Coronavirus

‘മരണവാര്‍ത്ത പോലെ വേദനിപ്പിച്ചു’; ഇറക്കിവിടരുത്, അവരെയും ചേര്‍ത്തുനിര്‍ത്തണമെന്ന് മോഹന്‍ലാല്‍ 

കൊവിഡ് 19 പടരുമ്പോള്‍ മനുഷ്യര്‍ സഹാനുഭൂതി പ്രകടിപ്പിക്കേണ്ടതിന്റെ അനിവാര്യത ഓര്‍മ്മിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. മലയാള മനോരമ ദിനപത്രത്തില്‍ എഴുതുന്ന നോട്ടം എന്ന കോളത്തിലൂടെയാണ് നടന്‍ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുന്നത്. വാഗമണ്ണിലെത്തിയ ഇറ്റലിക്കാരനായ സഞ്ചാരിക്ക്, ഹോട്ടലുകള്‍ മുറി നിഷേധിച്ചതിനെ തുടര്‍ന്ന് സെമിത്തേരിയില്‍ കിടന്ന് ഉറങ്ങേണ്ടി വന്നുവെന്നത് ഒരു മരണവാര്‍ത്ത പോലെ തന്നെ വേദനിപ്പിച്ചെന്ന് മോഹന്‍ലാല്‍ കുറിക്കുന്നു. തിരുവനന്തപുരത്തെത്തിയ അര്‍ജന്റീനക്കാരിയെ രാത്രി റോഡിലിറക്കിവിട്ടു എന്ന വാര്‍ത്ത കൂടി കണ്ടപ്പോള്‍ വേദന ഇരട്ടിക്കുന്നു. ഇവരാരും രോഗവും കൊണ്ട് വന്നവരല്ല, ഈ നാട് കാണാന്‍ വന്നവരാണ്. ദൈവത്തിന്റെ സ്വന്തം നാടാണെന്ന് നമ്മള്‍ ആവര്‍ത്തിച്ച് പറഞ്ഞത് വിശ്വസിച്ച് വന്നവരാണ്. അതിഥികളെ തെരുവിലിറക്കി വിടരുത്. അത് നമ്മുടെ സംസ്‌കാരമല്ല. നമ്മുടെ വേണ്ടപ്പെട്ടവരെ ഭാഷപോലും അറിയാത്ത രാജ്യത്ത് തെരുവില്‍ ഇറക്കിവിട്ടാല്‍ താങ്ങാനാകുമോയെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.

Also Read: ‘വൈറസിന് മുന്നില്‍ കള്ളനും പൊലീസും തുല്യരാണ്’; ഡിജിപി ആയതിനാല്‍ നിര്‍ദേശം പാലിക്കേണ്ട എന്നുണ്ടോയെന്ന് ഡോ. ജിനേഷ് പിഎസ്

രോഗം കണ്ടെത്താന്‍ ഇവിടെ സംവിധാനമുണ്ട്. രോഗമില്ലാതിരുന്നിട്ടും, വിദേശത്തുനിന്ന് എത്തിയതിനാല്‍ സ്വയം ക്വാറന്റീന്‍ സ്വീകരിച്ചയാളെ പരിസരത്തുള്ളവര്‍ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടതും ചേര്‍ത്തുവായിക്കണം. പൂട്ടിയിട്ടവര്‍ക്ക്, എവിടെ നിന്നെങ്കിലും വൈറസ് ബാധ ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടോ. പ്രളയകാലത്തെപോലെ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. അടച്ച മുറിയില്‍ കഴിയുന്നവര്‍ എല്ലാവരും രോഗികളല്ല. അവര്‍ ഈ നാടിന് വേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്. ഓരോ മുറിക്കുള്ളിലുമുള്ളത് നമുക്കുവേണ്ടി ബന്ധനസ്ഥരായവരാണ്. അവരെയെല്ലാം പരിചരിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും പൊലീസുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരുമടങ്ങുന്ന വലിയ സംഘമുണ്ട്. നെഞ്ചൂക്കോടെ അവര്‍ തടഞ്ഞുനിര്‍ത്തുന്നത് നമ്മുടെ കുഞ്ഞുങ്ങളിലേക്ക് വരാമായിരുന്ന വൈറസുകളെയാണ്. വിദേശത്തുനിന്ന് വരുന്നവരെ ഇറക്കിവിട്ട് സുരക്ഷിതരെന്ന്‌ കരുതിയിരിക്കുന്നവര്‍ ഈ സൈന്യത്തെക്കുറിച്ചോര്‍ക്കണമെന്നും മോഹന്‍ലാല്‍ പറയുന്നു.

Also Read: ‘പ്രയാസമാണ് എങ്കിലും ഞങ്ങള്‍ പിന്മാറില്ല’; 17 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വിജയം നേടി കശ്മീരിലെ വിദ്യാര്‍ത്ഥികള്‍

ദേവാലയങ്ങള്‍ പോലും അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍ നാടിനുവേണ്ടി മനസ്സുകൊണ്ട് കൂട്ടപ്രാര്‍ത്ഥന നടത്താം. അടച്ചിരിക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ആശാ വര്‍ക്കര്‍മാരും കുടുംബശ്രീക്കാരും ഉയര്‍ത്തിപ്പിടിക്കുന്നത് ഈ നാടിന്റെ യശസ്സാണ്. അവരെ പോലുള്ളവരുടെ നാട്ടിലാണെന്നത് ഞാന്‍ അഭിമാനത്തോടെ പറയുന്നു. മുറിയിലടയ്ക്കപ്പെട്ട ഓരോരുത്തരെയും ചേര്‍ത്തുനിര്‍ത്തേണ്ട സമയമാണ്. ഈ വൈറസ് ദിനങ്ങള്‍ക്ക് ശേഷം നാം വാരിപ്പുണരുകയും മധുരം പങ്കുവെയ്ക്കുകയും ചെയ്യും. ദേഹം മുഴുവന്‍ നീല വസ്ത്രത്തില്‍ പൊതിഞ്ഞ് ആശുപത്രി വരാന്ത തുടച്ച് വൃത്തിയാക്കുന്നൊരു സ്ത്രീയുടെ കണ്ണുകള്‍ എന്റെ മനസ്സിലുണ്ട്. ആ നീല വസ്ത്രത്തിലുള്ളത് എന്റെ രക്ഷക തന്നെയാണ്. ഒരര്‍ത്ഥര്‍ത്തില്‍ കൈക്കുഞ്ഞിനെ പോലെ നോക്കുന്ന അമ്മ തന്നെ. നമുക്കവരെ തൊഴാം എന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ലാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം