Coronavirus

കൊറോണ: അടിയന്തര ഓണ്‍ലൈന്‍ പഠനപദ്ധതിയുമായി ദയാപുരം സ്‌കൂള്‍

കൊറോണയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 31 വരെ സ്‌കൂളുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ അടിയന്തിര ഓണ്‍ലൈന്‍ പഠനപദ്ധതിയുമായി ദയാപുരം സ്‌കൂള്‍. ഒന്നാംക്ലാസ്സ് മുതല്‍ കുട്ടികള്‍ക്ക് പ്രോഗ്രാമിംഗ് പരിശീലനത്തിനായി സ്‌കൂള്‍ ഉപയോഗിക്കുന്ന സൈബര്‍ സ്‌ക്വയര്‍ എന്ന ഡിജിറ്റല്‍ ചാനലുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളുകള്‍ അടയ്ക്കാനുള്ള കേരളസര്‍ക്കാര്‍ അറിയിപ്പ് വരുന്നത് അധ്യയനം കഴിഞ്ഞ് കുട്ടികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴാണ്. പരീക്ഷ ഒഴിവാകുന്നതോടെ ദീര്‍ഘകാലം അവധിയാവും, കുട്ടികള്‍ പഠനഭാഗങ്ങളില്‍ റിവൈസ് ചെയ്യുന്നതില്ലാതാവും. ഈ അവസ്ഥ ഒഴിവാക്കാന്‍ പഠനവീഡിയോകളും പ്രസക്തലേഖനങ്ങളും വീഡിയോ ക്ലാസ്സുകളും അധ്യാപകരുടെ കുറിപ്പുകളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുക. മാത്രമല്ല, പരീക്ഷകളും പ്രൊജക്ടുകളും ഓണ്‍ലൈനായി നല്‍കി ഉത്തരക്കടലാസുകള്‍ പരിശോധിക്കുവാന്‍കൂടി കഴിയുന്ന സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്.

കേരളത്തിലും ഇപ്പോള്‍ ഡല്‍ഹിയിലും സ്‌കൂള്‍ അടച്ചശേഷംതന്നെ ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ച് കാര്യമായ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലോ ഇമെയിലിലോ കുട്ടികള്‍ ഇല്ല എന്നതാണ് ഏറ്റവും വലിയ പരിമിതി. അധ്യാപകരും കുട്ടികളും തമ്മിലുള്ള ആശയവിനിമയം സാധ്യമാകാന്‍ ഓരോരുത്തര്‍ക്കും പ്രത്യേകം യൂസര്‍ ഐഡിയും പാസ്വേര്‍ഡുമുള്ള ഓണ്‍ലൈന്‍ ജാലകം ആവശ്യമുണ്ട്. ഇവിടെയാണ് സൈബര്‍ സ്‌ക്വയറിനായി ഉണ്ടാക്കിയ യൂസര്‍നെയിമും പാസ്വേര്‍ഡുമുപയോഗിച്ച് അടിയന്തിര ഓണ്‍ലൈന്‍ പഠനപദ്ധതി തയാറാക്കാമെന്ന ആശയം ദയാപുരത്തിന്റെ സന്നദ്ധസേവകനായ ഡോ.എന്‍.പി. ആഷ്ലി മുന്നോട്ട് വെച്ചത്. ഇതോടെ തങ്ങളുടെ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റത്തിലെ ചില ഓപ്ഷനുകള്‍ കൂടി ഇന്റഗ്രേറ്റ് ചെയ്തു 'കൊറോണ അടിയന്തിര പഠനപദ്ധതിക്കായി സൈബര്‍ സ്‌ക്വയര്‍ നടത്തിപ്പുകാരായ ബാബ്ട്ര മുന്നോട്ടുവരികയായിരുന്നു. പ്രിന്‍സിപ്പല്‍ പി. ജ്യോതിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ വീട്ടില്‍ ലാപ്ടോപ്പും സ്മാര്‍ട്ട്ഫോണും ഇല്ലാത്തവരെ മനസ്സിലാക്കാനും കെ.സി. ദീപക്കിന്റെ നേതൃത്വത്തില്‍ വീഡിയോ മെറ്റീരിയലുകളും ടെസ്റ്റുകളും അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്താനുള്ള പരിശീലനവും ഇന്നലെത്തന്നെ ആരംഭിച്ചു.

സന്നദ്ധസേവകര്‍ നടത്തുന്ന ദയാപുരം സ്‌കൂളില്‍ ആകെയുള്ള 2000 കുട്ടികളില്‍ 202 പേര്‍ അനാഥരോ അഗതികളോ ദരിദ്രപിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരോ ആണ്. അവരില്‍ മിക്കവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യതയില്ല. ഇവര്‍ക്ക് പ്രിന്റ്ഔട്ട് എടുത്ത് മെറ്റീരിയലുകള്‍ എത്തിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. രക്ഷിതാക്കളില്‍ 70 ശതമാനവും ഈ സ്‌കീം ഉപയോഗപ്പെടുത്താന്‍ പോകുന്നത് സ്മാര്‍ട്ട് ഫോണുകളിലാണെന്നതിനാല്‍ ഉത്തരങ്ങളും പ്രൊജക്ടുകളും കടലാസിലെഴുതി ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്. പാഠഭാഗങ്ങള്‍ കൂടാതെ സാമൂഹ്യആരോഗ്യ പ്രാധാന്യമുള്ള വീഡിയോകളും വാര്‍ത്തകളും കുറിപ്പുകളും ഈ ജാലകം വഴി എത്തിക്കാമെന്നാണ് ഡോ.എം.എം. ബഷീറിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് വിചാരിക്കുന്നത്.

'കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ ഇത് നാലാംതവണയാണ് പ്രകൃതി ആരോഗ്യ ദുരന്തങ്ങളാല്‍ പഠനകാലം നഷ്ടപ്പെടുന്നത്. നിപ, രണ്ട് പ്രളയങ്ങള്‍, ഇപ്പോള്‍ കൊറോണ. ഇതിനിയും ഉണ്ടാകും. വിദ്യാഭ്യാസപരമായ ആഘാതം കുറക്കാന്‍ രണ്ടു വര്‍ഷമായി ഞങ്ങളുടെ സ്‌കൂളില്‍ നടന്നുവരുന്ന സൈബര്‍ സ്‌ക്വയര്‍ പദ്ധതി ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദയാപുരം സ്ഥാപകനും പേട്രനുമായ സി.ടി. അബ്ദുറഹീം പറഞ്ഞു.

ഈ പദ്ധതിയില്‍ കുട്ടികളുടെ ക്രിയാത്മകതകൂടി ഉപയോഗപ്പെടുത്തുമെന്ന് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ വിദഗ്ധനും സൈബര്‍ സ്‌ക്വയറിന്റെ സങ്കല്‍പകനുമായ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഈ തലമുറയെ സാങ്കേതികവിദ്യയുടെ കേവലഉപഭോക്താക്കളെന്ന നിലയില്‍നിന്ന് നിര്‍മ്മാതാക്കളായി മാറ്റിയാല്‍ തികച്ചും പുതിയ രീതിയില്‍ അവര്‍ വിദ്യാഭ്യാസത്തെത്തന്നെ മാറ്റിത്തീര്‍ക്കും'-അദ്ദേഹം പറഞ്ഞു.