്ന സന്ദേശം നൽകേണ്ട കർഫ്യൂവിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചത് ഖേദകരമാണ്.

അതിലൂടെ കൃത്യമായ സന്ദേശം ജനങ്ങളിൽ എത്താതിരിക്കുകയും അത് സ്വാശീകരിക്കാതെ കുറെ പേരെങ്കിലും അപകടകരമായ പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്തു.

തലേ ദിവസം പലയിടങ്ങളിലും നടന്ന "പാനിക് ഷോപ്പിംഗ്" ആൾക്കൂട്ടങ്ങൾ സൃഷ്ടിച്ചു കൂടാതെ വൈകുന്നേരം കൈകൊട്ടിയും പാത്രം കൊട്ടിയും ആദരവ് പ്രകടിപ്പിക്കാൻ കുറെ പേരെങ്കിലും ഒത്തു കൂടുകയും തെരുവിൽ ഇറങ്ങുകയും ചെയ്തത് ഈ പ്രതീകാല്മക നടപടിയുടെ ഉദ്ദേശത്തിനു തന്നെ വിപരീതഫലം ഉണ്ടാക്കുകയും ചെയ്തു.

കൈകൊട്ടുമ്പോൾ ഉണ്ടാവുന്ന തരംഗങ്ങളെക്കുറിച്ചു കപടശ്ശാസ്ത്ര "പ്രബന്ധങ്ങൾ" തന്നെ രചിച്ച പ്രമുഖരും, വാട്ട്സ് ആപ്പ് യൂണിവേഴ്സിറ്റി വഴി കിട്ടിയ വിവരം ആധികാരികം പോലെ ചാനലുകളിൽ തട്ടി മൂളിച്ച സെലിബ്രിറ്റികളും ഗുണത്തേക്കാളേറെ ദോഷം ആണ് ചെയ്തത്.

ലോക്ക് ഡൌൺ പോലുള്ള കടുത്ത നടപടികളിലേക്ക് നാട് നീങ്ങുന്ന സ്ഥിതിക്ക് ഇനിയെങ്കിലും ലോകാരോഗ്യ സംഘടന, ആധികാരിക അറിവ് നൽകുന്ന വിദഗ്ധർ, ആധുനിക വൈദ്യ ശാസ്ത്രം നിർദ്ദേശിക്കുന്ന അറിവുകൾ തുടങ്ങിയ ഉറവിടങ്ങളിൽ നിന്നും മാത്രം അറിവ് ശേഖരിക്കണം എന്ന് അപേക്ഷ. ഇപ്പോൾ തടഞ്ഞില്ല എങ്കിൽ ഇനിയൊരു അവസരം കിട്ടിയേക്കില്ല.

എഴുതിയത്: Dr. Deepu Sadasivan & Dr. Jinesh PS

Info Clinic