Coronavirus

സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 ; രോഗബാധയ്ക്ക് തടയിടാന്‍ ‘ബ്രെയ്ക്ക് ദ ചെയിന്‍’ 

സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് പഠനം കഴിഞ്ഞെത്തിയ തിരുവ നന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കും മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് പൗരനുമാണ് രോഗബാധയുണ്ടെന്ന് ഞായറാഴ്ച കണ്ടെത്തിയത്. അവലോകന യോഗ ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പഠനത്തിന്റെ ഭാഗമായി സ്‌പെയിനില്‍ പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് കൊറോണ പിടിപെട്ടത്. ഇദ്ദേഹവുമായി ഇടപഴകിയ ആളുകള്‍ നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 21 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളതെന്നും കെകെ ശൈലജ അറിയിച്ചു.

Also Read: കോവിഡ്- 19: ദന്താശുപത്രികളിലേയ്ക്ക് എത്തുന്ന രോഗികൾ പാലിക്കേണ്ട കാര്യങ്ങൾ

എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. മൂന്ന് പേര്‍ നേരത്തേ ചികിത്സ ഫലപ്രദമായി പൂര്‍ത്തിയാക്കി ആശുപത്രി വിട്ടിരുന്നു. അതേസമയം രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. കണ്ണൂര്‍ പെരിങ്ങോം സ്വദേശിയുടെ ഭാര്യയുടെയും അമ്മയുടെയും രക്തസാമ്പിള്‍ ഫലങ്ങളാണ് നെഗറ്റീവായത്. 5150 വിദേശികള്‍ ഇപ്പോള്‍ സംസ്ഥാനത്തുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ബ്രെയ്ക്ക് ദ ചെയിന്‍ ക്യാംപയിന് അവതരിപ്പിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഇതിന്റെ ഉദ്ഘാടനം വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി നിര്‍വഹിച്ചു. ഓഫീസുകളിലും പൊതു ഇടങ്ങളിലും വീടുകളിലും കൈ കഴുകുന്നനുള്ള സൗകര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

Also Read: കൊവിഡ് പ്രതിരോധത്തില്‍ മാറ്റം വേണം, മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ പത്ത് നിര്‍ദേശങ്ങള്‍

അതേസമയം വൈറസ് ബാധ ഭയന്ന് ജനങ്ങള്‍ പുറത്തിറങ്ങാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. കൂട്ടം കൂടുന്നതും വന്‍തോതില്‍ പകരുന്നതുമായ സാഹചര്യം ഒഴിവാക്കാനുള്ള ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ ബസ് വാഹന സൗകര്യങ്ങള്‍ തടസപ്പെടാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മൂന്നാറില്‍ വിനോദ സഞ്ചാരത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും നിയന്ത്രണമുണ്ട്. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടര്‍ ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കി.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം