Coronavirus

കൊവിഡിനെതിരെ പോരാടാന്‍ ലോകത്തിലെ വന്‍കിട കമ്പനികളും 

ലോകമെമ്പാടും കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഭീതിയിലമര്‍ന്നിരിക്കുകയാണ്. മിക്ക രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ പോലും തകര്‍ന്നു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ലോകത്തിലെ വന്‍കിട ടെക് കമ്പനികള്‍ ഈ വിപത്തിനെ എങ്ങനെ നേരിടാം എന്ന ആലോചനയിലാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മിക്ക രാജ്യങ്ങളും കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുകയും പൗരന്മാരോട് കൂടുതല്‍ സമയവും വീടുകളില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അസുഖത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ കമ്പനികളും സാധ്യമെങ്കില്‍ വീട്ടില്‍ താമസിക്കാനും വീട്ടില്‍ നിന്ന് ജോലിചെയ്യാനും തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയാണ്.

സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്നത് മുന്‍കരുതലിന്റെ ആദ്യപടിയായി മാറിക്കഴിഞ്ഞതോടെ സമൂഹമാധ്യമങ്ങളില്‍ ചെലവഴിക്കുന്ന സമയവും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് തെറ്റായ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും അവയുടെ പ്രചരണം തടയുന്നതിനും സോഷ്യല്‍ മീഡിയ കമ്പനികള്‍ നടപടികള്‍ ആരംഭിച്ചത്.

വൈറസിന് 'പരിഹാരം' എന്ന രീതിയിലുള്ള പരസ്യങ്ങള്‍ നിരോധിക്കുന്നതായി ഫെയ്‌സ്ബുക്ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിവരങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന, തദ്ദേശ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയെ ആശ്രയിക്കാനാണ് ഫെയ്‌സ്ബുക്കും പറയുന്നത്. ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിവരങ്ങള്‍ നല്‍കുന്നതിനും മറ്റും സൗജന്യമായാണ് ഫെയ്‌സ്ബുക്ക് ഇടം നല്‍കിയിരിക്കുന്നതും.

Also Read: കൊറോണയെ വാക്സിൻ കൊണ്ട് വരുതിയിലാക്കാനാകുമോ?

അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ എല്ലാവരുടെയും ഫീഡുകളുടെ മുകളില്‍ വിശ്വസനീയമായ ആരോഗ്യ സ്രോതസിലേക്കുള്ള ഒരു ലിങ്കാണ് കമ്പനി നല്‍കിയിരിക്കുന്നത്. മാത്രമല്ല വ്യാജപ്രചാരണങ്ങള്‍ തടയുന്നതിനും ഇന്‍സ്റ്റഗ്രാമിന്റെ ഭാഗത്തുനിന്നും നടപടിയുണ്ട്. ട്വിറ്ററും സമാനമായ രീതിയില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകള്‍ക്കായി പുതിയ നോട്ടിഫികേഷനുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഫെയ്സ് മാസ്‌കുകള്‍, ടോയ്ലറ്റ് പേപ്പര്‍, ഹാന്‍ഡ് സാനിറ്റൈസര്‍ തുടങ്ങിയ അവശ്യ വസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനായി തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുകയാണ് ആമസോണ്‍. ഇതിനായി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആമസോണ്‍ ആവശ്യപ്പെടുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളും തങ്ങളുടെ ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം എന്ന ആശയം സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇതിനകം തന്നെ രോഗബാധിതരായ ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധി നല്‍കാമെന്ന ആമസോണിന്റെ നയം ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്.

Also Read: ‘മീറ്റിംഗില്‍ മിണ്ടാതിരുന്ന ആളല്ല ഞാന്‍’, വൈറസ് സിനിമയെക്കുറിച്ച് വിമര്‍ശനമുണ്ടായിരുന്നുവെന്ന് ശൈലജ ടീച്ചര്‍ 

ഔദ്യോഗിക ആരോഗ്യ സംഘടനകളില്‍ നിന്നോ, സര്‍ക്കാരുകളില്‍ നിന്നോ അല്ലാത്ത ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ കണ്ടെത്തിയാല്‍ നീക്കം ചെയ്യുന്ന നടപടി ആപ്പിളും സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ലോകമെമ്പാടുമുള്ള ഡവലപ്പര്‍മാരുടെ കോണ്‍ഫറന്‍സ് ഒരു ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് കമ്പനി മാറ്റിയിരുന്നു.

ആപ്പിളിനെപ്പോലെ, തെറ്റായ വിവരം പ്രചരിപ്പിക്കുന്ന അപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് മാറ്റാന്‍ ഗൂഗിളും നടപടി ആരംഭിച്ചു. കൊവിഡ്-19 മായി ബന്ധപ്പെട്ട തിരയല്‍ ഫലങ്ങളുടെ മുകളില്‍ പിന്‍ ചെയ്ത വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വളരെ വിപുലമായ വിജ്ഞാന പാനലുകളും കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ യുഎസ് സര്‍ക്കാരുമായി സഹകരിച്ച് ഒരു വെബ്സൈറ്റ് ആരംഭിക്കാനും ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട് എന്നാണ് വിവരം.

മറ്റ് കമ്പനികളും ഇതേ പാത പിന്തുടരുകയാണ്. ഓരോ രാജ്യത്തെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കൊറോണ വൈറസ് ട്രാക്കര്‍ മൈക്രോസോഫ്റ്റ് പുറത്തിറിക്കിയിരുന്നു. ടൈംസ് സ്‌ക്വയറിലെ ബില്‍ബോര്‍ഡില്‍ കോവിഡിനെതിരായ സന്ദേശം പ്രദര്‍ശിപ്പിച്ചത് റെഡ്ഡിറ്റാണ്. യൂബര്‍, പോസ്റ്റ്‌മേറ്റ്‌സ്, എയര്‍ബിഎന്‍ബി തുടങ്ങിയ വന്‍കിട കമ്പനികളും കോവിഡിനെതിരെയുള്ള പ്രയത്‌നത്തില്‍ പങ്കാളികളായി രംഗത്തെത്തിയിട്ടുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം